Image

വിലാപങ്ങള്‍ക്കപ്പുറം- 4 (കഥ)- പി,.റ്റി. പൗലോസ്

പി,.റ്റി. പൗലോസ് Published on 11 May, 2013
വിലാപങ്ങള്‍ക്കപ്പുറം- 4 (കഥ)- പി,.റ്റി. പൗലോസ്
ചാക്കപ്പന്‍ നാട്ടില്‍ വന്ന് നാട്ടുകാരിയായ തെക്കേപറമ്പില്‍ ഏലമ്മയെ വിവാഹം ചെയ്തു. നാട്ടുകാരും വീട്ടുകാരും അിറഞ്ഞുള്ള വിവാഹം. പിന്നീട് പുത്തന്‍ പീടികയില്‍ കുഞ്ഞുവര്‍ക്കിയുടെ ലോറിയില്‍ ഡ്രൈവറായി. കൊച്ചിയില്‍ നിന്നും ചരക്കുകൊണ്ട് ചെങ്കോട്ടക്കും തിരുനല്‍വേലിക്കും പോയാല്‍ ഒരാഴ്ച കഴിഞ്ഞേ എത്തുകയുള്ളൂ. വിവാഹത്തിന്റെ ആദ്യനാളുകളില്‍ ചാക്കപ്പന്‍ നാട്ടില്‍ എത്തിയാല്‍ പണവും കൈനിറയെ പലഹാരങ്ങളുമായി ഏലമ്മയുടെ അടുക്കലേക്ക് ഓടിയെത്തും. ചാക്കപ്പന് ഇഷ്ടമുള്ള വിഭവങ്ങളുണ്ടാക്കി ഏലമ്മ കാത്തിരിക്കും. പ്രഭാതപുഷ്പത്തിന്റെ നൈര്‍മ്യലത്തോടെ ചാക്കപ്പന്റെ സ്വകാര്യജീവിതത്തില്‍ കുടിയേറിയ ഏലമ്മക്ക് ആദ്യത്തെ ഒരു വര്‍ഷം വസന്തകാലമായിരുന്നു. ഏലമ്മ ഗര്‍ഭിണിയായി. പ്രസവത്തിന് അവളുടെ വീട്ടിലേക്ക് പോയി. ചാക്കപ്പന് സ്വന്തം വീട്ടില്‍ വരുമ്പോള്‍ വിരസത അനുഭവപ്പെട്ടു തുടങ്ങി. ഒരു ദിവസം തൊട്ടടുത്തുള്ള ചമ്പയില്‍ ഗ്രേസമ്മയെ ചാക്കപ്പന്‍ വഴിയില്‍ വെച്ച് കണ്ടു. സ്റ്റേറ്റ് കോണ്‍ഗ്രസ്സ് പ്രക്ഷോഭത്തില്‍ പോലീസ് മര്‍ദ്ദനമേറ്റ് ധീരരക്തസാക്ഷിയായ ചമ്പയില്‍ കുഞ്ഞ് എന്ന സി.ജെ. വര്‍ഗീസിന്റെ വിധവയാണ് ഗ്രേസമ്മ. നാല് പ്രസവിച്ചിട്ടും സുന്ദരിയാണ്. പുരുഷനെ മയക്കുന്ന വശ്യമനോഹാരിത അവളുടെ ശരീരത്തിലും സംസാരത്തിലും. തുടുത്ത കവിളുകളില്‍ രക്തശോണിമ. നിറഞ്ഞ മാറിടം. മയിലാടുന്ന മിഴികളില്‍ മതിവരാത്ത മോഹത്തിന്റ കെടാത്ത കനലുകള്‍ … ചാക്കപ്പന്‍ സുന്ദരന്‍, ആരോഗ്യദൃഢഗാത്രന്‍. ഗ്രേസമ്മയുടെ നഷ്ടസ്വപ്നങ്ങളെ പൂവണിയിക്കുവാന്‍ പര്യാപ്തന്‍. ഗ്രേസമ്മക്ക് അതുമതി.

ഗ്രേസമ്മ: “ചാക്കപ്പന് വല്ലാതെ ക്ഷീണിച്ചുപോയല്ലോ സമയത്തിന് ഭക്ഷണം കഴിക്കാത്തതുകൊണ്ടായിരക്കാം.”

ചാക്കപ്പന്‍ : “അതിന് വീട്ടില്‍ ആരുമില്ലല്ലൊ.”

ഗ്രേസമ്മ : “ജോലിയില്ലാത്ത ദിവസങ്ങളില്‍ ചാക്കപ്പന്‍ എന്റെ വീട്ടിലേക്ക് പോരെ. ഭക്ഷണം അവിടെനിന്നാകാം. പിന്നെ പകലാണെങ്കില്‍…”

ചാക്കപ്പന്‍ : “പകലാണെങ്കില്‍?”

ഗ്രേസമ്മ : “പകലാണെങ്കില്‍ വീട്ടില്‍ ആരുമില്ലല്ലോ കുട്ടികള്‍ സ്‌ക്കൂളില്‍ പോകും.”

ആ നിമിഷം മുതല്‍ ചാക്കപ്പന്‍ ഗ്രേസമ്മയുടെ മായാ വലയത്തില്‍. പിന്നെ ഗ്രേസമ്മയുമൊത്ത് ചമ്പയില്‍ തറവാട്ടിലേക്ക്- തറവാടിന്റെ ഓരം ചേര്‍ന്ന് നടക്കുന്ന അംഗമായി- വാരാന്തയില്‍ ചമ്പയില്‍ കുഞ്ഞിന്റെ കുഞ്ഞുങ്ങളെ ലാളിക്കുന്ന കാര്യസ്ഥനായി-അവരുടെ ചാച്ചനായി-സര്‍വ്വോപരി ഗ്രേസമ്മയുടെ ചാക്കപ്പനച്ചായനായി. അങ്ങനെ പഴമയുടെ ചരിത്രമുറങ്ങുന്ന ചമ്പയില്‍ തറവാട്ടില്‍ കാലങ്ങളായി നിറഞ്ഞുനിന്ന പുണ്യത്തിനുമേല്‍ വിഷസര്‍പ്പങങള്‍ ഇണചേര്‍ന്നു.

പാതിരാത്രി കഴിഞ്ഞു. മഴശക്തിയായി പെയ്യുന്നുണ്ട്. ഏലമ്മ കുഞ്ഞിനെയും കൊണ്ട് കട്ടിളപടിയില്‍ ചാരിയിരുന്നു മയങ്ങി. പെട്ടെന്ന് ചാക്കപ്പന്റെ അലര്‍ച്ചകേട്ട് ഏലമ്മ ഞെട്ടിയുണര്‍ന്നു.

“എടീ. എടി ഏലമ്മേ തുറക്കെടിവാതില്‍”

അതിന് തുറക്കാന്‍ വാതിലെവിടെ വാതിലിന് പകരം മുഷിഞ്ഞുനാറിയ ചാക്കിന്‍ കഷ്ണം മാത്രം. കുഞ്ഞിനെതറയില്‍ കിടത്തി ഏലമ്മ എഴുന്നേറ്റു. ചാക്കപ്പന്‍ മദ്യലഹരിയിലാണ്. കാലുകള്‍ നിലത്ത് ഉറക്കുന്നില്ല. ടോര്‍ച്ചടിച്ച് കുഞ്ഞിനെ നോക്കി:

ഈ അശ്രീകരത്തെയും കൊണ്ട് നീ ഇപ്പോള്‍ ഇറങ്ങണം

ഏലമ്മ : ഈ രാത്രിയില്‍ ഞാനെങ്ങോട്ട് പോകാനാണ്.

ചാക്കപ്പന്‍ : എങ്ങോട്ടെങ്കിലും . നീ ഇന്ന് പകല്‍ ഗ്രേസമ്മയുടെ വീട്ടില്‍ പോയത് എന്തിനാണ്?

ഏലമ്മ: നിങ്ങ
ളെഅന്വേഷിച്ച്

ചാക്കപ്പന്‍ :എന്നാല്‍ ഇനി നീ പോകില്ല

ചാക്കപ്പന്‍ ഏലമ്മയുടെ മുടിക്ക് പിടിച്ച് അടിവയറ്റില്‍ ഒരു ചവിട്ട്. അവള്‍ ചായിപ്പിലിരുന്ന മരച്ചെരവയില്‍ തലയടിച്ച് വീണു. തലപൊട്ടിരക്തമൊഴുകി. ചാക്കപ്പന്‍ കലിതീരാഞ്ഞ് കുഞ്ഞിനെ തപ്പിയെടുത്ത് എറിയാന്‍ തുടങ്ങിയപ്പോള്‍ ഏലമ്മ കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങി മുററത്തിറങ്ങി. കോരിച്ചൊരിയുന്ന മഴയത്ത് ഏലമ്മ കുഞ്ഞിനെയും കൊണ്ട് വെളിയിലേക്കോടി. തിരിച്ചുവരാത്ത ഓട്ടം.

ചാക്കപ്പന്‍ വീടും സ്ഥലവും വിറ്റ് ആ പണവുമായി ചമ്പയില്‍ തറവാട്ടിലെ സൗഭാഗ്യങ്ങളിലേക്ക് കുടിയേറി.

പ്രതിസന്ധികളുടെ വിണ്ടുകീറിയ വഴിചാലുകളില്‍ പകച്ചു നിന്ന ഏലമ്മയെയും കുഞ്ഞിനെയും കാലം കൈപിടിച്ചു നടത്തി. ബന്ധു വീടുകളിലും അയല്‍വീടുകളിലും പണിയെടുത്ത് കുഞ്ഞഇനെ വളര്‍ത്തി. അവനെ സ്‌ക്കൂളില്‍ ചേര്‍ത്തു. ഒരു ദിവസം സ്‌ക്കൂളില്‍ നിന്നും മടങ്ങഇ വന്ന മകന്‍ മനു ഏലമ്മയോട്:

“അമ്മേ, ഇന്ന് സ്‌ക്കൂളില്‍ ക്ലാസ്സ് ടീച്ചര്‍ എന്നോട് അച്ഛന്റെയും അമ്മയുടേയും പേരുകള്‍ ചോദിച്ചു.”
“എന്നിട്ട് നീ പറഞ്ഞോ?”

“ഞാന്‍ അമ്മയുടെ പേര് പറഞ്ഞു. അപ്പച്ചന്റെ പേര് പറയാതെ നിന്നപ്പോള്‍ കുട്ടികള്‍ കളിയാക്കി ചിരിച്ചു. എനിക്ക് ഒരു പാട് സങ്കടം വന്നു. എന്റെ അപ്പച്ചന്റെ പേരെന്താണമ്മേ? അപ്പച്ചന്‍ എവിടെയാണമ്മേ?”

ഏലമ്മയ്ക്ക് ദുഃഖം സഹിക്കാനായില്ല. അച്ഛനാരെന്നറിയാതെ ക്ലാസ്സില്‍ വിളറി നില്‍ക്കുന്ന തന്റെ മകന്‍. പാടില്ല. അവന്‍ അറിയണം. ഏലമ്മ പറഞ്ഞു:

“മോനെ, നിന്റെ അപ്പച്ചന്റെ പേര് ചാക്കപ്പന്‍. അപ്പച്ചന്‍ നമ്മുടെ വീട്ടില്‍ വരില്ല. നമ്മളോട് വഴക്കാണ്. മോന്‍ സ്‌ക്കൂളില്‍ പോകുമ്പോള്‍ കാണുന്ന ചമ്പയില്‍ വലിയ തറവാട്ടിലാണ് താമസം. ഇനി മോനൊന്നും അമ്മയോട് ചോദിക്കരുത്”

പിന്നെ ഈ കാര്യത്തെക്കുറിച്ചൊന്നും അവന്‍ അമ്മയോട് ചോദിച്ചില്ല. മകന്‍ രണ്ടാം ക്ലാസ്സിലെത്തി. അവന്‍ സ്‌ക്കൂളില്‍ പോകുമ്പോള്‍ എന്നും ചമ്പയില്‍ തറവാട്ടിലേക്ക് നോക്കും. അപ്പച്ചന്‍ ഇറങ്ങിവരുന്നുണ്ടൊ എന്നറിയാന്‍. ഒരുദിവസം അവന്‍ കണ്ടു അവന്റെ അപ്പച്ചനെ. അയാള്‍ ചമ്പയില്‍ വീട്ടില്‍ നിന്നും ഇറങ്ങിവരുന്നു. അമ്മ പറഞ്ഞു മനസ്സിലാക്കിയതുപോലെ ആജാനുബാഹുവായ ഒരു മനുഷ്യന്‍. കപ്പട മീശ. തുറിച്ചു ചുവന്ന കണ്ണുകള്‍. രൗദ്ര ഭാവം. അവനെന്തിന് പേടിക്കണം. അവന്റെ അപ്പച്ചനല്ലെ. അവന്‍ വിളിച്ചു:

“അപ്പച്ചാ, ഞാന്‍ മനു, അപ്പച്ചന്റെ മകന്‍”

ചാക്കപ്പന്‍ പുഛഭാവത്തില്‍ മനുവിനെ നോക്കിയിട്ട് ഒന്നും മിണ്ടാതെ നടന്നുനീങ്ങി. മനുവിന്റെ ജീവിതത്തില്‍ ആദ്യവും അവസാനവുമായി അവന്റെ അപ്പച്ചനോട് സംസാരിച്ച മൂന്നുവാക്കുകള്‍. മനുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. സ്‌ക്കൂളില്‍ നിന്നും മടങ്ങി വന്നപ്പോള്‍ അവന്‍ അപ്പച്ചനെ കണ്ടകാര്യം അമ്മയോട് പറഞ്ഞില്ല. അമ്മയെയും കരയിപ്പിക്കണ്ട എന്നവന്‍ കരുതിയിട്ടുണ്ടാകും. അപ്പച്ചന്‍ അവനോട് ഒന്നുമിണ്ടിയിരുന്നെങ്കില്‍ … ഒരു പെന്‍സിലോ ഒരു ബുക്കോ വാങ്ങിതന്നിരുന്നെങ്കില്‍ … അവന്‍ ആശിച്ചുപോയി.

മറ്റൊരു ദിവസം മനു ചമ്പയില്‍ തറവാടിന്റെ മുമ്പിലെത്തിയപ്പോള്‍ ചാക്കപ്പന്‍ ലോറിയില്‍ നിന്നും ഇറങ്ങുന്നത് കണ്ട് മനു വഴിയരികില്‍ ഒതുങ്ങിനിന്നു. ചമ്പയില്‍ തറവാട്ടില്‍ നിന്നും നാലഞ്ചുകുട്ടികള്‍ ലോറിക്കരികിലേക്ക് ഓടിയെത്തി. പത്തു മുതല്‍ മൂന്നു വയസ്സു വരെയുള്ള കുട്ടികള്‍. അതില്‍ ചമ്പയില്‍ കുഞ്ഞിന്റെയും ചാക്കപ്പന്റെയും മക്കളുണ്ടായിരുന്നു. അവര്‍ ആരൊക്കെയെന്ന് മനസ്സിലാക്കുവാനുള്ള തിരിച്ചറിവ് മനുവിന് ഇല്ലല്ലൊ. ചാക്കപ്പന്‍ കുട്ടികളുടെ കൈകളിലേക്ക് മധുപലഹാരങ്ങളും മിഠായികളും എടുത്തു കൊടുത്തു. മനു കണ്ടിട്ടില്ലാത്ത മിഠായികള്‍! പലതരത്തിലും നിറത്തിലും ഉള്ളവ- ചുവപ്പും, വെളളയും, പച്ചയും, മഞ്ഞയും അങ്ങനെ. മൂന്നു വയസ്സുകാരന്‍ ചാക്കപ്പന്റെ തോളത്ത് കയറി. ചാക്കപ്പന്‍ പോക്കറ്റില്‍ നിന്നും നോട്ടുകള്‍ എടുത്ത് എല്ലാ കുട്ടികള്‍ക്കും വീതം വച്ചു കൊടുത്തു. മനു തന്നെ അപ്പച്ചന്‍ കാണട്ടെ എന്നു വിചാരിച്ച് ചാക്കപ്പന്റെ അടുത്തേക്ക് നീങ്ങി നിന്നു. ചാക്കപ്പന്‍ മനുവിനെ അവഗണിച്ച് കുട്ടികളെയും കൊണ്ട് ചമ്പയില്‍ തറവാട്ടിലേക്ക് കയറി പോകുന്നത് മനു നോക്കി നിന്നു. പലഹാരങ്ങളുടെ സുഖമുള്ള മണം അപ്പോഴും അന്തരീക്ഷത്തില്‍ തങ്ങി നിന്നിരുന്നു. കൊതികൊണ്ട് മനുവിന്റെ വായില്‍ വെള്ളമൂറി. അത് കടവായിലൂടെ ഒലിച്ചിറങ്ങി. ഇത് കണ്ട് റോഡരികിലുള്ള മുറുക്കാന്‍ കടയിലെ എറുപ്പക്ക ചേടത്തി ഇറങ്ങിവന്ന് അവരുടെ തോളില്‍ കിടന്ന ചുട്ടി തോര്‍ത്തുകൊണ്ട് മനുവിന്റെ മുഖം തുടച്ചു. അവര്‍ കടയിലെ ചില്ലുഭരണിയില്‍ നിന്നും കുറെ നാരങ്ങ മിഠായികള്‍ എടുത്ത് മനുവിന്റെ കൈയില്‍ കൊടുത്തു.അതും തിന്നു കൊണ്ട് മനു സ്‌ക്കൂളിലേക്ക് നടന്നു. മനു ചമ്പയില്‍ വീട്ടിലേക്ക് വീണ്ടുമൊന്ന് നോക്കി. മനുവിന്റെ ഉള്ളൊന്ന് പിടഞ്ഞു. ആ പിടച്ചില്‍ ഒരു മഹാശാപമായി ചമ്പയില്‍ വലിയ തറവാടിനെ പിന്തുടര്‍ന്നു.

(തുടരും)
വിലാപങ്ങള്‍ക്കപ്പുറം- 4 (കഥ)- പി,.റ്റി. പൗലോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക