Image

കേസുകള്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: വി.എസ്

Published on 24 September, 2011
കേസുകള്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: വി.എസ്
തിരുവനന്തപുരം: പാമോയില്‍ കേസ് അട്ടിമറിക്കാന്‍ ഭരണക്കാര്‍ ഭീഷണിയും കുപ്രചാരണവും നടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. മറ്റുള്ളവരെ ഉപയോഗിച്ച് കേസുകള്‍ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദ്യം വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോയെ ഉപയോഗിച്ചും ഇപ്പോള്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ ഉപയോഗിച്ചുമാണ് കേസുകള്‍ അട്ടിമറിക്കുന്നതെന്നും വി.എസ് പറഞ്ഞു.

പാമോയില്‍ കേസില്‍ ജിജി തോംസണിന്റെ ഹര്‍ജി ഉമ്മന്‍ചാണ്ടിയോടുള്ള പ്രത്യുപകാരമാണ്. 19 വര്‍ഷമായി കേസിനെക്കുറിച്ച് ജിജി തോംസണിന് യാതൊരു പരാതിയുമുണ്ടായിരുന്നില്ലെന്ന് വി.എസ് ചൂണ്ടിക്കാട്ടി.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കീഴില്‍ ജുഡീഷ്യറിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവില്ല. പുറമേയ്ക്ക് നിഷ്പക്ഷനാണെന്ന് നടിക്കുകയും ഉള്ളിലൂടെ കേസ് അട്ടിമറിക്കാനുമാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. ഒരു ജഡ്ജിയെ പി.സി.ജോര്‍ജ് കടുത്ത ഭാഷയില്‍ വിമര്‍ശിക്കുമ്പോഴും അത് തടയാന്‍ ഉമ്മന്‍ചാണ്ടി ഒന്നും ചെയ്തില്ലെന്നും വി.എസ് ആരോപിച്ചു.

പാമോയില്‍ കേസില്‍ പി.സി.ജോര്‍ജ് ഉമ്മന്‍ ചാണ്ടിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുകയാണ്. ചീഫ് വിപ്പിനെ ഉപയോഗിച്ച് സര്‍ക്കാര്‍ കോടതിയെ അവഹേളിക്കുകയാണെന്നും വി.എസ് പറഞ്ഞു. വിജിലന്‍സ് കോടതി ജഡ്ജി പിന്‍മാറിയെങ്കിലും പാമോയില്‍ കേസ് അനാഥമാകാന്‍ പോകുന്നില്ല-വി.എസ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക