Image

രഞ്‌ജിനി ഹരിദാസ്‌ - ബിനോയി ചെറിയാന്‍ സംവാദം: അനീതിക്കെതിരെ പ്രതികരിക്കുക

ഷാജന്‍ ആനിത്തോട്ടം Published on 18 May, 2013
രഞ്‌ജിനി ഹരിദാസ്‌ - ബിനോയി ചെറിയാന്‍ സംവാദം: അനീതിക്കെതിരെ പ്രതികരിക്കുക
അമേരിക്കന്‍ മലയാളിയും സംഘടനാ പ്രവര്‍ത്തകനുമായ ബിനോയി ചെറിയാന്‍ ചെരിപുറം കൊച്ചി വിമാനത്താവളത്തില്‍ നേരിട്ട അപമാനവും അനീതിയും പ്രവാസി മലയാളികള്‍ക്ക്‌ മുഴുവനേറ്റ അപമാനവും അഭിമാനക്ഷതവുമായി കാണേണ്ടിരിക്കുന്നു. അവധിക്കാലം ആഘോഷിക്കുവാനായി കുടുംബ സമേതം നാട്ടിലേക്ക്‌ പുറപ്പെട്ട ഒരു പ്രവാസി മലയാളിക്ക്‌ സ്വന്തം നാടിന്റെ പടിപ്പുരയില്‍, സഹയാത്രികരുടെ മുന്നില്‍വെച്ച്‌ നേരിടേണ്ടിവന്ന നിന്ദാപമാനം ലോകമെമ്പാടുമുള്ള പ്രവാസി മലയാളികള്‍ അപലപിക്കേണ്ടതാണ്‌. സംഭവത്തിന്റെ ഗൗരവമുള്‍ക്കൊണ്ട്‌ നാം പ്രതികരിച്ചില്ലെങ്കില്‍ ഇനിയും ആവര്‍ത്തിക്കപ്പെടാവുന്ന സാമൂഹിക ദുരന്തമായി ഇത്തരം അനുഭവങ്ങള്‍ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും.

രഞ്‌ജിനി ഹരിദാസിനെ ഒരു പ്രതീകമായാണ്‌ മലയാളികള്‍ പലരും മനസ്സില്‍ പ്രതിഷ്‌ഠിച്ചിരുന്നത്‌. സ്വകാര്യ ജീവിതത്തില്‍ അവര്‍ എന്തെങ്കിലുമായിരിക്കട്ടെ, സ്‌ത്രീശക്തിയുടെ, നട്ടെല്ലുള്ള പെണ്‍കുട്ടിയുടെ, അസമത്വങ്ങളേയും, ലിംഗവിവേചനങ്ങളേയും ചങ്കുറപ്പോടെ ചോദ്യം ചെയ്യുന്ന `ബോള്‍ഡ്‌ മോഡേണ്‍ ഗേളിന്റെ'യൊക്കെ പ്രതിഛായയാണ്‌ രഞ്‌ജിനി നിലനിര്‍ത്തുന്നത്‌. വാക്‌ ചാതുരികൊണ്ടും, നര്‍മ്മബോധം കൊണ്ടും പതിനായിരങ്ങളെ കൈയ്യിലെടുത്ത മികച്ച അവതാരക. സത്യസന്ധമായി പറഞ്ഞാല്‍ അവരുടെ `മംഗ്ലീഷ്‌' അവതരണങ്ങള്‍ക്കും അതിന്റേതായ സൗന്ദര്യമുണ്ട്‌, വശ്യതയുണ്ട്‌. വിമര്‍ശനങ്ങള്‍ എത്രയോ ഉണ്ടായിട്ടും ഒന്നിലേറെ ചാനലുകളും, സംഘാടകരും രഞ്‌ജിനിയുടെ പിന്നാലെ നടക്കുന്നത്‌ അവരുടെ ആങ്കറിംഗിന്റെ ആകര്‍ഷണീയതകൊണ്ടും പ്രേക്ഷകരുടെ സ്വീകാര്യതകൊണ്ടുമാണല്ലോ.

മുഖംമൂടികള്‍ക്കും ഊതിവീര്‍പ്പിച്ച പ്രതിഛായാ കാപട്യങ്ങള്‍ക്കും പക്ഷെ ഒരുപാട്‌ ആയുസില്ലെന്ന്‌ സ്വന്തം പെരുമാറ്റങ്ങള്‍കൊണ്ട്‌ തന്നെ രഞ്‌ജിനി ഹരിദാസ്‌ ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണ്‌. വിമാനത്താവളത്തില്‍ നിയമാനുസൃതം ക്യൂ നിന്ന്‌ കസ്റ്റംസ്‌ നടപടിക്രമങ്ങള്‍ക്ക്‌ കാത്തുനിന്നവരെ വിഢികളാക്കിക്കൊണ്ട്‌ അവരെ മറികടന്ന്‌ മുന്‍നിരയിലേക്ക്‌ നടത്തിയ കടന്നുകയറ്റത്തേക്കാളും ഹീനമായ തെറ്റായിരുന്നു, ആ നടപടിയെ മാന്യമായും അഭിമാനബോധത്തോടെയും ചോദ്യം ചെയ്‌ത ബിനോയി ചെറിയാനുനേരെ അസഭ്യവര്‍ഷവുമായി രഞ്‌ജനി നടത്തിയ ആക്രമണം. എതിഹാദ്‌ എയര്‍ലൈന്‍സില്‍ നീണ്ട 18 മണിക്കൂര്‍ നീണ്ട യാത്രയ്‌ക്ക്‌ ശേഷം അദ്ദേഹവും കുടുംബവും ക്യൂവില്‍ നില്‍ക്കുമ്പോഴായിരുന്നു എമിറേറ്റ്‌ എയര്‍ലൈന്‍സില്‍ വന്നിറങ്ങിയ രഞ്‌ജിനിയുടേയും കൂട്ടരുടേയും നിയമവിരുദ്ധ പ്രവര്‍ത്തിയും ചീത്തപറച്ചിലും. അപ്പോള്‍ രഞ്‌ജിനി മദ്യപിച്ചിരുന്നുവെന്നാണ്‌ ബിനോയിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ നിന്നും മനസിലാക്കുവാന്‍ കഴിഞ്ഞത്‌. തെറ്റായ പെരുമാറ്റത്തിനുശേഷം പോലീസിനെകൊണ്ട്‌ അറസ്റ്റ്‌ ചെയ്യിക്കുകകൂടി ചെയ്‌തതുവഴി മലയാളികളുടെ മനസ്സിലെ ഈ വിഗ്രഹം സ്വയം ഉടഞ്ഞ്‌ തകരുകയായിരുന്നു.

എന്താണ്‌ നമ്മുടെ നക്ഷത്രദീപങ്ങള്‍ക്ക്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌? തങ്ങള്‍ മറ്റെല്ലാവരേക്കാളും യോഗ്യന്മാരും നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അതീതരാണെന്നുമുള്ള ചിന്ത അവരില്‍ ചിലര്‍ക്കെങ്കിലും സുബോധവും സഹജീവികളോടുള്ള സഹാനുഭൂതിയും നഷ്‌ടപ്പെടുത്തിയിരിക്കുകയാണ്‌. കായികലോകത്തെ മലയാളികളുടെ അഭിമാനമായിരുന്ന ശ്രീശാന്ത്‌ എന്ന വിഗ്രഹം നമുക്ക്‌ മുന്നില്‍ ഉടഞ്ഞുവീണതിന്റെ നടുക്കം വിട്ടുമാറുന്നതിനു മുമ്പാണ്‌ രഞ്‌ജിനി ഹരിദാസ്‌ എന്ന കലാകാരിയുടെ മുഖംമൂടിയഴിഞ്ഞുവീഴുന്നത്‌. അതും കഴിഞ്ഞ ഒരു മാസത്തോളമായി അമേരിക്കയിലും കാനഡയിലും ആയിരങ്ങള്‍ക്കു മുന്നില്‍ കലാവിരുന്നൊരുക്കി മടങ്ങുന്ന യാത്രയില്‍ തന്നെ! നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന ജനാധിപത്യസത്യം മനസിലാക്കാത്ത നിരക്ഷരയൊന്നുമല്ല രഞ്‌ജിനി ഹരിദാസ്‌. രണ്ടായിരാമാണ്ടില്‍ മിസ്‌ കേരള പട്ടമണിഞ്ഞ അവര്‍ ഇംഗ്ലണ്ടില്‍ വിദ്യാഭ്യാസം ചെയ്‌തിട്ടുണ്ട്‌. അമേരിക്കയിലും മലയാളികള്‍ അധിവസിക്കുന്ന മിക്ക രാജ്യങ്ങളിലും മലയാളികള്‍ അധിവസിക്കുന്ന ഒട്ടുമിക്ക രാജ്യങ്ങളിലും സ്റ്റേജ്‌ഷോകളുടെ അവതാരകയായി യാത്ര ചെയ്‌തിട്ടുള്ള അവര്‍ക്ക്‌ സമൂഹത്തില്‍ പാലിക്കേണ്ട മര്യാദകളേക്കുറിച്ചും മറ്റുള്ളവരോട്‌ പെരുമാറേണ്ടത്‌ എങ്ങനെയെന്നും ആരും പഠിപ്പിച്ച്‌ കൊടുക്കേണ്ടതില്ല. സ്വകാര്യജീവിതത്തിലെ അവരുടെ എന്ത്‌ വിക്രിയകള്‍ക്കും സ്വകാര്യതയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റേയും സംരക്ഷണം നല്‍കി രഞ്‌ജിനിയെന്ന മികച്ച കലാകാരിയേയും സംഘാടകയേയും ഇഷ്‌ടപെടുന്ന എല്ലാ മലയാളികളുടേയും മേല്‍ ചെളിവാരിയെറിയുന്ന പ്രവര്‍ത്തിയായി വ്യാഴാഴ്‌ച പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലെ അവരുടെ പെരുമാറ്റം.

സംഭവത്തിന്റെ മുഴുവന്‍ സത്യങ്ങളും പുറത്തുവരാനിരിക്കുന്നതെയുള്ളുവെങ്കിലും കഴിഞ്ഞദിവസം കലാഭവന്‍ മണി അതിരപ്പിള്ളി വനമേഖലയില്‍ കാട്ടിക്കൂട്ടിയ ധാര്‍ഷ്‌ട്യ പ്രവര്‍ത്തികളും നമ്മെ ലജ്ജിപ്പിക്കുകയാണ്‌. യൂണിഫോമില്‍ ഡ്യൂട്ടിയുടെ ഭാഗമായി വാഹനപരിശോധന നടത്തിയ വനപാലകരെ മണിയും കൂട്ടരും മര്‍ദ്ദിച്ചുവെന്നാണ്‌ ആരോപണം. നേരേ മറിച്ചാണ്‌ സത്യമെന്നും വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ തങ്ങളെയാണ്‌ മര്‍ദ്ദിച്ചതെന്ന്‌ മണിയും വാദിക്കുന്നു. സത്യം പുറത്തുവരുന്നതുവരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി രണ്ടു കൂട്ടരേയും നമുക്ക്‌ നീതിപീഠത്തിന്റെ തീരുമാനത്തിനായി വിട്ടുകൊടുക്കാം.

ക്യൂ തെറ്റിച്ച്‌ ഇടിച്ചുകേറലില്‍ രഞ്‌ജിനിക്ക്‌ താരത്തിളക്കമുള്ള ഒരു മുന്‍ഗാമിയുണ്ടെന്ന്‌ നമുക്കറിയാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്യൂ തെറ്റിച്ച്‌ വോട്ട്‌ രേഖപ്പെടുത്താന്‍ ചെന്ന കാവ്യാ മാധവനെ മണിക്കൂറുകള്‍ ക്യൂവില്‍ കാത്തുനിന്നവര്‍ ചോദ്യം ചെയ്‌തതും പ്രതിക്ഷേധിച്ച്‌ വോട്ട്‌ ചെയ്യാതെ താരസുന്ദരി മടങ്ങിപ്പോയതും നമ്മള്‍ മാധ്യമങ്ങളിലൂടെ കണ്ടതാണ്‌. നാടിന്റെ നിയമ വ്യവസ്ഥിതിയും ചട്ടങ്ങളും തങ്ങള്‍ക്ക്‌ ബാധകമല്ലെന്ന അഹങ്കാരം തലയ്‌ക്ക്‌ പിടിക്കുമ്പോഴാണ്‌ ഇത്തരം അധമ പ്രവര്‍ത്തികള്‍ അവര്‍ ചെയ്യുന്നത്‌. രഞ്‌ജിനിയും കാവ്യയും മണിയുമൊക്കെ നില്‍ക്കുന്നതിലും എത്രയോ ഉയരത്തില്‍ മലയാളികളുടെ മനസില്‍ നില്‍ക്കുന്ന മുന്‍ രാഷ്‌ട്രപതിമാരായിരുന്ന കെ.ആര്‍. നാരായണനും, ഡോ. അബ്‌ദുള്‍ കലാമുമൊക്കെ പ്രഥമ പൗരന്മാരായിരിക്കെ സമ്മതിദാനാവാകാശം വിനിയോഗിക്കാന്‍ പോളിംഗ്‌ ബൂത്തില്‍ ക്യൂ നില്‍ക്കുന്നത്‌ നാം അച്ചടി-ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടതാണല്ലോ. അവര്‍ക്കില്ലാത്ത എന്തു മഹത്വവും മാന്യതയുമാണ്‌ ഈ `നക്ഷത്രങ്ങള്‍ക്കുള്ളത്‌്‌'?

എല്ലാ കലാകാരന്മാരും കായികതാരങ്ങളും ഇതുപോലെയുള്ളവരെല്ലെന്നും നമുക്ക്‌ അറിവുള്ളതാണല്ലോ. ഉന്നതമായ നിലയില്‍ പ്രശസ്‌തിയുടെ കൊടുമുടിയില്‍ കഴിയുന്ന എത്രയോ ചലച്ചിത്ര-കായിക നക്ഷത്രങ്ങള്‍ വിനയത്തിന്റെ ആള്‍രൂപങ്ങളായി നമുക്കിടയില്‍ ജീവിക്കുന്നു. വൃക്ഷത്തിന്‌ ഉയരം കൂടുന്തോറും ശിഖരങ്ങള്‍ താഴേക്ക്‌ കുനിയുന്നതുപോലെ വളരുന്തോറും അവരുടെ എളിമയും വര്‍ദ്ധിക്കുകയാണ്‌. അതാണ്‌ അവരുടെ സൗന്ദര്യവും മഹത്വവും. ആ മഹാ ജനങ്ങള്‍ക്കു മുന്നിലാണ്‌ രഞ്‌ജിനി ഹരിദാസിനെ പോലെയുള്ള തൃണാവതാരങ്ങളുടെ അല്‌പത്വവും അഹങ്കാരവും!

നമുക്ക്‌ പക്ഷെ ഇപ്പോള്‍ വെറുതെയിരുന്ന്‌ വിലപിച്ചതുകൊണ്ടായില്ല. ബിനോയി ചെറിയാനെ അറസ്റ്റ്‌ ചെയ്‌ത്‌ സ്വന്തം ജാമ്യത്തില്‍ വിട്ടിരിക്കുന്നത്‌ ചങ്കുറപ്പോടെ ചോദ്യം ചെയ്‌തതിനാണ്‌. ഇവിടെ അഭിമാനക്ഷതം സംഭവിച്ചിരിക്കുന്നത്‌ നമുക്കോരോരുത്തര്‍ക്കുമാണ്‌. പരസ്‌പര ബഹുമാനമുള്ള ഓരോ പ്രവാസി മലയാളിക്കുമാണ്‌. ഭാഗ്യവശാല്‍ പോലീസ്‌ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തോട്‌ മാന്യമായിട്ടാണ്‌ പെരുമാറിയതെന്നാണ്‌ ബിനോയി പറഞ്ഞത്‌. അത്രയും നല്ലത്‌. പക്ഷെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ കേരള മുഖ്യമന്ത്രിക്ക്‌ ഒരു ഇമെയിലെങ്കിലും അയച്ച്‌ (Chiefminister@kerala.gov.in or oc@oommenchandy.net) പ്രവാസികളുടെ അഭിമാനത്തിന്‌ മുറിവേല്‍പിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ നമുക്ക്‌ പ്രതികരിക്കാം. ഓര്‍മിക്കുക- വലിയ മാറ്റങ്ങള്‍ക്ക്‌ വഴിതുറക്കുന്നത്‌ ഇത്തരം കൊച്ചുകൊച്ചു പ്രതികരണങ്ങളാലാണ്‌. കാലവും ലോക ചരിത്രത്തിലെ മാറ്റങ്ങളും തന്നെ അതിനുള്ള തെളിവുകള്‍!!
രഞ്‌ജിനി ഹരിദാസ്‌ - ബിനോയി ചെറിയാന്‍ സംവാദം: അനീതിക്കെതിരെ പ്രതികരിക്കുക
Join WhatsApp News
Raju Thomas 2013-05-21 05:27:41
Impartially comprehensive, powerful, well-written, and without a trace of the usual 'me'.
Moncy 2013-05-21 14:36:13
You right  our right everybody,s. should  equall 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക