Image

മയില്‍പ്പീലിയില്‍ നോക്കുമ്പോള്‍ -അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 15 May, 2013
മയില്‍പ്പീലിയില്‍ നോക്കുമ്പോള്‍ -അനില്‍ പെണ്ണുക്കര
ഇതൊരു ആശംസാകാര്‍ഡ്....
പുതുവര്‍ഷം നേട്ടങ്ങളുടേതാക്കാന്‍ ഒരു അഭ്യുദയകാംക്ഷിയുടെ പ്രാര്‍ത്ഥന...
ഇതിലൊരു മയില്‍പ്പീലിത്തുഞ്ചം അമര്‍ന്നിരിക്കുന്നു.... മഴവില്ലിന്റെ പൊടി പറ്റിയതുപോലെ തിളങ്ങുന്നു ഒരു പീലിത്തുമ്പ്....
മാനം കാണാതെ പുസ്തകത്താളുകള്‍ക്ക് ഇടയില്‍ ഒളിപ്പിച്ചുവെച്ചത്.....
ഏടുകള്‍ക്ക് ഇടയില്‍ പെറ്റു പെരുകുന്ന കുഞ്ഞിപ്പീലികള്‍ക്കായി കാത്തിരിക്കുന്ന ഒരു ബാല്യകൌതുകം ഇതിലൂറുന്നു...
പാലയും പാരിജാതവും പൂക്കുന്ന രാവില്‍ ഗന്ധര്‍വ്വകിന്നരികള്‍ ഉണരുന്ന ഈറന്‍ നിലാവിന്റെ പ്രേമോക്ഷ്മളമായ നിമിഷങ്ങള്‍ക്കു സാക്ഷിയായി നിന്ന് ഈ മയില്‍പ്പീലിക്ക് എന്തിന്റെ നിറമാണ്? 
ശ്യാമയായ രാവിന്റെയോ....
കടലിന്റേയോ....
ആകാശത്തിന്റെയോ...
കവിതയൂറുന്ന ഒരു കണ്ണിന്റേയോ.....
എന്തിന്റെ പ്രതിരൂപമാണ് ഇത്...?
പ്രേമത്തിന്റെയോ....
ഒരു രാഗഹൃദയത്തിന്റെയോ....
സംഗീതത്തിന്റെയോ....
ഒരു നേര്‍ത്തകാറ്റിന്റെയോ....
ഏതോ പര്‍വ്വതസാനുവിലെ കന്മദഗന്ധിയായ കാറ്റില്‍ ഇളകിയാടുന്ന ഒരു പ്രണയവര്‍ണ്ണമില്ലേ ഇതിന്?
ചെറുമുളന്തണ്ടിന്റെ രാഗത്തില്‍ ഇളകിയാടുന്ന സ്വഭാവമില്ലേ ഇതിന്?
കോവില്‍ക്കെട്ടിലെ നീലകണ്ഠം പെയ്യാതെ കുളിര്... ഒരു വിരഹിയുടെ രാഗനൊമ്പരം സന്ദേശമായി ഈ തൂവല്‍ച്ചിറകുകളല്ലേ കൊണ്ടുപോയത്...? കൊമ്പനാനപോലെ ഇളകി എത്തുന്ന കോടക്കാറേന്തുന്ന ധനുസ്സും ഈ തൂവല്‍ത്തുമ്പും ഒന്നു തന്നെയല്ലേ?
ഈ പീലിക്കണ്ണിനു മഷികുതിര്‍ന്ന ഒരു മിഴിയുടെ ഛായ ഉണ്ട്.....
അത് സാഫല്യത്തിന്റേതാണോ? വൈഫല്യത്തിന്റേതാണോ....
പ്രത്യാശയുടേതോ, നീണ്ട കാത്തിരിപ്പിന്റേതോ? മയില്‍പ്പീലിയിലെ കണ്ണുകള്‍ക്കു ഒരു കഥയുണ്ട്. സീയൂസിന്റെ ഒളിച്ചുകളിക്കും ഹീരാദേവിയുടെ പ്രതികാരത്തിനുംവേണ്ടി രക്തസാക്ഷിയാകേണ്ടിവന്ന ആര്‍ഗ്ഗസിന്റെ കഥ! കൂറോടെ കാവല്‍നിന്ന അയാളുടെ ജാഗ്രതാഭരിതമായ നൂറുമിഴികളാണത്രെ മയില്‍പ്പീലിക്കണ്ണുകള്‍!
മേഘങ്ങളെ കണ്ട് തിരകളുയര്‍ത്തി ആടിത്തിമിര്‍ക്കുന്ന കടലും പീലിവിടര്‍ത്തി ആടുന്ന ഒരു മയൂരമാണ്...
മഴവില്ലുകള്‍ വിരിയുന്ന കലാലയന്തരീക്ഷം! വിരല്‍ത്തുമ്പുകള്‍ക്ക് ഇടയില്‍ തിരുകി നീട്ടുന്ന മയില്‍പ്പീലിത്തുഞ്ചം.
സൌഹൃദത്തിന്റെ പ്രതീകം...
ഹൃദയത്തിനുള്ളിലെ കാര്യങ്ങളുടെ അഴകാണിതിനു....
പരസ്പരം കൊതിക്കുന്ന ഹൃദയങ്ങളുടെ മിടിപ്പാണിതിനു...
ഒരു കണ്ണിമാങ്ങയ്ക്കോ, താമരപ്പൂവിനോ പിണങ്ങുമ്പോള്‍....
കരളിലെ കലക്കങ്ങള്‍ക്ക് ഇടനീരുപോലെ... കണ്ണിനു കുളിരോലും ഹരിതാഭപോലെ.... 
ഇണക്കത്തിന്റെ ഈണമായി.....
പ്രിയമെഴുമൊരു ഇന്ദ്രജാലം പോലെ....
വരംപോലെ ഒരു സമ്മാനം!
കന്നിമണ്ണിന്റെ ദാഹം തീര്‍ത്തു പെയ്യുന്ന മഴയ്ക്കു മയില്‍പ്പീലിയുടെ നിറമാണ്!
മഴ സുഖമുള്ള ഒരൊറ്റപ്പെടുത്തലാണ്. മഴയുടെ തണുത്ത വിരലുകള്‍ക്ക് ഒരു പിഞ്ഛത്തിന്റെ സ്പര്‍ശനമാണ്.
സഹസ്രാക്ഷനായ ദേവേന്ദ്രന്റെ പ്രീതിയാണെത്രേ മയില്‍പ്പീലിക്കണ്ണുകള്‍!
പുത്തന്റെ മണവും ചേമ്പില കുടയും
മഴയില്‍ കുതിര്‍ന്ന നാട്ടുവഴിയില്‍....
ചങ്ങാത്തത്തിന്റെ ഊഷ്മളത! ഒരു നിധിപോലെ കൈവെള്ളയില്‍ വെച്ചുതന്നത്... ഒരു പുഞ്ചിരിപൂവിനു പകരം നല്‍കിയത്... മുറ്റത്തുമുട്ടുന്ന മുടിയഴകിനു മയൂരനൃത്തത്തിന്റെ ചാരുത!
അനുഷ്ഠാനങ്ങള്‍ക്ക്...
കാവടിയഴകിന്....
ഇഷ്ടദൈവത്തിന്റെ പ്രീതിക്കു....
പ്രിയതരമായൊരു മൌലിക്കു അലങ്കാരമായി... 
പ്രേമത്തിന്റെ പ്രതീകമായി, ഭാവുകമരുളുന്ന ഒരു കുറിമാനത്തിനു മംഗളക്കുറിയായി, മിന്നുന്നൊരു മയില്‍പ്പീലി!
ഗതകാലസ്മരണകളെ തൊട്ടുണര്‍ത്തി ഇത്, എന്നോ മറന്ന ഒരു വഴിയിലൂടെ വീണ്ടുമൊരു യാത്രക്കു ക്ഷണിക്കുന്നു...
തറവാടിന്റെ മുറ്റത്തേക്കു മനസ്സിനൊരു ക്ഷണം... തൊടികളില്‍ നിലാവെറിയുന്ന ഓലപ്പീലിയുടെ ഇളക്കമുള്ള നിഴല്‍
എവിടെയോ ഒരു ചിലങ്കയുടെ ഝണ ഝണ നാദം... ഈശ്വരന്‍ നിശ്ചയിച്ച ഇണകള്‍ കൈകോര്‍ത്ത് ഒന്നാകുന്ന മുഹൂര്‍ത്തത്തിലേക്കൊരു ക്ഷണക്കത്ത്... പശ്ചാത്തലത്തില്‍ മധുരസംഗീതത്തിന്റെ ഉറവായി ഒരീറക്കുഴല്‍... കൂടെ ഒരു മയില്‍പ്പീലിത്തുമ്പും...! ഞാനീ മയില്‍പ്പീലിയെ സ്നേഹിക്കുന്നു... ആദരിക്കുന്നു...
എന്നിലെ കാല്പനികതയെ ഉണര്‍ത്തി നിറയുന്ന ഈയഴകിനെ എനിക്കിഷ്ടമാണ്... മയില്‍പ്പീലികള്‍ റോമാറ്റിസത്തിന്റെ  ബിംബങ്ങളാണത്രെ!
ഏതൊരു മനസ്സിലും ഒരു മയില്‍പ്പീലിത്തണ്ട് സൂക്ഷിക്കാനുണ്ടാകും....
എന്റെ പ്രാര്‍ത്ഥന
"ഒരു മയില്‍പ്പീലിയായി ജനിക്കുമെങ്കില്‍..... ഒരു പ്രേമസാമ്രാജ്യത്തിന്റെ കിരീടത്തില്‍ അലങ്കാരമായി തീര്‍ന്നെങ്കില്‍...!
മയില്‍പ്പീലിയില്‍ നോക്കുമ്പോള്‍ -അനില്‍ പെണ്ണുക്കര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക