Image

സന്യാസിമാര്‍ മാപ്പുപറയണം

ടി.കെ. വിനോദന്‍ Published on 25 April, 2013
സന്യാസിമാര്‍ മാപ്പുപറയണം
പ്രധാനമന്ത്രിപദത്തിലെത്തുക ജീവന്മരണ പ്രശ്നമായാണ് നരേന്ദ്രമോഡി കാണുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം അക്ഷരാര്‍ഥത്തില്‍ നടപ്പാക്കുകയാണെങ്കില്‍ മോഡി വധശിക്ഷക്ക് വിധേയനാകേണ്ടി വരും. കൊടുംകുറ്റവാളികള്‍ക്കുവേണ്ടി നിയമസംവിധാനത്തെ അപ്പാടെ അട്ടിമറിച്ചിട്ടും തന്‍െറ സഹകുറ്റവാളികളില്‍ പലരും ജയിലിലായതോടെ വൈകിയാണെങ്കിലും താനും നിയമത്തിന്‍െറ വലയില്‍ കുടുങ്ങും എന്ന ഭീതി മോഡിക്കുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയുടെ പരിധിയില്‍ നില്‍ക്കുന്നതല്ല കാര്യങ്ങള്‍ എന്നതുകൊണ്ട് ഇനി കേന്ദ്രഭരണത്തിലെത്തുക മോഡിയുടെ നിലനില്‍പിന്‍െറ കൂടി പ്രശ്നമായിരിക്കുന്നു. താന്‍ ചെയ്ത കൊടും ഹിംസകള്‍ക്ക് ശിക്ഷ നേരിടേണ്ടിവരും എന്ന ഭയത്തോടൊപ്പം നഗ്നമായ അധികാരമോഹവും ചേര്‍ന്നതോടെ പ്രധാനമന്ത്രിസ്ഥാനത്തിന് വേണ്ടിയുള്ള നീക്കങ്ങളില്‍ ഒരു പഴുതും ഉണ്ടാകാതിരിക്കാനാണ് മോഡി ശ്രമിക്കുന്നത്. സമകാലിക ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ഹീനമായ നരഹത്യയുടെ നായകന്‍ എന്ന പ്രതിച്ഛായ മാറ്റി എല്ലാ വിഭാഗങ്ങളുടെയും അംഗീകാരമുള്ള നേതാവ് എന്ന പുതിയ ഇമേജ് സൃഷ്ടിക്കാനാണ് മുഖ്യശ്രമം. അതിന്‍െറ ഭാഗമായിരുന്നു ശിവഗിരിയിലേക്കുള്ള മോഡിയുടെ വരവ്.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്‍െറ എതിര്‍പ്പാണ് മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിനുള്ള ഏറ്റവും വലിയ ഭീഷണി. ബിഹാറിലെ കൂര്‍മി സമുദായത്തില്‍ സ്വാധീനമുള്ള നിതീഷ്കുമാറിന്‍െറ പാര്‍ട്ടിയുടെ സാന്നിധ്യമാണ് ബി.ജെ.പി മുന്നണിയിലെ നാമമാത്രമായ പിന്നാക്ക പ്രാതിനിധ്യം. സഖ്യത്തില്‍നിന്ന് നിതീഷ്കുമാര്‍ മാറിയാല്‍ ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തീര്‍ത്തും എതിരായ ഹിന്ദു ഭീകരവാദികളുടെ പാര്‍ട്ടി എന്ന പ്രതിച്ഛായയില്‍നിന്ന് മുക്തമാകാന്‍ ബി.ജെ.പിക്ക് കഴിയില്ല. ഈ പശ്ചാത്തലമാണ് ന്യൂനപക്ഷ നാമധാരികള്‍ക്കും പിന്നാക്ക സമുദായങ്ങളുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ക്കും ബി.ജെ.പി കേന്ദ്രങ്ങളില്‍ വന്‍ ഡിമാന്‍ഡ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍െറ പൊതുചിത്രത്തില്‍ അപ്രസക്തനായ ഷിബു ബേബിജോണിനുപോലും ഉപയോഗമൂല്യം ഉണ്ടാക്കുന്നതാണ് ഈ സാഹചര്യം. കേരളത്തില്‍നിന്നുള്ള വാര്‍ത്തകള്‍ക്ക് അല്‍പംപോലും ഇടം നല്‍കാത്ത, ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ മാധ്യമങ്ങള്‍ ഷിബു ബേബിജോണ്‍-മോഡി കൂടിക്കാഴ്ചക്ക് വന്‍ പ്രാധാന്യമാണ് നല്‍കിയത്.
അംഗസംഖ്യയില്‍ കേരളത്തിലെ ഏറ്റവും വലിയ സമുദായമായ ഈഴവര്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശിവഗിരിയില്‍ കടന്നുകയറാന്‍ സംഘ്പരിവാര്‍ ശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരു ഘട്ടത്തില്‍ സംഘ്പരിവാര്‍ ശക്തികള്‍ വളഞ്ഞ വഴിയിലൂടെ ശിവഗിരി ധര്‍മസംഘം പിടിച്ചടക്കിയതാണ്. സ്വാമി ശാശ്വതികാനന്ദയുടെ നേതൃത്വത്തിലുള്ള ശക്തമായ ചെറുത്തുനില്‍പിലൂടെയാണ് താല്‍ക്കാലികമായ ആ സ്വാധീനത്തില്‍നിന്ന് ശിവഗിരി മുക്തമായത്. പിന്നീട് ദുരൂഹസാഹചര്യത്തില്‍ ശാശ്വതികാനന്ദ മരണമടയുന്നതുവരെ സംഘ്പരിവാറിന് ശിവഗിരിയില്‍ കടന്നുകയറാന്‍ കഴിഞ്ഞിരുന്നില്ല. കേരളത്തില്‍ ചുവടുറപ്പിക്കാന്‍ വേണ്ടിയായിരുന്നു സംഘ്പരിവാറിന്‍െറ ആ നീക്കങ്ങളെങ്കില്‍ മോഡിയുടെ ശിവഗിരി ‘ആക്രമണ’ത്തിന് പിന്നില്‍ വ്യത്യസ്തമായ താല്‍പര്യമാണുള്ളത്. പിന്നാക്കക്കാര്‍ക്കിടയില്‍ താന്‍ സ്വീകാര്യനാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള പരസ്യപ്രചാരണങ്ങളുടെ ഭാഗമായാണ് ശിവഗിരിയില്‍ മോഡി പരിപാടി സംഘടിപ്പിച്ചത്. വന്‍തോതില്‍ പണം ചെലവഴിച്ച് നൂതന സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള പ്രത്യക്ഷവും പരോക്ഷവുമായ പ്രചാരണങ്ങളിലൂടെ കൃത്രിമ പ്രതിച്ഛായ നിര്‍മിക്കാന്‍ അതിസമര്‍ഥനാണ് മോഡി.
അങ്ങനെ പ്രതിച്ഛായ നിര്‍മിക്കാന്‍ വേണ്ടി മാധ്യമങ്ങളെയും സ്ഥാപനങ്ങളെയും വിലക്കെടുക്കുന്നതുപോലെ ശിവഗിരിയെയും വിലക്കെടുക്കുകയാണ് മോഡി ചെയ്തത്. അതില്‍ മോഡിയെ സംബന്ധിച്ചിടത്തോളം ധാര്‍മികപ്രശ്നങ്ങള്‍ ഒന്നും ബാധകമല്ല.
പക്ഷേ, വംശഹത്യക്ക് നേതൃത്വം നല്‍കിയ മോഡിയെപ്പോലെ ഒരു മതഭ്രാന്തന് വേദിയൊരുക്കിയ ശിവഗിരി ധര്‍മസംഘവും അതിനെ നയിക്കുന്ന സന്യാസിമാരും കേരളീയ സമൂഹത്തോട് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്.
ശിവഗിരിയിലെ സുപ്രധാനമായ ഒരു ചടങ്ങിന് മോഡിയെത്തന്നെ ക്ഷണിക്കാന്‍ തീരുമാനിച്ചതെന്തുകൊണ്ട് എന്ന് വിശദീകരിക്കാന്‍ ധര്‍മസംഘം ഭാരവാഹികള്‍ക്ക് കഴിഞ്ഞിട്ടില്ല. ‘ഭരണാധികാരി എന്ന നിലയില്‍ മോഡി ഗുജറാത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഭാരതമൊട്ടാകെ അംഗീകരിക്കപ്പെട്ടതാണ്’ എന്ന് മോഡിക്കുവേണ്ടി പരസ്യവാചകം എഴുതുന്നവരെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ മോഡിയെ സ്തുതിക്കുന്ന ശിവഗിരി മഠം സെക്രട്ടറി സ്വാമി ഋതംബരാനന്ദ, മോഡിയുടെ വംശഹത്യാ വാസന പരോക്ഷമായി സമ്മതിക്കുന്നുണ്ട്. ‘മഠത്തിലെത്തുമ്പോള്‍ ഗുരുദേവനെക്കുറിച്ച് പഠിക്കാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. അതുകാരണം മോഡിയുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടായാല്‍ അതും ഗുണകരമാണ്’ എന്ന് ഋതംബരാനന്ദ പറയുന്നു. മോഡിയുടെ കാഴ്ചപ്പാടില്‍ മാറ്റം ആവശ്യമാണെന്ന് ശിവഗിരി മഠം സെക്രട്ടറി സമ്മതിക്കുന്നു എന്നര്‍ഥം. കാഴ്ചപ്പാടില്‍ തകരാറുള്ള ഒരാളെത്തന്നെ ശിവഗിരിയിലേക്ക് ക്ഷണിച്ചതെന്തിനാണ്?  ഹിന്ദുമതത്തിന്‍െറ നൃശംസതകള്‍ക്ക് എതിരെ ഏറ്റവും ശക്തവും പ്രായോഗികവുമായ നിലപാട് സ്വീകരിച്ച ശ്രീനാരായണഗുരുവിനെയും അദ്ദേഹം സ്ഥാപിച്ച ധര്‍മസംഘത്തെയും ഹിന്ദുഭീകരവാദത്തിന്‍െറ താല്‍പര്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗപ്പെടുത്തിയ ശിവഗിരി ധര്‍മസംഘം ചരിത്രത്തോട് ഒരിക്കലും മാപ്പര്‍ഹിക്കാത്ത തെറ്റാണ് ചെയ്തത്. മോഡിയെ ക്ഷണിക്കുന്നതിനെതിരെ ധര്‍മസംഘത്തില്‍ ഭിന്നാഭിപ്രായമുണ്ടായതായി സൂചനയില്ല. ശ്രീനാരായണ ഗുരു പറഞ്ഞതും ചെയ്തതും എന്താണെന്ന് അറിയുന്ന ഒരാള്‍പോലും ഇന്ന് ശിവഗിരി ധര്‍മസംഘത്തിലില്ല എന്നുവേണം മനസ്സിലാക്കാന്‍.
ആരാധനാലയങ്ങളെ രാഷ്ട്രീയായുധമായി ഉപയോഗിക്കുന്ന നരേന്ദ്രമോഡിയെപ്പോലുള്ളവര്‍ക്ക് വേദിയൊരുക്കിയ സന്യാസിമാര്‍ നാരായണഗുരു നല്‍കിയ ഒരു സന്ദേശമെങ്കിലും വായിച്ചുനോക്കേണ്ടതാണ്. ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന് ആവര്‍ത്തിച്ചുപറയുകയും മതവിദ്വേഷത്തെ ഏറ്റവും നിന്ദ്യമായി കരുതുകയും ചെയ്ത നാരായണഗുരുവിന്‍െറ ആശ്രമത്തിലേക്ക്, അന്യരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുകയും വ്യത്യസ്ത മതത്തില്‍ ജനിച്ചതിന്‍െറ പേരില്‍ മനുഷ്യരെ കൂട്ടക്കൊല ചെയ്യുകയും ചെയ്ത കുറ്റവാളിയെ ക്ഷണിച്ചുവരുത്തിയവര്‍ നാരായണഗുരുവിന്‍െറ പേര് ഉപയോഗിക്കാന്‍ അര്‍ഹതയുള്ളവരല്ല.
നരേന്ദ്രമോഡിയുടെ സങ്കല്‍പത്തിലുള്ള ഹൈന്ദവ സന്യാസിമാരും നാരായണഗുരുവുമായി ഒരു താരതമ്യവുമില്ല. സനാതന ഹൈന്ദവതയുടെ വിധിനിഷേധങ്ങളെ ലംഘിച്ച നാരായണ ഗുരു സ്വന്തം ക്ഷേത്രപ്രതിഷ്ഠകളിലൂടെ ഹൈന്ദവ ആരാധനാക്രമത്തെ നിരാകരിക്കുകയാണ് ചെയ്തത്. മുരുക്കുമ്പുഴയില്‍ ‘സത്യം, ധര്‍മം, ദയ, സ്നേഹം’ എന്ന് ചുറ്റുമെഴുതിയ വിളക്കും കളവങ്കോടത്ത് കണ്ണാടിയും ഉള്‍പ്പെടെ നാരായണഗുരുവിന്‍െറ ക്ഷേത്രപ്രതിഷ്ഠകളൊന്നും സംഘ്പരിവാര്‍ ശക്തികള്‍ ആരാധിക്കുന്ന ഹൈന്ദവക്ഷേത്ര മാതൃകയിലായിരുന്നില്ല. നാരായണഗുരുവിന്‍െറ പേര് ഉപയോഗിച്ച് ജീവിക്കുകയും നരേന്ദ്രമോഡിക്ക് ചുവപ്പു പരവതാനി വിരിക്കുകയും ചെയ്ത ശിവഗിരി സന്യാസിമാര്‍ നാരായണഗുരു നടത്തിയ പ്രതിഷ്ഠകള്‍ കാണാന്‍ വേണ്ടി അല്‍പസമയം മാറ്റിവെച്ചെങ്കില്‍ നന്നായിരുന്നു.
നരേന്ദ്രമോഡിയെ ഒരു കോടതിയും ശിക്ഷിച്ചിട്ടില്ല എന്ന പരിഹാസ്യമായ വാദം ഉയര്‍ത്തിയാണ് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ മോഡിയെയും ശിവഗിരി സന്യാസിമാരെയും ന്യായീകരിക്കുന്നത്. ഹിറ്റ്ലറെയും മുസ്സോളിനിയെയും ഏത് കോടതിയാണ് ശിക്ഷിച്ചതെന്ന ലഘുവായ ചോദ്യംമാത്രമാണ് അതിനുള്ള മറുപടി.
നരേന്ദ്രമോഡിയെ ന്യായീകരിക്കുക ബി.ജെ.പി നേതാക്കളുടെ തൊഴില്‍പരമായ ആവശ്യമാണ്. അത് മനസ്സിലാക്കാം. പക്ഷേ, ഗുജറാത്തില്‍ വംശഹത്യക്കിരയായ നിരപരാധികള്‍ക്കെതിരെ മോഡിയുടെ പക്ഷം ചേര്‍ന്ന ശിവഗിരി സന്യാസിമാര്‍ കേരളീയ സമൂഹത്തോട് സമാധാനം പറയേണ്ടതുണ്ട്. ശിവഗിരിയിലെ സന്യാസി സംഘത്തില്‍നിന്ന് രാജിവെച്ച് വ്യക്തിപരമായി അവര്‍ മോഡിയെ അനുകൂലിക്കുന്നതിനെ ചോദ്യംചെയ്യാന്‍ ആര്‍ക്കും അവകാശമില്ല.
എന്നാല്‍, നാരായണഗുരുവിനെയും അദ്ദേഹം സ്ഥാപിച്ച ധര്‍മസംഘത്തെയും മറയാക്കി നാരായണഗുരുവിന്‍െറ കാഴ്ചപ്പാടിന് നേര്‍വിപരീതമായി പ്രവര്‍ത്തിക്കുന്നത് ചരിത്രത്തോടുള്ള തെറ്റും കടുത്ത അനാദരവുമാണ്. സ്വന്തം തെറ്റ് തിരിച്ചറിഞ്ഞ്  കേരളീയ സമൂഹത്തോട് മാപ്പുപറയാന്‍  ശിവഗിരി സന്യാസിമാര്‍ തയാറാകണം. ശിവഗിരി ധര്‍മസംഘത്തില്‍നിന്ന് രാജിവെച്ചൊഴിയാനുള്ള മാന്യതയും അവര്‍ കാണിക്കണം.  ശിവഗിരിയെ പ്രതിലോമകാരിതയുടെ സങ്കേതമാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയുള്ള തുറന്ന ആശയസമരത്തില്‍ പങ്കാളികളാകാനുള്ള  ബാധ്യത ചരിത്രബോധമുള്ള എല്ലാ മലയാളികള്‍ക്കുമുണ്ട്.

(ചരിത്ര ഗവേഷകനാണ് ലേഖകന്‍)

http://www.madhyamam.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക