Image

ഹൂളിഗന്‍ ടൂള്‍ (തോമസ്‌ കെ. എബ്രഹാം)

Published on 26 April, 2013
ഹൂളിഗന്‍ ടൂള്‍ (തോമസ്‌ കെ. എബ്രഹാം)
പോലീസ്‌ സബ്ബ്‌ ഇന്‍സ്‌പെക്‌ടറോ, എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടറോ ആകണമെന്നാണ്‌ മോഹമെങ്കില്‍ കാര്യം വളരെ എളുപ്പമാണ്‌. ആദ്യം നൂറു മാര്‍ക്കിന്റെ ഒരു പരീക്ഷ. കേരള പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷന്‍ നടത്തും. നൂറിലൊരു എഴുപതൊക്കെ കിട്ടിയാല്‍ കണ്ണെഴുതി പൊട്ടും തൊട്ട്‌ ചാന്തുപൊട്ടായിട്ടങ്ങ്‌ ചെന്നാല്‍ മതി. കണ്ണൊന്നു പരിശോധിക്കും. സ്‌നെല്ലന്‍ കണക്കിന്‌. പിന്നെയാണ്‌ ഏറ്റവും എളുപ്പം. ഒരു കടലാസില്‍ നൂറുമീറ്റര്‍, ഷോട്ടപുട്ട്‌, ലോംഗ്‌ ജമ്പ്‌, ഹൈജമ്പ്‌, ക്രിക്കറ്റ്‌ ബാള്‍ ത്രോ, റോപ്പ്‌ ക്ലൈമ്പിങ്ങ്‌, ആയിരത്തിയഞ്ഞൂറുമീറ്റര്‍ ഓട്ടം എന്ന്‌ കാണും. വളരെ റിലാക്‌സ്‌ ചെയ്‌ത്‌ തിരുനാവായില്‍ നടക്കുന്ന മാമാങ്കത്തില്‍ പങ്കെടുത്താല്‍ മതി.

പരിപാടി കഴിയുമ്പോള്‍ ഒരു പോലീസ്‌ ഏമാന്‍, ഐ.ജി.യില്‍ താഴില്ല, ടിയാന്‍ ഭൂരിപക്ഷത്തിനെ ഗ്രൗണ്ടിന്‌ പുറത്തേക്കും ചെറിയൊരു ന്യൂനപക്ഷത്തിനെ ലിസ്റ്റിനുള്ളിലേക്കും യാത്രയാക്കി സീല്‍ പതിക്കും. വേറേയും ഉയര്‍ന്ന പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷന്‍ ഉദ്യോഗസ്ഥന്മാര്‍ തമാശ കാണാനായി ചുറ്റുപ്പറ്റി നടക്കുന്നുണ്ടാകും. അവരാണ്‌ ശരി ഏമാന്മാരെന്ന്‌ വൈകിയേ മനസ്സിലാകൂ.

കുറച്ചുകഴിഞ്ഞ്‌ ക്ഷണക്കത്ത്‌ കിട്ടിയാല്‍ പട്ടം പറപ്പിച്ച്‌ പട്ടം വരെ പോകണം. കൂടിക്കാഴ്‌ച്ചാ ബോര്‍ഡില്‍ കുറെ പ്രൊഫസര്‍മാരും, മന:ശ്ശാസ്‌ത്രജ്ഞന്മാരും, ഡോക്‌ടര്‍മാരും, സമുന്നതരായ കുറെ പോലീസ്‌, എക്‌സൈസ്‌ ആഫീസര്‍മാരും റിട്ടയേര്‍ഡ്‌ പട്ടാളമേധാവികളും കൂടി പത്തിരുപത്‌ മിനിറ്റ്‌ വിശേഷമൊക്കെ ചോദിച്ചുമനസ്സിലാക്കി, ആയതിന്‌ നന്ദി രേഖപ്പെടുത്തി യാത്രയാക്കും. പുറത്ത്‌ കാത്തുനിന്നാല്‍ ചായയും, ചൂടു വടയും കാന്റീനില്‍ നിന്നും അകത്തേക്കു കൊണ്ടുപോകുന്നതുകാണാം.

വീട്ടില്‍ പോയി നല്ല ഭക്ഷണം കഴിച്ച്‌ ഉണ്ട്‌, ഉറങ്ങി, ഉത്സവത്തിനും, ആല്‍ത്തറയിലും അമ്പലമുറ്റത്തും ഹാജര്‍ വച്ചിരുന്നാല്‍ മതി. പേര്‌ ബുള്ളറ്റിനിലും, നമ്പര്‍ ഗസറ്റിലും വന്നാല്‍ കായകല്‌പ ചികിത്സക്കായി ട്രെയിനിംഗ്‌ കോളേജുകളിലേക്ക്‌ വിളിക്കും.

അമേരിക്കയില്‍ വിമാനത്താവളങ്ങളില്‍ മനുഷ്യരുടെ രഹസ്യങ്ങള്‍ മനസ്സിലാക്കാന്‍ റാപ്പിസ്‌കാന്‍ ഗാമാ റേ സ്‌കാനറുകള്‍ സ്ഥാപിച്ച്‌ `ലാ സ്യൂട്ടുകളില്‍' കുരുങ്ങി യന്ത്രങ്ങള്‍ തുരുമ്പെടുക്കുന്നു. ഇവിടെ ആണ്‍-പെണ്‍ കേഡറ്റുകള്‍ക്ക്‌ `ബര്‍ത്ത്‌ ഡേ സ്യൂട്ടുകള്‍' നല്‌കി ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ്‌ നിര്‍ത്തിയും, കിടത്തിയും, ഇരുത്തിയും, തൊട്ടും, തലോടിയും, ഞെക്കിയും നോക്കിക്കഴിയുമ്പോഴറിയാം ഇവനോ, ഇവളോ പോലീസ്‌ സൂപ്രണ്ടോ, ജോയിന്റ്‌ എക്‌സൈസ്‌ കമ്മീഷണറോ ആയി വിരമിക്കുമോയെന്ന്‌. ചങ്കിനോ, പ്ലീഹയ്‌ക്കോ, കരളിനോ, കുടലിനോ കുഴപ്പമുള്ളവരെ വണ്ടിക്കൂലി കൊടുത്ത്‌ പറഞ്ഞുവിടും. പിന്നെയും പരീക്ഷകള്‍ നടക്കുന്നതിനാല്‍ ഡെപ്യൂട്ടി കളക്‌ടറായി സര്‍വ്വീസില്‍ കയറി ഹോം സെക്രട്ടറിയായി പോലീസിന്റെയും എക്‌സൈസിന്റെയും കടലാസുകളിലൊക്കെ മേലൊപ്പു വയ്‌ക്കാം.

രാവിലെ 5 മണിക്ക്‌ കട്ടന്‍കാപ്പിയും, മുട്ടയും കിട്ടും. അതിന്റെ ഓട്ടവും, ചാട്ടവും, കെട്ടിമറിയലും, കണ്ണുകെട്ടി കലം തല്ലും കഴിഞ്ഞ്‌ കുളിക്കാം. മിക്കവാറും ഡ്രൈക്ലീനിംഗാണ്‌. ഉച്ചവരെ ഉപ്പു നിയമം മുതല്‍ കര്‍പ്പൂരനിയമം വരെ പഠിപ്പിക്കും. കണ്ണുതുറന്നിരുന്ന്‌ ഉറങ്ങുന്ന വിദ്യ താനെ പഠിച്ചുകൊള്ളും.

ഉച്ചയ്‌ക്ക്‌ മൂന്നുമണിക്ക്‌ തോക്ക്‌, ലാത്തി, റിവോള്‍വര്‍, പിസ്റ്റല്‍, ഡെറി തുടങ്ങയിയവയുമായി ഒരു മല്‍പ്പിടുത്തമുണ്ട്‌. മേമ്പൊടിക്ക്‌ റഷ്യാക്കാരുടെ വക അണ്‍-ആംഡ്‌ കോംബാറ്റും. ബോള്‍പെന്‍കൊണ്ട്‌ അസ്ഥാനത്തൊരു കാച്ചുകൊടുത്താല്‍ മതി. ആളു വടി. അഞ്ചര കഴിയാതെ സ്വസ്ഥത കിട്ടില്ല.

വനിതാ ആഫീസര്‍മാരും കേഡറ്റുകളുമായി ഇരുനൂറു പേര്‍. രാജ്യാന്തര വോളിബോള്‍ താരങ്ങള്‍ മുതല്‍, പഴയ ക്യാമ്പസ്‌ സുന്ദരിമാരും, വീട്ടമ്മമാരും വരെയുണ്ട്‌. വൈകിട്ട്‌ കുളികഴിഞ്ഞ്‌ `മുറ്റത്തെത്തുന്ന മുടിയഴിച്ചിട്ട്‌ ഹനുമാന്‍ കോവിലിനുചുറ്റും പ്രദക്ഷിണം വയ്‌ക്കുന്നവരെ' കടന്ന്‌ റിക്രിയേഷന്‍ റൂം ചുറ്റിയടിച്ച്‌ ആഫീസേഴ്‌സ്‌ മെസ്സില്‍ എത്തിയാല്‍ എട്ടാകുമ്പോള്‍ ഭക്ഷണം റെഡി.

`പന്ത്രണ്ടുമക്കളെപ്പെറ്റൊരമ്മ'യും `എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരിയും', റമ്മിയും, ചെസ്സും, അമ്പത്താറും പൊടിപൊടിക്കുമ്പോള്‍ എന്ത്‌ പുകില്‍ നടന്നാലും ഒരു കൂസലുമില്ലാതെ ഉറങ്ങുന്ന മഹാന്മാരും ബാരക്കില്‍ ഉണ്ട്‌. മുങ്ങല്‍വിദഗ്‌ദ്ധന്മാരെ പിടിക്കാന്‍ ചിലപ്പോള്‍ പ്രിന്‍സിപ്പാള്‍ അലക്‌സാണ്ടര്‍ ജേക്കബ്ബ്‌ സാര്‍ അര്‍ദ്ധരാത്രിയില്‍ റോള്‍ കോള്‍ ഉത്തരവിടുന്നതും വിരളമല്ല.

ആംസ്‌ ആക്‌ട്‌ പഠിപ്പിക്കാന്‍ അഡ്വ. ഷേര്‍ലി വന്നു. ചെറിയകുട്ടി. വലിയ പഠിത്തം. പഠിച്ച കോളജ്‌, താമസിച്ചിരുന്ന സ്ഥലം എല്ലാം പറഞ്ഞു. കേഡറ്റുകളും പേരും സ്ഥലവും പറഞ്ഞ്‌ അങ്ങോട്ടും പരിചയപ്പെട്ടു. മാഡം ചോദിച്ചു: `എനി ക്വസ്റ്റ്യന്‍സ്‌? ഷാല്‍ ഐ പ്രോസീഡ്‌?'

അപ്പോള്‍ വളരെ നൈസായി ഒരു കേഡറ്റ്‌ ചോദിച്ചു. `ടീച്ചറുടെ വീട്ടില്‍ ആരൊക്കെയുണ്ട്‌?'
ടീച്ചര്‍: `മനസ്സിലായി. മനസ്സിലായി. ഭര്‍ത്താവും രണ്ടു കുട്ടികളുമുണ്ട്‌.'

ഏതായാലും ആംസ്‌ ആക്‌ട്‌ നന്നായി മനസ്സിലായി. ടീച്ചറും, ടീച്ചിംഗും സുന്ദരമായിരുന്നു.
ഹൈദരാബാദ്‌ പോലീസ്‌ അക്കാദമിയില്‍ നിന്നും രവിതാ ചന്ദ്രശേഖര്‍, നീരാ റാവത്ത്‌, വിനോദ്‌കുമാര്‍ എന്നിവര്‍ പോലീസ്‌ ട്രെയിനിംഗ്‌ കോളേജിലെ കളികള്‍ കാണാന്‍ വന്നു. ഒരു മാസം ഉണ്ടായിരുന്നു. കൊച്ചുകള്ളന്മാരുടെ നാടകം ഇഷ്‌ടപ്പെട്ടെന്നു തോന്നുന്നു. പിന്നീടവര്‍ കേരളാ പോലീസില്‍ എ.എസ്‌.പി. മാരായി ചേര്‍ന്നു.

പുറമേ നിര്‍ദ്ദോഷമെന്നു തോന്നുന്ന കോട്ടണ്‍ ട്വില്‍ തുണിയാണെങ്കിലും, സ്റ്റെഫാനി പെങ്കൊച്ച്‌ ഡ്യൂ പോണ്ടിനുവേണ്ടി കണ്ടുപിടിച്ച കെവ്‌ലാര്‍ ആണ്‌ ബുള്ളറ്റ്‌ പ്രൂഫ്‌ വെസ്റ്റിനുള്ളില്‍. നേരിയ ഒരു സെറാമിക്‌ പ്ലേറ്റുകൂടി വച്ചാല്‍ 7.62 മില്ലീമീറ്റര്‍ വെടിയുണ്ടയേയും ചെറുക്കും. രണ്ടായിരത്തി എട്ടില്‍ കലാഷ്‌ നിക്കോവ്‌, ഗ്രനേഡ്‌ തുടങ്ങിയ കളിപ്പാട്ടങ്ങളുമായി ബോംബെയില്‍ പിക്‌നിക്കിനു വന്ന പാകിസ്ഥാന്‍കാര്‍ കള്ളനും പോലീസും കളിച്ച്‌ നൂറ്റി അമ്പത്താറുപേരെ തട്ടി. അവര്‍ക്കെതിരെ പടനയിച്ച ഹേമന്ത്‌ കാര്‍ക്കറേ, അശോക്‌ കാംതെ, വിജയ്‌ സലാസ്‌കര്‍ തുടങ്ങിയ ധീരന്മാരുടെ കൈവശം ഉണ്ടായിരുന്നത്‌ ഡഗ്ലസ്‌ മക്കാര്‍തര്‍ ദൂരെ കളഞ്ഞ .303, 9 എം.എം. പിസ്റ്റള്‍, ലാത്തി തുടങ്ങിയ തുക്കടാ തുപ്പാക്കികളായിരുന്നു. എട്ടു വെടിയേറ്റിട്ടും കസബിന്റെ തോക്കില്‍ കയറിപ്പിടിച്ച തുക്കാറാം ഒംപ്ലേ എന്ന അസിസ്റ്റന്റ്‌ സബ്‌ ഇന്‍സ്‌പെക്‌ടറും, അതിനിടയില്‍ കസബിനെ ലാത്തിക്കടിച്ച്‌ താഴെയിട്ട പോലീസുകാരനും കൈമുതലായുണ്ടായിരുന്നത്‌ ആവശ്യം പോലെ ചങ്കുറപ്പ്‌ മാത്രമായിരുന്നു. പല ആഫീസര്‍മാരും ബുള്ളറ്റ്‌ പ്രൂഫ്‌ വെസ്റ്റ്‌ ധരിച്ചിരുന്നു. സാധനം കൊള്ളാമായിരുന്നോ? ആഫീസര്‍മാര്‍ പലരും പെട്ടിയിലായി.

മൊസാദില്‍ നിന്നും പരിശീലനം ലഭിച്ച മനോജ്‌ എബ്രഹാം, അനൂപ്‌ കുരുവിള, വിനോദ്‌കുമാര്‍, മുഹമ്മദ്‌ യാസിന്‍ ഇവര്‍ സംസ്ഥാന പോലീസ്‌ സേനയില്‍ പ്രത്യാക്രമണവിഭാഗം ഉണ്ടാക്കി. ജര്‍മ്മനിയുടെ ജി.എസ്‌.ജി.9, ഇസ്രായേലിന്റെ യമാം, അമേരിക്കയുടെ സീല്‍ മാതൃകയില്‍. `തണ്ടര്‍ബോള്‍ട്ട്‌' എന്നാണ്‌ പേര്‌. ദില്ലിയിലും ഉണ്ട്‌ ഇതിന്റെ ചേട്ടന്മാര്‍. എന്‍.എസ്‌.ജി, എസ്‌.പി.ജി. തുടങ്ങിയവ. കൈ, തല, കാല്‍, പല്ല്‌, നഖം ഇവകൊണ്ട്‌ ഏറ്റവും കുറവ്‌ ബലം പ്രയോഗിച്ച്‌ ചങ്ങാതിയെ കീഴടക്കാനുള്ള `ക്രാവ്‌ മാഗാ' എന്ന വിദ്യ ഇസ്രയേല്‍ കമാന്റോകള്‍ ഇവര്‍ക്ക്‌ ചെവിയില്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്‌.

`ഹൂളിഗന്‍ ടൂള്‍' എന്നൊരു സാധനവും കൊടുത്തു. കതക്‌ പൊളിക്കാം, വേണമെങ്കില്‍ രണ്ടുപൂശും കൊടുക്കാം. ഒരു കരിമരുന്നുപ്രയോഗത്തിനുള്ള സ്റ്റണ്‍ ഗ്രനേഡ്‌, മയക്കുവെടി, മൂക്കിപ്പൊടി ഇവ കൈവശം ഉണ്ട്‌. അത്യാധുനിക തോക്കുകളുടെ ഒരു നിരതന്നെയുണ്ട്‌. എം4 കാര്‍ബൈന്‍, സ്റ്റേയര്‍ റൈഫിള്‍, ബെററ്റാ എം9, ഹെക്ക്‌ലര്‍ ആന്റ്‌ കോച്ച്‌, ഗ്ലോക്ക്‌ 19 പിസ്റ്റല്‍, ഇലക്‌ട്രോണിക്‌ ഷോക്ക്‌ ടേസര്‍, സെമി ഓട്ടോമാറ്റിക്കും, ഫുള്ളി ഓട്ടോമാറ്റിക്കും. ഒരുത്തന്‍ എട്ടടിമൂര്‍ഖന്‍, മറ്റവന്‍ രാജവെമ്പാല, വേറൊരാള്‍ കടുവ, പിന്നത്തവന്‍ കിടുവ.

ഇന്ന്‌ ട്രെയിനികളായി വരുന്ന കുട്ടപ്പന്മാര്‍ക്ക്‌ മനോഹരമായ അക്കാദമിയും, താമസ സൗകര്യങ്ങളുമുണ്ട്‌. തിരുവനന്തപുരത്തുനിന്നും തൃശ്ശൂര്‍ക്കുമാറിയെന്നുമാത്രം. ഡ്രൈവിംഗും, സ്വിമ്മിംഗും, സൈബര്‍ ക്രൈമും, പുതുതായുണ്ടെങ്കിലും, ലാത്തിച്ചാര്‍ജ്ജ്‌്‌ ഇപ്പോഴും ലാത്തിയടി തന്നെ.

കഴുത്തിന്റെ ഇടത്തടി
വലത്തടി, ഉച്ചിക്കടി
വയറേല്‍ കുത്ത്‌
റിപ്പീറ്റ്‌ ടില്‍ ജനം ഫ്‌ളൈ
ഗണപതി കൈകൊട്ടിയാണ്‌ കൈകൊട്ടിക്കളി
തത കിടതികത
ധിം ധിം തരികിടത.



തോമസ്‌ കെ. എബ്രഹാം

thomaskandanattu@gmail.com
ഹൂളിഗന്‍ ടൂള്‍ (തോമസ്‌ കെ. എബ്രഹാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക