Image

ബാംഗ്ലൂരില്‍ മലയാളി വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസ്: മൂന്ന് മലയാളി യുവാക്കള്‍ അറസ്റ്റില്‍

Published on 25 April, 2013
ബാംഗ്ലൂരില്‍ മലയാളി വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസ്: മൂന്ന് മലയാളി യുവാക്കള്‍ അറസ്റ്റില്‍
ബാംഗ്ലൂര്‍: മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവവുമായി ബന്ധപ്പെട്ട സുഹൃത്ത് അടക്കം മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. മാവേലിക്കര സ്വദേശി ശ്രീകാന്ത് (24), ഹരിപ്പാട് സ്വദേശി വിനോദ് (25) നിതിന്‍ എം വര്‍ഗീസ് (25) എന്നിവരെയാണ് അശോക് നഗര്‍ പോലീസ് അറസ്റ്റു ചെയ്തത്. കേരളത്തിലെത്തിയാണ് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തത്. 

സൗഹൃദമുണ്ടായിരുന്ന യുവതിയെ നിതിന്‍ വര്‍ഗീസ് വീട്ടിലേക്ക് ക്ഷണിച്ച് വരുത്തുകയും മറ്റുള്ളവരുമായി ചേര്‍ന്ന് മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. 

ബാംഗ്ലൂരിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയായ പത്തൊമ്പത് കാരിയാണ് കഴിഞ്ഞ ഞായറാഴ്ച രാവിലെ മാനഭംഗത്തിനിരയായത്. വാഹനത്തിലെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തിയെന്ന് കാണിച്ച് യുവതി തിങ്കളാഴ്ച അശോക് നഗര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പണവും സ്വര്‍ണവും മോഷ്ടിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിന് അഡീഷണല്‍ കമ്മീഷണര്‍ കമല്‍പന്തിനെ സിറ്റി പോലീസ് കമ്മീഷണര്‍ രാഘവേന്ദ്ര ഔറേദ്ക്കര്‍ ചുമതലപ്പെടുത്തുകയും ചെയ്തു. മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചതിന്‌ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയൂവെന്ന് ജോയന്റ് കമ്മീഷണര്‍ (ക്രൈം) എസ്. മുരുകന്‍ പറഞ്ഞു.

ജോണ്‍സന്‍ മാര്‍ക്കറ്റിലെ പള്ളിയില്‍ പോയി ഹോസ്റ്റലിലേക്ക് പോകുന്നതിനായി രാവിലെ മദര്‍തേരസാ റോഡില്‍ ബസ്സിന് കാത്ത് നില്‍ക്കുമ്പോള്‍ മൂന്നംഗ സംഘം വഴി ചോദിക്കാനെന്ന വ്യാജേന വാഹനം നിര്‍ത്തുകയായിരുന്നുവെന്നും പിന്നീട് ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെ വീട്ടിലെത്തിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്തതായി പറയുന്നു. വൈകുന്നേരം ബോധം വന്നപ്പോള്‍ മൂന്ന് പേരും സ്ഥലം വിട്ടിരുന്നുവെന്നും വീട്ടിലുണ്ടായിരുന്ന മധ്യവയസ്‌കയായ സ്ത്രീ പിന്നീട് പഠിക്കുന്ന കോളേജിന് മുന്നില്‍ ഇറക്കിവിടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഹോസ്റ്റലില്‍ തിരിച്ചെത്തിയ യുവതിയുടെ അവസ്ഥ കണ്ട് ഹോസ്റ്റല്‍ വാര്‍ഡന്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് പരാതി നല്‍കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക