Image

മലയാളി നഴ്‌സുമാരുടെ പ്രശ്‌നം: പ്രവാസി കേരള കോണ്‍ഗ്രസ് ഇടപെടുന്നു

Published on 07 May, 2013
മലയാളി നഴ്‌സുമാരുടെ പ്രശ്‌നം: പ്രവാസി കേരള കോണ്‍ഗ്രസ് ഇടപെടുന്നു
മെല്‍ബണ്‍: ഐഎല്‍ടിഎസ് ഇല്ലാതെ മൂന്നു മാസത്തെ പഠനവും തുടര്‍ന്ന രജിസ്‌ട്രേഷനും ലക്ഷക്കണക്കിന് രൂപയുടെ ശമ്പളവും എന്ന മോഹന വാഗ്ദാനത്തില്‍ കുടുങ്ങിയ നുറുകണക്കിന് മലയാളി നഴ്‌സുമാരുടെ പ്രശ്‌നങ്ങളില്‍ പ്രവാസി കേരള കോണ്‍ഗ്രസ് ഇടപെടുന്നു. 

കോഴ്‌സ് പൂര്‍ത്തിയായി വരുന്ന പല നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് ജോലി സാധ്യത വിരളമായിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍ അടിയന്തരമായി ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രവാസി കേരള കോണ്‍ഗ്രസ്, മന്ത്രി കെ.എം മാണിയോടും ജോസ് കെ. മാണി എംപിയോടും ആവശ്യപ്പെട്ടു.

കൂടാതെ കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, ഏ.കെ. ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ആന്റോ ആന്റണി എംപി എന്നിവര്‍ക്കും ഫാക്‌സ് സന്ദേശം അയച്ചു. 

മലയാളി നഴ്‌സുമാര്‍ ഓസ്‌ട്രേലിയയില്‍ അനുഭവിക്കുന്ന ഈ വിഷമഘട്ടത്തില്‍ ഇന്ത്യ ഗവണ്‍മെന്റ് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്ന് പ്രവാസി കേരള കോണ്‍ഗ്രസ് മെല്‍ബണ്‍ ഘടകം പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജയ്ക്കബ്, സെക്രട്ടറി തോമസ് വാതപ്പള്ളി, കോ-ഓര്‍ഡിനേറ്റര്‍ സജി മുണ്ടയ്ക്കല്‍ എന്നിവര്‍ ഫാക്‌സ് സന്ദേശം വഴി നേതാക്കന്മാരോട് അഭ്യര്‍ഥിച്ചു. 

മലയാളി നഴ്‌സുമാരെ മോഹനവാഗ്ദാനം നല്‍കി ലക്ഷക്കണക്കിന് രൂപാ കൈപ്പറ്റുന്ന വ്യാജ ഏജന്‍സികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന് പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്‌ട്രേലിയ പ്രസിഡന്റ് റെജി പാറയ്ക്കന്‍ കേരള ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് ടെലിഫോണിലൂടെ അഭ്യര്‍ഥിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക