Image

മലയാളം സര്‍വ്വകലാശാലയെ വെള്ളാനയാക്കി മാറ്റാന്‍ അനുവദിക്കില്ല: ഡോ: ജയകുമാര്‍ ഐ. എ. എസ്.

ജയിന്‍ മുണ്ടയ്ക്കല്‍ പ്രോംറ്റ് ന്യൂസ് Published on 13 May, 2013
മലയാളം സര്‍വ്വകലാശാലയെ വെള്ളാനയാക്കി മാറ്റാന്‍ അനുവദിക്കില്ല: ഡോ: ജയകുമാര്‍ ഐ. എ. എസ്.

ന്യൂയോര്‍ക്ക്: മലയാളം സര്‍വ്വകലാശാലയെ ഒരു വെള്ളാനയാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന് ഡോ. ജയകുമാര്‍.  ‘അമേരിക്കന്‍ മലയാളി സാഹിത്യസല്ലാപത്തില്‍ പങ്കെടുത്ത് മലയാളസര്‍വ്വ കലാശാലയെക്കുറിച്ച് നടത്തിയ പ്രഭാഷണവേളയിലാണ് മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കൂടിയായ ഡോ: ജയകുമാര്‍ ഇപ്രകാരം പ്രസ്താവിച്ചത്.

മലയാളികള്‍ക്ക് സുപരിചിതനും നൂറോളം ചലച്ചിത്രങ്ങളുടെ സംവിധായകനുമായ അന്തരിച്ച എം. കൃഷ്ണന്‍ നായരുടെ മകനായി 1952 ഒക്ടോബര്‍ ആറാം തീയതി ജനിച്ച ഡോ: ജയകുമാര്‍ അറിയപ്പെടുന്ന കവിയും, സിനിമാഗാന രചയിതാവും, തിരക്കഥാകൃത്തും, സിനിമാ നിര്‍മ്മാതാവും, നടനും, ചിത്രകാരനും, ചരിത്രകാരനും, പരിഭാഷകനും, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമാണ്. അദ്ദേഹത്തിന്‍റെ ഗീതാഗോവിന്ദംഎന്ന ആംഗലേയ പരിഭാഷയും കേരള എ പോയം ഇന്‍ ഗ്രീന്‍ ആന്‍ഡ്‌ ഗോള്‍ഡ്‌എന്ന മലയാള ഭാഷയുടെയും സംസ്കാരത്തിന്‍റെയും ചരിത്രവും വളര്‍ച്ചയും വിശദീകരിക്കുന്ന ഗ്രന്ഥവും വളരെ പ്രസിദ്ധമാണ്. റുമി, ഖലീല്‍ ജിബ്രാന്‍, രവീന്ദ്ര നാഥ ടാഗോര്‍ഓമര്‍ഖയാം തുടങ്ങിയവരുടെ കൃതികള്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

1978-ലെ കേരള കേഡര്‍ ഐ.എ.എസ്. സംഘാംഗമായ അദ്ദേഹം അസി.കളക്ടര്‍, കോഴിക്കോട് ജില്ലാകളക്ടര്‍, കേരളത്തിലും കേന്ദ്രത്തിലും വിനോദ സഞ്ചാര വകുപ്പ് മേലുദ്യോഗസ്ഥന്‍, ഡി. പി. ഐ., കേരള കാര്‍ഷിക വിഭവ കമ്മീഷണര്‍, കേരള ചീഫ്‌ സെക്രട്ടറി എന്നീ നിലകളില്‍ തന്‍റെ കഴിവ് തെളിയിച്ചതിനു ശേഷമാണ് ശ്രീ. ജയകുമാര്‍ മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. ചലച്ചിത്ര ഗാന പ്രേമികളുടെ ചുണ്ടില്‍ തത്തിക്കളിക്കുന്ന എണ്‍പതോളം സിനിമാഗാനങ്ങളുടെയും ആംഗലേയഭാഷയിലും മലയാളത്തിലുമായി ഇരുപതോളം പുസ്തകങ്ങളുടെയും രചയിതാവാണ് ഡോ. ജയകുമാര്‍.

സാഹിത്യ സല്ലാപത്തില്‍ ശ്രീ. ചെറിയാന്‍ കെ. ചെറിയാന്‍, സി. എം. സി., എ. സി. ജോര്‍ജ്ജ്, ത്രേസിയാമ്മ നാടാവള്ളില്‍, ഡോ: എന്‍. പി. ഷീല, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, അഡ്വ: രതീദേവി, എബ്രഹാം ജോണ്‍, ഫിലിപ്പ് ചെറിയാന്‍, മഹാകപി വയനാടന്‍, സുനില്‍ മാത്യു വല്ലാത്തറ, പി. വി. ചെറിയാന്‍, അഡ്വ: പ്രവീണ്‍ പോള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. സി. ആന്‍ഡ്രൂസ്, പി. പി. ചെറിയാന്‍, ജയിന്‍ മുണ്ടയ്ക്കല്‍, റജീസ്‌ നെടുങ്ങാടപ്പള്ളില്‍, മാത്യു മൂലേച്ചേരില്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തു.

മലയാളികള്‍ക്ക് എന്നുമെന്നും അഭിമാനിക്കാവുന്ന രണ്ട് സംഭവങ്ങളുമായാണ് അന്പത്തിയാറാമത് കേരളപ്പിറവി ദിനമായ 2012 നവംബര്‍ ഒന്ന് കഴിഞ്ഞു പോയത്. ഒന്ന് മലയാള സര്‍വ്വകലാശാലയുടെ ഉദ്ഘാടനവും മറ്റൊന്ന് വിശ്വ മലയാള മഹോത്സവ സമാപനവും ആയിരുന്നു. അന്ന് രാവിലെ 9:30ന് കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി മലപ്പുറം ജില്ലയിലെ തിരൂരിലുള്ള തുഞ്ചന്‍പറമ്പില്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. 2012 ഒക്ടോബര്‍ ഇരുപത്തിരണ്ടാം (വൈഷ്ണവ കലണ്ടര്‍ പ്രകാരം ആശ്വിന മാസം മുപ്പതാം) തീയതി അസാധാരണ ഗസറ്റായി വിജ്ഞാപനം ചെയ്ത ഓര്‍ഡിനന്‍സ്‌ പ്രകാരമായിരുന്നു ഈ സര്‍വ്വകലാശാല നിലവില്‍ വന്നത്. വിശ്വ മലയാള മഹോത്സവം 2012 എന്ന പേരില്‍ കേരള സാഹിത്യ അക്കാഡമിയും കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച മൂന്നു ദിവസം നീണ്ടു നിന്ന രണ്ടാം ലോകമലയാള സമ്മേളനത്തിന്‍റെ സമാപന സമ്മേളനം നടന്നത്.

2013 ഏപ്രില്‍ ഒന്‍പതിന് കേരള നിയമസഭ മലയാള സര്‍വ്വകലാശാല നിയമം ഏകകണ്ഠമായി അംഗീകരിച്ചു. മലയാള സര്‍വ്വ കലാശാല ഓര്‍ഡിനന്‍സിന് ആയിരത്തോളം ഭേദഗതികളാണ് നിയമസഭ ചര്‍ച്ച ചെയ്തു അംഗീകരിച്ചത്.

സര്‍വ്വകലാശാലയെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക