Image

ബിസിനസ് രംഗത്തെ മികവിന് മലയാളികള്‍ക്ക് അംഗീകാരം

Published on 04 May, 2013
ബിസിനസ് രംഗത്തെ മികവിന് മലയാളികള്‍ക്ക് അംഗീകാരം
മെല്‍ബണ്‍: മെല്‍ബണില്‍ കഴിഞ്ഞ ഒന്നരവര്‍ഷക്കാലമായി ഓസ്‌ട്രേലിയ പോസ്റ്റിന്റെ ലൈസന്‍സ്ഡ് പോസ്റ്റ് ഓഫീസ് നടത്തി കൊണ്ടിരിക്കുന്ന മലയാളികള്‍ക്ക് ഓസ്‌ട്രേലിയ പോസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് അവാര്‍ഡ്. മെല്‍ബണിലെ മൗണ്ടന്‍ ഗേറ്റ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ കഴിഞ്ഞ ഒന്നരവര്‍ഷക്കാലമായി പൊതുജനങ്ങളുടെ സഹകരണത്തോടു കൂടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് മൗണ്ടന്‍ഗേറ്റ് പോസ്റ്റ് ഓഫീസ്.

ഓസ്‌ട്രേലിയയില്‍ ജീവിക്കുന്ന ഒരു വ്യക്തിയുടെ ഏകദേശം 70% കാര്യങ്ങളും ഓസ്‌ട്രേലിയ പോസ്റ്റ് വഴിയാണ് കൈകാര്യം ചെയ്യുന്നത്. പുതിയ പാസ്‌പോര്‍ട്ട് എടുക്കുന്ന പ്രക്രിയ മുതല്‍ വര്‍ക്കിംഗ് വിത്ത് ചില്‍ഡ്രണ്‍, വെസ്‌റ്റേണ്‍ യൂണിയന്‍, ഫോറിന്‍ കറന്‍സി, പാസ്‌പോര്‍ട്ട് ഫോട്ടോ, വിവിധ ഡോക്യുമെന്റുകള്‍ സര്‍ട്ടിഫിക്കേറ്റ് ചെയ്യുക, ഫോട്ടോ കോപ്പി, ഫാക്‌സ്, വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കല്‍, വിവിധ യൂട്ടിലിറ്റി ബില്ലുകള്‍ വിവിധ തരത്തിലുള്ള ഫോണുകളുടെ വില്‍പ്പന, സ്‌റ്റേഷനറി സാധനങ്ങള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, ഇന്‍ഷ്വറന്‍സ്, വിവിധ തരത്തിലുള്ള വില്‍പ്പത്രങ്ങള്‍ തുടങ്ങി ഒരു വ്യക്തിക്ക് ആവശ്യമുള്ള മുഴുവന്‍ സേവനങ്ങളും ഓസ്‌ട്രേലിയാ പോസ്റ്റ് വഴിയാണ് കൈകാര്യം ചെയ്യുന്നത്.

ഓസ്‌ട്രേലിയ പോസ്റ്റിന്റെ വിക്‌ടോറിയാ സംസ്ഥാനത്തെ മികച്ച പോസ്റ്റ് ഓഫീസുകളില്‍ ഒന്നായിട്ടാണ് മൗണ്ടന്‍ ഗേറ്റ് പോസ്റ്റ്ഓഫീസിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞ 20 വര്‍ഷം സൗത്ത് ആഫ്രിക്കയിലും മെല്‍ബണിലും നിരവധി ബിസിനസുകള്‍ നടത്തി വിജയഗാഥ രചിച്ച വര്‍ഗീസ് വൈനാടത്ത്, ഇരുപതു വര്‍ഷം കേരളത്തിലും സൗദി അറേബ്യയിലും യുകെയിലും പബ്ലിക് റിലേഷന്‍ വിഭാഗത്തില്‍ കഴിവ് തെളിയിച്ച റെജി പാറയ്ക്കന്‍, സജി മുണ്ടയ്ക്കന്‍, അക്കൗണ്ടിംഗ് രംഗത്ത് പതിനഞ്ചു വര്‍ഷക്കാലം ഡല്‍ഹിയിലും അബുദാബിയിലും കഴിവ് തെളിയിച്ച സജി ഇല്ലിപ്പറമ്പന്‍ എന്നിവരാണ് മൗണ്ടന്‍ ഗേറ്റ് പോസ്റ്റ് ഓഫിസിന്റെ പാര്‍ട്ട്ണര്‍മാര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക