Image

സി.ഇ.ടിയും ചില അനുബന്ധ ചിന്തകളും - ഡി. ബാബുപോള്‍

ഡി. ബാബുപോള്‍ Published on 08 May, 2013
സി.ഇ.ടിയും ചില അനുബന്ധ ചിന്തകളും  - ഡി. ബാബുപോള്‍
1958 -59 എന്നാണോര്‍മ. ഹൈകോടതി ബെഞ്ചിനോ മറ്റോ വേണ്ടി തിരുവനന്തപുരത്ത്‌ ഒരു സമരം നടന്നു. വിദ്യാര്‍ഥികളും ചിലര്‍ പങ്കെടുത്തു. അന്ന്‌ എസെഫ്‌ എന്ന ഒരൊറ്റ സംഘടനയാണ്‌ രംഗത്തുള്ളത്‌, എടുത്തുപറയാന്‍. അവിഭക്ത കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വാനരസേന. പോഷകസംഘടന എന്ന്‌ ഭാഷാന്തരം. യൂനിവേഴ്‌സിറ്റി കോളജാണ്‌ പ്രധാന കേന്ദ്രം. പില്‍ക്കാലത്ത്‌ ഡി.ജി.പിയായ കൃഷ്‌ണന്‍ നായരും എം.എല്‍.എയായ കണിയാപുരം രാമചന്ദ്രനും ഒക്കെയാണ്‌ ഓര്‍മയില്‍ തെളിയുന്ന നേതാക്കള്‍. സര്‍വകലാശാലയിലെ ആറ്‌ സംവത്സരങ്ങളിലും പ്രസംഗമത്സരത്തില്‍ പങ്കെടുത്തെങ്കിലും രണ്ടാം സ്ഥാനത്തിനപ്പുറം ഒരിക്കലും എത്താതിരുന്ന എന്നെ ഇവര്‍ ഇരുവരും, പിന്നീട്‌ സതീര്‍ഥ്യന്‍ ആയിരുന്ന കായിക്കര നിസാം എന്ന എ. നൈസാമുദ്ദീനും തോല്‍പിച്ചിട്ടുണ്ട്‌; മറ്റ്‌ ജേതാക്കളെ ഓര്‍മ വരുന്നില്ല. സചിവോത്തമനായിരുന്ന സര്‍ സി.പിയുടെ സ്‌മരണ കഴുത്തില്‍ തൂക്കണ്ട എന്ന്‌ കരുതി തോറ്റുകൊടുത്തതൊന്നുമല്ല. റെസിഡന്‍റ്‌ കല്ലന്‍ സായിപ്പ്‌ സ്വാതി തിരുനാളിനോട്‌ `ചെയ്‌ത ചെയ്‌ത്ത്‌' ഓര്‍ത്തപ്പോള്‍ കല്ലന്‍ െ്രെപസ്‌ വാങ്ങാന്‍ തോന്നിയില്ല എന്ന്‌ ആ െ്രെപസ്‌ കിട്ടാതിരുന്ന ഒരു മാന്യന്‍ പുളുഅടിച്ചിട്ടുള്ള നാടായതുകൊണ്ട്‌ കുറിച്ചതാണ്‌. ഇന്നിപ്പോള്‍ ഞാന്‍ സാമാന്യം കൂകിത്തെളിഞ്ഞ അവസ്ഥയിലാണെങ്കിലും ഒരു മത്സരം ഉണ്ടായാല്‍ ഇപ്പറഞ്ഞ മൂന്നു പേരും ഇന്നും മുന്നിലാവുമെന്നറിയാനുള്ള വിനയം സര്‍വശക്തന്‍ എനിക്ക്‌ തന്നിട്ടുണ്ട്‌.

കൃഷ്‌ണന്‍ നായര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അന്നൊരിക്കല്‍ എന്‍ജിനീയറിങ്‌ കോളജില്‍ വന്നു. കോളജ്‌ നഗരത്തിലാണ്‌ അന്ന്‌. ഇപ്പോള്‍ പി.എം.ജിയുടെ ആസ്ഥാനം പ്രവര്‍ത്തിക്കുന്ന ഇടം. പിന്നീട്‌ ചീഫ്‌ എന്‍ജിനീയറായി അടുത്തൂണ്‍ പറ്റിയ പി.ഡി. മാത്യു ആണ്‌ യൂണിയന്‍ ചെയര്‍മാന്‍ (അന്ന്‌ ജനറല്‍ സെക്രട്ടറി എന്നാണ്‌ പറഞ്ഞിരുന്നത്‌. പ്രിന്‍സിപ്പലായിരുന്നു `ചെയര്‍മാന്‍'). മാത്യു ക്‌ളാസ്‌ പ്രതിനിധികളായിരുന്ന ഞങ്ങളോട്‌ അനൗപചാരികമായിപോലും ചര്‍ച്ചചെയ്യാതെ അവര്‍ക്ക്‌ മറുപടി കൊടുത്ത്‌ യാത്രയാക്കി: ഞങ്ങള്‍ എന്‍ജിനീയറിങ്‌ വിദ്യാര്‍ഥികളാണ്‌, ഞങ്ങള്‍ സമരം ചെയ്യുന്നവരല്ല. പില്‍ക്കാലത്ത്‌ കേന്ദ്രമന്ത്രിയായ കൃഷ്‌ണകുമാറും ഞാനും എന്‍െറ പിന്‍ഗാമിയായ ചീഫ്‌ സെക്രട്ടറി കൃഷ്‌ണമൂര്‍ത്തിയും അടക്കം മാത്യുവിന്‍െറ പിന്‍ഗാമികള്‍ ആരും ഒരിക്കലും മറിച്ചുപറഞ്ഞില്ല.

1967 ഭാരതരാഷ്ട്രീയത്തിലെ ഒരു നീര്‍മറി വര്‍ഷമായിരുന്നു. കോണ്‍ഗ്രസിന്‍െറ ഏകശിലാഭാവം അസ്‌തമിച്ചു. പകരം എന്തെങ്കിലും വ്യക്തമായി ഉരുത്തിരിഞ്ഞിട്ടുമില്ല. കേരളത്തില്‍ സപ്‌തകക്ഷി മുന്നണി: 1982ല്‍ ഇ.എം.എസ്‌ സാക്ഷാത്‌കരിച്ച രാഷ്ട്രീയ ധ്രുവീകരണത്തിന്‌ തൊട്ടുമുമ്പുള്ള അവസ്ഥയുടെ തുടക്കം. എല്ലായിടത്തും ഒരു `കണ്‍ഫ്യൂഷന്‍'. ആകെ വ്യക്തമായത്‌ അച്ചടക്കം അനാവശ്യമാണ്‌ എന്ന ആശയമാണ്‌്‌. അന്ന്‌ ധനമന്ത്രി പി.കെ. കുഞ്ഞിന്‍െറ വണ്ടി ശ്രീകാര്യത്തിനപ്പുറത്തെ ചാവടിമുക്കില്‍ എന്‍ജിനീയറിങ്‌ വിദ്യാര്‍ഥികള്‍ തടഞ്ഞു. തിരുവനന്തപുരത്ത്‌ സബ്‌ കലക്ടറായിരുന്നു ഞാന്‍. ഞങ്ങളെയൊന്നും കാക്കാതെ കുഞ്ഞുസാഹിബ്‌ വണ്ടിയില്‍നിന്ന്‌ ഇറങ്ങി നാല്‌ `കുഞ്ഞു വര്‍ത്തമാനം' പറഞ്ഞു. മന്ത്രിയായാലും കുഞ്ഞ്‌ കുഞ്ഞ്‌ തന്നെ. സമരസഖാക്കള്‍ ചിരിച്ചുകൊണ്ട്‌ പിരിഞ്ഞുപോയി.

എത്ര കെട്ടുറപ്പുള്ള കോട്ടയായാലും ഒരിഷ്ടിക ഇളകിയാല്‍ ഇളക്കം തുടങ്ങും. സി.ഇ.ടി എന്ന്‌ ഇന്ന്‌ പ്രസിദ്ധമായിരിക്കുന്ന കോളജിലും സംഭവിച്ചത്‌ മറ്റൊന്നല്ല. അടിയന്തരാവസ്ഥക്കാലത്ത്‌ കുപ്പിയിലാക്കപ്പെട്ട ഭൂതം പുറത്തുവന്നതോടെ സ്ഥിതി പൂര്‍വാധികം മോശമായി. അതിനുശേഷം അതതുകാലത്തെ നേതൃത്വത്തിന്‍െറ വിവേകമായി താപമാപിനിയുടെ സൂചകം.

അതിനും അടുത്ത ഘട്ടത്തിലാണ്‌ കോളജ്‌ വളപ്പില്‍ രാഷ്ട്രീയം നഗ്‌നതാണ്ഡവം തുടങ്ങിയതും കോളജ്‌ ഹോസ്റ്റലില്‍ എന്തുമാകാം എന്ന അവസ്ഥ ഉണ്ടായതും. യൂനിവേഴ്‌സിറ്റി കോളജ്‌ ശ്രീരാമന്‌, എം.ജി കോളജ്‌ ശ്രീകൃഷ്‌ണന്‌, ലോ കോളജ്‌ ബലരാമന്‌ എന്ന മട്ടില്‍ ചാപ്പ കുത്തി വേര്‍തിരിക്കാന്‍ തുടങ്ങിയ കാലത്ത്‌ എന്‍ജിനീയറിങ്‌ കോളജില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചവര്‍ക്ക്‌ എവറസ്റ്റ്‌ കീഴടക്കാനുള്ളവരുടെ അവസാനത്തെ ബെസ്‌ ക്യാമ്പ്‌ എന്നതുപോലെ, ഹോസ്റ്റല്‍ താവളമായി. അവിടെ ഒരു റെസിഡന്‍റ്‌ ട്യൂട്ടര്‍ ഉണ്ട്‌. അദ്ദേഹത്തിന്‌ സ്വന്തം മുറിയില്‍ അടങ്ങിയൊതുങ്ങി കഴിഞ്ഞുകൊള്ളാം എന്ന വ്യവസ്ഥയില്‍ വിസ കൊടുത്തിരിക്കയാണത്രെ വിദ്യാര്‍ഥികളും വിദ്യാര്‍ഥി വേഷം കെട്ടുന്നവരുമായ അന്തേവാസികള്‍. ഓഫിസില്‍നിന്ന്‌ ഉത്തരവ്‌ നേടി ആ ഉത്തരവില്‍ പറയുന്ന മുറിയില്‍ വിരിവെക്കാന്‍ ചെല്ലുമ്പോഴാണറിയുന്നത്‌ ആ വഴിയമ്പലത്തില്‍ ഇടമില്ല, വേണമെങ്കില്‍ പുല്‍ത്തൊട്ടിയില്‍ പ്രസവിക്കാം എന്ന്‌.

ഇപ്പറഞ്ഞതൊക്കെ ആസന്ന ഭൂതകാലത്തെ കഥകളാണ്‌. ഇപ്പോള്‍ അതിന്മാതിരിയൊന്നുമില്ല എന്നു പറയുന്നവരും അത്രക്കൊന്നുമില്ല എന്നു പറയുന്നവരുമാണ്‌ കൂടുതല്‍. എങ്കിലും ഹോസ്റ്റലില്‍ ഒരു ശുദ്ധീകരണം ആവശ്യമുണ്ട്‌. അത്‌ ആവശ്യമായി വരുന്നത്‌ ആദ്യകാല പരീക്ഷകള്‍ ജയിക്കാതെതന്നെ പില്‍ക്കാല ക്‌ളാസുകളില്‍ ഇരിക്കാന്‍ അനുവാദം കൊടുക്കുന്ന സമ്പ്രദായം മൂലമാണ്‌.

ഞങ്ങള്‍ പഠിക്കുന്ന കാലത്ത്‌ ആദ്യവര്‍ഷത്തെ പരീക്ഷ മൂന്ന്‌ പ്രാവശ്യമേ എഴുതാവൂ. മൂന്നാം തവണ ഏതെങ്കിലും പേപ്പര്‍ ബാക്കിയായാല്‍ ആ വിദ്യാര്‍ഥി ഒരിക്കലും എന്‍ജിനീയര്‍ ആവുകയില്ല. ഇപ്പോള്‍ രണ്ടാം സെമസ്റ്റര്‍ തോറ്റാലും മൂന്നാം സെമസ്റ്ററില്‍ ഇരിക്കാമത്രെ. കൂട്ടാനും കുറക്കാനും പഠിക്കാത്തവനെ ഗുണിക്കാനും ഹരിക്കാനും പഠിപ്പിക്കുന്നതെങ്ങനെ? പണ്ട്‌ ഒരു പേപ്പര്‍ തോറ്റാല്‍ അടുത്ത ക്‌ളാസില്‍ ഇരിക്കാം, സെപ്‌റ്റംബറില്‍ ആ പേപ്പര്‍ എഴുതിയെടുത്താല്‍ മതി; എന്നാല്‍, ഒന്നിലധികം പേപ്പര്‍ തോറ്റാല്‍ ഒരു വര്‍ഷം വീട്ടിലിരിക്കണം, സെപ്‌റ്റംബറില്‍ ജയിച്ചാലും പിറ്റേക്കൊല്ലം ജൂണിലേ ക്‌ളാസില്‍ കയറാന്‍ അനുവാദമുള്ളൂ. അങ്ങനെ പോകുന്നവര്‍ക്ക്‌ ഹോസ്റ്റല്‍മുറി കുടികിടപ്പിന്‌ പതിച്ചുകിട്ടുകയുമില്ല. ആ പഴയ നിയമങ്ങള്‍ വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവരണം. മൂന്നാമത്തെ സെമസ്റ്റര്‍ കഴിയുമ്പോഴും ഒന്നാമത്തെ സെമസ്റ്ററില്‍ പേപ്പര്‍ കുടിശ്ശിക ഉള്ളവരോട്‌ ഒരു ദാക്ഷിണ്യവും പാടില്ല. അസ്ഥാനത്തുള്ള ദയ അപകടമാണ്‌ ക്ഷണിച്ചുവരുത്തുക.

കണക്കിന്‌ 50 ശതമാനം എന്ന നിബന്ധന മാറ്റാന്‍ പോവുകയാണെന്ന്‌ കേള്‍ക്കുന്നു. അല്ലെങ്കില്‍ സ്വാശ്രയക്കച്ചവടക്കാര്‍ക്ക്‌ സീറ്റ്‌ നിറയെ ആസനം കിട്ടുകയില്ലത്രെ. സത്യത്തില്‍ 50 അറുപതാക്കുകയാണ്‌ വേണ്ടത്‌. രണ്ട്‌ കാരണങ്ങള്‍. ഒന്ന്‌, മൂല്യനിര്‍ണയം പൊതുവേ കൂടുതല്‍ ഉദാരമായിരിക്കുന്നു. പണ്ട്‌ 50 കിട്ടുമായിരുന്നവന്‌ ഇന്ന്‌ എഴുപതും കിട്ടാം എന്നതാണവസ്ഥ. രണ്ട്‌, ഗണിതശാസ്‌ത്രത്തിന്‍െറ വികാസവും എന്‍ജിനീയറിങ്ങില്‍ അതിന്‍െറ ഉപയോഗവും പരിഗണിക്കണം. പണ്ടത്തേതിനെക്കാള്‍ പ്രാധാന്യമാണ്‌ കണക്കിന്‌, ഇക്കണോമിക്‌സില്‍ പോലും. അതുകൊണ്ട്‌ ഈ 50 ശതമാനം അറുപതാക്കി ഉയര്‍ത്തുകയല്ലാതെ നാല്‍പത്തഞ്ചാക്കി താഴ്‌ത്തരുത്‌, ന്‍െറ റബ്ബേ.

സംവരണത്തിന്‍െറ ഗുണഭോക്താവല്ലെങ്കിലും എന്നും അതിന്‍െറ ശക്തനായ വക്താവായിരുന്നു ഞാന്‍ ഉദ്യോഗക്കാലത്ത്‌. എന്നുവെച്ച്‌ പട്ടികജാതിക്കാര്‍ക്ക്‌ കണക്കിന്‌ 10 മാര്‍ക്ക്‌ മതി എന്നു പറയരുത്‌. കണക്കിന്‌ 10 മാര്‍ക്ക്‌ കിട്ടുന്നവന്‍ ഏത്‌ ജാതിയായാലും അവന്‍െറ വഴി എന്‍ജിനീയറിങ്ങല്ല. എന്നും അപകര്‍ഷബോധവുമായി കഴിയാന്‍ അവരെ തള്ളിവിടുകയല്ല വേണ്ടത്‌.

സി.ഇ.ടി എന്ന തിരുവനന്തപുരം എന്‍ജിനീയറിങ്‌ കോളജിന്‍െറ കാര്യം പറഞ്ഞാണല്ലോ തുടങ്ങിയത്‌. അവിടെ ഈയിടെ ഉണ്ടായ കലാപപര്‍വത്തിന്‌ അന്ത്യംകുറിക്കുന്ന പുണ്യാഹകര്‍മത്തിന്‌ പൗരോഹിത്യം വഹിക്കാന്‍ ദൈവകരുണയാലും ഗുരുകൃപയാലും എനിക്ക്‌ കഴിഞ്ഞു. രാഷ്ട്രീയക്കാരെ കോളജ്‌ വളപ്പില്‍ വിളയാടാന്‍ അനുവദിക്കയില്ല എന്ന പൊതുവികാരം സി.പി.എംകോണ്‍ഗ്രസ്‌ നേതാക്കളും എസ്‌.എഫ്‌.ഐകെ.എസ്‌.യു നേതാക്കളും അംഗീകരിച്ചു. ആ നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ അവര്‍ക്ക്‌ കഴിയട്ടെ. എന്നാല്‍, കോളജ്‌ പ്രിന്‍സിപ്പലിനെ വനവാസത്തിനയച്ചത്‌ ആ കണക്കിലാണെങ്കില്‍ അത്‌ അഭംഗിയായി. മധ്യസ്ഥത പറഞ്ഞവരെ അപമാനിക്കുകയാണ്‌ അതുവഴി സര്‍ക്കാര്‍ ചെയ്‌തത്‌. മൂന്ന്‌ വര്‍ഷം ആയി, മാറ്റി എന്നാണെങ്കില്‍ ശരി.

കലാപകാരികളായ കുട്ടികളോട്‌ കര്‍ശനമായ നിലപാട്‌ എടുത്തു എന്നത്‌ കുറ്റമായി കാണരുത്‌ എന്ന്‌ മാത്രമാണ്‌ എന്‍െറ പ്രമേയം. ഒന്നും കൂടെ പറയട്ടെ. പ്രിന്‍സിപ്പല്‍മാരുടെ കൂട്ടത്തിലെ ഏറ്റവും മുതിര്‍ന്നയാള്‍ ആവട്ടെ സി.ഇ.ടിയിലെ പ്രിന്‍സിപ്പല്‍. അല്ലെങ്കില്‍ ഒരു മൂല്യനിര്‍ണയം നടത്തി നിയമിക്കുക. നിയമിച്ചുകഴിഞ്ഞാല്‍ പിന്നെ ഉദ്യോഗക്കയറ്റമോ അടുത്തൂണോ വരെ ആളെ മാറ്റരുത്‌. കോട്ടണ്‍ഹില്‍, മോഡല്‍ സ്‌കൂളുകളില്‍ ഏതാണ്ട്‌ സമാനമാണല്ലോ സമ്പ്രദായം.

സി.ഇ.ടിയെ ഒരു സര്‍വകലാശാലയാക്കാന്‍ കാലമായി. 2014ല്‍ 75 കൊല്ലം തികയുകയാണ്‌. അതോടൊപ്പം ഒരു ഡീംഡ്‌ യൂണിവേഴ്‌സിറ്റി പദവി ഉറപ്പിക്കേണ്ടതുണ്ട്‌ എന്ന്‌ തോന്നുന്നു.

വിദ്യാഭ്യാസ വകുപ്പില്‍ ലീഗിനെവിടെയാണിതിനൊക്കെ നേരം, അല്ലേ? പാണക്കാട്‌ തങ്ങള്‍ വിസിലടിക്കാന്‍ നേരമായി; അത്‌ പിന്നെ പറയാം.
സി.ഇ.ടിയും ചില അനുബന്ധ ചിന്തകളും  - ഡി. ബാബുപോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക