Image

മലയാളം ഐപി ടിവിയ്‌ക്ക്‌ ന്യൂയോര്‍ക്കില്‍ ഓഫീസ്‌

Published on 14 May, 2013
മലയാളം ഐപി ടിവിയ്‌ക്ക്‌ ന്യൂയോര്‍ക്കില്‍ ഓഫീസ്‌
ന്യൂയോര്‍ക്ക്‌: പ്രവാസി മലയാളികളുടെ ഹൃദയ സ്‌പന്ദനമായി മാറിയിരിക്കുന്ന മലയാളം ഐപി ടിവിയ്‌ക്ക്‌ ന്യൂയോര്‍ക്കില്‍ സ്വന്തമായി ഓഫീസ്‌ നിലവില്‍വന്നു. മലങ്കര കത്തോലിക്കാ സഭയുടെ തലവനും കര്‍ദ്ദിനാളുമായ മാര്‍ ബസേലിയോസ്‌ ക്ലീമീസ്‌ തിരുമേനി ശനിയാഴ്‌ച രാവിലെ 11 മണിക്ക്‌ നിലവിളക്ക്‌ കൊളുത്തി അനുഗ്രഹാശിസുകള്‍ ചൊരിഞ്ഞ്‌ മലയാളം ഐപി ടിവിയുടെ ഓഫീസ്‌ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്‌തു.

അമേരിക്കയിലെ മാധ്യമങ്ങള്‍ക്ക്‌ സാമൂഹ്യ പ്രശ്‌നങ്ങളെ തുറന്നു കാട്ടുവാനും, വേദനയും ദുരിതവും അനുഭവിക്കുന്നവരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും പ്രശ്‌നങ്ങള്‍ ലോക മനസാക്ഷിക്കു മുന്നില്‍ സമര്‍പ്പിക്കുവാന്‍ ഉത്തരവാദിത്വമുണ്ടെന്ന്‌ ഉദ്‌ഘാടന പ്രസംഗത്തില്‍ അഭിവന്ദ്യ പിതാവ്‌ അറിയിച്ചു.

പ്രവാസികളുടെ സ്വന്തം ചാനലായ മലയാളം ടിവി അമേരിക്കയിലെത്തിയപ്പോള്‍ കാണുവാനുള്ള അവസരം ലഭിച്ചുവെന്നും വളരെ മിതത്വവും മികവും പുലര്‍ത്തുന്ന ചാനല്‍ മറ്റ്‌ ചാനലുകള്‍ക്ക്‌ മാതൃകയാണെന്നും മാര്‍ ക്ലീമീസ്‌ തിരുമേനി പറഞ്ഞു.

ബി.വി.ജെ.എസ്‌ കമ്യൂണിക്കേഷന്‍സ്‌ മാനേജിംഗ്‌ ഡയറക്‌ടേഴ്‌സായ ബേബി ഊരാളില്‍, വര്‍ക്കി ഏബ്രഹാം, ജോണ്‍ ടൈറ്റസ്‌, സുനില്‍ ട്രൈസ്റ്റാര്‍ എന്നിവരും ഐ.പി.സി.എന്‍.എ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോസ്‌ കാടാപുറം, ഹ്യൂമന്‍ റൈറ്റ്‌സ്‌ കമ്മീഷണര്‍ ജോര്‍ജ്‌ തോമസ്‌, മലയാളം ഐപി ടിവി മാര്‍ക്കറ്റിംഗ്‌ ചീഫ്‌ അനിയന്‍ ജോര്‍ജ്‌, സംഘടനാ നേതാക്കളായ കുസുമം ടൈറ്റസ്‌, സൂസന്‍ ഏബ്രഹാം, ലാലി കളപ്പുരയ്‌ക്കല്‍, മലയാളം ഐപി ടിവി ന്യൂയോര്‍ക്ക്‌ റീജിയണല്‍ മാനേജര്‍ ജോര്‍ജ്‌ കൊട്ടാരം, ബഞ്ചമിന്‍ ജോര്‍ജ്‌, ജോസ്‌ കളപ്പുരയ്‌ക്കല്‍, ക്ലാസിക്‌ ജോര്‍ജ്‌, ബാബു ക്രോസ്‌ ഐലന്റ്‌, ജോര്‍ജുകുട്ടി തുടങ്ങി ഒട്ടേറെ വിശിഷ്‌ടാതിഥികള്‍ മഹനീയ ചടങ്ങിന്‌ സാക്ഷ്യംവഹിച്ചു. മുപ്പതോളം മലയാളം ചാനലുകളും 13 ഹിന്ദി ചാനലുകളും ഒരു കുടക്കീഴിലാക്കി മലയാളം ഐപി ടിവിയുടെ ബാനറില്‍ ഇന്ന്‌ പ്രവാസി മലയാളികളുടെ സ്വീകരണ മുറിയില്‍ മലയാളത്തിന്റെ എല്ലാ ചാനലുകളും എത്തിച്ചിരിക്കുകയാണ്‌ ബിവിജെഎസ്‌ കമ്യൂണിക്കേഷന്‍സ്‌.

വടക്കേ അമേരിക്കയിലെ പ്രമുഖ ബിസിനസുകാരും സാസ്‌കാരിക സംഘടനാ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വര്‍ക്കി ഏബ്രഹാം, ബേബി ഊരാളില്‍, ജോണ്‍ ടൈറ്റസ്‌, ജോയി നെടിയകാലാ എന്നിവര്‍ ഉള്‍പ്പെട്ട മലയാളം ഐ.പി ടിവി ചാനലുകള്‍ അമേരിക്ക, കാനഡ, യൂറോപ്പ്‌, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ എല്ലാ മലയാളികളുടേയും വീടുകളില്‍ എത്തിക്കുവാനുള്ള തയാറെടുപ്പുമായി മുന്നോട്ടു കുതിക്കുകയാണ്‌.

മലയാളം ഐപി ടിവിയുടെ ന്യൂജേഴ്‌സിയിലെ ഹെഡ്‌ ഓഫീസില്‍, അമേരിക്കയിലെ മലയാളം പരിപാടികള്‍ ചിത്രീകരിക്കാനും എഡിറ്റ്‌ ചെയ്യുവാനുമുള്ള അത്യാധുനിക സ്റ്റുഡിയോയും നിലവിലുണ്ട്‌.
മലയാളം ഐപി ടിവിയ്‌ക്ക്‌ ന്യൂയോര്‍ക്കില്‍ ഓഫീസ്‌
മലയാളം ഐപി ടിവിയ്‌ക്ക്‌ ന്യൂയോര്‍ക്കില്‍ ഓഫീസ്‌
മലയാളം ഐപി ടിവിയ്‌ക്ക്‌ ന്യൂയോര്‍ക്കില്‍ ഓഫീസ്‌
മലയാളം ഐപി ടിവിയ്‌ക്ക്‌ ന്യൂയോര്‍ക്കില്‍ ഓഫീസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക