Image

ബാലരാമപുരത്തെ ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹം കവര്‍ന്നു

Published on 23 September, 2011
ബാലരാമപുരത്തെ ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹം കവര്‍ന്നു
ബാലരാമപുരം: മാറനല്ലൂര്‍ മണ്ണടിക്കോണം ശ്രീ മുത്താരമ്മന്‍ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച . ക്ഷേത്രത്തിലെ തങ്കത്തില്‍ പൊതിഞ്ഞ വിഗ്രഹവും കമ്മറ്റി ഓഫീസില്‍ സൂക്ഷിച്ചിരുന്ന അയ്യായിരം രൂപയും ഇന്നലെ രാത്രി മോഷണം പോയി. 20 പവനോളം തങ്കവും ചെമ്പും കൊണ്ടും നിര്‍മ്മിച്ചതാണ് വിഗ്രഹം.

ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിലെ സ്വയംഭൂ വിഗ്രഹത്തിനു പിന്നിലായാണു തങ്കത്തില്‍ പൊതിഞ്ഞ ദേവീ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്നത്. ഇന്നലെ അര്‍ധ രാത്രിയാണ് മോഷണം നടന്നതെന്നാണു കരുതുന്നത്. കമ്മറ്റി ഓഫീസിലെ പൂട്ടുകള്‍ തകര്‍ത്ത ശേഷം ഇവിടെ സൂക്ഷിച്ചിരുന്ന ചുറ്റമ്പലത്തിലേയും ക്ഷേത്രത്തിലേയും താക്കോലുകള്‍ എടുത്ത് ക്ഷേത്രം തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. ക്ഷേത്രത്തിലെ ഫ്യൂസുകള്‍ ഊരിമാറ്റിയ നിലയിലായിരുന്നു.

ക്ഷേത്രവുമായി അടുത്ത ബന്ധമുള്ളവരാണു മോഷണത്തിന് പിന്നിലെന്നു സംശയം ഉയര്‍ന്നിട്ടുണ്ട്. നെടുമങ്ങാട് ഡി.വൈ.എസ്.പി കെ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ചു മാറനല്ലൂര്‍ പോലീസാണ് ആദ്യം സ്ഥലത്ത് എത്തിയത്.

ക്ഷേത്രത്തിന് സമീപത്തുനിന്നു കമ്മറ്റി ഓഫീസിലെ പൂട്ടുകള്‍ തകര്‍ക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന രണ്ടു പാരകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ക്ഷേത്രത്തിലെത്തി പരിശോധന നടത്തും. ക്ഷേത്രക്കവര്‍ച്ച നടത്തുന്ന സംഘങ്ങളേയും ചുറ്റിപ്പറ്റി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക