Image

`ജസ്റ്റീസ്‌ ഫോര്‍ ഓള്‍' (ജെ.എഫ്‌.എ): പുതിയ ജനകീയ പ്രസ്ഥാനം രൂപംകൊണ്ടു

തോമസ്‌ കൂവള്ളൂര്‍ Published on 14 May, 2013
`ജസ്റ്റീസ്‌ ഫോര്‍ ഓള്‍' (ജെ.എഫ്‌.എ): പുതിയ ജനകീയ പ്രസ്ഥാനം രൂപംകൊണ്ടു
ന്യൂയോര്‍ക്ക്‌: കഴിഞ്ഞ ഏതാനും മാസങ്ങളായി ന്യൂയോര്‍ക്കില്‍ ജയിലില്‍ കിടന്നിരുന്ന ആനന്ദ്‌ ജോണിനെ സഹായിക്കാന്‍ മുന്നോട്ടുവന്ന പലരില്‍ നിന്നും ഉയര്‍ന്നുവന്ന ഒരു ചോദ്യം `നമ്മള്‍ ഈ രീതിയില്‍ പോയാല്‍ മതിയോ, കുറെക്കൂടി വിപുലമായ രീതിയില്‍ സുതാര്യതയുള്ള ഒരു പ്രസ്ഥാനത്തിന്‌ രൂപം കൊടുക്കേണ്ടതല്ലേ?' ആ ചോദ്യത്തിന്‌ ഉത്തരമെന്നോണം `ജസ്റ്റീസ്‌ ഫോര്‍ ഓള്‍' (ജെ.എഫ്‌.എ ഇന്‍ക്‌) എന്ന പേരില്‍ ഒരു പുതിയ ജനകീയ പ്രസ്ഥാനം ജന്മമെടുത്തു.

ആദ്യമാദ്യം വളരെ കുറച്ചുപേര്‍ മാത്രമേ ആനന്ദ്‌ ജോണിനെ സഹായിക്കാന്‍ മുന്നോട്ടു വരാന്‍ തയാറുയുള്ളൂ എങ്കിലും പിന്നീട്‌ എല്ലാ ചൊവ്വാഴ്‌ചയും ന്യൂയോര്‍ക്ക്‌ സമയം വൈകിട്ട്‌ 9 മണിക്ക്‌ ഒരു നാഷണല്‍ ടെലികോണ്‍ഫറന്‍സ്‌ തുടങ്ങിയതോടെ അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളില്‍ നിന്നുള്ള സേവനതത്‌പരരായ ജനപ്രതിനിധികള്‍ പ്രസ്‌തുത കോണ്‍ഫറന്‍സില്‍ കൃത്യമായി പങ്കെടുക്കാന്‍ തുടങ്ങി. എന്നു മാത്രമല്ല, രാജ്യത്തെമ്പാടുമുള്ള എഴുത്തുകാര്‍ വരെ ഉയര്‍ത്തെഴുന്നേറ്റ്‌ സംഘടിക്കേണ്ടതിന്റെ ആവശ്യതയെപ്പറ്റി എഴുതുവാന്‍ തുടങ്ങി. അതോടെ ആനന്ദ്‌ ജോണിന്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായം എത്താന്‍ തുടങ്ങി. പക്ഷെ കൊടുക്കുന്ന തുകയ്‌ക്ക്‌ ഒരു സുതാര്യത ഇല്ലെന്നു മനസിലാക്കിയപ്പോഴാണ്‌ പുതിയൊരു പ്രസ്ഥാനം ഉണ്ടാക്കിയെങ്കില്‍ മാത്രമേ ഇതിനൊരു പരിഹാരമാകുകയുള്ളുവെന്ന്‌ എന്ന ചിന്ത ഉടലെടുത്തു. അതല്ലെങ്കില്‍ നമ്മുടെ ജനങ്ങളുടെ കഴിവില്ലായ്‌മ മുതലെടുത്ത്‌ പണം തട്ടി അറ്റോര്‍ണിമാര്‍ സ്ഥലംവിടും എന്ന അഭിപ്രായം എല്ലാവരും പ്രകടിപ്പിച്ചു. അങ്ങനെ ചിന്താശീലരായ ഏതാനും മലയാളികളുടെ മനസില്‍ ഉദയം ചെയ്‌ത നൂതന ആശയമാണ്‌ `ജസ്റ്റീസ്‌ ഫോര്‍ ഓള്‍' എന്ന മഹത്തായ സംരംഭം.

ഇക്കഴിഞ്ഞ ഏപ്രില്‍ മാസം 30-ന്‌ നടന്ന നാഷണല്‍ ടെലി കോണ്‍ഫറന്‍സില്‍ എത്രയും വേഗം ഈ പ്രസ്ഥാനം രജിസ്റ്റര്‍ ചെയ്‌ത്‌ പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്തു. ടെക്‌സാസില്‍ നിന്നുള്ള എ.സി ജോര്‍ജിന്റെ അഭിപ്രായത്തില്‍ ഈ പ്രസ്ഥാനം `ശബ്‌ദമില്ലാത്തവരുടെ ശബ്‌ദമായി' മാറ്റിയെടുക്കാന്‍ നമുക്ക്‌ കഴിയണം എന്നതായിരുന്നു. അരിസോണയില്‍ താമസക്കാരനായ ചെറിയാന്‍ ജേക്കബ്‌ എന്ന ചെറുപ്പക്കാരനും, ന്യൂജേഴ്‌സിയില്‍ നിന്നുള്ള രാജ്‌ സദാനന്ദന്‍, കാലിഫോര്‍ണിയയില്‍ താമസക്കാരായ തമ്പി ആന്റണി, പ്രേമ ആന്റണി, കുരുവിള ഏബ്രഹാം, ടെക്‌സാസിലുള്ള എ.സി ജോര്‍ജ്‌, ന്യൂയോര്‍ക്കില്‍ താമസക്കാരായ എലിസബത്ത്‌ ഫിലിപ്പ്‌, ഫിലിപ്പ്‌ തോമസ്‌, ജോജോ തോമസ്‌, തോമസ്‌ കൂവള്ളൂര്‍, തോമസ്‌ ടി. ഉമ്മന്‍, യു.എ നസീര്‍, അലക്‌സ്‌ കോശി വിളനിലം എന്നിവരെല്ലാം ഇതിന്റെ മുഖ്യശില്‍പികളാണ്‌.

ഇപ്പോള്‍ വളരെ ചെറിയ തോതിലാണ്‌ ആരംഭിച്ചിരിക്കുന്നതെങ്കിലും പൊതുജനത്തെ മുഴുവന്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ നീതി ലഭിക്കാതെ ജയിലുകളില്‍ കഴിയുന്ന അനേകരെ സഹായിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസത്തോടെയാണ്‌ ഈ പ്രസ്ഥാനം ആരംഭിച്ചിരിക്കുന്നത്‌. സാമ്പത്തികമായി ഇത്തരക്കാരെ സഹായിക്കുന്നതിലുപരി സംഘടിതമായ ഒരു ശക്തിയാക്കി സമൂഹത്തെ മാറ്റിയെടുത്ത്‌ അനീതിക്കുവേണ്ടി ശബ്‌ദമുയര്‍ത്താന്‍ നമ്മുടെ ജനങ്ങളെ പ്രപ്‌തരാക്കുകയും, അതുവഴി ഭരണ തലപ്പത്തും, നീതിന്യായ വകുപ്പിലും ഇരിക്കുന്നവരുടെ ശ്രദ്ധപിടിച്ചുപറ്റി അര്‍ഹിക്കുന്ന നടപടികള്‍ എടുപ്പിക്കാന്‍ നമുക്ക്‌ കഴിയും എന്നതില്‍ സംശയമില്ല. ഈ പ്രസ്ഥാനത്തെ സമൂഹത്തെ സേവിക്കാന്‍ വേണ്ടി മാത്രമുള്ള ഒരു കൂട്ടായ്‌മയായി വളര്‍ത്തിയെടുക്കണമെന്ന്‌ ഇതിന്റെ ശില്‍പികള്‍ ആഗ്രഹിക്കുന്നു. ഇപ്പോഴേ നമ്മള്‍ ഒത്തൊരുമയോടെ ഏക മനസായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ നമ്മുടെ ഇളം തലമുറ അമേരിക്കയിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരു ശക്തിയായി രൂപാന്തരപ്പെടുമെന്നതിന്‌ സംശയമില്ല. വെറും നേതാവു കളിക്കാനുള്ള ഒരു പ്രസ്ഥാനമാക്കി മാറ്റാതെ `സേവനം' എന്ന വാക്കിന്‌ മുന്‍തൂക്കം കൊടുത്തുകൊണ്ട്‌ സമൂഹത്തിലെ ആദരണീയരായ മറ്റു നേതാക്കളെ അവരുടെ സ്ഥാനത്തെ മാനിച്ചുകൊണ്ട്‌ അവരെയും ഈ പ്രസ്ഥാനത്തിന്റെ തലപ്പത്തേക്ക്‌ കൊണ്ടുവന്ന്‌ സമൂഹ നന്മയ്‌ക്കുവേണ്ടി അവരുടെ കഴിവുകള്‍ പരമാവധി വിനിയോഗിക്കാനും നമുക്ക്‌ കഴിയണം.

ഈ പ്രസ്ഥാനം വളരെ വേഗം ഇവിടെവരെ എത്തിക്കാന്‍ കളമൊരുക്കിയ സണ്ണി പണിക്കര്‍, ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്‌കോപ്പ, രാജു ഏബ്രഹാം, ഫിലിപ്പ്‌ തോമസ്‌, എലിസബത്ത്‌ ഫിലിപ്പ്‌, ജോജോ തോമസ്‌, രവീന്ദന്‍ നാരായണന്‍, തോമസ്‌ ടി. ഉമ്മന്‍, അലക്‌സ്‌ കോശി വിളനിലം, സിബി ഡേവിഡ്‌, രാജ്‌ സദാനന്ദന്‍, എ.സി. ജോര്‍ജ്‌, ജോയിച്ചന്‍ പുതുക്കുളം, ജോര്‍ജ്‌ ജോസഫ്‌, ചെറിയാന്‍ ജേക്കബ്‌, തമ്പി ആന്റണി, പ്രേമ ആന്റണി, യു.എ. നസീര്‍, ഏബ്രഹാം തോമസ്‌, കുരുവിള ഏബ്രഹാം അങ്ങനെ നിരവധി പേരെ നാം ഇവിടെ സ്‌മരിക്കേണ്ടിയിരിക്കുന്നു. സമീപ ഭാവിയില്‍ ഇതൊപു മഹാ പ്രസ്ഥാനമായി മാറുമെന്നതില്‍ സംശയമില്ല. ആരും പിന്നില്‍ നിന്ന്‌ കുത്താതിരുന്നാല്‍ മതി.

പ്രസ്ഥാനത്തിന്റെ പേര്‌: Justice for all inc.

സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ JFAAMERICA.com-ല്‍ ഡൊണേറ്റ്‌ ബട്ടണില്‍ ക്ലിക്ക്‌ ചെയ്‌ത്‌ ക്രെഡിറ്റ്‌ കാര്‍ഡിലൂടെ വളരെ എളുപ്പം ചെയ്യാന്‍ സാധിക്കും.

കോണ്‍ഫറന്‍സ്‌ കോള്‍ നമ്പര്‍: 605 475 4700. അക്‌സസ്‌ കോഡ്‌: 1093904#, സമയം: ന്യൂയോര്‍ക്ക്‌ സമയം രാത്രി 9 മണി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക