Image

പ്രവാസി പ്രശ്‌നങ്ങളില്‍ ഫോമ മുന്നണിപ്പോരാളി: ജോര്‍ജ്‌ മാത്യു

Published on 29 April, 2013
പ്രവാസി പ്രശ്‌നങ്ങളില്‍ ഫോമ മുന്നണിപ്പോരാളി: ജോര്‍ജ്‌ മാത്യു
ഗ്രീന്‍ബര്‍ഗ്‌, ന്യൂയോര്‍ക്ക്‌: പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കരുത്തുറ്റ പ്രവര്‍ത്തനങ്ങളുമായി ഫോമ എക്കാലവും മുന്നണിയിലുണ്ടാവുമെന്ന്‌ ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു. അനുദിനം നിയമം മാറ്റി പ്രവാസികളെ ഇന്ത്യാ ഗവണ്‍മെന്റ്‌ വലയ്‌ക്കുമ്പോഴും കുടിയേറ്റത്തിനെതിരായ നിയമങ്ങളുമായി യു.എസ്‌ അധികൃതര്‍ മുന്നോട്ടു വരുമ്പോഴും അവയ്‌ക്കെതിരേ ശക്തമായ നിലപാടുമായി ഫോമ മുന്‍നിരയിലുണ്ടാവും. പാസ്‌പോര്‍ട്ട്‌ സറണ്ടര്‍ പ്രശ്‌നം വന്നപ്പോഴും ഇപ്പോള്‍ ഒ.സി.ഐ കാര്‍ഡ്‌ പ്രശ്‌നത്തിലുമെല്ലാം ഫോമ കര്‍മ്മനിരതരാണ്‌- ഫോമ ന്യൂയോര്‍ക്ക്‌ എമ്പയര്‍ റീജിയന്റെ പ്രവര്‍ത്തനോദ്‌ഘാടനം നിര്‍വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിമന്‍സ്‌ ഫോറത്തിന്റെ ഉദ്‌ഘാടനം ഫോമാ വൈസ്‌ പ്രസിഡന്റ്‌ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പും നിര്‍വഹിച്ചു.

കേരളത്തില്‍ നിന്ന്‌ എക്‌സ്‌ചേഞ്ച്‌ വിസയില്‍ ഏതാനും വിദ്യാര്‍ത്ഥികളെ കൊണ്ടുവന്ന്‌ അമേരിക്കന്‍ പാഠ്യരീതി പരിചയപ്പെടുത്തുവാനുള്ള മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പദ്ധതിക്ക്‌ ഫോമ സഹകരണം നല്‍കുന്നു. മെയ്‌ 18-ന്‌ ന്യൂയോര്‍ക്കില്‍ സംഘടിപ്പിക്കുന്ന വിമന്‍സ്‌ സെമിനാര്‍ എന്തുകൊണ്ടും ശ്രദ്ധേയമായിരിക്കും. ന്യൂയോര്‍ക്ക്‌ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ദേവയാനി ഖോബ്രഗാഡെ അടക്കം പ്രമുഖരായ വനിതകളാണ്‌ അതിനു നേതൃത്വം നല്‍കുന്നത്‌. കഴിയുന്നത്ര പേര്‍ അതില്‍ പങ്കെടുക്കണം.

യുവജനങ്ങള്‍ക്കായുള്ള സെമിനാര്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്‌. തീയതിയും സ്ഥലവും നാഷണല്‍ കമ്മിറ്റിയോട്‌ ആലോചിച്ച്‌ വൈകാതെ പ്രഖ്യാപിക്കും. വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്‌ പ്രഖ്യാപനം നാഷണല്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്‌ത്‌ ഉടന്‍ നടപ്പിലാക്കും.

നഴ്‌സിംഗില്‍ ബാച്ചിലര്‍ ബിരുദം (ബി.എസ്‌.എന്‍) ഇല്ലാത്തവരെ ഒഴിവാക്കുന്ന സാഹചര്യം കൂടി വരികയാണ്‌. ഈ പശ്ചാത്തലത്തില്‍ ആര്‍.എന്‍ ആയിട്ടുള്ളവര്‍ക്ക്‌ ബി.എസ്‌.എന്‍ നേടാന്‍ ഡിസ്‌കൗണ്ട്‌ നിരക്കില്‍ പ്രവേശനത്തിനു ഏതാനും യൂണിവേഴ്‌സിറ്റികളുമായി ചര്‍ച്ച നടക്കുന്നു. കൂടുതല്‍ യൂണിവേഴ്‌സിറ്റികളില്‍ മലയാളം പഠിപ്പിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താനും ശ്രമിക്കുന്നു.

ഫിലാഡല്‍ഫിയയില്‍ റഷ്യക്കാര്‍ നടത്തുന്ന അഡള്‍ട്ട്‌ ഡേ കെയറിന്റെ മാതൃക നമുക്ക്‌ പറ്റുമോ എന്ന്‌ പരിശോധിക്കുന്നു. അവരുടെ ഡേ കെയറില്‍ പ്രായമുള്ളവരെ രാവിലെ വന്ന്‌ പിക്ക്‌ അപ്‌ ചെയ്‌ത്‌ കൊണ്ടുപോയി വൈകിട്ട്‌ തിരിച്ചുവിടും. പകല്‍ നാനാവിധമായ കലാ-സാംസ്‌കാരിക-കായിക പരിപാടികള്‍ ഡേ കെയറില്‍ ഒരുക്കിയിരിക്കുന്നു.

ഫോമാ നേതൃത്വത്തോട്‌ ജനങ്ങള്‍ കാണിക്കുന്ന സൗഹൃദത്തിനു നന്ദി പറഞ്ഞ അദ്ദേഹം നേതൃനിരയിലുള്ളവര്‍ നല്‌കുന്ന കലവറയില്ലാത്ത സഹകരണവും അനുസ്‌മരിച്ചു.

കപ്പല്‍ കണ്‍വെന്‍ഷനുശേഷം ഫോമ ന്യൂയോര്‍ക്കില്‍ നടത്തുന്ന പ്രധാന പരിപാടിയാണ്‌ എംപയര്‍ റീജിയന്റെ ഉദ്‌ഘാടനം. റോയല്‍ പാലസില്‍ നടന്ന ചടങ്ങില്‍ ലോറീന മാത്യു അമേരിക്കയുടേയും ഇന്ത്യയുടേയും ദേശീയ ഗാനങ്ങള്‍ ആലപിച്ചു. റീജിയണല്‍ സെക്രട്ടറി ബിജു ഉമ്മന്‍ സ്വാഗതം ആശംസിച്ചു. റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ എ.വി. വര്‍ഗീസ്‌ അധ്യക്ഷതവഹിച്ചു. ജോര്‍ജ്‌ മാത്യു നിലവിളക്ക്‌ കൊളുത്തി ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വഹിച്ചു.

വിമന്‍സ്‌ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വനിതകള്‍ക്കിടയില്‍ കൂടുതല്‍ മാറ്റങ്ങള്‍ക്ക്‌ നാന്ദികുറിക്കുമെന്ന്‌ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ പറഞ്ഞു. ഫോറത്തിന്റെ കോര്‍ഡിനേറ്റര്‍ രത്‌നമ്മ രാജനും സെക്രട്ടറി ബെറ്റി ഉമ്മനുമാണ്‌.

ഒ.സി.ഐ കാര്‍ഡ്‌ സംബന്ധിച്ച്‌ ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍ തോമസ്‌ ടി. ഉമ്മന്‍, അലക്‌സ്‌ വിളനിലം എന്നിവര്‍ വിശദീകരിച്ചു. ഇക്കാര്യത്തില്‍ പ്രവാസി സമൂഹം ഒറ്റക്കെട്ടായി ശബ്‌ദമുയര്‍ത്തേണ്ടതിന്റെ ആവശ്യകത തോമസ്‌ ടി. ഉമ്മന്‍ എടുത്തുപറഞ്ഞു. 50 വയസു കഴിഞ്ഞ ഒ.സി.ഐ കാര്‍ഡ്‌ എടുത്തവര്‍ പിന്നെ അത്‌ പുതുക്കേണ്ടതില്ല എന്ന നിര്‍ദേശം സ്വാഗതാര്‍ഹമാണ്‌. ജനശബ്‌ദം ഉയര്‍ന്ന പശ്ചാത്തലത്തിലാണ്‌ അധികൃതര്‍ ഇത്തരമൊരു വിശദീകരണം നല്‍കിയത്‌. അതൊരു വിജയമായി കരുതാം.

യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ മെയ്‌ 24-ന്‌ നടത്തുന്ന ഷോയുടെ കിക്ക്‌ഓഫ്‌ പ്രസിഡന്റ്‌ വിജയന്‍ കുറുപ്പില്‍ നിന്ന്‌ ടിക്കറ്റ്‌ സ്വീകരിച്ചുകൊണ്ട്‌ ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു നിര്‍വഹിച്ചു.

മരേറ്റ ഗീവര്‍ഗീസ്‌, കെ.ജി. ഗീവര്‍ഗീസ്‌ (രാജു), ജോബി കിടാരം എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ലിസാ ജോസഫിന്റെ നാട്യമുദ്ര സ്‌കൂളില്‍ നിന്നുള്ള ആകാഷ്‌ വര്‍ഗീസ്‌, അമാന്‍ഡ മലയില്‍ എന്നിവര്‍ നൃത്തങ്ങള്‍ അവതരിപ്പിച്ചു. സാമൂഹിക സേവനത്തിനു കോട്ടയം അസോസിയേഷന്‍ ഓഫ്‌ ഫിലാഡല്‍ഫിയയുടെ ബഹുമതി കരസ്ഥമാക്കിയ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പിനെ യോഗം അനുമോദിച്ചു.

ജനറല്‍ കണ്‍വീനര്‍ തോമസ്‌ കോശി ആമുഖ പ്രസംഗം നടത്തി. നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ വൈസ്‌ ചെയര്‍ സജി ഏബ്രഹാം, നാഷണല്‍ കമ്മിറ്റി അംഗം പ്രദീപ്‌ നായര്‍, റോമ പ്രസിഡന്റ്‌ റോയ്‌ ചെങ്ങന്നൂര്‍, മിഡ്‌ഹഡ്‌സണ്‍ കേരള അസോസിയേഷന്‍ പ്രസിഡന്റ്‌ ജേക്കബ്‌ കോശി, ഫോമാ മുന്‍ പ്രസിഡന്റ്‌ ബേബി ഊരാളില്‍, ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി
മാരായ അനിയന്‍ ജോര്‍ജ്‌, ജോണ്‍ സി. വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ സ്റ്റാന്‍ലി കളത്തില്‍, ഫിലിപ്പ്‌ മഠത്തില്‍, സണ്ണി പൗലോസ്‌, തോമസ്‌ കെ. ജോര്‍ജ്‌, ജിബി തോമസ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

എംപയര്‍ റീജിയന്‍ ജോയിന്റ്‌ സെക്രട്ടറി ഷോബി ഐസക്‌, ട്രഷറര്‍ വര്‍ഗീസ്‌ തൈക്കൂട്ടത്തില്‍, ജോയിന്റ്‌ ട്രഷറര്‍ ബെറ്റി ഉമ്മന്‍, മാത്യു തോമസ്‌, സുരേഷ്‌ നായര്‍, അവിഭക്ത ഫൊക്കാനാ പ്രസിഡന്റ്‌ ജെ. മാത്യൂസ്‌ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി.

മാത്യൂസ്‌ എടപ്പാറ, ഷോബി ഐസക്‌ എന്നിവരായിരുന്നു എം.സിമാര്‍.
പ്രവാസി പ്രശ്‌നങ്ങളില്‍ ഫോമ മുന്നണിപ്പോരാളി: ജോര്‍ജ്‌ മാത്യു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക