Image

ഏതാണീ പെണ്‍കുട്ടി?

Published on 13 May, 2013
ഏതാണീ പെണ്‍കുട്ടി?
ഏപ്രില്‍ 28. മലയാളിയുവത്വത്തിന്റെ സ്വപ്നങ്ങള്‍ക്കു നേരെ കണ്ണാടി പിടിച്ച കഥാകാരന്‍ മുട്ടത്തു വര്‍ക്കിയുടെ ജന്മശതാബ്ദി.
'ഏതാണീ പെണ്‍കുട്ടി എന്ന നോവലിലെ നായികയെ അദ്ദേഹം കണ്ടെത്തിയത് യഥാര്‍ഥ ജീവിതത്തില്‍
നിന്നായിരുന്നു-വാഴക്കുളംകാരി എല്‍സമ്മ.
മുട്ടത്തു വര്‍ക്കി നോവലില്‍ എഴുതിയതുപോലെ തന്നെയായി, പിന്നെ എല്‍സമ്മയുടെ ജീവിതവും.

'ഞാനീ റോസാപ്പൂ
പറിച്ചോട്ടെ?.
'ശ്യോ, വേണ്ട.
ഞാനാച്ചെടി കന്യാസ്ത്രീമഠത്തിലെ അമ്മയോടു മേടിച്ചുകൊണ്ടുവന്നു നട്ടതാ. അതില്‍ ആദ്യമായി ഉണ്ടായ
പൂവാണത്. ഞാന്‍ തരുകയില്ല.
'നിനക്കും ഈ പൂവിനും ഒരേ നിറം വരാന്‍ എന്താണു ഹേതു?
'എനിക്കറിഞ്ഞുകൂടാ!
'ഈ പൂ എന്നെ നോക്കി ചിരിക്കുന്നതുപോലെ തോന്നുന്നു.
'നിങ്ങളുടെ അടുത്തൊക്കെ ഒത്തിരി റോസാപ്പൂക്കള്‍ കാണുമല്ലോ.
നാനാതരത്തിലും നിറത്തിലും?!
'എങ്കിലും എനിക്കീ റോസാപ്പൂവിനോട് വല്ലാത്ത സ്‌നേഹം തോന്നുന്നു. കണ്ടോ അതു തലയാട്ടുന്നത്? എന്നോട് എന്തോ പറയാന്‍ അതിന്റെ ചുണ്ടുകള്‍ വിതുമ്പുന്നു. ഈ പൂവിന് എന്നോടു സ്‌നേഹമുണ്ടോ ആവോ?
'ചോദിച്ചുനോക്ക്.
ചോദിക്കാനായി അവന്‍ കുനിഞ്ഞു.
'കൈയില്‍ മുള്ളു കൊള്ളരുതേ
അവള്‍ അര്‍ത്ഥഗര്‍ഭമായി ഓര്‍മ്മിപ്പിച്ചു.
'ഞാനിത് പറിക്കും.
'അത്രയ്ക്ക് വലിയ നിര്‍ബന്ധമാണെങ്കില്‍ അടര്‍ത്തിയെടുത്തോ. ഇനിയും അതില്‍ പൂവുകള്‍ ഉണ്ടാകും.
'അതാണ് ഞാനും പറയുന്നത്.
ഇനിയും പൂവുണ്ടാവും.
അവന്‍ അത് ഇറുത്തെടുത്ത് ചുംബിച്ചു.
എന്നിട്ട് ഷര്‍ട്ടിന്റെ ബട്ടന്‍ഹോളില്‍ തിരുകിവച്ചു.
'കൊള്ളാം. ഇപ്പോള്‍
നെഹ്‌റുവിനെപ്പോലിരിക്കുന്നു.
'എല്‍സമ്മേ- അവന്‍ വിളിച്ചു.

അപ്പോളാണ് അവന്‍ അവളെ പൂര്‍ണരൂപത്തില്‍ കാണുന്നത്. ഈറനായ തലമുടി പിന്‍ഭാഗത്തെ മറച്ചുകൊണ്ട് നീണ്ടുകിടക്കുന്നു. ഇളംപച്ച നിറമുള്ള ബ്ലൗസും പച്ചപ്പുള്ളികളുള്ള വോയില്‍ പാവാടയും അതിനടിയില്‍ മുട്ടുകളും കവിഞ്ഞുകിടക്കുന്ന വെളുത്ത അടിപ്പാവാടയും. കഴുത്തില്‍ ഒരു സ്വര്‍ണച്ചെയിന്‍. അതിന്റെ അറ്റം ബ്‌ളൗസിനുള്ളില്‍ മറഞ്ഞിരിക്കുന്നു. കാതുകളില്‍ വലിയ റിംഗുകള്‍. വലത്തെ കൈയില്‍ ഒരു സ്വര്‍ണവള. ഇടത്തെ കൈയില്‍ കറുത്ത പ്‌ളാസറ്റിക് വളകള്‍. ശരീരത്തിന്റെ നിറം ആ റോസാപ്പൂവിന്റേതു പോലെതന്നെ.

'എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത്.- അവള്‍ നാണം കലര്‍ന്ന പുഞ്ചിരിയോടെ ചോദിച്ചു. അവളുടെ ശരീരം അങ്ങനെ കടഞ്ഞെടുത്ത് ആ നീണ്ട മിഴികള്‍ക്ക് അഞജനനിറവും മാദകച്ചുണ്ടുകള്‍ക്ക് പവിഴചഛവിയും നല്‍കിയ സ്രഷ്ടാവിന്റെ ശില്‍പ്പകലാനൈപുണിയെ വില്‍സന്റെ ഹൃദയം സ്‌ത്രോത്രം ചെയ്യുകയായിരുന്നു. ആ സൗന്ദര്യദര്‍ശനം അവന്റെ ഹൃദയത്തിലെ കന്നിമണ്ണില്‍ പുതിയ കിനാവുകളുടെ വിത്തുകള്‍ പാകി.
37 വര്‍ഷം മുമ്പ് കേരളക്കരയെ ഇളക്കിമറിച്ച മുട്ടത്തുവര്‍ക്കിയുടെ 'ഏതാണീ പെണ്‍കുട്ടി എന്ന നോവലിലെ എല്‍സമ്മയെന്ന നായികയെ ചൂണ്ടി ഓരോ വായനക്കാരും ചോദിച്ചിരുന്നു: ഭൂമിയില്‍ ഇതുപോലെ സൗന്ദര്യമുള്ള പെണ്‍കുട്ടികളുണ്ടോ?

ഏതാണീ പെണ്‍കുട്ടി?
മൂവാറ്റുപുഴയ്ക്കടുത്ത് വാഴക്കുളത്തെ ഇന്‍ഫന്റ് ജീസസ് ഹൈസകൂളിലെ പ്രധാന അധ്യാപകനായിരുന്നു ചങ്ങനാശേരി ചെത്തിപ്പുഴക്കാരനായിരുന്ന ജോസഫ്കുഞ്ഞ് സാര്‍. ചങ്ങനാശേരിയില്‍ നിന്നു നിത്യവും വാഴക്കുളത്തു പോയി വരിക അസാധ്യമായിരുന്നതുകൊണ്ട് സകൂളിനടുത്തുള്ള ഒരു വാടകക്കെട്ടിടത്തിലായിരുന്നു താമസം. ഒരു ദിവസം രാവിലെ പള്ളിമുറ്റത്ത് വികാരിയച്ചനുമായി സംസാരിച്ചുനില്‍ക്കുമ്പോള്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി ആ വഴി നടന്നുപോകുന്നതു കണ്ടു. നിഷകളങ്കതയും സൗന്ദര്യവും തുളുമ്പുന്ന ആ പെണ്‍കുട്ടിയെപ്പറ്റി അച്ചനോട് അന്വേഷിച്ചു. അത് ചിറമേല്‍ വീട്ടിലെ തോമസിന്റെ മകള്‍ എല്‍സമ്മയാണ്. ബികോമിനു പഠിക്കുന്ന മിടുക്കിക്കുട്ടി. എല്‍സമ്മ... അദ്ദേഹം മനസ്സില്‍ കുറിച്ചു.

ഒരു നോവല്‍ ആരംഭിക്കുന്നു
അടുത്ത ഞായറാഴ്ച. ചെത്തിപ്പുഴയിലെ ഒരു വീടാണു രംഗം. ആ വീടിന് ഒരു പ്രത്യേകതയുണ്ട്. മലയാളിമനസ്സിനെ കോള്‍മയിര്‍ കൊള്ളിക്കുന്ന ഒട്ടേറെ പ്രണയകഥകളും മുള്‍മുനയില്‍ നിര്‍ത്തുന്ന ക്ലൈമാകസുകളും അവിടെയാണു പിറവി കൊള്ളുന്നത്. ഓരോ ഞായറാഴ്ചയും പള്ളി കഴിഞ്ഞാല്‍ വീട്ടിലുള്ള ഓരോ അംഗങ്ങളും അതു കേള്‍ക്കാന്‍ കാത്തിരിക്കും. ഉറക്കെയാണു വായന. കഥ കേട്ട് ഓരോരുത്തരും തങ്ങളുടെ അഭിപ്രായം പറയും. അവയോരോന്നും സൂക്ഷ്മമായി വിലയിരുത്തി അതിനനുസരിച്ച് വേണ്ട തിരുത്തുകള്‍ വരുത്തും. ആ വീട്ടിലെ ഓരോ അംഗത്തിന്റെയും സ്വകാര്യമായ അഭിമാനമാണത്. അവിടെ ഒരു എഴുത്തുകാരനുണ്ട്. കേരളത്തിലെ സാധാരണക്കാരന്റെ ജീവിതമാണ് അദ്ദേഹത്തിന്റെ എഴുത്തുമുറി. ഒരു ശരാശരി മനുഷ്യന്‍ അനുഭവിച്ചിട്ടുള്ള പ്രണയവും വിരഹവും കോപതാപങ്ങളും ഈര്‍ഷ്യകളും സാധാരണക്കാരായ മനുഷ്യരുടെ, പിന്നീടു നിസ്സാരമെന്നു തോന്നുന്ന അതിരുവഴക്കുകളും കുശുമ്പുകളും അങ്ങനെയങ്ങനെ ഒരു നാട്ടിന്‍പുറത്തുകാരന്റെ എളിയ ജീവിതത്തെ സംഭവബഹുലമാക്കുന്നതെല്ലാം അദ്ദേഹത്തെ സ്പര്‍ശിച്ചു കടന്നു പോയിരുന്നു.

അതു വായിച്ച് ചെറുപ്പക്കാര്‍ തങ്ങളെത്തന്നെ കണ്ണാടിയില്‍ എന്ന പോലെ കാണുന്നു. പെണ്‍കിടാങ്ങള്‍ സ്വന്തം കിനാവുകള്‍ക്ക് ഇത്ര ചന്തമോ എന്ന് ആനന്ദിക്കുന്നു. ആ എഴുത്തുകാരന്റെ പേര് മുട്ടത്തു വര്‍ക്കി എന്നാണ്. പതിവുപോലെ അന്നും സഹോദരന്മാര്‍ ഒത്തുകൂടി. അന്നു മറ്റൊരു വിശേഷം കൂടിയുണ്ടായിരുന്നു. അന്നത്തെ പത്രത്തില്‍ മുട്ടത്തുവര്‍ക്കിയുടെ പുതിയ നോവല്‍ ഉടന്‍ പ്രസിദ്ധീകരണം ആരംഭിക്കുന്നുവെന്നൊരു പരസ്യം കൂടിയുണ്ടായിരുന്നു. എന്നാല്‍ നോവലിന്റെ പേരിനെപ്പറ്റിയോ കഥാസന്ദര്‍ഭത്തെക്കുറിച്ചോ സൂചനയുണ്ടായിരുന്നില്ല.
മുട്ടത്തുവര്‍ക്കിയെക്കാള്‍ 18 വയസ്സ് കുറവുണ്ട് ഇളയ സഹോദരനായ ജോസഫ്കുഞ്ഞുസാറിന്. അച്ചാച്ചന്‍ എന്നാണ് സാര്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്.

'അച്ചാച്ചന്റെ പുതിയ നോവലിനു പേരു വല്ലതുമായോ?-
ജോസഫ് കുഞ്ഞുസാര്‍ ചോദിച്ചു.
'ഇല്ലെടാ, എന്താകാര്യം?
'കഥാനായികയ്ക്ക് പേരിട്ടോ?
'ഇല്ല. എന്താ നിന്റെ കൈയില്‍ പേരു വല്ലതുമുണ്ടോ?-മുട്ടത്തു വര്‍ക്കി ചോദിച്ചു.
'എങ്കില്‍ നായികയുടെ പേരും നോവലിന്റെ പേരും എന്റെ വക എന്നായി ജോസഫ് കുഞ്ഞു സാര്‍. 'അവളെ നായികയാക്കി ഈ നോവലെഴുതിയാല്‍ വന്‍വിജയമായിരിക്കും.

വാഴക്കുളത്തുവച്ചു കണ്ട എല്‍സമ്മയെ ജോസഫ്കുഞ്ഞു സാര്‍ ഹൃദ്യമായി അവതരിപ്പിച്ചു. അവളെപ്പറ്റി പറഞ്ഞതെല്ലാം എഴുത്തുകാരന്‍ സാകൂതം കേട്ടിരുന്നു. അങ്ങനെ ആ ഗൃഹസദസില്‍വച്ച് പുതിയ നോവലിന്റെയും കഥാനായികയുടെയും പേരു തീരുമാനമായി. കഥാനായിക എല്‍സമ്മ തന്നെ. നോവലിന്റെ പേര്- ഏതാണീ പെണ്‍കുട്ടി. കഥ നടക്കുന്നത് വാഴക്കുളത്തിനു പകരം പാലക്കുന്ന് ഗ്രാമത്തില്‍.

പാലക്കുന്നിലെ എല്‍സമ്മ
പാലക്കുന്ന് ഗ്രാമത്തിലെ സാധുവായ വാഴക്കുല കച്ചവടക്കാരന്‍ ഇത്താക്കുച്ചേട്ടന്റെ മകളാണ് സുന്ദരിയും സുശീലയുമായ എല്‍സമ്മ. ഒരു ദിവസം അവളുടെ വീട്ടിലെത്തുന്ന വില്‍സന്‍ എന്ന ചെറുപ്പക്കാരന്‍ എല്‍സമ്മയില്‍ അനുരാഗബദ്ധനാകുന്നു. എല്‍സമ്മയുടെ അമ്മ മറിയാമ്മയുടെ കൂട്ടുകാരി അക്കാമ്മയുടെയും എടവയിലെ ഡോക്ടറായ ഫിലിപ്പിന്റെയും പുത്രനാണ് വില്‍സന്‍. പാലക്കുന്നിലെ മറ്റൊരു സമ്പന്നകുടുംബാംഗമായ വിനോദ് എല്‍സമ്മയുടെ മേല്‍ കണ്ണുവച്ചെങ്കിലും ഇത്താക്കുച്ചേട്ടന്‍ അവനെ അടിച്ചു നിലംപരിശാകുന്നു. വിനോദിന്റെ സഹോദരി പ്രിയമ്മയും വില്‍സണും ഒരേ കലാലയത്തിലാണു പഠനം. പ്രിയമ്മയെ വില്‍സനെക്കൊണ്ടു വിവാഹം ചെയ്യിക്കാനുള്ള പദ്ധതികള്‍ വിനോദും അളിയനായ പ്രഫ. ജോണും ഭാര്യ ക്‌ളാരയും തയാറാക്കുന്നു.

എന്നാല്‍ വില്‍സന് എല്‍സമ്മയോടാണ് യഥാര്‍ഥ അനുരാഗമെന്ന് അവര്‍ മനസ്സിലാക്കുന്നു. തുടര്‍ന്ന് ആ ബന്ധം നശിപ്പിക്കാനായി എല്‍സമ്മയുടെ പേരില്‍ അപവാദപ്രചരണം അഴിച്ചുവിടുന്നു. എല്‍സമ്മയുടെ ചാരിത്ര്യശുദ്ധിയില്‍ സംശയം തോന്നിയ വില്‍സന്‍ പ്രിയമ്മയെ വിവാഹം ചെയ്യാന്‍ തീരുമാനിക്കുന്നു. വിവാഹം അടുത്തുവന്ന വേളയില്‍ എല്‍സമ്മ തെറ്റുകാരിയല്ലെന്നും അപവാദപ്രചരണങ്ങള്‍ക്കു പിന്നില്‍ പ്രിയമ്മയും വിനോദുമാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. വിവാഹത്തില്‍ നിന്നും വില്‍സന്‍ പിന്മാറുകയും ചെയ്യുന്നു. അടുത്ത ശുഭമൂഹൂര്‍ത്തത്തില്‍ തന്നെ എല്‍സമ്മയെ വിവാഹം ചെയ്ത വില്‍സന്‍ അവളുമായി മുന്‍കൂട്ടി നിശചയിച്ച പ്രകാരം അമേരിക്കയിലേക്ക് വിമാനം കയറുന്നു.

പ്രണയം ജീവിതത്തിലും കഥയിലും
1977 ലാണ് ഏതാണീ പെണ്‍കുട്ടി ഖണ്ഡശഃ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. അനിയന്‍ ജോസഫ്കുഞ്ഞില്‍ നിന്നു നായികയുടെയും നോവലിന്റെയും പേരു സ്വീകരിച്ച മുട്ടത്തുവര്‍ക്കി രചനയില്‍ ഏറെ ദൂരം മുന്നോട്ടു പോയിരുന്നു. ആയിടയ്ക്ക് ഓരോ ആഴ്ചയിലും ജോസഫ്കുഞ്ഞു സാര്‍ വാഴക്കുളത്തുനിന്ന് എത്തുന്നത് എല്‍സമ്മയെക്കുറിച്ചുള്ള വിശേഷങ്ങളുമായാണ്. പറഞ്ഞുകേട്ട് അവള്‍ വീട്ടിലെല്ലാവര്‍ക്കും ചിരപരിചിതയായി.

അങ്ങനെയൊരു ദിവസം അവര്‍ ഒരു സത്യം കൗതുകത്തോടെ അറിയുന്നു. അവള്‍ യഥാര്‍ഥ ജീവിതത്തിലും ഒരു പ്രണയകഥയില്‍ നായികയാണ്. നായകന്റെ പേര് ജോയിച്ചന്‍. നോവല്‍ വായിച്ച് തുടങ്ങിയ പ്രണയമല്ല; ഏഴാം ക്ലാസ് മുതല്‍ തുടങ്ങിയ കൊടുമ്പിരിക്കൊണ്ട പ്രണയം. നാട്ടുകാര്‍ക്കു പലര്‍ക്കും അറിയാം. വികാരിയച്ചനു പോലും. പക്ഷേ, ആ കൊച്ചിന് ഒരു ഏനക്കേടു വന്നു കാണാന്‍ ആര്‍ക്കും ആഗ്രഹമില്ല. അവരുടെ ഇഷ്ടം കര്‍ത്താവു നടത്തട്ടെ. പലരും മനസ്സിലോര്‍ത്തു. വാഴക്കുളത്തു നിന്നു ജോസഫ് കുഞ്ഞു സാര്‍ മടങ്ങുന്ന വേളയില്‍ എല്‍സമ്മയും ജോയിച്ചനും കൂടി അദ്ദേഹത്തെ കാണാനെത്തി. തങ്ങളുടെ പേരില്‍ പ്രസിദ്ധീകരിക്കുന്ന ഏതാണീ പെണ്‍കുട്ടി അവരും ആകാംക്ഷയോടെ വായിക്കുന്നുണ്ടായിരുന്നു.

നോവലിന്റെ അവസാനം എങ്ങനെയാണ്? ഞങ്ങള്‍ ഒരുമിക്കുമോ? കമിതാക്കള്‍ക്ക് അറിയേണ്ടത് അതാണ്. കഥാകൃത്ത് എന്താണു തീരുമാനിക്കുന്നതെന്നു കാത്തിരുന്നു കാണാമെന്നായിരുന്നു ജോസഫ്കുഞ്ഞുസാറിന്റെ മറുപടി. വാഴക്കുളത്തെ സക്കകൂളില്‍ നിന്നു പിരിഞ്ഞതോടെ ഗൃഹസദസ്സില്‍ എല്‍സമ്മയുടെ വിശേഷങ്ങള്‍ അവസാനിച്ചു. അതേ സമയം നോവലില്‍ ഒരു പ്രവചനസ്വഭാവത്തോടെ മുട്ടത്തുവര്‍ക്കി എഴുതി വച്ചതെല്ലാം അവരുടെ പില്‍ക്കാലജീവിതത്തില്‍ അതേ പടിതന്നെ സംഭവിക്കുകയായിരുന്നു.

ഓര്‍മകളില്‍ ആ പ്രണയകാലം
ഈ ഏപ്രില്‍ 28 ന് മുട്ടത്തുവര്‍ക്കിയുടെ ജന്മശതാബ്ദിയാണെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് എല്‍സമ്മയും ജോയിച്ചനും പറയുന്നു. കാലം എത്ര പെട്ടന്നാണു കടന്നുപോകുന്നത്. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു! മുട്ടത്തുവര്‍ക്കിയുടെ പ്രവചനം പോലെ അവരിന്ന് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ സക്കഥിരതാമസമാണ്. ന്യൂയോര്‍ക്ക് ഷിപ്യാര്‍ഡ് കമ്പനിയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറാണു ജോയിച്ചന്‍. ന്യൂയോര്‍ക്കിലെ തന്നെ സി വ്യൂ ഹോസ്പിറ്റല്‍ ആന്‍ഡ് നഴ്‌സസ് ഹോമി
ല്‍ ജോലി ചെയ്യുന്നു എല്‍സമ്മയിപ്പോള്‍. മകള്‍ മേഘ ടെകക്കസസില്‍. അവിടെതന്നെയുള്ള മകന്‍ കുര്യാച്ചന്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥി .

വാഴക്കുളം ഗ്രാമത്തിലാകെ സംസാരവിഷയമായ പ്രണയത്തിലെ നായികയും നായകനും ഗൃഹാതുരതയോടെയാണ് ആ കാലത്തെ ഓര്‍ക്കുന്നത്. പത്തുനാല്‍പ്പതുവര്‍ഷം മുമ്പല്ലേ, പെണ്‍കുട്ടികള്‍ വീട്ടില്‍നിന്നിറങ്ങുന്നതുപോലും അപൂര്‍വം. പള്ളിയിലേക്കോ കോളജിലേക്കോ ഒക്കെയാവും ആകെയുള്ള യാത്രകള്‍. ഒന്നും മിണ്ടാന്‍പോലും കഴിയില്ല. ഒരു നോട്ടം, ഒളിച്ചുള്ള ചിരി ഇത്രയൊക്കെയേ സാധിക്കൂ. പിന്നെ എല്ലാറ്റിനും ഒരു ചിട്ടകാണും. ഇത്രമണിക്ക് വീട്ടില്‍നിന്നിറങ്ങിയാല്‍ ഇന്ന സമയത്ത് തിരിച്ചെത്തുമെന്നറിയാം. അതില്‍നിന്നും കടുകിട തെറ്റിയാല്‍ അന്വേഷണമായി. നല്ല അടിയും കിട്ടും. ഈ സാഹചര്യത്തിലാണ് ഞങ്ങളുടെ പ്രണയം ആരുമറിയാതെ കുറെനാള്‍ മുന്നോട്ടുപോയത്-ജോയിച്ചന്‍ പറയുന്നു.

മേക്കപ്പിട്ട അനുരാഗം
ഏഴാംക്‌ളാസില്‍ വച്ച് തുടങ്ങിയ ബന്ധമാണ്. സി.എല്‍. ജോസിന്റെ അഭയാര്‍ഥികള്‍ എന്ന നാടകം ഞങ്ങള്‍ സകൂളില്‍ അവതരിപ്പിച്ചിരുന്നു. ആ നാടകം ജോയിച്ചന്‍ പഠിച്ചിരുന്ന സകൂളിലും അവതരിപ്പിക്കാനെത്തിയപ്പോളാണ് ആദ്യമായി ശ്രദ്ധിക്കുന്നത്. ഒരേ നാട്ടുകാരാണെങ്കിലും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മുഖത്തുപോലും നോക്കുന്ന കാലമല്ല. അന്ന് അധ്യാപകരുടെ സാന്നിധ്യത്തില്‍ ജോയിച്ചനാണ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും മേക്കപ്പിട്ടു തന്നത്. കളമ്പാട്ടേല്‍ എന്നാണു ജോയിച്ചന്റെ വീട്ടുപേര്. പേരുകേട്ട കുടുംബമാണ്. കേരള കോണ്‍ഗ്രസ് നേതാവ് കെ.എം ജോര്‍ജിന്റെ ബന്ധുക്കളാണ് ഇവര്‍.

പറമ്പും പാടവുമൊക്കെയായി ഒരുപാട് സ്വത്ത്. വീട്ടില്‍ ബൈക്കും കാറും ജീപ്പും. നിക്കറിട്ട് സകൂളിലേക്ക് ജോയിച്ചന്‍ ജീപ്പോടിച്ചു വരുന്ന രംഗം ഓര്‍മയിലുണ്ടെന്ന് എല്‍സമ്മ പറയുന്നു.

വാഴക്കുളം പോസറ്റ് ഓഫിസിന്റെ മുന്നില്‍ ഒരു ഞാവല്‍മരമുണ്ടായിരുന്നു. കത്തു പോസ്റ്റ് ചെയ്യാനെന്ന വ്യാജേന അവിടെ പോയി നില്‍ക്കും. അവിടെ വച്ച് അല്‍പ്പസമയം സംസാരിക്കും. പോരാന്‍ നേരം പരസ്പരമുള്ള കത്തുകൂടി 'പോസറ് ചെയ്യും. കണ്ടുപിരിഞ്ഞിട്ട് എന്തിനാണ് കത്തയയ്ക്കുന്നതെന്ന് പോസറ്റ് മാസ്റ്റര്‍ പലവട്ടം കളിയാക്കിയിട്ടുണ്ട്.

സമ്പന്നകുടുംബാംഗമായിരുന്നിട്ടും ജോയിച്ചന് പുറത്തുപറയാനൊരു ജോലിയില്ലാത്തതായിരുന്നു കല്യാണത്തിന് വന്ന തടസ്സം. ഫൊട്ടോഗ്രഫിയിലും എഡിറ്റിങ്ങിലുമൊക്കെ താല്‍പര്യമുണ്ടായിരുന്ന ജോയിച്ചന്‍ അന്നു മദ്രാസിനു പോയി. ഫിലിംഎഡിറ്ററായിരുന്ന ടി.ആര്‍. ശ്രീനിവാസലുവിന്റെ അസിസറ്റന്റായി ജെമിനി സറ്റുഡിയോയില്‍ പ്രവര്‍ത്തിച്ചു. കുറെ മലയാളചിത്രങ്ങളിലും തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു. 1982ലായിരുന്നു വിവാഹം. തുടര്‍ന്ന് നാട്ടില്‍ മേഘ സൗണ്ട്‌സ് എന്ന പേരില്‍ സൗണ്ട് സിസറ്റം ബിനിനസ് ആരംഭിച്ചു. വലിയ സേറ്റജ് ഷോകള്‍ക്കാവശ്യമായ സൗണ്ട്‌സംവിധാനം ഒരുക്കിയ കേരളത്തിലെ ആദ്യത്തെ പ്രഫഷനല്‍ സഥാപനം ഇതായിരുന്നു. പിന്നീടാണ് അമേരിക്കയിലേക്കു പോകാന്‍ തീരുമാനിച്ചത്. അമേരിക്കയില്‍ എത്തിയ ശേഷം എല്‍സമ്മ നഴ്‌സിങ് പഠിച്ചു.

62-ാം വയസ്സിലാണ് മുട്ടത്തുവര്‍ക്കി ഏതാണീ പെണ്‍കുട്ടിയെന്ന നോവല്‍ എഴുതുന്നത്. പത്തനംതിട്ടയിലെ കോട്ടാങ്ങലില്‍ സഥിരതാമസമാക്കിയ ജോസഫ്കുഞ്ഞ്‌സാറിന്് ഇപ്പോള്‍ 82 വയസ്. പഴയ ഓര്‍മകളെല്ലാം പങ്കുവയ്ക്കാന്‍ ഇപ്പോള്‍ ചെത്തിപ്പുഴയിലുള്ളത് മറ്റൊരു സഹോദരനായ മാത്തച്ചന്‍ (85) മാത്രം.

മുട്ടത്തുവര്‍ക്കി ജീവിതരേഖ
* 1913 ഏപ്രില്‍ 28ന് ചങ്ങനാശേരിയിലെ ചെത്തിപ്പുഴയില്‍ ജനനം.
* കല്ലുകളത്തില്‍ മുട്ടത്ത് മത്തായി -അന്നമ്മ ദമ്പതികളുടെ
മൂന്നാമത്തെ പുത്രന്‍
* എസ്ബി കോളജില്‍ നിന്ന്
സാമ്പത്തികശാസ്ത്രത്തില്‍
ബിരുദം. മദ്രാസില്‍
നിയമപഠനത്തിനു പോയെങ്കിലും പൂര്‍ത്തിയാക്കിയില്ല.
* ചങ്ങനാശേരി എസ്ബി
ഹൈസ്‌കൂളില്‍ അധ്യാപകന്‍.
നിരൂപകനായ എം.പി.
പോളുമായുള്ള ബന്ധം കാരണം
പോള്‍ ട്യൂട്ടോറിയല്‍സിലും
കുറെക്കാലം അധ്യാപകനായി.
* അധ്യാപനവൃത്തിയില്‍ നിന്ന്
എഴുത്തിലേക്കും
പത്രപ്രവര്‍ത്തനത്തിലേക്കും
കടന്നു. 26 വര്‍ഷം ദീപിക
ദിനപത്രത്തിന്റെ
പത്രാധിപ സമിതി അംഗം.
* 81 നോവലുകള്‍, 17
കഥാസമാഹാരങ്ങള്‍,
ഡോക്ടര്‍ ഷിവാഗോ ഉള്‍പ്പെടെ 17 വിവര്‍ത്തനങ്ങള്‍, 12 നാടകങ്ങള്‍, അഞ്ചു ജീവചരിത്രങ്ങള്‍
* പ്രശസ്തകൃതികള്‍:
പാടാത്ത പൈങ്കിളി,
ഒരു കുടയും കുഞ്ഞുപെങ്ങളും,
ഇണപ്രാവുകള്‍, മയിലാടുംകുന്ന്, വെളുത്ത കത്രീന, അക്കരപ്പച്ച, ഏതാണീ പെണ്‍കുട്ടി,
അഴകുള്ള സെലീന, പട്ടുതൂവാല.
* നോവല്‍, ചെറുകഥ
എന്നിവയില്‍ 26 എണ്ണം
സിനിമകളായി.
(പാടാത്ത പൈങ്കിളി, പട്ടുതൂവാല, വെളുത്ത കത്രീന, അഴകുള്ള
സെലീന, പൂന്തേനരുവി,
സ്ഥാനാര്‍ഥി സാറാമ്മ, കടല്‍,
കരകാണാക്കടല്‍...)
* ഒരു ചിത്രത്തിനു
തിരക്കഥയെഴുതി: മുളംപാലം
* ഭാര്യ: തങ്കമ്മ. മക്കള്‍: മാത്യു,
ജോസഫ് കുഞ്ഞ്, ജയിംസ്,
മാഴ്‌സലസ്, ബാബു കെ.വര്‍ക്കി, തോമസ്, ലീലാമ്മ, ലില്ലിക്കുട്ടി,
റുബി.
* 1989 മെയ് 28ന് അന്തരിച്ചു
(From Malayala Manorama)
ഏതാണീ പെണ്‍കുട്ടി?ഏതാണീ പെണ്‍കുട്ടി?ഏതാണീ പെണ്‍കുട്ടി?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക