Image

കേരളത്തില്‍ 746 കി.മീ. ഗ്രാമീണറോഡ് നിര്‍മാണത്തിന് കേന്ദ്രാനുമതി

Published on 25 April, 2013
കേരളത്തില്‍ 746 കി.മീ. ഗ്രാമീണറോഡ് നിര്‍മാണത്തിന് കേന്ദ്രാനുമതി
ന്യൂഡല്‍ഹി: കേരളത്തില്‍ 746 കിലോമീറ്റര്‍ ഗ്രാമീണറോഡ് നിര്‍മിക്കാന്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അനുമതി നല്‍കി. ഇതിനായി 457 കോടി രൂപ അനുവദിച്ചു. പ്രധാനമന്ത്രി ഗ്രാമീണറോഡ് വികസനപദ്ധതിയുടെ (പി.എം.ജി.എസ്.വൈ.) ഒന്നാംഘട്ടം ഇതോടെ സംസ്ഥാനത്ത് പൂര്‍ത്തിയാകും.

14 ജില്ലകളിലുമായി 720 കി.മീ. റോഡും കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ 26 കി.മീ. റോഡുമാണ് പുതുതായി നിര്‍മിക്കുക. അടുത്തമാസം നിര്‍മാണ ടെന്‍ഡറുകള്‍ നല്‍കിക്കഴിഞ്ഞാല്‍ രണ്ടു കൊല്ലംകൊണ്ട് പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പി.എം.ജി.എസ്.വൈ. ഒന്നിന്റെ എട്ടാംഘട്ടത്തിലാണ് 746 കി.മീ. റോഡ് നിര്‍മിക്കുക. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് വ്യാഴാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അയച്ചതായി കേന്ദ്രമന്ത്രി ജയ്‌റാം രമേശ് പറഞ്ഞു. എട്ടാംഘട്ടത്തില്‍ മൊത്തം 320 റോഡുകളുടെ നിര്‍മാണമാണ് കേരളത്തില്‍ നടത്തുക. ഒരു കി.മീ. റോഡ് നിര്‍മിക്കാന്‍ ശരാശരി 61.27 ലക്ഷം രൂപ വേണം. 

കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പി.എം.ജി.എസ്.വൈ. രണ്ടില്‍ കേരളത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. ഒന്നാംഘട്ടം പൂര്‍ത്തിയാവാതിരുന്നതുകൊണ്ടാണിത്. എട്ട് തലങ്ങളിലായിട്ടാണ് കേന്ദ്രം ഒന്നാംഘട്ടം നടപ്പാക്കിയത്. അവസാനത്തെ തലത്തിനാണ് ഇപ്പോള്‍ അന്തിമാനുമതി നല്‍കിയത്. ഇതോടെ രണ്ടാംഘട്ടത്തില്‍ സംസ്ഥാനത്തെ ഉള്‍പ്പെടുത്താന്‍ സാധ്യതയേറി. രണ്ടാംഘട്ടത്തിലേക്ക് കേരളത്തെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആസൂത്രണ ഗ്രാമവികസനമന്ത്രി കെ.സി. ജോസഫ് കേന്ദ്രത്തിന് അടുത്തിടെ നിവേദനം നല്‍കിയിരുന്നു. പി.എം.ജി.എസ്.വൈ. പൂര്‍ണമായും കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ്. എന്നാല്‍, പി.എം.ജി.എസ്.വൈ. രണ്ടിന്റെ ചെലവ് കേന്ദ്രവും സംസ്ഥാനങ്ങളും തുല്യമായി വഹിക്കണം. 

2002ല്‍ ആരംഭിച്ച പി.എം.ജി.എസ്.വൈ. ഒന്ന് പ്രകാരം ഏഴ് ഘട്ടങ്ങളിലായി ഇതുവരെ കേരളത്തില്‍ 2000 കി.മീ. റോഡാണ് പുതുതായി നിര്‍മിച്ചത്. 10 കൊല്ലത്തിനിടയില്‍ ഏറ്റവും വലിയ പാക്കേജിനാണ് ഇപ്പോള്‍ ഒറ്റയടിക്ക് അനുമതി നല്‍കിയത്. ചീഫ് സെക്രട്ടറി, ധനകാര്യസെക്രട്ടറി തുടങ്ങിയവരുള്‍പ്പെട്ട സമിതിയാണ് 720 കി.മീ. പുതിയ റോഡുകള്‍ എവിടെയൊക്കെ നിര്‍മിക്കണമെന്ന് തീരുമാനിക്കുക. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളില്‍, കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ചില ഭേദഗതികള്‍ വരുത്തണമെന്ന് സംസ്ഥാനം അഭ്യര്‍ഥിച്ചിരുന്നു. ചില മാറ്റങ്ങള്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആറുമീറ്റര്‍ വീതിയാണ് ഗ്രാമീണ റോഡുകള്‍ക്ക് അനുവദനീയമായിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക