Image

പുഴയും ഞാനും -അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 15 May, 2013
പുഴയും ഞാനും -അനില്‍ പെണ്ണുക്കര
പുഴകള്‍ ...
മാനവ സംസ്‌കൃതിയുടെ കഴിത്തൊട്ടിലുകള്‍! ഈ കരയിലല്ലേ ജനപഥങ്ങള്‍ പിറവിയെടുത്തത്? ഏതോ കുന്നിന്റെ നാഭിച്ചുഴിയില്‍ നിന്നും പിറന്ന്, എത്രയോ, ദുര്‍ഘട പഥങ്ങള്‍ താണ്ടി, ഒരു പ്രണയം പോലെ അവള്‍ ഒഴുകുന്നു. സാഗരഗാവിനിയായി.
വിസ്തൃതമായ സമുദ്രത്തിന്റെ വിരിമാറില്‍ പറ്റിച്ചേരാനുള്ള തിടുക്കം...
വയലേലകള്‍ക്കും തൊടികള്‍ക്കും പൈമ്പാലുമായി ഓടുന്ന നാടന്‍ പെണ്‍കൊടി...
അവള്‍ക്കുണ്ട് ആയിരം പാദസരങ്ങള്‍!
പുണ്യം പകരുന്ന സ്‌നാനഘട്ടങ്ങളായി, വിശ്വാസത്തിന്റെ തിരുനടകളില്‍ അഞ്ജലിബദ്ധയായി, ഒരു ജീവനസംഗീതംപോലെ പുഴ....
വഞ്ചിയുടെ തുഴച്ചുഴി ഉണ്ടിവള്‍ക്ക്, വള്ളപ്പാട്ടിന്റെ ഈണവും സുഖവും ഉണ്ട്... ഒരായിരം ചെറുമീന്‍ ഇണകള്‍ക്ക് മണിയറ ഒരുക്കുന്നവള്‍...
ഒരമ്മയുടെ വാത്സല്യമാണ് ഇവള്‍, ഉണ്മയാണ്! കാവ്യഭാവനകളെ തൊട്ടുണര്‍ത്തുന്ന നിത്യസൗന്ദര്യം. കളിചിരി മാറാത്ത കൗമാരം... എങ്കിലും ഇവള്‍ക്കുമുണ്ട് ഒരു ഉഗ്രരൂപം! കൂലമിടിക്കുന്ന രൗദ്രഭാവം!
നദികള്‍....
കാലില്‍ ചിറകുള്ള സഞ്ചാരപ്രിയര്‍, പറയാനും, എഴുതുവാനും പഠിച്ചവര്‍!
ഒരു നൂറുകഥകള്‍! അവളുടെ മടിത്തട്ടിലല്ലേ മഹാമഹങ്ങള്‍ക്കു കൊടിയേറിയത്....? നിണച്ചാലുകള്‍ ഒഴുകിയ രണോത്സവങ്ങള്‍ അരങ്ങേറിയത്!
ഗന്ധര്‍വ്വ കിന്നരികള്‍ പാടി അലിഞ്ഞത്!
ചിലങ്കകള്‍ ചിലമ്പി തളര്‍ന്നത്. ഇവളുടെ മാറില്‍ എത്രയോ പൂര്‍ണ്ണചന്ദ്രന്മാര്‍ നീന്തിത്തുടിച്ചു.
ഹംസങ്ങളും ഹംസഗീതികളും എത്രയോ താമരകള്‍ സൂര്യനുവേണ്ടി തപസ്സുകൊണ്ടു.
പര്‍ണ്ണശാല, വനജ്യോത്സന, മാന്‍കിടാവ്, മുനികന്യക, യാഗങ്ങള്‍, രാജാവായി വന്ന അനംഗന്‍, ഗാന്ധര്‍വ്വമാംഗല്യം, എല്ലാം ഇവള്‍ക്കറിയാം.... ഇവള്‍ ഒരു പ്രേമസാക്ഷിയാണ്, പ്രേമസ്വരൂപിണിയാണ്.....
എത്രയോ ആത്മാക്കള്‍ ഒരു പിടിച്ചാരമായി ഇവളില്‍ വിലയം പ്രാപിച്ച് പുണ്യം നേടിയിരിക്കുന്നു....
പുഴ
ഇവളൊരു കണ്ണീരാണ്...
ചവിട്ടിമെതിക്കപ്പെടുന്ന പെണ്‍വര്‍ഗ്ഗത്തെപ്പോലെ... നീറുന്ന വ്രണങ്ങള്‍ ഉള്ളിലേന്തുന്നവള്‍! മുഖത്തെ പ്രസാദവും ശാന്തതയും നാട്യമാണ്. വിക്ഷോഭങ്ങളുടെ കുത്തൊഴുക്കാണ് ഉള്ളില്‍! ഞാനും ഒരു പുഴയാണ്.
നാട്ടിന്‍പുറത്തു കൈതപ്പൂക്കാട്ടില്‍ കളിച്ച് വളര്‍ന്ന, നഗരം കാണാത്ത നാണം മാറാത്ത ഒരു പുഴ. പാല്‍ക്കുപ്പിയുമേന്തി, പാദസ്വരം കിലുക്കി ഒഴുകി നടന്നവള്‍! മനസ്സില്‍ പൊട്ടിയ പ്രണയം ഒരു പുഴപോലെ അനുസ്യൂതം ഒഴുകിയത്...
കണ്ണീര്‍ പെയ്തിളക്കിയ തിരയേറ്റങ്ങള്‍ കൂലം കുത്തിയൊഴുകിയത്....! മനസ്സിലിട്ടു വളര്‍ത്തിയ മോഹാഭിലാഷങ്ങള്‍ക്ക് ഒരു പുഴയുടെ വേഗവും കരുത്തുമായിരുന്നു... പ്രയാണത്തിനിടയ്ക്കു പലതും മറന്നുപോയി... നെല്ലോലകളുടെ ഹരിതാഭയും മഞ്ചാടിക്കുരുവുതിരുന്ന കുന്നിഞ്ചെരിവും മറന്ന്, ഞാനും പുഴയും നാഗരന്മാരായി മന്ദഗാമിനികളായി.
കൂട്ടുകളും ബന്ധങ്ങളും യാത്രയ്ക്കിടയില്‍ പിരിഞ്ഞകന്നപ്പോള്‍ പുഴയെപ്പോലെ ഞാനും തേങ്ങി...
വേര്‍പാടുകള്‍ നോവല്ല വേരറ്റൊടുങ്ങലാണെന്ന തിരിച്ചറിവുണ്ടായി....
പുഴ പിറക്കുന്നത് കടലില്‍ ചേരാനാണ്. അതിനെ തടയുവാന്‍ കുന്നിനുമാവില്ല....
എന്നോ ഒരിക്കല്‍ ഞാനും ഇങ്ങനെ പറഞ്ഞു. ഏതൊരു എതിര്‍പ്പിന്റെ മുഹൂര്‍ത്തത്തിലായിരുന്നു അത്?
വിശാലമായ സമുദ്രത്തില്‍ വിലയം കൊള്ളുന്ന നദിക്ക് പിന്നെന്തു വ്യക്തിത്വം.
അനന്തമായ കാലസമുദ്രത്തിലേക്ക് ഒഴുകിയടുക്കുന്ന ഒരു പുഴയല്ലേ ഞാനും?
കടലില്‍ പുഴയെന്നപോലെ. കാലക്കടലില്‍ വിലയം പ്രാപിച്ചാല്‍ പിന്നെ തിരിച്ചറിയാന്‍ എനിക്കുമില്ല ഒരു സ്വത്വം! ഓളങ്ങളുടെ സല്ലാപവും കരയുടെ പുളകവും ലയവും ഞാനുമറിഞ്ഞതല്ലേ? സംഗമഘട്ടങ്ങളിലെ അനുഭൂതിയുടെ ഇനിയെങ്ങോട്ടെന്നറിയാതെ പദമുഴറിയ സമതലങ്ങളും, പുതിയ ആവേശമുണര്‍ത്തിയ വഴികളും കാഴ്ചകളും ലഹരിയും സുഖവും പുഴയെന്നപോലെ ഞാനുമറിഞ്ഞു...
എനിക്കുമുണ്ടായി കാലില്‍ ചിറകുകള്‍
പറയാന്‍ വിശേഷങ്ങള്‍
അടിത്തട്ടില്‍ അടിഞ്ഞ കല്ലുകള്‍ക്കുമുണ്ടല്ലോ പറയാനൊരു കഥ!
ഉന്നതമായ ഒരു ശൃംഗത്തില്‍നിന്നും പുഴയുടെ തിരക്കുള്ള കൈയ്യില്‍ തൂങ്ങി ഔന്നത്യം നഷ്ടപ്പെട്ടത്. ഒഴുക്കിനൊപ്പം ചേര്‍ന്ന് അരികുംമൂലയും പോയ ഉരുളന്‍ കല്ല്... ചരിവിനൊപ്പം ചലിക്കുവാന്‍ പഠിച്ചത്... ജീവിതമെന്ന പുഴയിലെ ഒരു കല്ലല്ലേ ഞാന്‍? എനിക്കീ പുഴയെ അറിയാം. കാരണം ഈ പുഴയും ഞാനും ഒന്നാണ്! ഇന്നിവള്‍ക്കു ചിരിക്കുന്ന പാദസരങ്ങളില്ല.... അനംഗമന്ത്രമുണരുന്ന മണിവീണയില്ല.. പാട്ടില്ല.... പഴയ പ്രസരിപ്പില്ല.... ഏതു നഗരസാഗരത്തിലാണ് നീ നിന്റെ പാട്ടു മറന്നു കളഞ്ഞത്...? ആരാണു നിന്റെ മണിവീണകള്‍ കവര്‍ന്നെടുത്തത്? നീയത് ആര്‍ക്കു വിറ്റു. ഏതു മുളങ്കാട്ടിലാണു സുന്ദരി നീ നിന്റെ പാദസരം വലിച്ചെറിഞ്ഞത്?
വിറച്ചും കിതച്ചും ഒഴുകുന്ന പുഴ...
വാര്‍ദ്ധക്യമേശാത്ത അമൃതവാഹിനിയാണെന്നു പാടിയതും പുകഴ്ത്തിയും തെറ്റ്.....
ഇന്നു ഈ സൈകതത്തട്ടില്‍ ഗന്ധര്‍വ്വന്മാരും അപ്‌സരസുകളും വരാറില്ല....നീലക്കടമ്പും പാരിജാതങ്ങളും പൂക്കാറില്ല..... പളുങ്കുകല്പടവും ഈറന്‍നിലാവും ഭൂതകാലങ്ങളുടേതു മാത്രമായി....
പുഴ...
ഇത്, എങ്ങോ കളഞ്ഞുപോയ ഒഴുക്കു തിരയുകയാണ്.. എന്നെപ്പോലെ...
നഷ്ടപ്പെട്ടത് എവിടെ, എന്തൊക്കെ?
അറിഞ്ഞുകൂടാ...
ഞാനാണീ പുഴ... ഞാന്‍ തന്നേ!
പുഴയും ഞാനും -അനില്‍ പെണ്ണുക്കരപുഴയും ഞാനും -അനില്‍ പെണ്ണുക്കര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക