Image

രാഷ്‌ട്രീയക്കാര്‍ വേദിയില്‍ നിന്നും വീഥിയിലേക്കിറങ്ങിവരണം (ചാരുംമൂട്‌ ജോസ്‌)

Published on 23 April, 2013
രാഷ്‌ട്രീയക്കാര്‍ വേദിയില്‍ നിന്നും വീഥിയിലേക്കിറങ്ങിവരണം (ചാരുംമൂട്‌ ജോസ്‌)
തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ വീടുകള്‍, കടകമ്പോളങ്ങള്‍ എന്നിവിടങ്ങളില്‍ നിരന്തരം കയറിയിറങ്ങി നടക്കുന്ന രാഷ്‌ട്രീയക്കാര്‍ ജയിച്ച്‌ അനന്തപുരിയിലോ ഡല്‍ഹിയിലോ എത്തിക്കഴിഞ്ഞാല്‍, വോട്ട്‌ ചെയ്‌ത്‌ അവിടെ എത്തിച്ചവരുടെ വീടുകളിലോ, കടകമ്പോളങ്ങളിലോ, അടുത്ത തെരഞ്ഞെടുപ്പ്‌ വരുന്നതുവരെ തിരുഞ്ഞുനോക്കാത്ത അവസ്ഥയാണ്‌ ഇന്നുള്ളത്‌. എം.എല്‍.എ ആയി, മന്ത്രിയായി സ്ഥിരം വേദികളില്‍, അല്ലെങ്കില്‍ വിവാദങ്ങളില്‍, അതുമല്ലെങ്കില്‍ അങ്ങ്‌ ഡല്‍ഹിയില്‍, ഗള്‍ഫ്‌ രാജ്യങ്ങളില്‍ മാത്രമേ ഇവരെ കാണാറുള്ളൂ. സ്വന്തം മണ്‌ഡലങ്ങളിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഒരു ശതമാനം പോലും പരിഹരിക്കാതെ വിദേശ രാജ്യങ്ങളില്‍ താമസിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനെന്നപേരില്‍ ഇക്കൂട്ടര്‍ ബിനാമി ഇടപാടുകള്‍ക്കാണ്‌ കൂടുതല്‍ യാത്ര ചെയ്യുന്നതെന്ന്‌ വിചാരിക്കുന്നതില്‍ ഒട്ടും തെറ്റില്ല. പ്രവാസികള്‍ ചെരുപ്പെടുത്ത്‌ പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു.

രാഷ്‌ട്രീയ നേതാക്കള്‍ സ്വയം പരിശോധിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. സ്വന്തം പേര്‌ പതിപ്പിച്ച ബാഡ്‌ജുകളുമായി വേദികളിലിരിക്കാതെ വീഥികളിലേക്ക്‌ ഇറങ്ങിച്ചെല്ലൂ...ജനങ്ങള്‍ അനുഭവിക്കുന്ന നീറുന്ന പ്രശ്‌നങ്ങള്‍ നേരിട്ടു കണ്ടു മനസിലാക്കൂ. ആഢംബര കാറുകളില്‍ കയറി അന്യനാടുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മെനക്കെടാതെ (അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ അവിടെ ഭരണാധികാരികളും സ്വന്തം നിയമവുമുണ്ട്‌.) സ്വന്തം മണ്‌ഡലങ്ങളിലെ ജനങ്ങളെ സംരക്ഷിക്കൂ. അവര്‍ക്ക്‌ ഭീതിയില്ലാതെ ജീവിക്കാന്‍ ഉയര്‍ന്നുവരുന്ന ആക്രമണങ്ങള്‍, മാലിന്യ പ്രശ്‌നങ്ങള്‍, അപകട വര്‍ധനവുകള്‍, കുടിവെള്ള പ്രശ്‌നങ്ങള്‍, ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന കര്‍ഷകള്‍...അങ്ങനെ ഒരുപാട്‌ കാര്യങ്ങള്‍ സ്വന്തം നാട്ടില്‍ ചെയ്‌തു തീര്‍ക്കുവാനുള്ളപ്പോള്‍ വിദേശത്തേക്ക്‌ പറക്കാതിരിക്കൂ...

ജനങ്ങള്‍ക്ക്‌ നിങ്ങളുടെ വിവാദങ്ങള്‍, സ്വന്തം പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ചരടുവലികള്‍, ഗ്രൂപ്പുകളികള്‍, ചീഞ്ഞുനാറിയ പീഡന കഥകള്‍ ഇതിലൊന്നും താത്‌പര്യമില്ല. അവര്‍ക്ക്‌ ശാന്തമായി ജീവിക്കാനുള്ള സ്വാതന്ത്ര്യം നേടിക്കൊടുക്കൂ.

തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കും വോട്ടുനേടി അധികാരത്തിലെത്തി സമ്മതിദായകരുടെ നീറുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂട്ടാക്കാത്ത പ്രതിനിധികളെ വരും ഭാവിയില്‍ ബഹിഷ്‌കരിക്കാന്‍ കേരള ജനത തയാറാകുകയാണ്‌. അല്ലെങ്കില്‍ പരമ്പരാഗതമായി ജയിച്ചുവന്ന മണ്‌ഡലങ്ങളില്‍ നിന്ന്‌ പുതുമുഖങ്ങള്‍ക്ക്‌ വോട്ടുചെയ്‌ത്‌ അധികാരത്തിലേറ്റും. അവരുടെ മനസിന്റെ ഉള്ളില്‍ നിന്ന്‌ എന്നേക്കുമായി പടിയിറക്കും.

വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരും ആസൂത്രണ കമ്മീഷനും കോടിക്കണക്കിന്‌ ഫണ്ട്‌ അനുവദിക്കും. കേരളവും അവരുടെ എം.പിമാരും ഫണ്ട്‌ വിനിയോഗിക്കാതെ നഷ്‌ടപ്പെടുത്തി കളയുകയാണ്‌ പതിവ്‌. ഭരണ-പ്രതിപക്ഷങ്ങള്‍ കൂട്ടായി വിവാദങ്ങള്‍ ഉണ്ടാക്കി, ഹര്‍ത്താലും ബന്ദുമുണ്ടാക്കി, നിയമസഭാ ബഹിഷ്‌കരണം നടത്തി, സഭകളില്‍ സംസ്‌കാരശൂന്യമായ തെരുവു നാടകങ്ങള്‍ അരങ്ങേറി സമ്മതിദായകരെ ആക്ഷേപിക്കുന്ന അവസ്ഥ മാധ്യമങ്ങള്‍ തത്സമയം പ്രക്ഷേപണം ചെയ്‌ത്‌ ലോകത്തിന്റെ മുന്നിലേക്കെറിഞ്ഞു കൊടുക്കുകയും ചെയ്യുന്നുണ്ട്‌. ഉടുമ്പുപോലെ കാലാവധി മുഴുവന്‍ കഴിച്ചുകൂട്ടി ഒന്നും സംഭവിക്കാത്തതുപോലെ ലജ്ജയില്ലാതെ ഇക്കൂട്ടര്‍ സമ്മതിദായകരുടെ മുന്നില്‍ വോട്ടു ഭിക്ഷാടനത്തിനായി കൈ കൂപ്പി ഭൂമിയോളം താഴ്‌മയില്‍ വെള്ളവസ്‌ത്രധാരികളായി അര്‍ധരാത്രിയിലും പിശാചുക്കളെപ്പോലെ പിന്തുടരുന്നു.

ഇതു മുന്നറിയിപ്പാണ്‌. ദാക്ഷിണ്യമില്ലാതെ ഗത്യന്തരമില്ലാത്തതിനാലും ജനങ്ങള്‍ `പോടാ മോനേ ദിനേശാ' എന്നു പറഞ്ഞയയ്‌ക്കാനുള്ള അവസ്ഥയിലേക്ക്‌ എത്തിക്കരുതേ എന്ന്‌ എല്ലാ രാഷ്‌ട്രീയ നേതാക്കളോടും സവിനയം അഭ്യര്‍ത്ഥിക്കുന്നു.

ചെറുകിട പദ്ധതികളില്‍ ജാഗ്രത വേണം കേരളം സമീപ ഭാവിയില്‍ മടങ്ങിവരാന്‍ ഒരുങ്ങുന്ന പ്രവാസികളെ ഉള്‍ക്കൊള്ളാന്‍ ജാഗ്രതയോടെ മുന്‍കരുതലുകള്‍ എടുക്കണം. ചെറുകിട വ്യവസായശൃംഖലകള്‍, സഹകരണ കൃഷി, സംഭരണ മേഖലകള്‍, ചെറുകിട മാലിന്യനിര്‍മ്മാര്‍ജ്ജന സംരംഭങ്ങള്‍, സഞ്ചരിക്കുന്ന ആരോഗ്യ സ്ഥാപനങ്ങള്‍, സന്നദ്ധ സേവാ സന്നാഹങ്ങള്‍, പൗരസംരക്ഷണ സംഘടനകള്‍ തുടങ്ങിയ യൂണീറ്റുകള്‍ ചെറുകിട അടിസ്ഥാനത്തില്‍ ആവശ്യമായ അടിയന്തിര പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. അങ്ങനെ ചെയ്‌താല്‍ മടങ്ങിവരുന്ന ഭൂരിപക്ഷം വിദഗ്‌ധരും, അവിദഗ്‌ധരുമായ തൊഴിവാളികളേയും അവരുടെ പരിചയസമ്പത്തിനേയും മുതലെടുത്താല്‍ കേരളത്തെ സ്വാശ്രയ സംസ്ഥാനമാക്കി മാറ്റാന്‍ കഴിയും. അന്യ രാജ്യക്കാരുടെ വികസനത്തിനായി കൊടും ചൂടിലും തണുപ്പിലും ചോരയും നീരുമൊഴിക്കിയ രാജ്യസ്‌നേഹികളായ പ്രവാസികള്‍ സ്വന്തം ജന്മനാടിനെ സ്വകാര്യ ലോബികളുടേയും മാഫിയാ, ക്വട്ടേഷന്‍, പെണ്‍വാണിഭ, അക്രമ രാഷ്‌ട്രീയ, വികസന വിരുദ്ധ ലോബികളില്‍ നിന്നെല്ലാം മോചിപ്പിച്ച്‌ സ്വന്തം നാടിനെ യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റാന്‍ അല്‍പം വിയര്‍പ്പൊഴുക്കേണ്ടിവരുമെന്നുള്ളതില്‍ ആരും ആശങ്കപ്പെടേണ്ടതില്ല.

`ജയ്‌ഹിന്ദ്‌'.
രാഷ്‌ട്രീയക്കാര്‍ വേദിയില്‍ നിന്നും വീഥിയിലേക്കിറങ്ങിവരണം (ചാരുംമൂട്‌ ജോസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക