Image

സംഗീതലോകത്തെ വിസ്മയമാവുന്ന ന്യൂസിലാന്‍ഡ് മലയാളി വിദ്യാര്‍ഥിനി ജെസി ഹില്ലേല്‍

ജോസ് കുമ്പിളുവേലില്‍ Published on 27 April, 2013
സംഗീതലോകത്തെ വിസ്മയമാവുന്ന ന്യൂസിലാന്‍ഡ് മലയാളി വിദ്യാര്‍ഥിനി ജെസി ഹില്ലേല്‍
ഓക്‌ലാന്‍ഡ്: ആലാപനത്തിന്റെ സ്വരമധുരിമയില്‍ ന്യൂസിലാഡിന്റെ മനംകവര്‍ന്ന 11 കാരി ജെസി ഹില്ലേല്‍ സോണി മ്യൂസിക് തയാറാക്കിയ 'ലവ് വിത്ത്' എന്ന ആല്‍ബത്തിലൂടെ ജനഹൃദയങ്ങളിലേയ്ക്ക്. കോട്ടയംകാരിയായ ജെസിയുടെ പതിനൊന്നു ഗാനങ്ങളാണ് ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

അന്താരാഷ്ട്രതലത്തില്‍ ഒരു മലയാളിയുടെ 11 ഗാനങ്ങള്‍ ഒരുമിച്ച് സോണി മ്യൂസിക് പുറത്തിറക്കുന്നത് ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്. തുടക്കത്തില്‍തന്നെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംതേടുമെന്ന പ്രതീക്ഷയില്‍ ജെസിയുടെ 'ലവ് വിത്ത്' ആല്‍ബം സോണി മ്യൂസിക് ഏപ്രില്‍ 26 ന് വിപണിയിലിറക്കി.

TRACKLISTING: 

1. Nella Fantasia

2. Orinoco Flow

3. Pi’s Lullaby

4. O Mio Babbino Caro

5. Wishing You Were Somehow Here Again

6. Pie Jesu

7. Bridge Over Troubled Water

8. I Dreamed A Dream

9. Memory

10. Castle On A Cloud

11. Ave Maria

ജെസിയുടെ ആലാപനം ഇംഗ്ലീഷിലാണെങ്കിലും നല്ല മണിമണിപോലെ മലയാളം പറയുന്ന ഈ ന്യൂസിലാന്‍ഡ് മലയാളിയുടെ അനന്യമായ കഴിവില്‍ സംഗീതലോകം മയങ്ങുകയാണ്. ചൈനീസ് ടെലിവിഷനിലും പാട്ടും നൃത്തവും അവതരിപ്പിച്ചിട്ടുണ്ട് ഈ ആറാം ക്ലാസുകാരി. ജെസി എന്ന ഈ കൊച്ചുമിടുക്കിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഇപ്പോള്‍ ആരാധകരുടെ പോസ്റ്റുകളാല്‍ നിറഞ്ഞിരിക്കുകയാണ്.

ന്യൂസിലാന്‍ഡ്‌സ് ഗോട്ട് ടാലന്റ് പരിപാടിയില്‍ രണ്ടാം സ്ഥാനം നേടിയപ്പോള്‍ ന്യൂസിലാന്‍ഡിലെ സൂപ്പര്‍താര പരിവേഷം ജെസിയില്‍ നിറഞ്ഞിരിക്കുകയാണ്. ന്യൂസിലന്‍ഡിലെ ഏറ്റവും വലിയ ജനപ്രിയ മ്യൂസിക് റിയാലിറ്റി ഷോയായ ന്യൂസിലാന്‍ഡ് ഗോട്ട് ടാലന്റിലെ ഫൈനല്‍ മല്‍സരത്തിലാണ് ജെസി ലോകതാര നിരയിലേയ്ക്കുയര്‍ന്നത്. നവംബര്‍ 25 നാണ് ഗോട്ട് ടാലന്റിന്റെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്. പ്രശസ്ത ജര്‍മന്‍ കമ്പോസര്‍ ഷൂബര്‍ട്ടിന്റെ ആവേ മരിയ എന്ന ലാറ്റിന്‍ ഗാനം പാടിയാണ് ഫൈനലില്‍ ജെസി ജേതാവായത്. 

ന്യൂസിലന്‍ഡിലെ ഐടി പ്രഫഷണലുകളായ, കോട്ടയം സ്വദേശികളായ റബി ബ്രിഗു ഹില്ലേലിന്റെയും സിജി സൂസന്‍ ജോര്‍ജ് ഹില്ലേലിന്റെയും മകളാണ് ഈ കൊച്ചുമിടുക്കി. ഇവര്‍ കഴിഞ്ഞ 16 വര്‍ഷമായി ന്യൂസിലാന്‍ഡിലാണ് താമസം.

സംഗീത പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ ജനിച്ച ജെസി മൂന്നു വയസു മുതല്‍ സംഗീതം പഠിക്കുന്നുണ്ട്. തന്റെ ഭാര്യാമാതാവിന്റെ കഴിവുകളാണു ജെസിക്കു കിട്ടിയിരിക്കുന്നതെന്നു കോട്ടയം അമലഗിരി സ്വദേശിയായ മുത്തച്ഛന്‍ ഒ.എം മാത്യു പറഞ്ഞു. ഭാരതീയ ജനതാ പാര്‍ട്ടി മുന്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും ബസേലിയോസ് കോളജ് പൊളിറ്റിക്കല്‍ സയന്‍സില്‍ മുന്‍ പ്രഫസറുമാണ് ഒരുവെട്ടിത്ര ഒ.എം. മാത്യു. ഇദ്ദേഹത്തിന്റെ ഭാര്യ ജോളിയുടെ മാതാവ് കര്‍ണാടിക് സംഗീതജ്ഞയായിരുന്നു. ജെസിയുടെ മാതാവ് സിജി സൂസന്റെ മാതാപിതാക്കള്‍ ജോര്‍ജും മേഴ്‌സിയും താമസിക്കുന്നത് കൊച്ചിയിലെ കലൂരിലാണ്. 

ജെസിയുടെ ചേച്ചി ജൂലി ഹില്ലേലും (16) സംഗീത തരംഗങ്ങളില്‍ തന്നെയാണ്. ജൂലി അറിയപ്പെടുന്ന പിയാനോ വിദഗ്ധയാണ്.

എയിം ടു ഫെയിം നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലെ ജേതാവ് കൂടിയാണു ജെസി. ലോസ് ആഞ്ചലസില്‍ നടന്ന നാട്യകലകളുടെ ഒളിമ്പിക്‌സായ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡ് ടീമിനെ ജെസിയും മൂത്ത സഹോദരി ജൂലിയും പ്രതിനിധീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്രതലത്തില്‍ മലയാള ഗാനങ്ങളും പാടാറുണ്ട് ഈ ഗായിക.

ന്യൂസിലാന്‍ഡില്‍ ജനിച്ച ജെസിക്ക് അന്നാട്ടുകാരിയായി അറിയപ്പെടാനാണ് ആഗ്രഹം. ബന്ധുക്കളെ കാണാന്‍ ഇടയ്ക്കു ജെസി കോട്ടയത്ത് എത്തിയിരുന്നു. ന്യൂസിലാന്‍ഡ്‌പോലെ മനോഹരമാണെങ്കിലും കേരളത്തിലെ വൃത്തിയെക്കുറിച്ച് അത്ര നല്ല അഭിപ്രായമില്ല. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക