Image

മന്‍മോഹന്‍സിങ് ഇറാന്‍ സന്ദര്‍ശിക്കും

Published on 24 September, 2011
മന്‍മോഹന്‍സിങ് ഇറാന്‍ സന്ദര്‍ശിക്കും

ന്യൂയോര്‍ക്ക് : പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇറാന്‍ സന്ദര്‍ശിക്കും. യു.എന്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി ന്യൂയോര്‍ക്കിലെത്തിയ പ്രധാനമന്ത്രി ഇറാന്‍ പ്രസിഡന്റ് അഹ്മദി നെജാദുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. നെജാദിന്റെ ക്ഷണം പ്രധാനമന്ത്രി സ്വീകരിക്കുകയായിരുന്നു. എന്നാല്‍ സന്ദര്‍ശനത്തിന്റെ തിയ്യതി തീരുമാനിച്ചിട്ടില്ല. ഇക്കാര്യം ഇരുരാജ്യങ്ങളുടെയും നയതന്ത്രപ്രതിനിധികള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തതായി വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മന്‍മോഹന്‍സിങ് ഇറാന്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ 10 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇറാനില്‍ സന്ദര്‍ശനം നടത്തുന്നത്. 2001ല്‍ അടല്‍ ബിഹാരി വാജ്‌പേയി ആണ് അവസാനമായി ഇറാന്‍ സന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി. പിന്നീട് ലോക്‌സഭ സ്‌പീക്കര്‍ മീരാകുമാര്‍ ഇറാനില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ഇരുരാജ്യങ്ങളുടെയും സംയുക്ത സാമ്പത്തിക കമ്മീഷന്‍ യോഗം ചേരാനും പ്രധാനമന്ത്രിമാര്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ തീരുമാനമായി. അഫ്ഗാനിസ്താനിലെ സ്ഥിതിഗതികളെക്കുറിച്ചും പശ്ചിമേഷ്യയിലെയും വടക്കേ ആഫ്രിക്കയിലെയും രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ഇരുനേതാക്കളും വിലയിരുത്തി.

പ്രധാനമന്ത്രിമാര്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ച ഇന്ത്യ-അമേരിക്ക ബന്ധത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ എന്ന ചോദ്യത്തിന് ഉഭയകക്ഷി ബന്ധമായിരുന്നു ചര്‍ച്ചയുടെ കേന്ദ്രബിന്ദുവെന്നായിരുന്നു രഞ്ജന്‍ മത്തായിയുടെ ഉത്തരം. ഇന്ത്യ- ഇറാന്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിയെക്കുറിച്ച് ചര്‍ച്ച നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക