Image

യു വീസ അശാസ്ത്രീയ നിയമങ്ങള്‍ പിന്‍വലിക്കണം: ഓവര്‍സീസ് സിറ്റിസന്‍സ് ഗ്ലോബല്‍ മലയാളി ഫോറം

Published on 22 April, 2013
യു വീസ അശാസ്ത്രീയ നിയമങ്ങള്‍ പിന്‍വലിക്കണം: ഓവര്‍സീസ് സിറ്റിസന്‍സ് ഗ്ലോബല്‍ മലയാളി ഫോറം
ചേര്‍ത്തല: 20 വയസിനു താഴെയും 50 വയസിനു മുകളിലുമുള്ള വിദേശ പാസ്‌പോര്‍ട്ട് ഉള്ളവരുടെ ഒസിഐ കാര്‍ഡില്‍ പതിക്കുന്ന യു. വീസ പാസ്‌പോര്‍ട്ട് പുതുക്കുന്നതിനനുസരിച്ചു പുനര്‍ പതിക്കണമെന്ന അശാസ്ത്രീയ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും യു വീസ പാസ്‌പോര്‍ട്ടില്‍ നിന്നും മാറ്റി ഒസിഐ കാര്‍ഡില്‍ തന്നെ പതിച്ചു നല്‍കണമെന്നും ഓവര്‍സീസ് സിറ്റിസന്‍സ് ഗ്ലോബല്‍ മലയാളി ഫോറം ആഗോള ചെയര്‍മാന്‍ കെ.പി. ഷിബു കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവിയോട് അഭ്യര്‍ഥിച്ചു. 

ഏപ്രില്‍ 21 ന് (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടിന് കേന്ദ്ര മന്ത്രി വയലാര്‍ രവിയുടെയുടെ ചേര്‍ത്തലയിലെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ വിദേശ പൗരത്വമുള്ള മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ കെ.പി. ഷിബു മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വിശദമായ നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. 

പരമ്പരാഗതമായി തങ്ങള്‍ അനുഭവിച്ചു പോരുന്ന വസ്തുവകകള്‍ കൈകാര്യം ചെയുന്നതിനും പുതുതായി വസ്തുവകകള്‍ ക്രയവിക്രയം ചെയുന്നതിനും ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ ആഗോള ചെയര്‍മാന്‍ മന്ത്രിയെ ബോധ്യപ്പെടുത്തി. 

നിലനില്‍പ്പിനായി വിദേശ പൗരത്വം സ്വീകരിച്ച മലയാളികള്‍ തങ്ങളുടെ ജന്മനാടിനോട് കാണിക്കുന്ന സ്‌നേഹം അളവറ്റതാണെന്നും അതുകൊണ്ടുതന്നെ അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനു വിദേശ കാര്യ മന്ത്രാലയവുമായി ചേര്‍ന്ന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി ഓവര്‍സീസ് സിറ്റിസന്‍സ് ഗ്ലോബല്‍ മലയാളി ഫോറം ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കി. 

റിപ്പോര്‍ട്ട്: ജോസഫ് കുര്യാക്കോസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക