Image

ഈ യുഗത്തിനു വേണ്ടത് കാപട്യ രഹിതമായ ആത്മീയത - ആഡ്രൂസ് സി.

Published on 20 April, 2013
ഈ യുഗത്തിനു വേണ്ടത് കാപട്യ രഹിതമായ ആത്മീയത - ആഡ്രൂസ് സി.

ഈ ലോകത്ത് അനേകം ധാര്‍മ്മിക, രാഷ്ട്രീയ, മത, വേദ, ചിന്തകള്‍ ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍ സമാധാനമില്ലായ്മ, പക, വിദ്വേഷം എന്നിവ ദിനം തോറും ഭൂമിയില്‍ പെരുകി വരുന്നതായി കാണുന്നു. തന്‍നിമിത്തം മനുഷ്യ ജീവിതം മാത്രമല്ല, മറ്റു ജീവജാലങ്ങളുടെയും ജീവിതങ്ങള്‍ ദുഷ്ക്കരമാവുകയും അവ വംശനാശത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്ന ഭീകര അവസ്ഥയാണ് നിലവിലുള്ളത്. നിലവിലുള്ള മത, രാഷ്ട്രീയ ഈശ്വര വിശ്വാസങ്ങള്‍ ഭൂമിയില്‍ സമാധാനം പ്രചരിപ്പിക്കുന്നതിനു പകരം എന്‍റെ മതം, എന്‍റെ രാഷ്ട്രീയം, എന്‍റെ വിശ്വാസം മുതലായ സ്വാര്‍ത്ഥ ചിന്താഗതികള്‍ പ്രചരിപ്പിക്കുന്നു. ഇവയുടെ നേതാക്കള്‍ ഈശ്വരന്‍ എന്ന ചിന്തയെ ആധുനീകതയുമായി കൂട്ടിക്കുഴച്ചു, ധാര്‍മ്മികതയുടെയും ആത്മീയതയുടെയും കാവല്‍ ഭടന്മാരായി മാറി. ഈശ്വര ചിന്തയും, ആത്മീയതയും ധാര്‍മ്മീകതയും ഒന്നാണ് എന്ന് പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.

സൗരയൂഥത്തിനപ്പുറം ഉപഗ്രഹങ്ങളെ അയയ്ക്കുവാനും കോടാനുകോടി നക്ഷത്ര സമൂഹങ്ങളെ ദര്‍ശിക്കുവാനും ഭൂത, ഭാവി, വര്‍ത്തമാനകാലങ്ങളില്‍ ഒരുപോലെ ജീവിക്കുവാനും ആധുനീക മനുഷ്യര്‍ക്ക് സാധിച്ചു. എന്നിട്ടും ജനിച്ചപ്പോള്‍ തന്നെ മനുഷ്യരുടെകൂടെപ്പിറപ്പായ ഭയം ഇന്നും മനുഷ്യരെ ഭരിക്കുന്നു. മനുഷ്യരുടെ ഈ ബലഹീനതയെ മതം, മന്ത്രവാദം, രാഷ്ട്രീയം, സമുദായം എന്നിവ ഇന്നും ചൂഷണം ചെയ്ത് ഉപജീവനമാര്‍ഗ്ഗമാക്കി. ആധുനീകന്‍റെ വലിയ തലച്ചോറിന്‍റെ ശൂന്യ അറകളില്‍ ഈശ്വരന്‍, പാപം, നരകം, സ്വര്‍ഗ്ഗം, പാപവിമോചനം എന്നിവ കുത്തിനിറച്ചു. സ്വന്തം മതം, വിശ്വാസം രാഷ്ട്രീയം എന്നിവ മറ്റുള്ളവയെക്കാള്‍ ശ്രേഷ്ഠമാണെന്ന മിധ്യധാരണ വിശ്വാസികളില്‍ അടിച്ചേല്പിച്ചു. സ്വന്തം വിശ്വാസം സംരക്ഷിക്കാന്‍ കൊലപാതകം, അക്രമം, യുദ്ധം എന്നിവ ഇന്നും ഭൂമിയെ രക്തത്തില്‍ കുളിപ്പിക്കുന്നു.

വിശ്വാസികളുടെയും മതത്തിന്‍റെയും തടവറയില്‍ നിന്ന് ഈശ്വരന്‍ ഒരിക്കലും മോചിതനാകില്ല എന്ന സത്യം ചരിത്രവും ആനുകാലിക സംഭവങ്ങളും തെളിയിക്കുന്നു. ഭൂമിയിലെ ജീവന്‍റെ അവസാനത്തിന്‍റെ തുടക്കം പണ്ടേ തുടങ്ങിയെങ്കിലും ഇതിന്‍റെ വേഗത കുറക്കുവാന്‍ ആധുനീകനു സാധിക്കും. എന്‍റെ മതം, എന്‍റെ വിശ്വാസം, എന്‍റെ ഈശ്വരന്‍, എന്‍റെ രാഷ്ട്രം എന്നിങ്ങനെയുള്ള സങ്കുചിത ചിന്തകള്‍ ആധുനീകര്‍ വെടിയണം. എല്ലാ മനുഷ്യരും സഹോദരങ്ങളാണ് എന്ന വസ്തുത മനസ്സിലാക്കണം. മനുഷ്യരുടെ മാത്രമല്ല ഭൂമിയിലെ എല്ലാത്തരം ജീവന്‍റെയും നിലനില്പിലൂടെ മാത്രമേ മനുഷ്യജീവിതം തുടരുകയുള്ളു എന്ന നഗ്നസത്യം മനുഷ്യര്‍ മനസ്സിലാക്കണം.

നന്മയെ തിന്മയില്‍ നിന്നും വേര്‍തിരിക്കുവാനുള്ള അറിവ് മനുഷ്യരില്‍ നിറയണം. മനുഷ്യജീവിതം നന്മകള്‍ കൊണ്ട് നിറയ്ക്കണം. മറ്റു ജീവനെ നശിപ്പിക്കുന്ന യാതൊരു പ്രവര്‍ത്തിയും ചെയ്യാതിരിക്കണം. നമ്മോട് മറ്റുള്ളവര്‍ ചെയ്യരുത് എന്നു തോന്നുന്നവ നാം മറ്റുള്ളവരോടും ചെയ്യരുത്. ഇതാണ് നന്മയുടെ തുടക്കം. നന്മ മാത്രം പ്രവര്‍ത്തിക്കുന്ന ജീവിതം പ്രായോഗികമല്ല എന്ന ഒഴികഴിവില്‍ മനുഷ്യര്‍ സ്വാര്‍ത്ഥ ജീവിതത്തിലേക്ക് തിരികെ പോകുന്നു. വിജ്ഞാനത്തിനു മാത്രമേ മനുഷ്യരെ ഇത്തരം ദൂഷിത വലയത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കുകയുള്ളു. ആയതിനാല്‍ മനുഷ്യര്‍ സ്വയം ബോധമുള്ളവരായി വളര്‍ന്ന് ഉയരണം. എന്‍റെ, എന്‍റെ എന്ന സ്വാര്‍ത്ഥ മോഹങ്ങള്‍ മനുഷ്യര്‍ വെടിയണം. മനുഷ്യ ജീവിതത്തിന്‍റെ ക്ഷണികതയും, ഈ വലിയ പ്രപഞ്ചത്തില്‍ മനുഷ്യന്‍റെ നിസ്സാരതയും, ഓരോ വ്യക്തിയും മനസ്സിലാക്കണം. ഭൂമിയുടെ ഏതെങ്കിലും ചെറിയ കോണില്‍ സംഭവിക്കുന്ന ചെറിയകാര്യം പോലും ഭൂതലമാകെ പടരുമെന്ന ഭീകരസത്യം എല്ലാവരും മനസ്സിലാക്കണം.

അമിതമായ സമ്പത്ത് സ്വന്തമാക്കാനുള്ള പ്രവണത എല്ലാ മനുഷ്യരും ഉപേക്ഷിക്കണം. ദാരിദ്ര്യം, പട്ടിണി, രോഗങ്ങള്‍, മലിനീകരണം എന്നിവയുടെ വര്‍ദ്ധനവിനെ ഇല്ലാതെയാക്കുവാന്‍ എല്ലാ മനുഷ്യരും പ്രയത്നിക്കണം. ഭൂമിയില്‍ സമാധാനം നിറയണം. ഭാവിയിലെ സ്വര്‍ഗ്ഗം കാംക്ഷിച്ച് ഭൂമിയില്‍ തിന്മ വിതക്കുമ്പോള്‍ ഒരിക്കലും സ്വര്‍ഗ്ഗം പ്രാപിക്കുകയില്ല. എല്ലാവരും നന്മ പ്രവര്‍ത്തിക്കുമ്പോള്‍ ഈ ഭൂമിയില്‍ തന്നെ സ്വര്‍ഗ്ഗം അനുഭവിക്കുന്ന അവസ്ഥയുണ്ടാവും. മനുഷ്യര്‍ക്കു ലഭിക്കുന്ന ഏക സ്വര്‍ഗ്ഗവും അതു തന്നെ.

For further clarifications please contact: gracepub@yahoo.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക