Image

ഓസ്‌ട്രേലിയന്‍ നഴ്‌സ് നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു

Published on 10 May, 2013
ഓസ്‌ട്രേലിയന്‍ നഴ്‌സ് നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു
പത്തനംതിട്ട: ലോറി ഇടിച്ച് സ്‌കൂട്ടറില്‍ യാത്രികരായ പിതാവും മകളും മരിച്ചു. അടൂര്‍ മണക്കാല പാലവിളയില്‍ പുത്തന്‍വീട്ടില്‍ (എരപ്പന്‍കോട്) ഏബ്രഹാം മാത്യു (62), മകള്‍ ഷിബി ജോണ്‍ (34) എന്നിവരാണു മരിച്ചത്. മേയ് ഒമ്പതിന് (വ്യാഴം) ഉച്ചയ്ക്ക് 12ന് അടൂര്‍-പത്തനംതിട്ട റോഡില്‍ കൈപ്പട്ടൂരിനും ഓമല്ലൂരിനും മധ്യേ ഉഴുവത്ത് ക്ഷേത്രം ജംഗ്ഷനു സമീപമാണ് അപകടമുണ്ടായത്.

 അടൂരില്‍നിന്നു പത്തനംതിട്ടയിലേക്കു വരുകയായിരുന്ന സ്‌കൂട്ടറില്‍ എതിര്‍ദിശയില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇരുവരും ഏറെനേരം റോഡില്‍ കിടന്നു. പിന്നാലെ വാഹനത്തിലെത്തിയ ഏതാനും വിദ്യാര്‍ഥികളാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഷിബി അപ്പോഴേക്കും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഏബ്രഹാം മാത്യുവിനെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകുന്നേരം മരിച്ചു.

ഓസ്‌ട്രേലിയയില്‍ നഴ്‌സായ ഷിബി പിജി പരീക്ഷ എഴുതുന്നതിനാണ് നാട്ടിലെത്തിയത്. പത്തനംതിട്ടയിലെ പരീക്ഷാകേന്ദ്രത്തിലേക്കു പിതാവിനെയും കൂട്ടിവരുമ്പോഴായിരുന്നു അപകടം. കുളത്തൂപ്പുഴ സ്വദേശി ജോണാണു ഷിബിയുടെ ഭര്‍ത്താവ്. കഴിഞ്ഞ ഒന്നിനാണു മക്കളായ ഷോണ്‍, ശ്രേയ എന്നിവര്‍ക്കൊപ്പം ഷിബി നാട്ടിലെത്തിയത്.

ഏബ്രഹാം മാത്യു ഏറെക്കാലം ആന്‍ഡമാനിലായിരുന്നു. ഭാര്യ: അന്നമ്മ (ശാന്തമ്മ). ഷീബ (ചെന്നൈ) മറ്റൊരു മകളാണ്. മരുമകന്‍: സന്തോഷ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക