Image

സ്വപ്നാടനം(നോവല്‍ ഭാഗം-12)- നീന പനയ്ക്കല്‍

നീനാ പനയ്ക്കല്‍ Published on 29 April, 2013
സ്വപ്നാടനം(നോവല്‍ ഭാഗം-12)- നീന പനയ്ക്കല്‍
പന്ത്രണ്ട്

പതിനാറാം പിറന്നാള്‍. സ്വീറ്റ് സിക്സ്റ്റീന്‍. അമേരിക്കന്‍ പെണ്‍കുട്ടികളുടെ 'ഡ്രീം ഡെ'.

വലിയ പാര്‍ട്ടി നടത്തണം. എല്ലാ പിറന്നാളിനേക്കാളും കേമമാക്കണം. പാട്ടും ഡാന്‍സും ഒക്കെ വേണം ബീനക്ക്.

പാര്‍ട്ടി നടത്താം. ഒണ്‍ലി ഓണ്‍ വണ്‍ കണ്ടീഷന്‍. ഞാന്‍ ഇവിടെയില്ലാത്തപ്പോള്‍ നീ മമ്മിയോടു വഴക്കുണ്ടാക്കാന്‍ പാടില്ല. എന്നും നിന്നെക്കുറിച്ച് പരാതിയേ കേള്‍ക്കാനുള്ളൂ. ജോസ് വളരെ ഗൗരവത്തിലായിരുന്നു.

ഞാന്‍ വഴക്കൊന്നും ഉണ്ടാക്കത്തില്ല ഡാഡീ. ഐ പ്രോമിസ്, പിന്നെയവള്‍ മനസ്സില്‍ ചിരിച്ചു. നിയമങ്ങളുണ്ടാക്കിയിരിക്കുന്നത് ലംഘിക്കാന്‍ വേണ്ടിയാണെന്നതുപോലെ, വാഗ്ദാനങ്ങളും ലംഘിക്കപ്പെടാനുള്ളതു തന്നെ. സംശയമില്ല.

ജോസ് സൂസിയെ വിളിച്ചു. മക്കളുടെ പിറന്നാളല്ലേ. ബീന വലിയ പാര്‍ട്ടി വേണമെന്നു പറയുന്നു. ബീന്ദുവിന്റെ അഭിപ്രായമെന്താണ്?

വലിയ ആഘോഷങ്ങളൊന്നും ബിന്ദു ആഗ്രഹിക്കില്ല ജോസച്ചാച്ചാ. സീന അവളുടെ വീട്ടില്‍ വെച്ച് ബിന്ദുവിന്റെ കൂട്ടുകാരെ വിളിച്ച് ഒരു പാര്‍ട്ടി നടത്തുന്നുണ്ട്. സര്‍പ്രൈസ് പാര്‍ട്ടി.

കേറ്റര്‍ ചെയ്ത ആഹാരസാധനങ്ങളും പാട്ടും ഡാന്‍സും ഒക്കെയായി ഗംഭീരമായ പാര്‍ട്ടിയായിരുന്നു ബീനയുടേത്. വലിയ തുക സമ്മാനമായിക്കിട്ടി. പാര്‍ട്ടിയുടെ അവസാനത്തില്‍ ഡാഡിയും മമ്മിയും കൂടി ഒരു കാറിന്റെ താക്കോല്‍ അവള്‍ക്ക് സമ്മാനിച്ചു.

ഈസ് ഇറ്റ് എ ന്യൂ കാര്‍? എല്ലാവരും ചോദിച്ചു.

എന്റെ സ്വന്തം കാര്‍ ഞാനെന്റെ പൊന്നോമനക്കു കൊടുത്തു. ഇറ്റ് ഈസ് ഔണ്‍ലി ത്രീ ഇയേഴ്‌സ് ഓള്‍ഡ്. മേരിക്കുട്ടിയുടെ സ്വരത്തില്‍ അഭിമാനം.

ബീനയുടെ മുഖത്തെ പ്രസന്നത മാഞ്ഞു. കൂട്ടുകാരുടെ അസൂയയും ആശ്ചര്യവും കലര്‍ന്ന അഭിനന്ദനങ്ങള്‍ കേട്ടു വെറുതെ ചിരി അഭിനയിച്ചതേയുള്ളൂ അവള്‍.

എല്ലാവരും പോയിക്കഴിഞ്ഞ് മുറിക്കകത്തുകയറി ബീന കതകുവലിച്ചടച്ചു. എന്താണി ഇവരെനിക്ക് ഒരു പുതിയ കാര്‍ വാങ്ങിത്തരാത്തത്? ഷാനന്റെ മമ്മി അവള്‍ക്കൊരു പുതുപുത്തന്‍ ഫെറാറിയാണ് വാങ്ങിക്കൊടുത്തത്. അവള്‍ പല്ലുഞെരിച്ചു. സ്റ്റിഞ്ചി പീപ്പിള്‍. മൈ പാരന്റ്‌സ് ആര്‍ സ്റ്റിഞ്ചി.

ഒരു സര്‍പ്രൈസ് പാര്‍ട്ടി. സത്യത്തില്‍ ഒര്‍ക്കാപ്പുറത്തൊരു പാര്‍ട്ടിതന്നെയായിരുന്നു ബിന്ദുവിന്റേത്. സ്വീറ്റ് സിക്റ്റീന്‍ എന്നെഴുതിയ ഹീലിയം ബലൂണുകളും സമ്മാനപ്പൊതികളും കൊണ്ട് അന്നയുടെ ലിവിംഗ് റൂം നിറഞ്ഞു. മിക്കവരും വസ്തരങ്ങളാണ് സമ്മാനമായി നല്‍കിയത്. ചിലര്‍ നല്‍കിയ സമ്മാനപ്പൊതികളില്‍ പെര്‍ഫ്യൂമും മേക്കപ്പ്കിറ്റും ഉണ്ടായിരുന്നു. നിറഞ്ഞ ഹൃദയത്തോടെ ബിന്ദു എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

ബിന്ദുവിന്റെ മുറിയില്‍ വെക്കാന്‍ മനോഹരമായ ഒരു മേശവിളക്ക് ഫിലിപ്പ്‌സാറും അന്നയും കൂടി സമ്മാനിച്ചു. ഏറ്റവും ഒടുവില്‍, സീന സ്വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ ഒരു കൊച്ചു പായ്ക്കറ്റ് ബിന്ദുവിനു നല്‍കി.

'വല്ലപ്പോഴും എനിക്കു കിട്ടുന്ന ഡോളറുകള്‍ കൂട്ടിവെച്ചിരുന്നത് എടുത്തു വാങ്ങിയതാ ബിന്ദുവിന് വേണ്ടി. മൈ ഓണ്‍ ഡോളര്‍.' സന്തോഷവും അഭിമാനവും അവളുടെ കണ്ണുകളില്‍ തിളങ്ങി.

ബിന്ദു പൊതി തുറന്നു നോക്കി. ഒരു കൊച്ചു സില്‍വര്‍ ബോക്‌സില്‍ തൂവെള്ള മുത്തു പതിച്ച രണ്ടു കാതില്‍പ്പൂക്കള്‍. അവളുടെ കണ്ണുകള്‍ നിറഞ്ഞുപോയി.

എങ്ങനെയാണ് അങ്കില്‍, ആന്റീ, സീനാ ഞാന്‍ നന്ദി പറയേണ്ടത്? സ്വപ്നത്തില്‍പ്പോലും പ്രതീക്ഷിക്കാത്ത പാര്‍ട്ടി എനിക്കു തന്നതിന്? അവള്‍ അന്നയുടേയും സീനയുടെയും കൈ പിടിച്ചു. “നന്ദി കിട്ടിക്കഴിഞ്ഞല്ലോ ബിന്ദു. നിന്റെ മുഖത്തെ സന്തോഷമുണ്ടല്ലോ. ഈ ആനന്ദക്കണ്ണീരുണ്ടല്ലോ ഇതാണ് ഞങ്ങള്‍ക്കു കിട്ടിയ നന്ദി.”

ഒരു ചെറിയ ബുക്ക്‌ഷെല്‍ഫാണ് സൂസി ബിന്ദുവിനു വാങ്ങിക്കൊടുത്തത്.

എനിക്കേറ്റവും ആവശ്യമുള്ള സാധനം! എന്റെ മനസ്സിലെ ആഗ്രഹം അമ്മ എങ്ങനെയറിഞ്ഞു?
ബിന്ദുവിനെ സാരിയുടുപ്പിച്ച് സൂസി പള്ളിയില്‍ കൊണ്ടുപോയി. പിറന്നാള്‍ സ്‌ത്രോത്രകാഴ്ച ഇടുവിച്ചു. അവളേക്കാള്‍ സുന്ദരിയായി പള്ളിയില്‍ ആരുമില്ലെന്ന് സൂസിക്ക് തോന്നി.

ജോസും മേരിക്കുട്ടിയും പള്ളിയില്‍ വന്നിട്ടുണ്ടായിരുന്നു. അവര്‍ കണ്ണിമക്കാതെ ബിന്ദുവിനെ നോക്കി. എന്തു സുന്ദരിയായിരിക്കുന്നു! അവര്‍ സമ്മാനമായി നല്‍കിയ ഓപ്പല്‍ രത്‌നം പതിച്ച മോതിരം അവള്‍ വിരലിലണിഞ്ഞിരുന്നത് അവര്‍ ശ്രദ്ധിച്ചു. കാതില്‍ തൂവെള്ള മുത്തിന്റെ രണ്ടു കമ്മലുകളും.

സൂസി ഒരു കാറു വാങ്ങി. ബിന്ദു ഒരുപാടു നിര്‍ബന്ധിച്ചതുകൊണ്ടാണ് വാങ്ങിയത്. നമുക്കെന്തിനാണ് കാറ്? സൂസി ചോദിക്കും.

എനിക്ക് ഡ്രൈവിംഗ് പഠിക്കണ്ടേ അമ്മേ? നമുക്ക് കാറുണ്ടെങ്കിലല്ലേ എനിക്ക് ഡ്രൈവു ചെയ്യാന്‍ സാധിക്കൂ.

അതു ശരിയാണെന്നു സൂസിക്കു തോന്നി.

ഹൈസ്‌ക്കൂള്‍ കഴിഞ്ഞിട്ട് മോള്‍ക്ക് ഡ്രൈവിംഗ് പഠിക്കാം കേട്ടോ.
ബിന്ദു സമ്മതിച്ചു.

സൂസീ, നിങ്ങള്‍ വന്നിട്ട് ഇതുവരെ നാട്ടില്‍ പോയില്ലല്ലോ. വരുന്നുണ്ടോ ഞങ്ങളുടെ കൂടെ? ജൂലായ് മാസത്തില്‍ ജോസും മേരിക്കുട്ടിയും ബീനയേയും കൊണ്ട് നാട്ടിലേക്കു പോകുവാന്‍ തീരുമാനിച്ചു.

“വരുന്നിണ്ടിച്ചായാ. ശരികും ആഗ്രഹമുണ്ട്. അഞ്ചാറു വര്‍ഷമായില്ലേ നാടും വീടും കണ്ടിട്ട്”. ആഹ്ലാദത്തോടെ സൂസി പറഞ്ഞു.

നേരാണോ അമ്മേ? ബിന്ദുവിന് സന്തോഷം സഹിക്കവയ്യ. പ്ലെയിന്‍ ടിക്കറ്റിനുമൊക്കെ ഒരുപാടു ഡോളറാവില്ലേ? അമ്മേടെ കൈയില്‍ ഉണ്ടോ?

ഉണ്ട് മോളെ. സൂസി അവളോടു പറഞ്ഞു. ഈ വീട്ടില്‍ താമസമാക്കിയശേഷം ഒരു മാസത്തെ വാടകപോലും നമ്മള്‍ കൊടുത്തിട്ടില്ല. ഒരു വര്‍ഷത്തെ വാടക ഒരുമിച്ച് ചെക്കായി ഫിലിപ്പ്‌സാറിനെ ഏല്‍പിക്കും ജോസങ്കിള്‍. അമ്മ പ്രതിഷേധിച്ചപ്പോഴെല്ലാം പറഞ്ഞു. ഡോണ്‍ട് വറി എബൗട്ടിറ്റ് എന്ന്. നിനക്ക് കോളേജില്‍ ഫീസുകൊടുക്കാന്‍ ഡോളര്‍ കൂട്ടി വെക്കാന്‍ പറയുകയാണ് അങ്കിള്‍.

എല്ലാവര്‍ക്കുമുള്ള ടിക്കറ്റുകള്‍ ശരിയാക്കിയത് ജോസാണ്. ഒരാഴ്ചത്തെ ഷോപ്പിംഗ്. തയ്യാറെടുപ്പുകള്‍. വീടും ലാബും അന്നയുടെ ചുമതലയിലായി.

നാട്ടില്‍ പോകാന്‍ ബീനക്കു വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല.

തിരുവനന്തപുരത്തു വിമാനമിറങ്ങുമ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു. ബര്‍ണാര്‍ഡ് സാറും കുഞ്ഞന്നാമ്മയും എയര്‍പ്പോര്‍ട്ടില്‍ കാത്തുനിന്നിരുന്നു.

ആഹ്ലാദകരമായ കൂടിക്കാഴ്ച!!

രണ്ടു ദിവസം കൊണ്ട് ബീനക്ക് നാടുമടുത്തു. റോഡിലെ തിക്കും തിരക്കും കണ്ട് അവള്‍ മുഖം ചുളിച്ചു. വൃത്തിയില്ല. മഴ പെയ്താല്‍ നരകമാണ്. തൊഴുത്തിലെ പശുക്കളുടെ നാറ്റം അവള്‍ക്കു സഹിക്കാന്‍ കഴിയുന്നില്ല. കൊതുകു കുത്തി ദേഹമാസകലം തിണര്‍ത്തു.

ഇടയ്ക്കിടെ കറണ്ടുകട്ടാവും. വാട്ടര്‍സപ്ലൈ നില്‍ക്കും. കത്തിച്ചു വെക്കുന്ന മെഴുകുതിരികള്‍ക്ക് ഒട്ടും വെളിച്ചമില്ല. അന്തരീക്ഷം മുഴുവന്‍ പൊടിയാണ്.

ഭക്ഷണസാധനങ്ങള്‍ ധാരാളം അവള്‍ കൂടെകൊണ്ടു വന്നിരുന്നു. സൂപ്പുകള്‍, സീറിയലുകള്‍, ചോക്കളേറ്റ് ബാറുകള്‍… ജോലിക്കാരെക്കൊണ്ട് ഒന്നും തൊടീച്ചില്ല അവള്‍.

വീട്ടില്‍ വന്നു രണ്ടാം ദിവസം ജോസും മേരിക്കുട്ടിയും ബീനയും കൂടി ഉത്തരേന്ത്യയിലെ സുഖവാസകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയി. ബിന്ദുവിനെ വിളിച്ചെങ്കിലും അവള്‍ പോയില്ല.

കടല്‍ത്തീരത്ത് വല്യപ്പച്ചനോടും വല്യമ്മച്ചിയോടും ഒരുമിച്ചിരുന്ന് കടല കൊറിച്ചു, അസ്തമനം കണ്ടു, ഒരേസമയം കടല്‍ചക്രവാളത്തോടും കരയോടും സംഗമിക്കുന്ന അത്യത്ഭുതം കണ്ട് ബിന്ദു പുളകം കൊണ്ടു.

ബിന്ദുവിന് ആഭരണം വാങ്ങാന്‍ സൂസിയും കുഞ്ഞന്നാമ്മയും അവളേയും കൊണ്ട് ആലപ്പാട്ട് ജൂവലേഴ്‌സില്‍ പോയി.

ബീനക്കു വാങ്ങണ്ടേ മോളെ? കുഞ്ഞന്നാമ്മ സൂസിയോടും ചോദിച്ചു.

'അവളുടെ കാര്യത്തില്‍ ഞാന്‍ ഇടപെടാറില്ലമ്മച്ചീ. അമ്മാമ്മക്ക് അതിഷ്ടമല്ല. ബീനയെ ഞാന്‍ വശീകരിച്ചുകളയുമോ എന്ന് പേടിയാണ് അമ്മാമ്മക്ക്. അവളെ അമേരിക്കനൈസ്ഡ് ആയിട്ടാണ് വളര്‍ത്തുന്നത്.'

വളരെ നേരം സൂസി ബീനയെക്കുറിച്ച് കുഞ്ഞന്നാമ്മയോടു സംസാരിച്ചു. വര്‍ഷങ്ങളായി ഹൃദയത്തില്‍ ഒതുക്കി വെച്ചിരുന്നതെല്ലാം അണപൊട്ടിയൊഴുകി.

ബിന്ദുവിനേയും കൊണ്ട് സൂസി ഒരു ദിവസം എറണാകുളത്തെ വീട്ടില്‍ പോയി. അവിടെ ഇപ്പോള്‍ ഒരു കോളേജ് അധ്യാപകന്‍ കുടുംബമായി വാടകക്കു താമസിക്കുകയാണ്.

മാലതിസ്സാറിനെ വീട്ടില്‍ ചെന്നുകണ്ടു. സമ്മാനങ്ങള്‍ കൊടുത്തു. മാലതിസ്സാര്‍ റിട്ടയര്‍ ചെയ്തു വിശ്രമിക്കുകയാണ്.

അയ്യോ അന്നത്തെ കുഞ്ഞു ബിന്ദുവാണോ.. എന്റെ മുന്നില്‍ നില്‍ക്കുന്ന ഈ സുന്ദരിക്കൊച്ച്? ബിന്ദുവിനെ ആലിംഗനം ചെയ്തുകൊണ്ട് മാലതിസ്സാര്‍ ചോദിച്ചു.

ബീനയെ കാണാന്‍ സാധിക്കാത്തതില്‍ സാറിന് നിരാശയുണ്ടായിരുന്നു.

ഇടയ്ക്കിടെ സൂസിയും മാലതിസ്സാറും കത്തെഴുതാറുണ്ടായിരുന്നെങ്കിലും നേരിട്ടു കണ്ടപ്പോള്‍ പറഞ്ഞാലും കേട്ടാലും തീരാത്തത്ര വിശേഷഹ്ങള്‍ രണ്ടുപേര്‍ക്കും.

പറ്റിയ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാത്തതെന്താണെന്ന് മാലതിസ്സാര്‍ ചോദിച്ചു. സൂസി ഇപ്പോഴും ചെറുപ്പമല്ലേ.

'ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും മനുവിനെ എനിക്കു മറക്കാന്‍ കഴിഞ്ഞിട്ടില്ല സാറേ!' സൂസി പറഞ്ഞു. 'ആ സ്ഥാനത്ത് വേറൊരു പുരുഷനെ സങ്കല്പിക്കാന്‍ പോലും സാധിക്കില്ല.'

ഏറെനേരം സൂസി സംസാരിച്ചിരുന്നു. മാലതിസ്സാറിന് ഒരുപാടു കാര്യങ്ങള്‍ അറിയാനുണ്ട്. ജോലിസ്ഥലത്തെപ്പറ്റി, അവിടുള്ള ജോലിക്കാരെപ്പറ്റി, അവരുടെ പെരുമാറ്റത്തെപ്പറ്റി….

“എന്റെ ലാബിലും ആശുപത്രിയിലും ധാരാളം കറുത്തവരും വെളുത്തവരും ആയ പുരുഷന്മാര്‍ ജോലി ചെയ്യുന്നുണ്ട്. ഞാനൊരു വിധവയാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ ഒരാള്‍ പോലും അര്‍ത്ഥം വെച്ചു നോക്കുകയോ സംസാരിക്കുകയോ അബദ്ധത്തിലെങ്കിലും ഒന്നു സ്പര്‍ശിക്കയോ ചെയ്തിട്ടില്ല. നമ്മുടെ നാട്ടിലെ പുരുഷന്മാരുടെ ഭാഗത്തുനിന്നും ഇത്തരം മാന്യമായ പെരുമാറ്റം ഉണ്ടാവുമോ സാറേ? ഇവിടെ തിരക്കുള്ള ബസില്‍ കയറിയാലുള്ള അനുഭവം സാറിനറിയാമല്ലോ.”

“രണ്ടാഴ്ചയിലൊരിക്കലാണ് ശമ്പളം കിട്ടുന്നത്. എല്ലാ ശമ്പളചെക്കിലും ടാക്‌സ് പിടിച്ചിരിക്കും. റിട്ടേണ്‍സ് അയയ്ക്കുമ്പോള്‍ കൂടുതല്‍ പിടിച്ച തുക മടക്കിത്തരും. കുറച്ചേ പിടിച്ചിട്ടുള്ളൂവെങ്കില്‍ ബാക്കി തുക അങ്ങോട്ടുകൊടുക്കണം. ഇങ്ങോട്ടു കിട്ടാനുള്ള തുകയ്ക്ക് ഓഫീസുകള്‍ കയറിയിറങ്ങേണ്ട. ചെക്ക് തപാലില്‍ വീട്ടില്‍ വരും.”

“വെള്ളം, കറന്റ്, ഫോണ്‍ തുടങ്ങി എല്ലാറ്റിനും ബില്ല് വീട്ടില്‍ കിട്ടും. അഡ്രസ്സെഴുതിയ ഒരു കവറും കാണും. ബില്ലിലെ തുകക്കു ചെക്കെഴുതി സ്റ്റാമ്പൊട്ടിച്ച് പോസ്റ്റ് ബോക്‌സില്‍ ഇട്ടാല്‍ മതി. ഒരു ഓഫീസിലും പോയി ക്യൂ നില്‍ക്കണ്ട.”

കൊള്ളാമല്ലോ സൂസി. മാലതിസ്സാറിന് ആശ്ചര്യം!

ഒരു പാടു നന്മകളുണ്ട് അമേരിക്കയില്‍. അതുപോലെ തിന്മകളും ഉണ്ട്. വിവാഹിതരല്ലാത്ത, പതിമൂന്നു വയസ്സുകാരികളായ അമ്മമാരുണ്ട്. കൈക്കുഞ്ഞിനേയും കൊണ്ട് ക്ലാസില്‍ പോകും. ടീച്ചര്‍മാര്‍ക്ക് ഒന്നും പറയാന്‍ സാധിക്കില്ല.

എന്റെ ലാബില്‍ ഏതെല്ലാം സുഖക്കേടുള്ളവരുടെ സ്‌പെസിമെന്‍ പരിശോധനക്കു വരുമെന്നറിയാമോ? നമ്മള്‍ വളരെ രഹസ്യമായി മാത്രം സംസാരിക്കാറുള്ള ചില രോഗങ്ങളില്ലേ, അതൊക്കെ അവിടെ വെറും ജലദോഷപ്പനി പോലെയാണ്.

“പല വീടുകളിലും കുഴപ്പങ്ങളുണ്ട്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ മേല്‍ക്കോയ്മക്കു വേണ്ടി വടംവലിയാണ്. കൂടുതല്‍ ഡോളറുണ്ടാക്കുന്നയാളിന് ഗൃഹഭരണം വേണം. മീശയുള്ള ആണുങ്ങള്‍ സമ്മതിച്ചു കൊടുക്കത്തില്ല. പിന്നെ വഴക്കായി, തല്ലായി പോലിസിനെ വിളിക്കലായി, ആകെ നാറ്റമായി.”

പലതും പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല. മാലതിസ്സാര്‍ സൂസിയെ അന്ന് തിരുവനന്തപുരത്തേക്ക് തിരികെപ്പോകാന്‍ സമ്മതിച്ചില്ല. ഇനിയെന്നാണ് സൂസി വരുന്നത്? അന്നു ഞാന്‍ ജീവിച്ചിരിക്കുമോ എന്നു പോലും അറിയില്ല. ഇന്നിവിടെ കിടക്ക്. നമുക്ക് തിരുവനന്തപുരത്തിന് വിളിച്ചു പറയാം.

അമേരിക്കയിലേക്ക് മടങ്ങുന്നതിനു രണ്ടു ദിവസം മുമ്പു മാത്രമേ ജോസും മേരിക്കുട്ടിയും ബീനയും തിരിച്ചെത്തിയുള്ളൂ.

എയര്‍പ്പോര്‍ട്ട്, വീണ്ടുമൊരു വിടപറയല്‍ …
അമേരിക്കയില്‍ തിരിച്ചെത്തിയപ്പോഴാണ് ബീനക്കു സമാധാനമായത്. കരയില്‍ പിടിച്ചിട്ട മീന്‍പോലെയായിരുന്നു അതുവരെ അവള്‍.

ജീവിതം വീണ്ടും പഴയ പതിവു ചാലില്‍ വീണു.

സെപ്റ്റംബര്‍ മാസമായി. സ്‌ക്കൂള്‍ തുറന്നു. പുതിയ ക്ലാസ്സുകള്‍ പുതിയ പാഠങ്ങള്‍.

ബീനയെ എന്നും സ്‌ക്കൂളില്‍ വെച്ച് ബിന്ദു കാണാറുണ്ട്. കാണുമ്പോള്‍ രണ്ടുപേരും 'ഹായ'് പറയും.
എല്ലാ വിഷയങ്ങള്‍ക്കും ബീനA+ആണ്. ഒരു Bആവറേജില്‍ കൂടുതല്‍ ഉയരാന്‍ എത്ര ശ്രമിച്ചിട്ടും ബിന്ദുവിന് സാധിച്ചില്ല.

ബീനയെക്കുറിച്ച് ചില ഗോസിപ്പുകള്‍ കേള്‍ക്കാന്‍ തുടങ്ങി. ഏതു സമയവും ഷാനന്‍ അവളുടെ കൂടെ കാണും. അവരെ ചുറ്റിപ്പറ്റി കുറെ ആണ്‍പിള്ളേരും. ചിലപ്പോള്‍ ഇടതുവശത്തും വലതു വശത്തും  ഓരോ ആണ്‍പിള്ളേരുടെ കൈയില്‍ തൂങ്ങിയാവും ബീന നടക്കുക.

ഒരു ദിവസം, കൂടെ ജോലിചെയ്യുന്ന പെഗ്ലിയുടെ വീട്ടിലേക്കു പോകാന്‍ സൂസി ഇറങ്ങിയപ്പോള്‍ സീന അടുത്തേക്കു ചെന്നു.

'ആന്റി എനിക്കൊരു റൈഡു തരാമോ? ഡോമിലെ ആവശ്യത്തിനായി ബെഡ്ഷീറ്റുകളും മറ്റും വാങ്ങാനുണ്ട്. എന്നേയും ബിന്ദുവിനേയും സ്റ്റോറില്‍ വിട്ടിട്ട് ആന്റി പൊക്കോ. ഷോപ്പിംഗ് കഴിഞ്ഞ് ഞങ്ങള്‍ കൗണ്ടറിനടുത്തു നില്ക്കാം. ആന്റി വരുന്നതുവരെ.' സ്റ്റോറിനു മുമ്പില്‍ കാര്‍നിര്‍ത്തി സീനയേയും ബിന്ദുവിനേയും ഇറക്കി. പരിചയമില്ലാത്തവരോട് സംസാരിക്കരുത്. ആര് എന്തു പറഞ്ഞാലും വിശ്വസിച്ച് കൂടെപ്പോകരുത്. കുറച്ചു വൈകിയാലും ഞാന്‍ വരുന്നതുവരെ കൗണ്ടറിനടുത്തു നില്‍ക്കണം. രണ്ടു പേര്‍ക്കും അവള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

 'ശരിയമ്മേ.' ബിന്ദു തലകുലുക്കി.

 'ആന്റി ധൈര്യമായിട്ട് പോയിവാ.'

പെണ്‍കുട്ടികളുടെ തുണിത്തരങ്ങള്‍ വില്‍ക്കുന്ന വിഭാഗത്തില്‍ ഓരോന്നു തിരഞ്ഞുകൊണ്ട് നില്‍ക്കുന്നതിനിടയില്‍ സീന ബിന്ദുവിനെ ഒന്നു തോണ്ടി.

'ദാ അങ്ങോട്ട് നോക്ക്. ആരാണ് നില്‍ക്കുന്നതെന്നു കണ്ടോ.' ശബ്ദം താഴ്ത്തി സീന പറഞ്ഞു.

ബിന്ദു തലതിരിച്ചു നോക്കി. ബീനയും ഷാനനും ഒരു ചെറുപ്പക്കാരനും കൂടി ഒരു കോണില്‍ നില്‍ക്കുന്നു. ഷാനനെ ഇടുപ്പിലൂടെ കൈയിട്ട് ദേഹത്തോടു ചേര്‍ത്ത് പിടിച്ചിരിക്കയാണ് അയാള്‍. ഇടയ്ക്കിടെ ബീനയെ പിടിച്ചടുപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട്.

നമുക്കങ്ങോട്ടു ചെല്ലാം. നമ്മള്‍ എല്ലാം കണ്ടെന്ന് ബീന അറിയട്ടെ. സീന പറഞ്ഞു.
അവര്‍ ഇരുവരും ബീനയുടെ അടുത്തെത്തി.

ഹലോ ബീനാ പുഞ്ചിരിയോടെ സീന പറഞ്ഞു. ബീന തിരിഞ്ഞു നോക്കി. ബിന്ദുവിനെ കണ്ട് അവളുടെ മുഖം കറുത്തു.

'വി ഫിനിഷ്ഡ് ഷോപ്പിംഗ്. വരൂ ഷാനന്‍ നമുക്കു പോകാം.' ബിന്ദുവിനെ നോക്കി പറഞ്ഞിട്ട് ബീന നടന്നു. ചെറുപ്പക്കാരനും പിന്നാലെ ചെന്നു.

ഷാനന്‍ അങ്ങോട്ടുമിങ്ങോട്ടും ഒന്നുരണ്ടു തവണ നടന്നിട്ട് സൂത്രത്തില്‍ രണ്ട് അടിവസ്ത്രങ്ങള്‍ ഹാന്‍ഡ്ബാഗിനുള്ളിലാക്കി.

ബിന്ദുവും സീനയും അതു കണ്ടു.

'ഈ ഷാന്‍ ഒരു കള്ളി കൂടിയാണല്ലോ. ഡോളറില്ലാത്തതു കൊണ്ടാണോ അവള്‍ മോഷ്ടിച്ചത്? ബീനയെ അവള്‍ നശിപ്പിക്കും. അവള്‍ മോഷ്ടിച്ച തുണിത്തരങ്ങള്‍ ബീനയുടെ ബാഗില്‍ ഇട്ടാല്‍ സെക്യൂരിറ്റി ബീനയെ ഷോപ്പ്‌ലിഫ്ടിംഗിന് പിടിക്കും. അവളുടെ മമ്മിയോടും ഡാഡിയോടും ഇക്കാര്യം പറയാതിരിക്കുന്നത് ശരിയല്ല.' സീനക്ക് വല്ലാത്ത ദേഷ്യം തോന്നി ഷാനനോട്.

ബിന്ദുവിനേയും സീനയേയും കട്ടിക്കൊണ്ടുപോകാന്‍ സൂസി വന്നു.

എന്തുപറ്റി മോളേ? ബിന്ദുവിന്റെ മുഖം വാടിയിരിക്കുന്നതു കണ്ട് അവള്‍ ചോദിച്ചു.
'ഒന്നുമില്ലമ്മേ.'

'എന്തോ ഉണ്ട്. എന്തു സംഭവിച്ചു സീനാ?'

സീനയാണ് കാര്യങ്ങളെല്ലാം പറഞ്ഞത് സൂസിക്കും വല്ലാത്ത വിഷമമായി.

ബീനയുടെ ഒരു കാര്യത്തിലും ഇടപെടരുതെന്നു വിചാരിച്ചതാണ്. പക്ഷേ അവള്‍ ഷാനനെ അനുകരിച്ചാല്‍? മോഷക്കുറ്റത്തിനു പിടക്കപ്പെട്ടാല്‍? നാണക്കേടു മാത്രമല്ല; അവളുടെ റെക്കോര്‍ഡില്‍ അതു  രേഖപ്പെടുത്തും. ഭാവിയില്‍ അത് ദോഷം  ചെയ്യും.

ജോസാച്ചാച്ചനോടും മേരിക്കുട്ടിമ്മാമ്മയോടും പറയാതിരിക്കുന്നതെങ്ങനെ? പെറ്റമ്മയല്ലേ ഞാന്‍.
സൂസി ജോസിന്റെ വീട്ടിലേക്കു വിളിച്ചു. മേരിക്കുട്ടിയാണ് ഫോണെടുത്തത്. സ്റ്റോറില്‍ വെച്ച് ബിന്ദുവും സീനയും കണ്ട കാര്യങ്ങളെല്ലാം അവള്‍ മേരിക്കുട്ടിയോട് പറഞ്ഞു.

'അതൊന്നും അത്ര കാര്യമാക്കാനില്ല സൂസി. ഈ പ്രായത്തില്‍ കുട്ടികള്‍ ചില കുസൃതികളൊക്കെ ഒപ്പിക്കും. അതു സാധാരണയാണ്.'

ഷോപ്പ് ലിഫ്ടിംഗ് കുറ്റകരമായ പ്രവൃത്തിയാണെന്ന് മേരിക്കുട്ടിക്ക് പൂര്‍ണ്ണബോധ്യമാണ്. പക്ഷെ സൂസി ബീനയുടെ കാര്യത്തില്‍ കാട്ടിയ താല്പര്യം മേരിക്കുട്ടിക്കത്ര രസിച്ചില്ല.
സൂസിക്ക് ദേഷ്യം വന്നു.

'അമ്മാമ്മ ഷോപ്പ് ലിഫ്ടിംസിനെ എത്ര നിസ്സാരമായെടുക്കുന്നു! കുഞ്ഞുങ്ങളെ തെറ്റും ശരിയും പറഞ്ഞു കൊടുത്തു വളര്‍ത്തണം. നിങ്ങള്‍ അവളുടെ ഭാവി നശിപ്പിക്കും.'

ബീനയുടെ ഭാവി ഞങ്ങള്‍ നോക്കിക്കൊള്ളാം. നീയതില്‍ ഇടപെടണ്ട. മേരിക്കുട്ടിക്കും ദേഷ്യം വന്നു.

'അവള്‍ എന്റെ കുഞ്ഞാണ് ഞാന്‍ പ്രസവിച്ച കുഞ്ഞ്. ഇടപെടാതിരിക്കാന്‍ എനിക്കു കഴിയില്ല.'

'പ്രസവിച്ചതു കൊണ്ടു മാത്രം നീയവളുടെ അമ്മയാവുന്നില്ല. നിയമപരമായി നീ അവളുടെ ആരുമല്ല. എന്റെ മോളെ സംരക്ഷിക്കാന്‍ നിന്റെ ആവശ്യമില്ല. ബീനക്കറിയാം അവളെ സൂക്ഷിക്കാന്‍. അമേരിക്കയില്‍ വരാന്‍ വേണ്ടി പ്രസവിച്ച കുഞ്ഞിനെ മറ്റൊരാള്‍ക്കു കൊടുത്ത നീയാണോടീ അമ്മയുടെ മഹത്വം പറഞ്ഞു കൊണ്ടു വരുന്നത്?' മേരിക്കുട്ടി കടുപ്പിച്ചു സംസാരിച്ചു.

'അമ്മാമ്മേ നിങ്ങള്‍ വെറും ചീപ്പാണ്. പ്രസവിച്ചതു കൊണ്ടു മാത്രം അമ്മയാവില്ലെന്ന് അമ്മാമ്മക്കെങ്ങനെയറിയാം? അമ്മ എന്ന സ്ഥാനം ഭാഗ്യമുള്ള സ്ത്രീകള്‍ക്ക് ദൈവം കൊടുക്കുന്ന പരിശുദ്ധമായ ഒരു പദവിയാണ്. സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞിനെ ഒരു അമ്മയും നശിക്കാന്‍ വിടില്ല..'

വായില്‍ വന്നതൊക്കെ സൂസി പറഞ്ഞു.

മേരിക്കുട്ടി തിരിച്ചും പറഞ്ഞു.

പൊട്ടിക്കരഞ്ഞുകൊണ്ടാണ് സൂസി ഫോണ്‍ വെച്ചത്.

ജോസച്ചാച്ചനെ കാണട്ടെ. ചോദിക്കാനുണ്ട് ചിലത്. അമേരിക്കയിലേക്കു വരാന്‍ വേണ്ടി സ്വന്തം കുഞ്ഞിനെ ഞാന്‍ മറ്റൊരാള്‍ക്കു കൊടുത്തത്രേ. അതായിരുന്നോ സത്യം. കെഞ്ചി കാലുപിടിക്കാന്‍ വരെ തയ്യാറായതല്ലേ അമ്മാമ്മ. എത്ര വാഗ്ദാനങ്ങള്‍ നല്‍കിയാണ് എന്റെ നെഞ്ചില്‍നിന്നും ബീനയെ പറിച്ചെടുത്തത്.

ജോസച്ചാച്ചന് സമയമില്ല ബീനയെ ശ്രദ്ധിക്കാന്‍. എത്ര പണമുണ്ടായാലും മതിയാവില്ല. കൊച്ചിനെ നഷ്ടപ്പെട്ടു പോയാല്‍ പണം കൊണ്ടെന്തു പ്രയോജനം?

ബീനക്ക് സ്വയം സൂക്ഷിക്കാനറിയാമത്രേ. അവള്‍ക്കെങ്ങനെ അറിയാം? ജോസച്ചാച്ചനും അമ്മാമ്മയും പറഞ്ഞുകൊടുക്കാതെ? സന്മാര്‍ഗ്ഗം ഇല്ലാത്ത ചെറുപ്പക്കാര്‍ ചെയ്യുന്നതൊക്കെ അവളും ചെയ്യും. അവള്‍ക്കതേ അറിയൂ.

പതിനാറു കഴിഞ്ഞ പെണ്‍കുട്ടിയാണവള്‍. ചതിവു പറ്റാന്‍ അധികം സമയം വേണ്ട.

സൂസി വല്ലാതെ അസ്വസ്ഥയായി.


Previous Page : Link:http://emalayalee.com/varthaFull.php?newsId=48867



സ്വപ്നാടനം(നോവല്‍ ഭാഗം-12)- നീന പനയ്ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക