Image

പാമോയില്‍ കേസ്: വിജിലന്‍സ് കോടതി ജഡ്ജി പിന്മാറി

Published on 24 September, 2011
പാമോയില്‍ കേസ്: വിജിലന്‍സ് കോടതി ജഡ്ജി പിന്മാറി
തിരുവനന്തപുരം: വിവാദമായ പാമോയില്‍ കേസില്‍നിന്ന് വിജിലന്‍സ് കോടതി ജഡ്ജി പി.കെ. ഹനീഫ സ്വമേധയാ പിന്മാറി. വ്യക്തിപരമായി തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനാല്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹം ഹൈക്കോടതിയോട് അപേക്ഷിച്ചു.

നിയമങ്ങള്‍ അനുസരിച്ച് തന്നെയാണ് ഞാന്‍ പിന്മാറുന്നത്. വ്യക്തിപരമായി ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ ഞാന്‍ വാദം കേള്‍ക്കുന്നത് ശരിയല്ലെന്നും കത്തില്‍ വ്യക്തമാക്കി. വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് രാഷ്ട്രപതിക്ക് പരാതി നല്‍കിയിരുന്നു. ഒക്‌ടോബര്‍ 10ന് ഹൈകോടതി ഹനീഫയുടെ അപേക്ഷക്ക് മറുപടി നല്‍കും.

കേസില്‍ നവംബര്‍ പത്തിന് വാദം കേള്‍ക്കാനിരിക്കെ അപ്രതീക്ഷിതമായാണ് കോടതി കേസ് ശനിയാഴ്ച പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന കാര്യം അറിയിച്ചുകൊണ്ട് എല്ലാ പ്രതികള്‍ക്കും അടിയന്തര നോട്ടീസ് നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എച്ച്.കപാഡിയ, കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജെ.ചെലമേശ്വര്‍, തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയായ ജസ്റ്റീസ് പയസ് സി.കുര്യാക്കോസ് എന്നിവര്‍ക്കും പരാതിയുടെ പകര്‍പ്പുകള്‍ കൈമാറിയിരുന്നു.

ഇതിനിടെ പാമോയില്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജി പി.കെ.ഹനീഫയെ താനുള്‍പ്പടെ കേസില്‍പ്പെട്ട ആരും അവിശ്വസിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേസ് അട്ടിമറിക്കാന്‍ ഭരണക്കാര്‍ ഭീഷണിയും കുപ്രചാരണവും നടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. മറ്റുള്ളവരെ ഉപയോഗിച്ച് കേസുകള്‍ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദ്യം വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോയെ ഉപയോഗിച്ചും ഇപ്പോള്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ ഉപയോഗിച്ചുമാണ് കേസുകള്‍ അട്ടിമറിക്കുന്നതെന്നും വി.എസ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക