Image

ഏകാന്തപഥിക (കവിത: മാര്‍ഗരറ്റ്‌ ജോസഫ്‌)

Published on 20 May, 2013
ഏകാന്തപഥിക (കവിത: മാര്‍ഗരറ്റ്‌ ജോസഫ്‌)
ഏകാന്തപഥിക ഞാന്‍,
പൂക്കളും മുള്ളും നീളെ,
വിരിച്ച വഴിത്താര,
വിജനമത്രെ മുന്നില്‍;

ഏങ്ങിയും ഞരങ്ങിയും,
നീങ്ങുന്നു മന്ദം മന്ദം,
ഉയിരില്‍ ഭാരവണ്ടി,
നിലയ്‌ക്കാത്തതെന്തിനി?

യൗവ്വനം വിതാനിച്ച,
മേനിയില്‍ ജരാനര,
ഋതുക്കള്‍ വരയ്‌ക്കുന്നു,
വര്‍ണ്ണചിത്രങ്ങളല്ലെ?

മധുരക്കിനാവുകള്‍,
മഴവില്ലുകളായ,
മിഴികള്‍ മിഴിവറ്റ്‌,
നിഴല്‍ക്കൂത്തരങ്ങുകള്‍;

പ്രണയം പന്തലിച്ച,
ദാമ്പത്യത്തിരുമുറ്റം,
പിഞ്ചുകാലടിപ്പൂക്കള്‍,
പതിക്കാത്തതായ്‌, കഷ്‌ടം!

വിടരും മുമ്പെ തന്നെ,
കശക്കിയെറിഞ്ഞുപോയ്‌,
വളരും ജീവാങ്കുരം,
ചെന്നുള്ളില്‍ കണങ്ങളായ്‌;

കുരുതി കഴിച്ചു ഞാന്‍,
കുറ്റബോധമെന്നിയെ,
മഹത്താം മാതൃത്വത്തെ,
ക്രൂരത, മഹാപാപം!

നാള്‍ക്കുനാള്‍ കൂലംകുത്തി,
ഒഴുകും പുഴയായി,
ഭോഗതൃഷ്‌ണകള്‍ വാഴ്‌വില്‍,
ആഴത്തില്‍ ചുഴികളായ്‌;

കിട്ടാത്ത മുത്തുതേടി,
കാണാത്ത കടല്‍പൂകി,
എത്താത്ത മറുകര,
എന്തൊരു നിഗൂഢത!

വെളിച്ചമിരുട്ടിന്‌,
വഴിമാറുമ്പോളെന്നോ,
കരകളില്‍ തുടികൊട്ടി,
ചിരിയും കരച്ചിലും;

ജന്മവേദിയിലേതോ,
പൈതലിന്‍ ചിലമ്പൊലി,
മാറ്റൊലിക്കൊള്ളുന്നുവോ?
സരസം കാതോര്‍ത്തു ഞാന്‍

അറിഞ്ഞു പെണ്ണിനുമ്മ,
`അമ്മയാം' നിയോഗമായ്‌,
സ്‌നേഹാര്‍ദ്രവാത്സല്യമാ-
പാല്‍ക്കടല്‍ത്തിരകളായ്‌;

ഹൃദയം ശ്രീകോവിലായ്‌,
തീയില്‍ നിര്‍മ്മാല്യമായ്‌,
അമ്മിഞ്ഞ ചുരത്തുന്ന,
ധന്യത വരമാകാന്‍;

മോഹങ്ങള്‍ മെനഞ്ഞിട്ട,
മണിത്തൊട്ടിലാട്ടി ഞാന്‍,
താരാട്ടു പാടിപ്പാടി,
പാഴ്‌മരങ്ങള്‍ മാത്രമായ്‌;

നിന്‍ കളമൊഴിയെങ്ങ്‌?
മൃദുലസ്‌പര്‍ശനമെങ്ങ്‌?
കളിമേളങ്ങളെങ്ങ്‌?
ഒക്കെയും ജലരേഖ!

പ്രാണനെ പന്താടിയ,
കളിയില്‍ പരാജയം,
നീറ്റിടുന്നീ യാത്രയില്‍,
ജീവിതം നെരിപ്പോടായ്‌;

കനത്ത ശിക്ഷാവിധി,
അനപത്യതയായ്‌
സൂത്രധാരനാരിതില്‍?
വിധിയോ? കര്‍മ്മങ്ങളോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക