Image

അമ്മയ്‌ക്ക്‌ താങ്ങായി, തണലായി (ജയിന്‍ ജോസഫ്‌)

Published on 12 May, 2013
അമ്മയ്‌ക്ക്‌ താങ്ങായി, തണലായി (ജയിന്‍ ജോസഫ്‌)
അമ്മ; വാത്സല്യത്തിന്റെ, സാന്ത്വനത്തിന്റെ, സ്‌നേഹത്തിന്റെ പര്യായമാണ്‌. ജന്മംകൊണ്ടും കര്‍മ്മംകൊണ്ടും അമ്മമാരായി ഏറെ വ്യക്തികള്‍ നമ്മുടെ ജീവിതത്തിലുണ്ട്‌. അവരുടെ നിര്‍ലോഭമായ സ്‌നേഹം നാം അനുഭവിക്കുന്നു. കുറെയൊക്കെ തിരിച്ചുകൊടുക്കുന്നു. എന്നാല്‍ ഏറെയൊന്നും തിരിച്ചറിയപ്പെടാത്ത; തിരിച്ചൊന്നും ലഭിക്കാതിരുന്നിട്ടും തനിക്കുള്ളതിലേറെയും നമുക്ക്‌ നല്‍കി നമ്മളെ സംരക്ഷിക്കുന്ന ഒരമ്മ നമുക്കുണ്ട്‌. നമ്മുടെ എല്ലാവരുടേയും അമ്മ; ഭൂമി.

ഭൂമി എന്ന അമ്മയുടെ മടിത്തട്ടില്‍ പിറന്നിവീഴുകയും, ഈയമ്മയുടെ സമ്പത്ത്‌ അനുഭവിച്ച്‌ ജീവിക്കുകയും, ഒടുവില്‍ ആ മടിയിലേക്ക്‌ തന്നെ മടങ്ങുകയും ചെയ്യുന്നവരാണ്‌ നമ്മളെല്ലാവരും. പക്ഷെ ഭൂമിയെ അമ്മയായി എത്ര പേര്‍ അംഗകരിക്കുന്നുണ്ട്‌? ഈയമ്മയും സംരക്ഷിക്കപ്പെടേണ്ടവളാണെന്ന്‌ എത്ര പേര്‍ മനസിലാക്കുന്നുണ്ട്‌?

മനുഷ്യരുടെ വിക്രിയകള്‍കൊണ്ട്‌ ഭൂമിയുടെ അസന്തുലിതാവസ്ഥയില്‍ വരുന്ന വ്യതിയാനങ്ങളെക്കുറിച്ച്‌ പണ്ടത്തേതിലും അധികമായി നമ്മള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്‌. പക്ഷെ ഇതിലേക്കായി നാമോരോരുത്തരും എന്തു ചെയ്യുന്നു എന്ന്‌ സ്വയം ചോദിക്കേണ്ടിയിരിക്കുന്നു.

കവി പാടി: `ഇനിയും മരിക്കാത്ത ഭൂമി..നിന്നാസന്നമൃതിയില്‍ നിനക്കാത്മശാന്തി' മൃതപ്രായയായ ഈയമ്മയെ മരണശയ്യയില്‍ നിന്ന്‌ പൂര്‍ണ്ണാരോഗ്യത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരാന്‍ കെല്‍പ്പുള്ള ഭിഷഗ്വരന്മാരാണ്‌ നാമോരോരുത്തരും എന്ന്‌ നമ്മള്‍ മനസിലാക്കുന്നില്ല.

ഭൂമിയെ സ്‌നേഹിക്കുന്ന, പ്രകൃതിയെ അറിയുന്ന ഒരു തലമുറയെ സൃഷ്‌ടിക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കേണ്ടതാണ്‌. ടെലിവിഷന്റേയും, മറ്റ്‌ ഇലക്‌ട്രോണിക്‌സ്‌ ഉപകരണങ്ങളുടേയും അമിതമായ ഉപയോഗം മൂലം നമ്മുടെ കുട്ടികളുടെ സര്‍ഗ്ഗാത്മകതയും, ചിന്താശേഷിയും നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഒരു ദിവസം അര മണിക്കൂറെങ്കിലും കുട്ടികളെ വീടിനുപുറത്ത്‌, ശുദ്ധവായു ശ്വസിച്ച്‌ ചെയ്യാവുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുത്താവുന്നതാണ്‌. വീട്ടില്‍ തന്നെ ചെടികള്‍ വെച്ചുപിടിപ്പിക്കുവാനും വെള്ളമൊഴിക്കാനും ഒക്കെ കുട്ടികളെ കൂട്ടാം. ഒരു വിത്ത്‌ പാകി അത്‌ തൈയായി, ചെടിയായി വളരുന്നത്‌ അവര്‍ കാണട്ടെ. അവധി ദിവസങ്ങളില്‍ ധാരാളം മരങ്ങളും, പക്ഷിമൃഗാദികളും ഒക്കെയുള്ള സ്ഥലങ്ങളില്‍ നടക്കാന്‍ പോകാം. ചൂണ്ടയിടാന്‍, പക്ഷിനിരീക്ഷണം, പ്രകൃതിയില്‍ നിന്നുള്ള ഭംഗിയുള്ള വസ്‌തുക്കളുടെ ശേഖരണം തുടങ്ങി അവര്‍ക്ക്‌ താത്‌പര്യമുള്ള കാര്യങ്ങള്‍ ചെയ്യാം. ഓരോ സ്ഥലത്തും ലഭ്യമായ സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക്‌ പറ്റുന്ന രീതിയില്‍ ഭൂമിയെ അറിയാന്‍ കുട്ടികളെ സഹായിക്കുക. അങ്ങനെയുള്ള അവസരങ്ങളില്‍ നഷ്‌ടപ്പെട്ടുവരുന്ന വനസമ്പത്തിനെക്കുറിച്ച്‌, വറ്റിക്കൊണ്ടിരിക്കുന്ന നദികളെക്കുറിച്ച്‌ അവര്‍ക്കുതന്നെ മനസിലാകുന്ന ഭാഷയില്‍ പറഞ്ഞുകൊടുക്കാം.

പ്രകൃതിയെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചാല്‍ മാത്രമേ പ്രകൃതിയെ സംരക്ഷിക്കണമെന്ന്‌ അവര്‍ക്ക്‌ ബോധ്യമാകുകയുള്ളൂ. പ്രകൃതിയെ അറിഞ്ഞുവളരുന്ന കുട്ടികള്‍ മനസ്സില്‍ നന്മയുള്ളവരായിരിക്കും. ഭൂമിയെ വലിയൊരു ആപത്തില്‍ നിന്നു രക്ഷിക്കാന്‍ വേണ്ടിയുള്ള ഒരു ചെറിയ തുടക്കം നമ്മുടെ വീടുകളില്‍ നിന്ന്‌ ആരംഭിക്കാം.

ഭൂമിയെ സ്‌നേഹിക്കാന്‍ കഴിയുന്ന ഒരു മനുഷ്യന്‍ തീര്‍ച്ചയായും അവന്റെ അമ്മയേയും സ്‌നേഹിക്കും, സംരക്ഷിക്കും. ഈ മാതൃദിനത്തില്‍ നമുക്ക്‌ നമ്മുടെ കുട്ടികളെകൂട്ടി ഒരു മരം നടാം. ആ മരം വളര്‍ന്ന്‌, പടര്‍ന്ന്‌ പന്തലിച്ച്‌ ഭൂമിക്കും, വരും തലമുറയ്‌ക്കും തണലാവട്ടെ. മാതൃദിനാശംസകള്‍...

Jane Joseph,

അമ്മയ്‌ക്ക്‌ താങ്ങായി, തണലായി (ജയിന്‍ ജോസഫ്‌)
Join WhatsApp News
TIJO ELLICKAL 2013-05-15 04:21:01
Ammaykku ee bhoomiyolam artham kodutha, valippam kodutha ezhuth.....abhinandanagal....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക