Image

ഇത്‌ നീതി നിഷേധിക്കപ്പെടുന്ന ഇന്ത്യന്‍ പൗരനുവേണ്ടിയുള്ള പോരാട്ടം: മാര്‍ നിക്കളാവോസ്‌

ജോയിച്ചന്‍ പുതുക്കുളം Published on 23 September, 2011
ഇത്‌ നീതി നിഷേധിക്കപ്പെടുന്ന ഇന്ത്യന്‍ പൗരനുവേണ്ടിയുള്ള പോരാട്ടം: മാര്‍ നിക്കളാവോസ്‌
ന്യൂഹൈഡ്‌പാര്‍ക്ക്‌ (ന്യൂയോര്‍ക്ക്‌): ദൈവ വിശ്വാസത്തില്‍ മാത്രം അടിയുറച്ച നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ ചാലകശക്തി എന്ന്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സക്കറിയാസ്‌ മാര്‍ നിക്കളാവോസ്‌ പ്രസ്‌താവിച്ചു.

സഭാനേതൃത്വം നടത്തിവരുന്ന നീതിക്കുവേണ്ടിയുള്ള സമരങ്ങള്‍ക്ക്‌ പിന്തുണ പ്രഖ്യാപിക്കുകയും, സഭാ തലവനും, മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസോലിയോസ്‌ പൗലോസ്‌ കാതോലിക്കാ ബാവയുടെ നേതൃത്വത്തോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനും, ന്യൂയോര്‍ക്കിലെ ന്യൂഹൈഡ്‌ പാര്‍ക്കിലെ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ വെച്ച്‌ നടത്തപ്പെട്ട പ്രതിക്ഷേധയോഗം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത.

ജനാധിപത്യവ്യവസ്ഥയില്‍ ഭരണഘടനാ സംരക്ഷണവും, പൗരന്റെ അവകാശവും, സംരക്ഷണവും ഉറപ്പാക്കുക എന്നത്‌ സര്‍ക്കാരിന്റെ പ്രഥമ കടമയാണ്‌ ഭരണഘടന അനുസരിക്കുക എന്നത്‌, തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടെ കടമയാണ്‌. അല്ലാതെ ഇച്ഛാനുസരണം പ്രവര്‍ത്തിക്കാനുള്ള മനസ്സല്ല. ഇതിന്‌ ദൈവനാമത്തില്‍ ദൃഢപ്രതിജ്ഞയെടുത്തവര്‍ എന്തേ മടിച്ചുനില്‍ക്കുന്നു? കോടതിവിധികള്‍ നടപ്പിലാക്കേണ്ടവര്‍ എന്തിനു ഭയക്കുന്നു? ഇന്ത്യയുടെ പരമോന്നത നീതിപീഠത്തില്‍ നിന്നും വിധിപ്രസ്‌താവിച്ചുകഴിഞ്ഞ്‌ എന്തേ ഇനി സമന്വയത്തിന്റെ പാഴ്‌പറച്ചില്‍? 1995-ലെ ബഹു. സുപ്രീംകോടതി വിധി ചോദ്യം ചെയ്യാന്‍ പാടില്ല എന്നും കോടതി എടുത്തുപറഞ്ഞ സ്ഥിതിക്ക്‌ 1934-ലെ ഭരണഘടന അംഗീകരിക്കാത്ത ഒരു അംഗത്തിനും യാതൊരു അവകാശവും ഈ സഭയില്‍ ഉന്നയിക്കാന്‍ സാധിക്കില്ല. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭാ അംഗങ്ങളല്ല എന്ന്‌ പരസ്യമായി പ്രഖ്യാപിക്കുന്ന പുത്തന്‍കുരിശ്‌ സൊസൈറ്റി അംഗങ്ങള്‍ക്ക്‌ യാതൊരുവിധ അവകാശവും മലങ്കര സഭയില്‍ നിലനില്‍ക്കുന്നില്ല. ഇന്ത്യയുടെ പരമോന്നത കോടതിവിധികള്‍ ജനഹിത പരിശോധന നടത്തി തീര്‍പ്പുകള്‍ കല്‍പ്പിക്കേണ്ടതില്ല. ഒരു മാധ്യമത്തിനോ, സര്‍ക്കാരിനോ വീതംവെച്ചു കൊടുക്കാനാവില്ല മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ. ഭരണഘടന പാലിക്കുമ്പോള്‍ ഏറ്റെടുക്കുന്ന വെല്ലുവിളികള്‍ രാഷ്‌ട്രീയ നിലപാടുകളുടെ പുകയില്‍ മുങ്ങി നീതി നിഷേധമായി അധ:പ്പതിക്കരുത്‌. ഇന്ന്‌ മെത്രാന്‍കക്ഷിയും, ബാവാ കക്ഷിയുമില്ല. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയേ നിലവിലുള്ളൂ. സഭ ക്രിസ്‌തുവിന്റെ തിരുശരീരമാണ്‌, അത്‌ വീതംവെയ്‌ക്കേണ്ടതല്ല. ചിലര്‍ അഭിപ്രായഭിന്നതയും തെറ്റിദ്ധാരണകളിലും വീണ്‌ സഭയ്‌ക്കെതിരായെങ്കില്‍, പിന്നെ എന്തേ അവകാശ തര്‍ക്കത്തിന്റെ പ്രസക്തി? പുറത്തുനില്‍ക്കുന്നവരോട്‌ വേദനയും സഹതാപവുമുണ്ട്‌. ഒന്നുചേരണമെന്ന ആഗ്രഹത്തിലാണ്‌ 1934 ഭരണഘടന അംഗീകരിച്ച്‌ താനും ഒരു വലിയ സമൂഹവും മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ ഭാഗമായത്‌. മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു.

മലങ്കര സഭയുടെ ശക്തി ദൈവത്തിലുള്ള ആശ്രയമാണ്‌. നീതിക്കുവേണ്ടിയുള്ള പോരാട്ടം അത്ര എളുപ്പമല്ല. ഇത്‌ കേവലം ഓര്‍ത്തഡോക്‌സ്‌ വിശ്വാസങ്ങള്‍ക്കുവേണ്ടിയുള്ള സമരമല്ല, ഓരോ ഇന്ത്യന്‍ പൗരന്റേയും നീതി നടപ്പാക്കാനുള്ള യുദ്ധമാണ്‌. നിയമവ്യവസ്ഥ തകരുമ്പോള്‍ ഓര്‍ത്തഡോക്‌സ്‌ സഭ നീതിക്കുവേണ്ടി മുന്നിട്ടിറങ്ങിയിരിക്കുന്നു. ഇത്‌ ഒരു തുടക്കംമാത്രമാണ്‌. നീതിക്കുവേണ്ടി പോരാടാനുള്ള അവസരമാണ്‌, വ്യക്തമായ ദിശാബോധം നാം കൈക്കൊണ്ടിരിക്കുന്നു.

നേതൃത്വം അളക്കപ്പെടുന്നത്‌ പ്രതിസന്ധികള്‍ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചാണ്‌. പരി. കാതോലിക്കാ ബാവാ തിരുമേനി തന്റെ ആടുകള്‍ക്കുവേണ്ടി ജീവന്‍ വെടിയാന്‍ തയാറായ ഇടയനാണെന്ന്‌ തെളിയിക്കപ്പെട്ടു. തന്റെ ഉത്തമ വിശ്വാസത്തില്‍ അടിയുറച്ച്‌ ഒരു രാജ്യത്തിന്റെ തന്നെ നീതി നിര്‍വ്വഹണത്തിനു പുതിയ പാത വെട്ടിത്തുറന്നു.

ഭദ്രാസന സെക്രട്ടറി റവ.ഫാ. ജോണ്‍ തോമസ്‌ ആലുംമൂട്ടില്‍, വെരി റവ. പൗലോസ്‌ ആദായി കോര്‍എപ്പിസ്‌കോപ്പ, വെരി. റവ.ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്‌കോപ്പ, വെരി റവ.ഡോ. പി.എസ്‌ സാമുവേല്‍ കോര്‍എപ്പിസ്‌കോപ്പ, റവ.ഡോ. ജോര്‍ജ്‌ കോശി, റവ.ഫാ. ഫിലിപ്പ്‌ സി. ഏബ്രഹാം, സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളായ ഫിലിപ്പോസ്‌ ഫിലിപ്പ്‌, ക്യാപ്‌റ്റന്‍ കോശി തോമസ്‌, കൗണ്‍സില്‍ അംഗങ്ങളായ പോള്‍ കറുകപ്പള്ളില്‍, ജോണ്‍ ഐസക്ക്‌, റോയി എണ്ണശേരില്‍ കൂടാതെ പൗലോസ്‌ മുളക്കുളം, ജോര്‍ജ്‌ താമരവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.

കോലഞ്ചേരി സെന്റ്‌ പീറ്റര്‍ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയം 1934-ലെ ഭരണഘടന അനുസരിച്ച്‌ ഭരിക്കപ്പെടേണ്ടതാണെന്നും, കോടതി വിധികള്‍ നടപ്പാക്കിത്തരും എന്നുള്ള കേരള സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്‌ പാലിക്കപ്പെടണമെന്നുമുള്ള, കേരള സര്‍ക്കാരിനോടുള്ള അഭ്യര്‍ത്ഥന പ്രമേയം വര്‍ഗീസ്‌ പോത്താനിക്കാടും, കോരസണ്‍ വര്‍ഗീസും ചേര്‍ന്ന്‌ അവതരിപ്പിച്ചത്‌ യോഗം ഹര്‍ഷാരവത്തോടെ അംഗീകരിച്ചു. അലക്‌സ്‌ കെ. പോള്‍ കാതോലിക്കാ മംഗളഗാനം ആലപിച്ചു. ഭദ്രാസന സെക്രട്ടറി റവ.ഫാ. ജോണ്‍ തോമസ്‌ ആലുംമൂട്ടില്‍ നന്ദി പ്രകാശിപ്പിച്ചു.

ഭദ്രാസന മീഡിയ കമ്മിറ്റിക്കുവേണ്ടി കോരസണ്‍ വര്‍ഗീസ്‌, വര്‍ഗീസ്‌ പോത്താനിക്കാട്‌, അജിത്‌ വട്ടശേരില്‍ എന്നിവര്‍ ഒരു പത്രപ്രസ്‌താവനയിലൂടെ അറിയിച്ചതാണിത്‌. (845 368 0588).
ഇത്‌ നീതി നിഷേധിക്കപ്പെടുന്ന ഇന്ത്യന്‍ പൗരനുവേണ്ടിയുള്ള പോരാട്ടം: മാര്‍ നിക്കളാവോസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക