Image

പാമോലിന്‍ കേസ്: വിജിലന്‍സ് കോടതി വിധിക്കെതിരെ ജിജി തോംസണ്‍

Published on 22 September, 2011
പാമോലിന്‍ കേസ്:  വിജിലന്‍സ് കോടതി വിധിക്കെതിരെ ജിജി തോംസണ്‍
കൊച്ചി: പാമോലിന്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി വിധിക്കെതിരെ കേസില്‍ അഞ്ചാം പ്രതിയായ ജിജി തോംസണ്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷവും തുടരന്വേഷണത്തിന് ഉത്തരവിട്ടത് നിയമവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കേസ് അന്വേഷണം നീണ്ടുപോകുന്നത് തന്റെ ഔദ്യോഗിക ജീവിതത്തെ ബാധിച്ചു. 1993 മുതല്‍ ഈ കേസുമായി ബന്ധപ്പെട്ട് നടപടി നേരിടുന്നതിനാല്‍ സര്‍വീസില്‍ ലഭിക്കേണ്ട പല സ്ഥാനക്കയറ്റങ്ങളും നഷ്ടമായി. ഒപ്പമുണ്ടായിരുന്ന മറ്റ് പലരും സ്ഥാനക്കയറ്റങ്ങള്‍ നേടിയിട്ടും അര്‍ഹതയുണ്ടായിരുന്നിട്ടും തനിക്ക് നിഷേധിക്കപ്പെട്ടത് ഈ കേസിലെ നടപടികള്‍ മൂലമാണ്.

തുടര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഈ കേസ് ഇനിയും അനന്തമായി നീളുന്നത് ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മേല്‍ക്കോടതിയെ സമീപിക്കേണ്ട എന്ന നിലപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും യു.ഡി.എഫും തുടരുന്നതിനിടെയാണ് ജിജി തോംസണ്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പാമോലിന്‍ ഇറക്കുമതി കാലത്ത് സപ്ലൈകോ എം.ഡിയായിരുന്നു ജിജി തോംസണ്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക