Image

'എസ്. കെ പൊറ്റേക്കാട്ട്' കഥയുടെ രാജശില്‍പ്പി-' : സുധീര്‍ പണിക്കവീട്ടില്‍

സുധീര്‍ പണിക്കവീട്ടില്‍ Published on 12 May, 2013
'എസ്. കെ പൊറ്റേക്കാട്ട്' കഥയുടെ രാജശില്‍പ്പി-' : സുധീര്‍ പണിക്കവീട്ടില്‍
പെറ്റമ്മയെ അവഗണിച്ച് ഭാര്യയോടൊപ്പം കഴിഞ്ഞിരുന്ന ഒരു മനുഷ്യനു നിരക്ഷരകുക്ഷിയായ ആ അമ്മയില്‍ നിന്നും നിരന്തരം കത്തുകള്‍ കിട്ടികൊണ്ടിരുന്നു. ഓരോ എഴുത്തിലും മമതയുടെ, കര്‍ത്തവ്യത്തിന്റെ, ഉത്തരവാദിത്വത്തിന്റെ വിലയെപ്പറ്റി വിശദമായി എഴുതിയിരുന്നു. അമ്മക്ക് മകനോടുള്ള സ്‌നേഹത്തെപ്പറ്റിയും ഒരു മകന്‍ അമ്മയെ എങ്ങനെ സംരക്ഷിക്കണമെന്നും ആ കത്തുകള്‍ അയാളെ ഓര്‍മ്മിപ്പിച്ച്‌കൊണ്ടിരുന്നു. ആ എഴുത്തുകളുടെ സ്വാധീനത്തില്‍,. ഒടുവില്‍ അയാള്‍ അമ്മയെ വന്നു കണ്ട് വേണ്ടതെല്ലാം ചെയ്തു. ആ കത്തുകള്‍ അമ്മക്ക് വേണ്ടി ആര്‍ എഴുതി എന്ന ചോദ്യത്തിനു വളരെ ലാഘവമായി ആ പാവം സ്ത്രീ പറഞ്ഞു ' അതൊരു ഇസ്‌കൂളു കുട്ടിയാണു മോനേ''. അയാള്‍ ആ ഇസ്‌കൂളു കുട്ടിയെ പരിചയപ്പെട്ടു. എങ്ങനെ ഇങ്ങനെയെഴുതാന്‍ സാധിക്കുന്നു എന്നു അത്ഭുതത്തോടെ ചോദിച്ചു, പിന്നീട് ആ ഇസ്‌കൂളു കുട്ടി മനോഹരമായ കഥകളും, നോവലുകളുമെഴുതി മലയാളഭാഷയെ പരിപോഷിപ്പിച്ചു,. വായനക്കാരെ ഹര്‍ഷോന്മാദരാക്കി. എസ്. കെ. പൊറ്റെക്കാട്ട് എന്ന പേരില്‍ പ്രസിദ്ധനായി. 'കേരളത്തില്‍ ഏറ്റവുമധികം വായനക്കാരുള്ള കഥാകാരന്‍'' എന്നും ചെറുകഥയില്‍ നമ്മുടെ രാജശില്‍പ്പി എന്നും അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തില്‍ അറിയപ്പെട്ടു.

എസ്.കെ.യുടെ കഥകളില്‍ ജീവിതവും, വ്യക്തികളും, പ്രക്രുതിയുമുണ്ടായിരുന്നു. ഭാവനാപാപ്പരത്വവും തീഷ്ണമായ ബുദ്ധിയും സമം ചേര്‍ത്ത് ഇന്ന് നിര്‍മ്മിക്കപ്പെടുന്ന ( രചിക്കപ്പെടുന്ന എന്ന് പറയാന്‍ വിഷമമുണ്ട്) മിക്കവാറും, കഥകള്‍ ശുഷ്‌ക്കവും, വെറും യാന്ത്രികവുമണെന്ന് എസ്. കെ.യുടെ കഥാലോകത്ത് നിന്ന് വരുന്ന വായനക്കാര്‍ക്ക് തോന്നാവുന്നതാണു്. ചിട്ടപ്പെടുത്തിയ കഥാപാത്രങ്ങളെ നിരത്തി നിര്‍ത്തി ഒരു പ്രത്യേക ചട്ടകൂട്ടില്‍ നിന്ന് ഒരു കഥ പറയുകയല്ലായിരുന്നു എസ്.കെ. പൊറ്റേക്കാട്ട്. കഥ പറഞ്ഞ്‌പോകുമ്പോള്‍ കഥാപാത്രങ്ങള്‍ കയറി വരുന്നു. സംഭവങ്ങളും പരിസരവും അതിനൊത്ത് ഇണങ്ങി വരുന്നു. ഒരു തെരുവിന്റേയും ഒരു ദേശത്തിന്റേയും കഥയില്‍ എത്രയോ കഥാപാത്രങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്നു. ഈ രണ്ട് നോവലിലൂടെ എസ്.കെ. തന്റെ ഗ്രാമത്തെ അനശ്വരമാക്കി. ചുറ്റുപാടും സുസൂക്ഷമം നിരീക്ഷിക്കുന്ന ഒരു കഥാകാരന്റെ ശ്രദ്ധ അവയില്‍ പ്രകടമാണു്. മുട്ടത്ത് വര്‍ക്കിയെപോലെ എസ്.കെ.പൊറ്റേക്കാട്ടും കവിയായി സാഹിത്യരംഗത്ത് പ്രവേശിച്ചു. മനോഹരമായ കവിതകള്‍ എഴുതിയെങ്കിലും അദ്ദേഹം ചെറുകഥകളുടെ ലോകത്തിലേക്ക് തിരിഞ്ഞു. അത് കൊണ്ട് വായനക്കാര്‍ക്ക് ഹ്രുദ്യമായ ഭാഷയില്‍ എഴുതിയ കഥകള്‍ വായിക്കാന്‍ കഴിഞ്ഞു.
കഥാപാത്രങ്ങളെ സ്രുഷ്ടിക്കുന്നതിലും അവര്‍ പറയുന്ന സംഭാഷണങ്ങളിലും മികവ് കാണിച്ച എഴുത്തുകാരനാണു് എസ്.കെ. നാട്ടിലെ നാലഞ്ച് പ്രമാണിമാര്‍ കൂടി അല്‍പ്പം വശപിശക്കുള്ള ഒരു തെലുങ്കത്തിയെ ഹോട്ടലില്‍ കൊണ്ട് വരുന്നു. നാലു് പേരുടെ ആവശ്യം കഴിഞ്ഞ് അഞ്ചാമന്റെ ഊഴമായപ്പോള്‍ അയാള്‍ക്ക് ഭയം. അയാള്‍ മടിച്ച് നില്‍ക്കുമ്പോള്‍ മലയാളം പറയാന്‍ അറിയുന്ന തെലുങ്കത്തി വിളിച്ച് ചോദിക്കുന്നു ' ഇനി ആളു് ബരാനുണ്ടോ? എന്തൊരു സ്വാഭാവികത ! വര്‍ത്തമാനപത്രം വിറ്റ് ഉപജീവനം കഴിക്കുന്ന കുറുപ്പെന്ന കഥാപാത്രം തന്റെ പേപ്പര്‍ കയ്യില്‍ പിടിച്ച് ''കാര്യം വിഷമസ്ഥിതി' എന്ന് വിളിച്ച് പറഞ്ഞ് നടക്കുന്നതും കഥാപാത്രങ്ങളുടെ അക്രുത്രിമമായ സംഭാഷണരീതിയുടെ ഉദാഹരണമാണു്.

മൂന്നു ഭൂ
ണ്ഡങ്ങളെ ചുംബിക്കുന്ന കവിതകള്‍ എന്ന കുറിപ്പോടെ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ 'പ്രേമശില്‍പ്പി'' എന്ന കാവ്യസമാഹാരം പ്രസിദ്ധിയാര്‍ജിച്ചതാണു. 'ബീബി തന്‍ കപോലത്തില്‍ ഒരു ചുംബനം മാത്രം'' എന്ന് നിര്‍ബന്ധം പിടിക്കുന്ന ഒരു ശില്‍പ്പിയുടെ മനോവികാരങ്ങളും സുല്‍ത്താന്റെ വരവിനു മുമ്പ് വെണ്‍കുളിര്‍ഹര്‍മ്മ്യം തീര്‍ത്ത്കിട്ടാന്‍ ഹ്രുദയം പിടക്കുന്ന ഒരു സുല്‍ത്താനയുടെ നിസ്സഹായതയും അതിന്റെ പരിണാമവും വായനക്കാരുടെ ചിന്തകളിലേക്ക് ഇറങ്ങി ചെന്ന് അവരെ ജിജ്ഞാസുക്കളാകുന്ന വിധത്തിലാണു് രചിച്ചിട്ടുള്ളത്. ചെക്കോസ്ലാവ്യാക്കയില്‍ വച്ച് കണ്ട് മുട്ടിയ ഒരു ജിപ്‌സി പെണ്ണ് അവരുടെ പൂര്‍വ്വികര്‍ ഹിന്ദുസ്ഥാനില്‍ നിന്ന് വന്നവരാണെന്ന് പറയുമ്പോള്‍ അവളോട് കവി പറയുന്ന വരികള്‍ എത്രയോ പ്രസാദമധുരമാണെന്ന് ശ്രദ്ധിക്കുക.' അര്‍ദ്ധകഞ്ചുകം മാറില്‍ മുറുക്കിക്കെട്ടി, ക്കൊച്ച്‌നെറ്റിയില്‍ മഞ്ഞപ്പുള്ളിപ്പട്ടുറുമാലും ചുറ്റി, കദളികൂമ്പോടൊത്ത വയര്‍ കാട്ടിയും, കാതില്‍ പ്പുതുകാഞ്ചനവട്ടക്കണ്ണിയാട്ടിയും മന്ദം, ഉണ്മയില്‍ വേഷം മാറി നിന്നാലും നീ, നിന്‍ നീലക്കണ്മിഴി പ്രകാശത്തില്‍ നിന്നെ ഞാനറിയുന്നു.'

മനുഷ്യരിലെ ഏറ്റവും മനോഹരമായ പ്രേമം എന്ന വികാരം എസ്.കെ. തന്റെ കഥകളില്‍ പ്രയോഗിച്ചപ്പോള്‍ അത് കൂടുതല്‍ ചേതോഹരിയായി. രമണനുശേഷം എസ്.കെ.യുടെ 'നാടന്‍ പ്രേമം'' എന്ന നോവലാണു് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത്. മധുരനാരങ്ങ പോലെ വിറ്റഴിയുക എന്ന ശ്രീ മൂണ്ടശ്ശേരി ശൈലി എസ്.കെയുടെ പുസ്തകങ്ങളെകുറിച്ചും പറയാവുന്നതാണു്..റഷ്യന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പതിനൊന്നു കഥകളുടെ നൂറായിരം കോപ്പികള്‍ രണ്ടാഴ്ച്ചകള്‍ക്കുള്ളില്‍ വിറ്റുപോയി. 1971ല്‍ മിലനില്‍ നിന്നും പ്രസിദ്ധീകരിച്ച 'ലോകത്തിലെ ഏറ്റവും നല്ല ചെറുകഥകള്‍'' എന്ന സമാഹാരത്തില്‍ എസ്.കെ.യുടെ 'ഭ്രാന്തന്‍ നായ '' എന്ന കഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്..

സ്ര്തീയുടെ വഞ്ചനയും പുരുഷന്റെ അപ്രതീക്ഷിതമായ മനസ്സ് മാറ്റങ്ങളും വക്രതകളില്ലാതെ ഹ്രുദ്യമായ ഭാഷയില്‍ അദ്ദേഹം എഴുതി. മലയാള സാഹിത്യത്തിലെ പുരോഗമന സാഹിത്യകാരന്മാരില്‍ ഒരാളായ എസ്.കെ.തന്റെ സമകാലികരായ തകഴി, കേശവ് ദേവ്, ബഷീര്‍ തുടങ്ങിയവരുടെ രചനകളില്‍ നിന്നും എന്നും വ്യത്യസ്തത പുലര്‍ത്തി. എസ്.കെയുടെ കഥകള്‍ വായനകാരന്റെ ചിന്തകളോടും, സ്വ്പനങ്ങളോടും, മോഹങ്ങളോടും ചേര്‍ന്നു നിന്നു. അതേ സമയം അവ അതിഭാവുകത്വത്തിന്റെ അതിരുകള്‍ ലംഘിക്കാതെ സ്വാഭാവികതയില്‍ ഒതുങ്ങി നിന്നു.

സുന്ദരിമാരെ അവര്‍ അറിയാതെ പ്രേമിക്കുകയും ആ പ്രേമദാഹത്തില്‍ അലയുകയും ചെയ്യുന്ന യുവാക്കളെ നമ്മള്‍ കണ്ടിരിക്കും. അവരെ എസ്.കെ. കണുമ്പോള്‍ അത് ഒരു മനോഹരമായ കഥയാകുന്നു. അദ്ദേഹത്തിന്റെ നിശാഗന്ധി എന്ന കഥ നവയൗവ്വനത്തിന്റെ അഭിലാഷങ്ങള്‍ തുടിക്കുന്ന കഥയാണു്. അത്തരം പ്രമേയത്തില്‍ നെയ്‌തെടുത്ത അതീവ സുന്ദരമായ ഒരു കലാശില്‍പ്പമാണു്. പ്രേമത്തിന്റെ തീവ്രത വിവരിക്കുമ്പോള്‍ എസ്.കെ പൊറ്റേക്കാട്ട് കാല്‍പ്പനികതയുടെ ലഹരി വായനക്കാര്‍ക്ക് നല്‍കുന്നു. നിശാഗന്ധി ഒരു പതിനേഴുകാരന്റെ പ്രേമ സാഹസികതയുടെ കഥയാണു. കാണുന്ന പെണ്‍ക്കുട്ടികളോടെല്ലാം പ്രേമം തോന്നുകയും അവരെയെല്ലാം ദേവതമാരായി കരുതുകയും ചെയ്യുന്നത് പതിനേഴാം വയസ്സിലെ പ്രവണതയാണു് ്. വായനക്ക് ശേഷം ഉല്‍കണ്ഠയും സമാധാനവും വായനക്കാരില്‍ അങ്കുരിപ്പിക്കുന്ന ഒരു ആവിഷ്‌കാര ശൈലി ഈ കഥയില്‍ കാണാം. ഒരു പതിനേഴുകാരനു വീടിനടുത്തുള്ള ഒരു സുന്ദരിപെണ്‍ക്കുട്ടിയോട് കലശലായ പ്രേമം തോന്നുന്നു.

അയാള്‍ അത്താഴത്തിനു പിമ്പ് അവളുടെ വീടിന്റെ പുറകിലുള്ള ചെടികള്‍ വളര്‍ന്ന് നില്‍ക്കുന്ന ഒരു കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന് അവളെ നോക്കി അനുഭൂതി നുകരുന്നു. നിശാഗന്ധിയുടെ മാസ്മര സുഗന്ധവും പെണ്‍കുട്ടിയുടെ മത്ത് പിടിപ്പിക്കുന്ന സൗന്ദര്യവും യുവാവിനു ആനന്ദം പകരുമ്പോള്‍ ഇതൊന്നുമറിയാതെ പെണ്‍ക്കുട്ടി അവളുടെ മുറിയില്‍ ഇരുന്ന് പാഠങ്ങള്‍ പഠിക്കുകയാണു്. ഇത് വായിക്കുമ്പോള്‍ കഥയുടെ അന്ത്യം എങ്ങനെയാകുമെന്ന് വായനക്കാരനു ഒരു രൂപവും കിട്ടുന്നില്ല. ഭാഷയുടെ സൗകുമാര്യ്‌വും വിവരണത്തിന്റെ ഭംഗിയും മൂലം വായനക്കാരനും നിശഗന്ധിയുടെ പരിമളം കിട്ടുന്നു. ഒരു മനോഹരിയുടെ മുഗ്ദ്ധസൗന്ദര്യം ആസ്വദിക്കുന്നു. ആ ഒളിനോട്ടം പുരോഗമിക്കവേ കുറ്റിക്കാട് വെട്ടിവ്രുത്തിയാക്കാന്‍ പെണ്‍ക്കുട്ടിയുടെ
അച്ഛന്‍ വീട്ടുക്കാരുമായി ചര്‍ച്ച നടത്തുന്നത് കേട്ട് ദുഃഖിതനായി പെണ്‍ക്കുട്ടിക്ക് ഒരു കത്ത് കൊടുക്കാന്‍ ആ പ്രേമലോലുപന്‍ തീരുമാനിച്ചു.. ഒരു ചെടി കമ്പ് ചോദിക്കാമെന്ന വ്യാജേന പോയി കത്തു കൊടുക്കാമെന്ന ഉദ്ദേശ്യത്തോടെ പെണ്‍കുട്ടിയുടെ വീട്ടില്‍ ചെന്നപ്പോള്‍ അവിടെ വലിയ ആള്‍ക്കൂട്ടം. കുറ്റിക്കാട്ടില്‍ കണ്ട ഒരു കരിമൂര്‍നെ അവിട്ടെ തല്ലികൊന്നിട്ടിരിക്കുന്നു. നിശാഗന്ധിയുടെ വാസനയില്‍ മതിമറന്ന് ഫണം വിടര്‍ത്തിയാടുന്ന കരിമൂര്‍ന്‍, കാമ വാസന പുരളുന്ന ദര്‍ശന സുത്തില്‍ എല്ലാം മറന്നിരിക്കുന്ന സ്വ്പ്ന കാമുകന്‍.. ഒരു ദുരന്തത്തിനു അവസരമുണ്ടായിരുന്ന വിവരം അവസാനം വായനക്കാരനെ അറിയിക്കുന്ന കഥാകാരന്റെ രീതി. കഥയിലെ ഒരു തിരിമറി. എന്നിട്ടും വായനക്ക് ശേഷവും ആ സംഭവം ഇങ്ങനെ ഓര്‍മ്മയില്‍ തട്ടി വരുന്ന ഒരു പ്രതീതി. അപ്പോള്‍ വായനക്കാരനു എഴുത്തുകാരനോടുള്ള ആരാധന കൂടുന്നു,

വായനക്കാരെ ഉത്ക്കണ്ഠയുടെ മുള്‍മുനയില്‍ നിര്‍ത്തികൊണ്ടും ചിലപ്പോള്‍ അദ്ദേഹം എഴുതി. നദി തീരത്തില്‍ എന്ന പ്രസിദ്ധമായ കഥയില്‍ പുഴക്കരയില്‍ അമ്മ കുളിപ്പിച്ച് നിര്‍ത്തിയ ഉണ്ണി അമ്മയുടെ കണ്ണു വെട്ടിച്ച് ഒരു തുമ്പിയുടെ പുറകെ പോകുന്നു. അമ്മ സൂക്ഷിക്കാനേല്‍പ്പിച്ച ചുവന്ന കല്ല് വച്ച മോതരമണിഞ്ഞ അവന്റെ കുഞ്ഞ് വിരലുകള്‍ തുമ്പിയുടെ വാലിലേക്ക് നീളുന്നു. ഉച്ച സമയമാണു. സൂര്യ രശമിയില്‍ മോതിര കല്ലുകള്‍ തിളങ്ങുന്നത് കണ്ട് നാവ് നീട്ടി ഒരു പാമ്പ് പത്തിവിരിച്ച് അവിടേക്ക് വന്നു. ഉണ്ണി അതിനെ കാണുന്നില്ല. പാമ്പ് പത്തി വിടര്‍ത്തി മോതിരകല്ലില്‍ ശ്രദ്ധ കേന്ദീകരിക്കുമ്പോള്‍ തുമ്പി പിടി കൊടുക്കാതെ ഉണ്ണിയെ പറ്റിക്കുന്നു, ഉണ്ണി അടവ് മാറ്റി കൈവിരലുകള്‍ കൊടിലിന്റെ ആക്രുതിയിലാക്കി മുന്നോട്ട് നീങ്ങി. പൊന്തകാടുകള്‍ക്കിടയില്‍ പത്തി വിടര്‍ത്തി അദ്രുശ്യനായ നില്‍ക്കുന്ന പാമ്പിന്റെ വായിലേക്കാണു ഉണ്ണിയുടെ വിരലുകള്‍ നീളുന്നത്. ഉണ്ണിയുടെ വിരലുകളിലെ കല്ലുകളുടെ തിളക്കത്തിന്റെ ഗതിയനുസരിച്ച് പാമ്പ് പിന്നോക്കം നീങ്ങി ആഞ്ഞ് കൊത്താന്‍ തയ്യാറാവുന്നു. അവിടെയാണു തുമ്പി ഇരിക്കുന്നത്. ഉണ്ണിയെ ഇതാ പാമ്പ് കൊത്തി എന്ന് വായനക്കാരന്‍ സങ്കടപ്പെടുമ്പോള്‍ പെട്ടെന്ന് തുമ്പിയെ കൈക്കലാക്കി ഉണ്ണി ഓടിപ്പൊകുന്നു.

എല്ലാ കഥകള്‍ക്കും ഒരു അന്ത്യമുണ്ട്. എന്നാല്‍ വയനക്കാരന്‍ പ്രതീക്ഷിക്കാത്ത ഒരു പരിണാമഗുപ്തിയില്‍ കഥ അവസാനിപ്പിക്കാന്‍ എസ്.കെ.ക്ക് കഴിയുന്നു. അല്‍പ്പം ആശങ്കയും, നര്‍മ്മവും, ഭീതിയും, അത്ഭുതവുമൊക്കെ വായനക്കാരനു സമ്മാനിച്ച് കഥ അതിശയോക്തികള്‍ ഒന്നുമില്ലാതെ അവസാനിക്കുന്നു,. അന്നത്തെ നവോത്ഥാന കാഥികരില്‍ നിന്ന് പ്രേമത്തേയും, പ്രേമാനുഭൂതിയേയുംക്കുറിച്ച് എഴുതാനുള്ള എസ്.കെ.യുടെ കഴിവ് അപാരവും പ്രശംസനീയവുമായിരുന്നു..

സഞ്ചാരപ്രിയനായിരുന്നു എസ്.കെ. പ്രഭാതനടത്തത്തിലും, അത്താഴത്തിനുശേഷമുള്ള നടത്തത്തിലും അദ്ദേഹം സന്തോഷിച്ചു. അപ്പോള്‍ കാണുന്ന വ്യക്തികളും, സംഭവങ്ങളും മനോഹരമായ കഥകളായി. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് മുതലായ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അദ്ദേഹം തീരുമാനിച്ചപ്പോള്‍, കേരളത്തില്‍ ധാരാളം സ്ഥലങ്ങള്‍ ഉണ്ടല്ലോ പിന്നെന്തിനാണു അങ്ങോട്ടൊക്കെ പോകുന്നത് എന്ന കുട്ടിക്രുഷ്ണമാരാരുടെ ചോദ്യത്തിനു എസ്.കെ. പറഞ്ഞ മറുപടി ശ്രദ്ധാര്‍ഹമാണു. അജ്ഞാതനായ ഏതോ സഞ്ചാരിയുടെ വാക്കുകളാണു് അതിനു മറുപടിയായി പറഞ്ഞത്. ' ഞാന്‍ യഥാര്‍ത്ഥ മനുഷ്യനെ കാണാന്‍ പോകുന്നു.'

വിമാനയാത്ര അദ്ദേഹത്തിനു പ്രിയമല്ലായിരുന്നു. ആകാശം കാണാനല്ല ഭൂമി കാണാനാണു ഞാന്‍ സഞ്ചരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. സന്ദര്‍ശിച്ച രാജ്യങ്ങളിലെ ചരിത്രം, ആചാരങ്ങള്‍, ഭാഷ, വസ്ര്തധാരണ രീതി, ഭക്ഷണം തുടങ്ങി എല്ലാം വിവരിക്കുമ്പോള്‍ ആ രാജ്യങ്ങളുമായി നമ്മുടെ കേരളത്തിനുള്ള സാദ്രുശ്യവും ഭംഗിയായി, വിശ്വസനീയമായി എഴുതി വച്ചു. ക്ലിയോപാട്ര എന്ന വാക്കിന്റെ അര്‍ത്ഥം വംശത്തിന്റെ കീര്‍ത്തിയെന്നാണെന്ന് അദ്ദേഹത്തിന്റെ പുസ്തകത്തില്‍ നിന്നും നമ്മളറിഞ്ഞു. ബാലിദ്വീപില്‍ വച്ച് മാറും തുള്ളിച്ച്‌കൊണ്ടു പശുവിന്റെ പിന്നാലെ ഓടുന്ന ഒരു പെണ്‍കുട്ടിയെ കണ്ടപ്പോള്‍ അത് നാട്ടിലെ അയല്‍പ്പക്കത്തെ കല്യാണികുട്ടിയാണെന്ന് വിശ്വസിക്കാതിരിക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറയുന്നു. ഓരോ നാട്ടിലേയും ഐതിഹ്യങ്ങള്‍ മനസ്സിലാക്കി അതൊക്കെ അദ്ദേഹം കഥകളാക്കി. ബാലിദ്വീപില്‍ വച്ച് ഒരു കാട്ടുചമ്പകത്തിന്റെ ചുവട്ടില്‍ ഒരു കെട്ടു വിറകുമായിരിക്കുന്ന ഒരു വ്രുദ്ധയെ കണ്ട് അവരെപറ്റി കാട്ടുചെമ്പകം എന്ന പേരില്‍ ഒരു കഥയെഴുതീട്ടുണ്ട്. ജനങ്ങളുടെ അന്ധവിശ്വസങ്ങളും , അനാചാരങ്ങളും ഒക്കെ അദ്ദേഹം തന്മയത്വത്തോടെ തന്റെ കഥകളില്‍ ഉള്‍പ്പെടുത്തി. കാട്ടുചെമ്പകചുവ്ട്ടില്‍ ഇരിക്കുന്ന വ്രുദ്ധ ഒരു രാജകുമാരിയായിരുന്നു. ചെമ്പകമരചുവട്ടില്‍ വിറകുകെട്ടും ഒരു അരക്കച്ചയും ഉടമയില്ലാതെ കിടന്നാല്‍ അവിടെകാത്തിരുന്ന പെണ്‍ക്കുട്ടിയെ അവളുടെ ഗന്ധര്‍വ്വന്‍ കൊണ്ടുപോയിയെന്ന് ജനം വിശ്വസിച്ചിരുന്നു, എന്നല്‍ വ്രുദ്ധയുടെ ഗന്ധര്‍വ്വന്‍ വന്നില്ല അവര്‍ ഇന്നും കാത്തിരിക്കുന്നു.

കാപ്പിരികളുടെ നാട്ടില്‍ എന്ന പുസ്തകത്തില്‍ ആഫ്രിക്കക്കരുടേ ചിരിയെപ്പറ്റി വരെ പരാമര്‍ശമുണ്ട്. എത്രയോ ശ്രദ്ധയോടെ, സൂക്ഷ്മതയോടെയാണു അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ എന്നു അത് വായിക്കുമ്പോള്‍ നമ്മള്‍ മനസ്സിലാക്കും. ആഫ്രിക്കക്കാര്‍ ചിരിക്കുന്നത് നമ്മള്‍ ചിരിക്കുന്ന പോലെ ഹ..ഹാ. എന്നല്ല ' ഹേ..ഹേ... എന്നാണത്രേ. അതിന്റെ അവസാനം ഹീ. ഹീ (നുരൂപ ഗ്ന ദ്ദന്റന്ധദ്ധഗ്ന ) എന്നു കൂടിയുണ്ടാകുമെന്നും അദ്ദേഹം എഴുതീട്ടുണ്ട്. ആ പുസ്തകത്തില്‍ നിന്നും രസകരമായ ചില ആഫ്രിക്കന്‍ വാക്കുകള്‍ നമ്മള്‍ക്ക് പഠിക്കാം. ' ഹോഡി= ഞാന്‍ അകത്തോട്ട് വരട്ടെ, കരിബു= അകത്തോട്ട് വരൂ. കറുത്ത വര്‍ഗ്ഗക്കാരെ അടിമകളാക്കി വേര്‍തിരിച്ച് നിര്‍ത്തിയ നീതികേടിനോടും അദ്ദേഹം പ്രതികരിക്കുന്നുണ്ട്. അടിമകള്‍ക്ക് മാത്രമായിട്ടുള്ള ഒരു നടവഴിയെ അദ്ദേഹം ഇങ്ങനെ വിശേഷിപ്പിച്ചു. ' മനുഷ്യത്വത്തിനു മേല്‍ ഉയര്‍ന്ന ഒരു ചാട്ടവാര്‍ പോലെ അടിമകള്‍ക്ക് മാത്രമായ ആ വഴി നീണ്ടുകിടന്നു.

മലയാളത്തിലെ ചെറുകഥ പ്രസ്ഥാനം പ്രതിദിനം വളര്‍ന്നുകൊണ്ടിരിക്കയാണു. ചെറുകഥകളുടെ ലോകത്ത് തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച് പോയ പൊറ്റേക്കാടിന്റെ കഥകള്‍ ഇന്നും വായിക്കപ്പെടുന്നു. നാളേയും അവ ശ്രദ്ധിക്കപ്പെടുമെന്ന് തീര്‍ച്ചയാണു. ആധുനികത എത്ര തന്നെ തള്ളികയറിയാലും പൊറ്റേക്കാടിന്റെ കഥകള്‍ക്ക് മുമ്പില്‍ വായനക്കാരന്‍ ശ്രദ്ധിച്ച് നില്‍ക്കും. അതേപോലെ അദ്ദേഹത്തിന്റെ സഞ്ചാരസാഹിത്യത്തിനു കിട പിടിക്കാന്‍ ഇത് വരെ ക്രുതികള്‍ ഉണ്ടായിട്ടില്ലെന്ന് എവിടോയോ വായിച്ചത് ഓര്‍മ്മ് വരുന്നു. ശ്രീ പൊറ്റേക്കാട്ട് ഒരു കാലഘട്ടത്തിന്റെ എഴുത്തുകാരനല്ല അദ്ദേഹം കലാലോകത്തെ നിറ സാന്നിദ്ധ്യവും മുന്‍ഗാമിയുമാണു.

ശുഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക