Image

മാസം തികയാതെ പ്രസവം കേരളത്തില്‍ കൂടുന്നുവെന്ന് റിപ്പോര്‍ട്ട്

Published on 27 April, 2013
മാസം തികയാതെ പ്രസവം കേരളത്തില്‍ കൂടുന്നുവെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട്: കേരളത്തില്‍ മാസം തികയാതെയുള്ള പ്രസവങ്ങള്‍ കൂടുന്നു. ദേശീയ ഗ്രാമീണ ആരോഗ്യമിഷനും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സും (ഐ.എ.പി.) ചേര്‍ന്ന് നാലു ജില്ലകളില്‍ നടത്തിയ പഠനത്തില്‍ മാസം തികയാതെയുള്ള പ്രസവങ്ങള്‍ ശിശുമരണനിരക്ക് കൂട്ടുന്നതായും കണ്ടെത്തി. മരിച്ച കുഞ്ഞുങ്ങളില്‍ 90 ശതമാനവും മാസം തികയാതെ പിറന്നവരായിരുന്നു. 

കണ്ണൂര്‍, വയനാട്, എറണാകുളം, കൊല്ലം ജില്ലകളിലാണ് പഠനം നടന്നത്. കൊല്ലത്താണ് ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ മരിച്ചത്.
ഗര്‍ഭകാലമായ 37 ആഴ്ച പൂര്‍ത്തിയാവാതെ നടക്കുന്ന പ്രവസങ്ങളെയാണ് പ്രീമെച്വര്‍ ബെര്‍ത്ത് എന്ന് വിളിക്കുന്നത്. 3435 ആഴ്ചകളിലാണ് പ്രസവം നടക്കുന്നതെങ്കില്‍ അമ്മയും കുഞ്ഞും പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നു. മാറുന്ന ജീവിതശൈലിയും ഗര്‍ഭകാലത്തെ ശ്രദ്ധക്കുറവുമാണ് മാസം തികയാതെയുള്ള പ്രസവങ്ങളുടെ പ്രധാനകാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തിരക്കുള്ള ജീവിതവും വാരിവലിച്ചുള്ള ഭക്ഷണരീതിയും ഗര്‍ഭകാലത്ത് പ്രശ്‌നങ്ങളുണ്ടാക്കാം. ജോലിസ്ഥലത്തെ സമ്മര്‍ദം, ബസ്സിലും ഓട്ടോറിക്ഷയിലുമുള്ള കുലുങ്ങിക്കൊണ്ടുള്ള യാത്രകള്‍, കോണിപ്പടികള്‍ കയറുന്നത് എന്നിവയെല്ലാം മാസം തികയാതെയുള്ള പ്രവസത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൗമാരക്കാരികളുടെ ഇടയിലെ പോഷകാഹാരക്കുറവും നേരത്തേയുള്ള പ്രസവത്തിനിടയാക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു.

മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്കും വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാറുണ്ട്. ഇവരുടെ ശ്വാസകോശത്തിന് പൂര്‍ണവളര്‍ച്ചയെത്താത്തതിനാല്‍ ശ്വാസമെടുക്കാന്‍ തടസ്സം നേരിടേണ്ടിവരുന്നു. പ്രതിരോധശേഷിക്കുറവും ഇത്തരം കുഞ്ഞുങ്ങളെ സാരമായി ബാധിക്കാറുണ്ട്. ജലദോഷം അണുബാധയായിമാറാനും ശ്വാസകോശത്തിന് പ്രശ്‌നങ്ങളുണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അപൂര്‍വമായെങ്കിലും ജനനവൈകല്യങ്ങളും കാണാറുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക