Image

കോയമ്പത്തൂരില്‍ വന്‍ അഗ്നിബാധ: നാലു പേര്‍ മരിച്ചു

Published on 24 April, 2013
കോയമ്പത്തൂരില്‍ വന്‍ അഗ്നിബാധ: നാലു പേര്‍ മരിച്ചു

കോയമ്പത്തൂര്‍: കോയമ്പത്തുര്‍ അവനാശി റോഡില്‍ ലക്ഷ്മി മില്‍സ് സ്റ്റോപ്പിനു സമീപമുള്ള കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. നാലു പേര്‍ മരിച്ചു. മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞതിനാല്‍ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. തീ ഉയരുന്നത് കണ്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ രണ്ടു സ്ത്രീകള്‍ക്കും പരുക്കേറ്റിട്ടുണ്ട്. അവിനാശിയിലെ നാലു നില കെട്ടിടത്തിലാണ് രാവിലെ പത്തു മണിയോടെ തീപിടിച്ചത്. കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഷോര്‍ട്ട് സര്‍ക്യുട്ടാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.

കോയമ്പത്തൂരില്‍ ഏറ്റവും തിരക്കേറിയ വ്യവസായ മേഖലയാണ് അവിനാശി. ആക്‌സിസ് ബാങ്കിന്റെ ഓഫീസ് ഉള്‍പ്പെടെ നിരവധി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീ ആദ്യം കണ്ടത്. തുടര്‍ന്ന് മറ്റ് നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു. ഓഫീസ് സമയത്താണ് തീ പിടിച്ചതിനാല്‍ നിരവധി പേര്‍ അപകടത്തില്‍പെട്ടിട്ടുണ്ടാവാമെന്നാണ് നിഗമനം. അഗ്നിശമന സേനയുടെ പതിനഞ്ചു യൂണിറ്റുകള്‍ ശ്രമിച്ചിട്ടും തീ നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ ഹെലികോപ്ടറിന്റെ സഹായം തേടി. മുകളില്‍ നിലയിലെ തീ നിയന്ത്രണ വിധേയമായെന്നാണ് റിപ്പോര്‍ട്ട്.

തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കിയാല്‍ മാത്രമേ എത്രപേര്‍ അപകടത്തില്‍പെട്ടുവെന്ന് വ്യക്തമാകൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക