Image

മുട്ടത്തു വര്‍ക്കി മലയാള ഭാഷയിലെ നിത്യ വസന്തം (എ. സി ജോര്‍ജ്‌)

(എ. സി ജോര്‍ജ്‌, (യു.എസ്‌. എ) Published on 25 April, 2013
മുട്ടത്തു വര്‍ക്കി മലയാള ഭാഷയിലെ നിത്യ വസന്തം (എ. സി ജോര്‍ജ്‌)
മുട്ടത്തുവര്‍ക്കി : (ജനനം : ഏപ്രില്‍ 28, 1913 - മരണം : മെയ്‌ 28, 1989) കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിക്കു സമീപം ചെത്തിപ്പുഴ ഗ്രാമത്തിലായിരുന്നു ജനനം. മലയാളിയെ വായനാലോകത്തിലേക്കാനയിച്ച ആ മണ്‍മറഞ്ഞ ജനകീയ സാഹിത്യകാരന്റെ ജന്മശതാബ്‌ദി ഈ ഏപ്രില്‍ 28 മുതല്‍ ഒരു വര്‍ഷത്തേക്ക്‌ ആഘോഷിക്കുകയാണ്‌. മുട്ടത്തുവര്‍ക്കി കുടുംബത്തിലെ ചില അംഗങ്ങളുമായി വളരെ നീണ്ടകാലത്തെ ബന്ധമുള്ള ഈ ലേഖകന്‍ (എ.സി. ജോര്‍ജ്‌) മുട്ടത്തുവര്‍ക്കി കൃതികളുടെ അനുസ്‌മരണയും ഹൃദ്യമായ ആസ്വാദനവും ഒരോട്ടപ്രദക്ഷിണത്തിലൂടെ കുറിക്കുകയാണിവിടെ.

മലയാള ഭാഷയിലെ ജനപ്രീതി ആര്‍ജിച്ച അനേകം സാഹിത്യകൃതികളുടെ രചയിതാവും, മലയാളിയെ വായനാശീലത്തിലേക്ക്‌ കൈപിടിച്ചാനയിച്ച രചനാവൈഭവത്തിന്റെ അപൂര്‍വ്വ പ്രതിഭയുമായിരുന്ന ശ്രീ മുട്ടത്തുവര്‍ക്കി. 1913 ഏപ്രില്‍ മാസം 28ന്‌ ചങ്ങനാശ്ശേരിക്കടുത്ത്‌ ചെത്തിപ്പുഴ ഗ്രാമത്തില്‍ കല്ലുകുളത്തില്‍ മത്തായി വര്‍ക്കി അഥവാ കെ.എം വര്‍ക്കി ജനിച്ചു. 1989 മേയ്‌ മാസം 28-ാം തിയ്യതി കാലയവനികയില്‍ മണ്‍മറഞ്ഞു. മുട്ടത്തുവര്‍ക്കി എന്ന തൂലികാ നാമത്തിലാണ്‌ കെ. എം. വര്‍ക്കി എഴുതിത്തുടങ്ങിയത്‌. ഈ വര്‍ഷം 2013 ഏപ്രില്‍ മാസം 28ന്‌ സാധാരണക്കാരുടെ ഈ ജനപ്രിയ സാഹിത്യകാരന്റെ ജന്മശതാബ്‌ദി കൊണ്ടാടുകയാണ്‌. ചെറുകഥകള്‍, നോവലുകള്‍, നീണ്ടകഥകള്‍, ലേഖനങ്ങള്‍, നാടകങ്ങള്‍, നിരൂപണങ്ങള്‍, വിവര്‍ത്തനങ്ങള്‍, സിനിമാ തിരക്കഥകള്‍ തുടങ്ങി വിവിധ സാഹിത്യ രചനാ ശാഖകളിലായി 150ല്‍ പരം കൃതികളാണ്‌ ശ്രീ മുട്ടത്തുവര്‍ക്കി എന്ന അനശ്വര സാഹിത്യകാരന്റെ പേരിലുള്ളത്‌.

പാടാത്ത പൈങ്കിളി, ഒരു കുടയും കുഞ്ഞുപെങ്ങളും, ഇണപ്രാവുകള്‍, മറിയക്കുട്ടി, കരകാണാക്കടല്‍, മയിലാടുംകുന്ന്‌, വെളുത്തകത്രീന, അക്കരപ്പച്ച, അഴകുള്ള സെലീന, പട്ടുതൂവാല, ലോറാ നീ എവിടെ, പഞ്ചായത്ത്‌ വിളക്ക്‌ തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളില്‍ ചിലതാണ്‌. അദ്ദേഹത്തിന്റെ പ്രമുഖമായ നോവലുകള്‍ സിനിമയായിട്ടുണ്ട്‌. ഒരു തിരക്കഥാ രചയിതാവ്‌ കൂടിയാണ്‌ മുട്ടത്തുവര്‍ക്കി. അതിനു പുറമെ ഒരധ്യാപകനും പത്രപ്രവര്‍ത്തകനും കൂടിയായിരുന്നു ഈ സാഹിത്യകാരന്‍. അദ്ദേഹത്തിന്റെ സാഹിത്യരചനാവസന്തം തളിരിട്ട്‌, പൂവിട്ട്‌, വിരിഞ്ഞു നിന്ന കാലഘട്ടത്തില്‍ മലയാളിയുടെ കുടുംബ സദസ്സുകളില്‍ ഏറ്റവും ജനശ്രദ്ധ ആകര്‍ഷിച്ച കഥാപാത്രങ്ങളും കഥയും ശ്രീ മുട്ടത്തുവര്‍ക്കിയുടേതായിരുന്നു. ജീവിതഗന്ധിയായ അദ്ദേഹത്തിന്റെ രചനകളുടെ വര്‍ണ്ണനങ്ങളും ജീവിതനിരീക്ഷണവും, മനോഹാരിതയും, ലാളിത്യവും, നിഷ്‌കളങ്കതയും, ആയാസരഹിതമായ കഥയും കഥാപാത്രങ്ങളും സാധാരണക്കാരായ മലയാളി മനസ്സുകളില്‍ ചലനങ്ങള്‍ സൃഷ്‌ടിക്കാന്‍ തികച്ചും പര്യാപ്‌തങ്ങളായിരുന്നു. മലയാളിക്ക്‌ വായനയുടെ വാതായനങ്ങള്‍ തുറന്നുകൊടുത്ത അനശ്വരപ്രതിഭയായിരുന്നു മുട്ടത്തുവര്‍ക്കി എന്ന്‌ കേസരി ബാലകൃഷ്‌ണപിള്ള അഭിപ്രായപ്പെട്ടു.

മുട്ടത്തുവര്‍ക്കിയുടെ അനേകകൃതികള്‍ വായിച്ചിട്ടുള്ള ഈ വായനക്കാരന്റെ മനസ്സില്‍ ഇന്നും മായാതെ മങ്ങാതെ അദ്ദേഹത്തിന്റെ നോവലിലേയും കഥയിലേയും വിഷയങ്ങളും അനര്‍ക്ഷളമായ, വശ്യസുന്ദരമായ ആഖ്യാനങ്ങളും ഒരു നിത്യവസന്തം പോലെ തന്നെ പുഷ്‌പിച്ചു തളിരിട്ടു നില്‍ക്കുന്നു. കേരളം വിട്ട്‌ പ്രവാസജീവിതം ആരംഭിച്ചിട്ട്‌ 40ല്‍പരം വര്‍ഷങ്ങളായെങ്കിലും മണ്‍മറഞ്ഞ ആ സാഹിത്യനായകന്‍ ഇന്നും ഈയുള്ളവന്റെ മനസ്സില്‍ ഒരു നിത്യഹരിത നായകനാണ്‌.

മൂവാറ്റുപുഴക്കടുത്ത്‌ ഒരു മലയോര കുടിയേറ്റ ഗ്രാമത്തില്‍ ജനിച്ച എന്റെ ബാല്യ-കൗമാര ദശകളില്‍ എന്നില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തിയത്‌ മുട്ടത്തുവര്‍ക്കി കൃതികളായിരുന്നു. ആയിരത്തിതൊള്ളായിരത്തി അന്‍പത്‌, അറുപത്‌, എഴുപത്‌, എണ്‍പതുകളില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ജനകീയ സാഹിത്യകാരന്‍ മുട്ടത്തുവര്‍ക്കി തന്നെയായിരുന്നു എന്നുപറയുന്നതില്‍ യാതൊരു അതിശയോക്തിയുമില്ല. വാരാന്ത്യങ്ങളിലും മാസികകളിലും തുടര്‍ച്ചയായി വന്നുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ കഥകള്‍ക്കും നോവലുകള്‍ക്കും അന്ന്‌ കേരളത്തിലെ ജനങ്ങള്‍ കാത്തിരിക്കുകയായിരുന്നു. വായനക്കാരുടെ മനസ്സില്‍ പിരിമുറുക്കങ്ങളും ഇനി എന്ത്‌ സംഭവിക്കും എന്നതിന്റെ ആകാംഷയും നിലനിര്‍ത്തിക്കൊണ്ട്‌ ജനഹൃദയങ്ങളില്‍ അക്കാലത്ത്‌ സ്വന്തം രചനകള്‍കൊണ്ട്‌ ഒരുപിടിച്ചുനിര്‍ത്തലും അതേ അവസരത്തില്‍ ഒരു തേരോട്ടവും നടത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

കഥാ തന്തുവോ ഇതിവൃത്തമോ തേടി അദ്ദേഹം എങ്ങും പോയില്ല. അദ്ദേഹം തന്റെ ചുറ്റുപാടും അതിസൂക്ഷ്‌മമായി നിരീക്ഷിച്ചു. തന്റെ ചുറ്റുവട്ടമുള്ള കുടുംബങ്ങളിലെ ബന്ധങ്ങള്‍, ബന്ധനങ്ങള്‍, വീര്‍പ്പുമുട്ടുകള്‍, പാകപ്പിഴകള്‍ നൈസര്‍ക്ഷികമായ സ്വതസിദ്ധമായ ഭാഷയില്‍ കടലാസിലേക്ക്‌ പകര്‍ത്തി. അവിടത്തെ കര്‍ഷകരുടെ, തൊഴിലാളികളുടെ, ജീവിതായോധനത്തിനിടെ നേരിടേണ്ടിവന്ന കുതിപ്പും കിതപ്പും സന്തോഷവും ദു:ഖവും സംഭാവ്യമായ ഭാവനകളില്‍ ചാലിച്ച്‌ അതിമനോഹരമായി വിവരിച്ചു ചിത്രീകരിച്ചു. എത്ര പൊടിപ്പും തൊങ്ങലുമുണ്ടെങ്കിലും അതൊന്നും ഒരു കൃത്രിമമായിരുന്നില്ല. അധികവും സത്യങ്ങള്‍ തന്നെ ജീവിതഗന്ധിയായി സരളമായ ഭാഷയില്‍ അദ്ദേഹം ചിത്രീകരിച്ചു. വളച്ചുകെട്ടില്ലാതെ ലളിതമായി മനുഷ്യനു മനസ്സിലാകുന്ന അദ്ദേഹത്തിന്റെ ഭാഷ ഏവര്‍ക്കും പ്രിയങ്കരമായിരുന്നു. അക്കാലത്തെ ചര്‍ച്ചാവിഷയങ്ങളായിരുന്നു അദ്ദേഹത്തിന്റെ കഥകളും കഥാപാത്രങ്ങളും. മലയാളത്തിലെ പ്രശസ്‌തമായ കോട്ടയം ഭാഷാ ശൈലിയെ പ്രചുര പ്രചാരത്തിലാക്കിയത്‌ അദ്ദേഹത്തിന്റെ കൃതികള്‍ തന്നെ.

ഗൃഹാതുരചിന്തയോടെ ഏഴാം കടലിനക്കരെ അമേരിക്കയിലിരിക്കുമ്പോള്‍ ജനിച്ച നാടിനേയും വളര്‍ന്ന ചുറ്റുപാടിനേയും കേരളത്തേയും സ്‌മരിക്കുമ്പോള്‍ മനസ്സില്‍ തെളിഞ്ഞു വരുന്നത്‌ അദ്ദേഹത്തിന്റെ വാചകങ്ങളും കഥാകഥനരീതികളുമാണ്‌. കാലങ്ങള്‍ കഴിഞ്ഞെങ്കിലും ഭാഷക്കു ചില്ലറ പരിണാമങ്ങള്‍ വന്നെങ്കിലും മുട്ടത്തു വര്‍ക്കിയുടെ അനിതരസാധാരണമായ ശ്രാവ്യഭംഗിനിറഞ്ഞ സ്വപ്‌നങ്ങളിലും യാഥാര്‍ത്ഥ്യങ്ങളിലും മനോഹര വര്‍ണ്ണങ്ങളിലും ചാലിച്ചെടുത്ത വാക്കുകളും വാചകങ്ങളും വിലയേറിയ മൊഴിമുത്തുകള്‍ പോലെ നിലക്കാത്ത ഒരു സുഗന്ധം പോലെ നിലനില്‍ക്കുന്നു. യാതൊരു മേനിയും പറയുകയല്ല. ഇന്നത്തെ ചില വമ്പന്‍മാരുടെ കൃതികള്‍ വായിച്ചാല്‍ ഉറക്കം വരും. അവ വെറും ഉറക്കമരുന്നുകളാണ്‌. വായിച്ചിട്ട്‌ ഒരന്തവും പിടിയും കിട്ടുന്നില്ല. മനസ്സിലാകുന്നില്ല. അതു മനസ്സിലാക്കാനുള്ള അറിവോ മനക്കരുത്തോ തനിക്കില്ലെന്നു പറഞ്ഞു കളിയാക്കിയേക്കാം. പക്ഷെ അത്തരം വമ്പന്‍മാരെ താങ്ങാനും തോളിലേറ്റാനും സ്ഥാപിത താല്‍പ്പര്യക്കാരായ മറ്റു പല വമ്പന്‍മാരുമുണ്ട്‌. എന്നാല്‍ മുട്ടത്തുവര്‍ക്കിയുടെ കാലത്ത്‌ അദ്ദേഹത്തിന്റെ കൃതികള്‍ ജനം തേടിപ്പിടിച്ചു വായിച്ചു. പലരും ഒറ്റയിരുപ്പില്‍ തന്നെ വായിക്കാന്‍, മനസ്സിലാക്കാന്‍ തീരുമാനിച്ചവരായിരുന്നു. കാരണം മുട്ടത്തുവര്‍ക്കി സാധാരണക്കാരന്റെ വക്താവായിരുന്നു. അവരുടെ ഭാഷയില്‍ അവരുടെ കഥകള്‍ അദ്ദേഹമെഴുതി. ആ കാലഘട്ടത്തില്‍ മുട്ടത്തുവര്‍ക്കി എന്ന ഒറ്റ എഴുത്തുകാരനു മാത്രമുണ്ടായിരുന്ന അത്രയോ അതില്‍ വളരെ കുറവോ മാത്രമാണ്‌ വലിയ വമ്പന്‍മാരോ കൊമ്പന്മാരോ ആയ ഒരു വലിയപറ്റം സാഹിത്യകാരന്മാരെ ഒരുമിച്ച്‌ ചേര്‍ത്തു വച്ചാലുണ്ടായിരുന്ന വായനക്കാര്‍. വമ്പന്‍മാരെ സൃഷ്‌ടിക്കാനും തോളിലേറ്റാനും അന്നും ഇന്നും ഒരു വലിയ രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതൃത്വമുണ്ടെന്ന്‌ ഓര്‍ക്കുക. ഇത്തരക്കാര്‍ അന്ന്‌ മുട്ടത്തുവര്‍ക്കി എന്ന ജനകീയനെ അസൂയയോടെ നോക്കിക്കണ്ടു. അദ്ദേഹത്തിന്റെ കൃതികളെ കുപ്പത്തൊട്ടിയിലേക്ക്‌ വലിച്ചെറിയാന്‍ ശ്രമിച്ചു. എഴുത്തും നിരൂപണവും മറികടന്ന്‌ മുറ്റത്തെ വര്‍ക്കി, കപ്പതീനി, പള്ളി മതിലേല്‍ കിളിര്‍ത്തവന്‍ എന്നെല്ലാമുള്ള ആക്ഷേപശരങ്ങള്‍ തൊടുത്തുവിട്ടു. പക്ഷെ അദ്ദേഹം പതറിയില്ല. ജനഹൃദയങ്ങള്‍ അദ്ദേഹത്തിന്റെ രചനകള്‍ നെഞ്ചിലേറ്റി. എന്നാല്‍ അദ്ദേഹത്തിന്റെ രചനകളിലെ മഹത്വവും മാഹാത്മ്യവും ആഴവും പരപ്പും അദ്ദേഹത്തെ നിന്ദിച്ചവരും ആക്ഷേപിച്ചവരും കുറച്ചെങ്കിലും പില്‍ക്കാലത്ത്‌ മനസ്സിലാക്കി എന്നത്‌ ശുഭോദര്‍ക്കമുള്ള കാര്യമാണ്‌.

മുട്ടത്തുവര്‍ക്കിയുടെ നോവലുകള്‍ സിനിമ ആക്കപ്പെട്ടപ്പോഴും കാണികള്‍ അവ ഏറ്റുവാങ്ങി. നോവലില്‍ എന്ന പോലെ ആ പഴയകാല സിനിമകളും അതിലെ സിറ്റുവേഷനും സംഭാഷണങ്ങളും ഇന്നും ഈ ലേഖകന്റെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. ബ്‌ളാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ആയാല്‍പോലും ആ സിനിമകള്‍ ഇന്നും ടി.വിയില്‍ കാണാന്‍ ആഗ്രഹിക്കുന്ന ധാരാളം പ്രേക്ഷകര്‍ ലോകമെമ്പാടും ഉണ്ട്‌. അദ്ദേഹം കെട്ടിപ്പടുത്ത ആ ആഖ്യാനശൈലി പലരും പിന്‍തുടര്‍ന്നിട്ടുണ്ട്‌. എത്രയോ ആനുകാലികങ്ങളില്‍ അദ്ദേഹം വെട്ടിതുറന്ന ആ കഥാകഥനശൈലി ഒരു ചൂണ്ടുപലകയായി ഇന്നും നിലനില്‍ക്കുന്നു. പ്രേമബന്ധങ്ങളെയും പ്രണയസ്വപ്‌നങ്ങളെയും നൈരാശ്യങ്ങളേയും ഇത്ര മനോഹരമാക്കി ഒരു പുഷ്‌പം മാതിരി ചിത്രീകരിച്ച എത്ര സാഹിത്യകാരന്‍മാര്‍ നമുക്കുണ്ട്‌. ഗ്രാമീണ കാമുകീകാമുകന്മാരുടെ പ്രണയ സംഭാഷണശൈലി പലരും മുട്ടത്തുവര്‍ക്കിയില്‍ നിന്ന്‌ കടമെടുത്തു. വായനക്കാരായ ആബാലവൃദ്ധം ജനങ്ങളെ ഇത്രയധികം സ്വാധീനിച്ച അപൂര്‍വം വ്യക്തികളില്‍ അഗ്രഗണ്യനായിരിന്നു മുട്ടത്തുവര്‍ക്കി. ഈ മഹാ ജനകീയസാഹിത്യകാരന്റെ ഒരെളിയ ആരാധകനായ എനിക്ക്‌ ന്യൂയോര്‍ക്കിലുള്ള അദ്ദേത്തിന്റെ സന്തതിപരമ്പരകളില്‍ ചിലരുമായി വളരെയധികം അടുത്ത സൗഹാര്‍ദ്ദ ബന്ധങ്ങളാണുള്ളത്‌. പ്രത്യേകിച്ച്‌ മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്റെ ആരംഭഘട്ടങ്ങളില്‍ അതിനെപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനും ഭാഗഭാക്കാകാനും സാധിച്ചത്‌ ഒരു ഭാഗ്യമായി കരുതുന്നു.

അദ്ദേഹത്തിന്റെ ജന്മശതാബ്‌ദി കൊണ്ടാടുന്ന ഈ വേളയില്‍ അനേകലക്ഷം ആരാധകരോടൊപ്പം ഈ ലേഖകന്റേയും കുടുംബത്തിന്റെയും പ്രാര്‍ത്ഥനാ നിര്‍ഭരമായ സ്‌നേഹ-സ്‌മരണാഞ്‌ജലികള്‍ അര്‍പ്പിക്കുന്നു.
മുട്ടത്തു വര്‍ക്കി മലയാള ഭാഷയിലെ നിത്യ വസന്തം (എ. സി ജോര്‍ജ്‌)
മുട്ടത്തു വര്‍ക്കി മലയാള ഭാഷയിലെ നിത്യ വസന്തം (എ. സി ജോര്‍ജ്‌)
മുട്ടത്തു വര്‍ക്കി മലയാള ഭാഷയിലെ നിത്യ വസന്തം (എ. സി ജോര്‍ജ്‌)
മുട്ടത്തു വര്‍ക്കി മലയാള ഭാഷയിലെ നിത്യ വസന്തം (എ. സി ജോര്‍ജ്‌)
മുട്ടത്തു വര്‍ക്കി മലയാള ഭാഷയിലെ നിത്യ വസന്തം (എ. സി ജോര്‍ജ്‌)
(എ. സി ജോര്‍ജ്‌, (യു.എസ്‌. എ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക