Image

ജാഡകള്‍ക്കെതിരെ ഇനിയെന്ത്‌? എങ്ങിനെ പ്രതികരിക്കണം? (എ.സി. ജോര്‍ജ്‌)

Published on 20 May, 2013
ജാഡകള്‍ക്കെതിരെ ഇനിയെന്ത്‌? എങ്ങിനെ പ്രതികരിക്കണം? (എ.സി. ജോര്‍ജ്‌)
കാലങ്ങളായി വെള്ളിത്തിരയിലേയും ചാനലുകളിലേയും താരറാണി രാജാക്കളുടെയും അവരുടെ അതിരറ്റ അഹന്തകളുടെയും അനീതികളുടേയും ജാഡകളുടെയും ദുരന്തഫലങ്ങള്‍ പ്രേക്‌ഷകരും പൊതുജനങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌. പൊതുജനങ്ങളുടെയും പ്രേക്ഷകരുടെയും പണം കൊണ്ട്‌ ജീവിക്കുന്നവരും ഉയരങ്ങള്‍ വെട്ടിപ്പിടിക്കുന്നവരുമാണവരെന്ന പരമാര്‍ത്ഥം അവര്‍ വിസ്‌മരിക്കുന്നു. താരനിരയിലെ സൂപ്പറുകള്‍ക്കും ചോട്ടകള്‍ക്കും ഇവിടെ എന്ത്‌ അനീതിയും പ്രവര്‍ത്തിക്കാം ആരുടെനേരെയും കുതിരകയറാം എന്ന നില സംജാതമായിരിക്കുകയാണ്‌. ചില സിനിമാ-ടെലിവിഷന്‍ താരങ്ങളുടെ വീരശൂര പരാക്രമങ്ങളും അവരുടെ സ്റ്റാര്‍വാല്യു നിലനിര്‍ത്താനും അവര്‍തന്നെ കാശുമുടക്കി ചില കൂലി രസികമന്റങ്ങളും നിലനിര്‍ത്തി പോരുന്നു. ചിലര്‍ ചാനലുകളേയും സംഘടനകളേയും രാഷ്‌ട്രീയക്കാരേയും തങ്ങളുടെ സ്വാധീനവലയത്തിലാക്കി പ്രേക്ഷകരേയും പൊതുജനത്തെയും അമ്മാനമാടുന്നു. ഉല്‍സവ അവസരങ്ങളായ ക്രിസ്‌തുമസ്‌, ഓണം, വിഷു ഒക്കെ വരുമ്പോള്‍ പ്രത്യേകമായി ഇവരുടെയൊക്കെ വെറും ജാഡ അഭിമുഖങ്ങളും കൊഞ്ചിക്കുഴയലും മാത്രം ടിവികളില്‍ ദര്‍ശിക്കുന്നു. ആ അവസരങ്ങളില്‍ ഈ ലേഖകന്‍ ടി.വി. ഓഫ്‌ ചെയ്യുകയാണ്‌ പതിവ്‌. ആ അവസരങ്ങളില്‍ ഈ ചാനലുകള്‍ക്ക്‌ ഇവിടെ മറ്റൊന്നുമില്ല പ്രക്ഷേപണം ചെയ്യാന്‍. അനേകലക്ഷങ്ങളുടെ പൊതുജനവികാരം ഇവരൊക്കെ മനസ്സിലാക്കുന്നില്ലയെന്നതാണ്‌ പരമാര്‍ത്ഥം.

ചിലതാരങ്ങള്‍ക്ക്‌ എന്ത്‌ അനീതിയും അക്രമവും ചെയ്യാം. അവരെ പോലീസ്‌ ഒന്നു സ്‌പര്‍ശിക്കാന്‍ പോലും ഭയക്കും. കാരണം അവരുടെ തൊപ്പിതെറിക്കും. ജോലിതന്നെ നഷ്‌ടപ്പെട്ടെന്നിരിക്കും. ചിലര്‍ സദാചാര മൂല്യങ്ങള്‍ക്ക്‌ യാതൊരു മൂല്യവും കല്‌പിക്കുന്നില്ല. ഏതു പെണ്ണോ പുരുഷനുമായോ എതവസ്ഥയിലും അവര്‍ക്കു സഞ്ചരിക്കാം, കഴിയാം. എന്നാല്‍ ഒരു സാധാരണക്കാരനെ അവരുടെ ആ അവസ്ഥയില്‍ കണ്ടാല്‍ പോലീസിട്ട്‌ നന്നായി പെരുമാറുമെന്നു മാത്രമല്ല പൊതുജനങ്ങളായ ചില സദാചാരപോലീസും നന്നായി നിങ്ങളെ ഇടിച്ചു പഞ്ചറാക്കി എന്നിരിക്കും.

അവര്‍ക്ക്‌ ഏത്‌ നീതിയും വ്യവസ്ഥയും ബാധകമല്ല. അവര്‍ക്ക്‌ ഏത്‌ നിയമപാലകരെയും അടിച്ചൊതുക്കാം. കോടതിയെപ്പോലും അവര്‍ക്ക്‌ വെല്ലുവിളിക്കാം. മതനേതാക്കളും രാഷ്‌ട്രീയ ആചാര്യന്‍മാരും അവരുടെ മുന്‍പില്‍ മുട്ടുമടക്കണം. വെള്ളിത്തിരയിലെ പ്രകടനത്തിനും ചാനലുകളിലെ കോപ്രായങ്ങള്‍ക്കും പാരിതോഷികമായി ലക്ഷങ്ങള്‍ അവര്‍ കൈപ്പറ്റും. കടകളുടെ ഉദ്‌ഘാടനത്തിന്‌, സമ്മേളനങ്ങളില്‍ തലകാണിക്കുന്നതിനെല്ലാം അവര്‍ക്കു മുന്തിയ പ്രതിഫലം. എവിടെയും അവര്‍ക്ക്‌ മുന്‍തൂക്കം. അവര്‍ക്കു ബാങ്കില്‍ എത്ര ബാലന്‍സുണ്ടായാലും സര്‍ക്കാര്‍ ചിലവില്‍ ഏറ്റവും മുന്തിയ രോഗചികില്‍സ. അവര്‍ തട്ടിപ്പോയാല്‍ എല്ലാവരുടെയും ഞെട്ടല്‍, അനുശോചനങ്ങളുടെ പ്രവാഹം- ആചാരവെടികള്‍. ആഘോഷപരമായ അന്തിമോപചാരം. എന്താണ്‌ നമ്മുടെ സമൂഹത്തിനുപറ്റിയത്‌? എന്തിനിത്ര താരാരാധന? അവരും മനുഷ്യരല്ലെ. അവരെ ചീത്തയാക്കിക്കൊണ്ടിരിക്കുന്നത്‌ അവരുടെ അഹന്തക്കും ജാഡകള്‍ക്കും അനര്‍ഹമായ അംഗീകാരങ്ങള്‍ക്കും കാരണക്കാര്‍ നമ്മുടെ ഒരു സാമൂഹിക വ്യവസ്ഥിതിയല്ലെ? സിസ്റ്റമല്ലെ? അതാതയത്‌ നമ്മള്‍ ഓരോരുത്തരുമല്ലെ? നമ്മുടെ ഈ സിസ്റ്റം, ഈ രീതി, ഈ വ്യവസ്ഥിതി മാറിയില്ലെങ്കില്‍, മാറ്റിയില്ലെങ്കില്‍ സമീപകാലത്ത്‌ പ്രവാസി മലയാളി ബിനോയി ചെറിയാനും കുടുംബത്തിനും സംഭവിച്ചമാതിരി ഈ താരറാണി രഞ്‌ജിനി മാത്രമല്ല മറ്റനവധി താരറാണി നീര്‍ക്കോലികളും സൂപ്പറുകളും രാജാക്കന്മാരും നമ്മുടെ തലയില്‍ കേറി കാഷ്‌ഠിച്ചു കൊണ്ടിരിക്കും. `തൂറിയവരെ ചുമക്കുന്ന നമ്മളും നാറിക്കൊണ്ടിരിക്കും'.

ഇവിടെ ബിനോയി ചെറിയാന്‌ എന്തു സംഭവിച്ചു? ക്യൂ തെറ്റിച്ച രഞ്‌ജിനിയെ ചോദ്യം ചെയ്‌ത ബിനോയി ചെറിയാനെ തെറിഅഭിഷേകം കൊണ്ട്‌ വെല്ലുവിളിക്കുകയും കൂടുതല്‍ ധാര്‍ഷ്‌ട്യത്തോടെ സുരാജ്‌ വെഞ്ഞാറമ്മൂട്‌ തുടങ്ങിയ കോമാളി നടനേയും മറ്റ്‌ സീരിയല്‍ നടിമാരേയും കൂടെ ക്യൂവിലേക്ക്‌, മുന്നിലേക്ക്‌ കൊണ്ടുവന്ന്‌ അനീതി പ്രവര്‍ത്തിക്കുകയായിരുന്നു. എന്നിട്ടവിടെ എന്തുണ്ടായി? രഞ്‌ജിനി ട്രൂപ്പിന്റെ അഹന്തയും ധാര്‍ഷ്‌ട്യവും വിജയിക്കുകയായിരുന്നു. രഞ്‌ജിനിയുടെ പരാതിക്കൊപ്പം പോലീസ്‌ ഉറഞ്ഞുതുള്ളി. ബിനോയിയെ അറസ്റ്റു ചെയ്‌ത്‌ ജീപ്പിലേറ്റി പോലീസ്‌ സ്റ്റേഷനില്‍ കൊണ്ടുപോയി ബിനോയി ലഹരി പദാര്‍ത്ഥം കുടിച്ചിട്ടുണ്ടോ എന്നതിന്‌ ഒരു ടെസ്റ്റും നടത്തി. കുഞ്ഞുകുട്ടി പരാധീനങ്ങളുമായി 20 മണിക്കൂറോളം യാത്രചെയ്‌ത്‌ ക്ഷീണിച്ചവശനായ ബിനോയിക്കും കുടുംബത്തിനും നേരിട്ട മാനഹാനിക്കും ക്ഷതത്തിനും ആരാണ്‌ ഉത്തരവാദികള്‍. ബിനോയി മദ്യപിച്ചിരുന്നില്ലെന്നും രഞ്‌ജിനി ആരോപിക്കുന്ന മാതിരി അനീതിയൊ അസഭ്യവര്‍ഷമോ ചൊരിഞ്ഞിട്ടില്ലെന്നും വിമാനത്താവളത്തിലെ സഹയാത്രികരില്‍ നിന്നും സെക്യൂരിറ്റി ക്യാമറയില്‍ നിന്നും പോലീസിന്‌ ബോധ്യമായി. ഇവിടെ ഒരു ചോദ്യം അവശേഷിക്കുന്നു. ബിനോയിയുടേയും ഭാര്യ കൊച്ചുറാണിയുടെയും പരാതിയിന്മേല്‍ പോലീസ്‌ എന്തുകൊണ്ട്‌ രഞ്‌ജിനി ഹരിദാസിനെ അറസ്റ്റു ചെയ്‌തില്ല? പിന്നീട്‌ അവര്‍ക്കെതിരെ കേസെടുത്തു എന്നത്‌ വിസ്‌മരിക്കുന്നില്ല. എന്തുകൊണ്ട്‌ രഞ്‌ജിനിയും മദ്യം അധികമായി കുടിച്ചിട്ടുണ്ടോ എന്നു ടെസ്റ്റു ചെയ്‌തില്ല... പോലീസ്‌ മാന്യമായി പെരുമാറി എന്ന്‌ ബിനോയി പറയുമ്പോഴും പോലീസിന്റെ നടപടി ഒരു പരിധിവരെ പക്ഷപാതപരമായിരുന്നില്ലെ? വിമാനയാത്രികര്‍ക്ക്‌ വിമാനത്തില്‍ നിയമപരമായി മദ്യം വിളമ്പാറുണ്ട്‌. അതു കുടിക്കാം. പക്ഷെ മദ്യലഹരിയില്‍ ബഹളമുണ്ടാക്കുന്നതാണ്‌ തെറ്റ്‌ എന്ന കാര്യം കൂടെ ഇവിടെ വ്യക്തമാക്കട്ടെ. ബിനോയിക്ക്‌ മാത്രമായി നടത്തിയ ലഹരി ടെസ്റ്റില്‍ ബിനോയി മദ്യപിച്ചിട്ടില്ലെന്നു തെളിയുകയും ചെയ്‌തിരുന്നു. പുതിയ സ്‌ത്രീ സുരക്ഷാ നിയമമനുസരിച്ച്‌ രഞ്‌ജിനിയുടെ പരാതിയിന്മേല്‍ ഉടന്‍ നടപടിയായി ബിനോയിയെ അറസ്റ്റു ചെയ്‌തുവെന്നു പറയുന്നു. എങ്കില്‍ പിന്നെ മറ്റൊരു സ്‌ത്രീയായ ബിനോയിയുടെ ഭാര്യ കൊച്ചുറാണിയുടെ പരാതിയില്‍ ഉടന്‍തന്നെ രഞ്‌ജിനിയെ അറസ്റ്റു ചെയ്‌തില്ല. രഞ്‌ജിനിക്കൊപ്പം ലൈന്‍ തെറ്റിച്ച്‌ അവരുടെ അക്രോശത്തിന്‌ കൂട്ടുനിന്ന സുരാജ്‌ വെഞ്ഞാറമ്മൂട്‌ തുടങ്ങിയവരേയും എന്തുകൊണ്ട്‌ ഒന്നു ചോദ്യം ചെയ്യാന്‍ പോലും പോലീസ്‌ മുതിര്‍ന്നില്ല? ഈ പുതിയ സ്‌ത്രീ സുരക്ഷാ നിയമവും ബില്ലും രഞ്‌ജിനിയെ പോലുള്ള സ്‌ത്രീകള്‍ പുരുഷന്മാര്‍ക്കെതിരെ ഒരു തരത്തില്‍ ഭസ്‌മാസുരന്‌ വരം കിട്ടിയമാതിരി പ്രയോഗിക്കപ്പെടുന്നതിന്റെ ഒരു ഉത്തമ ഉദാഹരണം കൂടിയല്ലെ ഇത്‌. ചിന്തിക്കുക. ഇത്‌ വേറെ വിഷയം. ഒരു സ്‌ത്രീ വിചാരിച്ചാല്‍ ഏതവനെയും പിടിച്ച്‌ അകത്താക്കാം എന്നു സാരം. ഒന്നു തുറിച്ചുനോക്കി പോയി എന്ന കാരണം പറഞ്ഞാല്‍ മാത്രം മതി.

രഞ്‌ജിനി-ബിനോയി വിഷയത്തില്‍ അരിയും തിന്ന്‌ ആശാരിച്ചിയേയും കടിച്ച്‌ എന്നിട്ടും പട്ടിയ്‌ക്കാ മുറുമുറുപ്പ്‌ എന്ന മട്ടിലാണ്‌ രഞ്‌ജിനിയുടെ പ്രവര്‍ത്തനം. രഞ്‌ജിനി എന്ന പ്രതി വാദിയായി മാറുന്നു. ആടിനെ പട്ടിയാക്കുന്നു. എന്തൊരു ദുരവസ്ഥ. എങ്കിലും ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളും നാട്ടുകാരും സംസാരത്തിലൂടെയും സോഷ്യല്‍ നെറ്റ്‌ വര്‍ക്കിലൂടെയും രഞ്‌ജിനിമാരുടെ മറ്റെല്ലാതരത്തിലുള്ള താരജാഡകള്‍ക്കും അനീതികള്‍ക്കും എതിരെ പ്രതികരിച്ചുകൊണ്ടിരിക്കുകയാണ്‌. ജനം പ്രതികരിക്കണം. ഇനിയും ശക്തമായി പ്രതികരിക്കണം. ഇത്‌ രഞ്‌ജിനി എന്ന ഒറ്റ വ്യക്തിയോടു മാത്രമല്ല എല്ലാ താര ജാഡകള്‍ക്കും അനീതികള്‍ക്കുമെതിരായ പ്രതികരണമായിരിക്കണം. ജനം ഒരു പരിധിവരെ കൊടുത്ത ഈ മൗഢ്യതാരവിഹായസില്‍ സ്വഛന്ദം ആരുണ്ടിവിടെ ചോദിയ്‌ക്കാന്‍ എന്ന മട്ടില്‍ വിഹരിക്കുന്ന ഈ പൊള്ളനക്ഷത്രങ്ങള്‍ ഭൂമിയിലേക്കിറങ്ങി വരണം. അവര്‍ സിനിമയിലും ചാനലിലും സല്‍പ്രവൃത്തി ചെയ്യുന്നവരായി ഏഴൈതോഴരായി അഭിനയിച്ചാല്‍ മാത്രം പോര. വെറും പൊള്ളയായ വിനീതമായ വാക്കുകളാല്‍ ജനങ്ങളെ കൈയിലെടുത്താന്‍ പോര. നല്ല പ്രവൃത്തിയിലൂടെ അവരെ, ജനത്തെ കൈയിലെടുക്കണം. അതിനുവേണ്ടി പൊതുജനങ്ങളും സാധാരണക്കാരുമായ നമ്മള്‍ എന്തുചെയ്യണം. ആദ്യമായി അന്ധമായ താരാരാധന നമ്മള്‍ നിര്‍ത്തണം. ഓരോ നിമിത്തം കൊണ്ട്‌ സാന്ദര്‍ഭികമായി അവര്‍ താരങ്ങളായി എന്നു കരുതുക. നിങ്ങളില്‍ പലര്‍ക്കും അവസരങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ അവരെക്കാള്‍ വലിയ താരരാജാക്കന്മാരും താരറാണിമാരും ആകുമായിരുന്നു. പ്രത്യേകമായി ഈ രഞ്‌ജിനി വിഷയത്തില്‍ നിങ്ങളുടെ പരാതികളും പ്രതികരണങ്ങളും മറ്റ്‌ താരജാഡ രാജാ-രാജ്ഞിമാര്‍ക്കും ഒരു പാഠമായിരിക്കണം. ഈ വിഷയത്തില്‍ നമ്മുടെ പരാതികള്‍ ബന്ധപ്പെട്ട വിദേശകാര്യ വകുപ്പുകള്‍ക്കും പ്രവാസകാര്യ വകുപ്പുകള്‍ക്കും, വ്യോമയാന വകുപ്പുകള്‍ക്കും, കൊച്ചിന്‍ എയര്‍പോര്‍ട്ട്‌ അധികാരികള്‍ക്കും, മറ്റ്‌ സിവില്‍ പോലീസ്‌ അധികാരികള്‍ക്കും ഫോണ്‍ വഴിയും ഇ-മെയില്‍ വഴിയും കത്തുകള്‍ വഴിയും അറിയിക്കണം. ഇപ്രകാരം ചെയ്‌താല്‍ ആരെങ്കിലും കുറച്ചുപേരെങ്കിലും ശ്രദ്ധിക്കാതിരിക്കുമോ? `അമ്മ' തുടങ്ങിയ സിനിമ-സീരിയല്‍ സംഘടനകള്‍ക്കും നിങ്ങളുടെ ജനപ്രതിനിധികള്‍ക്കും ഇതിനെപ്പറ്റിയൊക്കെ എഴുതണം. ഓരോ ടെലിവിഷന്‍ ചാനലുകളിലെ മേലധികാരികള്‍ക്കെഴുതണം. രഞ്‌ജിനിയുടെ മുഖ്യകോണ്‍ട്രാക്‌ട്‌ ഏഷ്യാനെറ്റുകാരുമായതിനാല്‍ അവര്‍ക്ക്‌ ഏഷ്യാനെറ്റിന്‌ പ്രത്യേകമെഴുതണം. അമേരിക്കയുള്‍പ്പടെ ലോകമെമ്പാടുമുള്ള അവരുടെ ആ ചാനല്‍ മേധാവികള്‍ക്ക്‌ പ്രത്യേകമെഴുതണം. ന്യായമായ നമ്മുടെ പരാതികളും അപേക്ഷകളും അവര്‍ പരിഗണിയ്‌ക്കാത്ത പക്ഷം അവരുടെ ചാനലുകള്‍ നമ്മള്‍ ബഹിഷ്‌ക്കരിക്കണം. അത്തരം ചാനലുകള്‍ നമ്മള്‍ ഓഫ്‌ ചെയ്യണം. പരസ്യങ്ങള്‍ നല്‍കരുത്‌. വരിസംഖ്യ കൊടുത്ത്‌ എടുക്കരുത്‌. ഇത്തരം അഹങ്കാരികളെ യുഎസിലേക്കും മറ്റും താരനിശയ്‌ക്കായി വരുമ്പോള്‍ അവരെ നമ്മള്‍ ചുമലില്‍ ഏറ്റരുത്‌. അത്തരക്കാരുടെ ഷൊകള്‍ക്ക്‌ ടിക്കറ്റെടുത്ത്‌ നമ്മള്‍ പോകാതിരിക്കുക. അത്തരക്കാരെ സ്‌പോണ്‍സര്‍ ചെയ്യാതിരിക്കുന്നത്‌ അത്യുത്തമം. അവരിവിടെ വന്ന്‌ കാണിക്കുന്ന കലാഹത്യകള്‍ക്കും കോപ്രായങ്ങള്‍ക്കും നമ്മള്‍ കയ്യടിച്ച്‌ ആര്‍പ്പുവിളിച്ച്‌ പ്രോല്‍സാഹിപ്പിക്കരുത്‌. സംഘടനക്കാരും പള്ളിക്കാരും ഇത്തരക്കാരുടെ പരിപാടി എടുത്തല്ല ഫണ്ട്‌ റെയിസിംഗ്‌ നടത്തേണ്ടത്‌. വീടുതോറും കയറി ഇറങ്ങി ടിക്കറ്റുകള്‍ അടിച്ചേല്‍പ്പിക്കുന്നതുകൊണ്ടു മാത്രമാണ്‌ ജനങ്ങള്‍ ടിക്കറ്റെടുക്കുന്നത്‌. ഇപ്രകാരം ലഭ്യമാകുന്ന ഫണ്ടിന്റെ സിംഹാശവും അവരുതന്നെ അടിച്ചുകൊണ്ടു പോകുകയും ചെയ്യും. അവരുടെ കൂടെ നിന്ന്‌ അതിനെ മോടിപിടിപ്പിയ്‌ക്കാന്‍ നമ്മുടെ ലോക്കല്‍ നൃത്തസംഘങ്ങളുടേയും സാങ്കേതിക വിദഗ്‌ധരുടേയും സഹായം വേണം താനും. പിന്നെ എന്തുകൊണ്ട്‌ നമ്മുടെ ഇവിടത്തെ കലാകാരന്മാരേയും കലാകാരികളേയും വെച്ച്‌ നമുക്ക്‌ ഫണ്ട്‌ റയിസിംഗ്‌ ഷോകള്‍ നടത്തിക്കൂടാ. മുറ്റത്തെ മുല്ലക്ക്‌ മണമില്ലെന്ന്‌ പറയരുത്‌. അതിനാണ്‌ കൂടുതല്‍ മണവും സുഗന്ധവും. തലയക്ക്‌ അഹങ്കാരത്തിന്റെ മത്തുപിടിച്ച ഈ താരറാണിരാജാ മിനിദൈവങ്ങളുടെ ഷൊ ടിക്കറ്റുകളുമായി നമ്മുടെ സുഹൃത്തുക്കളൊ ദേവാലയ ഫണ്ടു റയിസിംഗ്‌ പ്രവര്‍ത്തകരോ വന്നാല്‍ സ്‌നേഹപൂര്‍വ്വം അതു നിരസിക്കുക. ആവശ്യമെങ്കില്‍ അവര്‍ക്ക്‌ കഴിവുപോലെ സംഭാവനകള്‍ നല്‍കുക. ഷൊയ്‌ക്ക്‌ അല്ല സംഭാവന, ഫണ്ട്‌ റയിസിംഗ്‌ സല്‍ഉദ്യമത്തിനാണ്‌ സംഭാവന എന്ന്‌ ഉദ്ദേശിക്കുന്നത്‌. പിന്നീട്‌ നിങ്ങള്‍ ഇത്തരം താരങ്ങള്‍ക്ക്‌ സംഘടനകള്‍ വഴി ഉല്‍ഘാടനത്തിനും ദീപം കത്തിയ്‌ക്കാനും ഫോട്ടോ സെഷനുമായി കൊടുക്കുന്ന തുക അര്‍ഹിക്കുന്ന സാധുകള്‍ക്ക്‌ നല്‍കുക. പിന്നെ ഉല്‍ഘാടനത്തിനും ഭദ്രദീപം കൊളുത്താനും ഇവരേക്കാള്‍ അര്‍ഹര്‍ ഇവിടെ നമ്മുടെ ഇടയില്‍ ധാരാളമുണ്ട്‌. താരങ്ങളെ കാണുമ്പോള്‍ കവാത്ത്‌ മറന്ന്‌ വായില്‍ വെള്ളമൂറുന്ന സ്വഭാവം നമ്മള്‍ തിരുത്തണം. ഇത്തരം സോഷ്യല്‍ പാരസയിറ്റുകള്‍ക്കെതിരെ നമ്മള്‍ ഓരോരുത്തരും പ്രതികരിയ്‌ക്കണം. പൂച്ചക്ക്‌ ആര്‌ മണികെട്ടും എന്ന സംശയത്തോടെ നമ്മള്‍ മാറിനില്‍ക്കരുത്‌. എല്ലാവരും ബിനോയി ചെറിയാനെ പോലെ പ്രതികരിയ്‌ക്കാനും മണികെട്ടാനും മുന്നോട്ടുവരണം. ബിനോയി ആണ്‌ താരം. ജനതയുടെ ശബ്‌ദം; നമ്മള്‍ പ്രതികരിയ്‌ക്കാതെ ക്ഷമിച്ച്‌ സഹിച്ചിരുന്നാല്‍ ഇത്തരം ജാഡയും അഹന്തയും തലയില്‍പേറി നടക്കുന്ന സൂപ്പറും സെമിസൂപ്പറുകളും കലാ കലാപ ഭാഷാ കൊലയാളികളും ചോട്ടാകളും നമ്മുടെ തലയില്‍ കേറിയിരുന്ന്‌ നിരങ്ങി നിത്യവും വിസര്‍ജ്ജിച്ചു കൊണ്ടിരിക്കും. ഫാ.. പുല്ലെ... എന്നുപറയാന്‍ ഡയലോഗ്‌ കാച്ചാന്‍ സാധാരണക്കാരും പ്രേക്ഷകരുമായ നമുക്കും കഴിയണം. അതിനുള്ള ആര്‍ജ്ജവത്വമുണ്ടാവണം. അതിനായിട്ടുള്ള നിശ്ചയദാര്‍ഢ്യത്തോടെയുള്ള കര്‍മ്മപഥത്തിലേക്ക്‌ നമുക്ക്‌ ഒരുമയോടെ നീങ്ങാം.
ജാഡകള്‍ക്കെതിരെ ഇനിയെന്ത്‌? എങ്ങിനെ പ്രതികരിക്കണം? (എ.സി. ജോര്‍ജ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക