Image

മാര്‍പ്പാപ്പാ നാളെ ജര്‍മനിയിലെത്തും

ജോസ്‌ കുമ്പിളുവേലില്‍ Published on 21 September, 2011
മാര്‍പ്പാപ്പാ നാളെ ജര്‍മനിയിലെത്തും
ബര്‍ലിന്‍: ബനഡിക്‌റ്റ്‌ പതിനാറാമന്‍ മാര്‍പ്പാപ്പായുടെ ജര്‍മന്‍ സന്ദര്‍ശനം നാളെയാരംഭിയ്‌ക്കും. സെപ്‌റ്റംബര്‍ 22 മുതല്‍ 25 വരെയാണ്‌ മാര്‍പ്പാപ്പായുടെ ജര്‍മന്‍ സന്ദര്‍ശന പരിപാടി. ബനഡിക്‌റ്റ്‌ പതിനാറാമന്‍ മാര്‍പ്പാപ്പായായതിനു ശേഷം ഇത്‌ മൂന്നാം തവണയാണ്‌ ജന്മനാടിന്റെ സ്‌നേഹം പങ്കുവെയ്‌ക്കാന്‍ എത്തുന്നത്‌. ഫ്രൈബുര്‍ഗ്‌, ബര്‍ലിന്‍ എന്നീ രൂപതകളെ കൂടാതെ മുന്‍ കമ്യൂണിസ്റ്റ്‌ നഗരമായ എര്‍ഫുര്‍ട്ട്‌ രൂപതയുയുമാണ്‌ മാര്‍പ്പാപ്പാ സന്ദര്‍ശിയ്‌ക്കുന്നത്‌.

സെപ്‌റ്റംബര്‍ 22 വ്യാഴാഴ്‌ച രാവിലെ 10.30ന്‌ ബര്‍ലിന്‍ ടേഗല്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന മാര്‍പ്പാപ്പായെ രാജ്യബഹുമതികളോടെ സ്വീകരിയ്‌ക്കും. തുടര്‍ന്ന്‌ ജര്‍മന്‍ പ്രസിഡന്റ്‌ ക്രിസ്റ്റ്യാന്‍ വുള്‍ഫ്‌, ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ എന്നിവരുമായി കൂടിക്കാണും.

ഉച്ചകഴിഞ്ഞ്‌ 4.15 നാണ്‌ ജര്‍മന്‍ പാര്‍ലമെന്റില്‍ മാര്‍പ്പാപ്പാ പ്രസംഗിയ്‌ക്കുന്നത്‌. വൈകുന്നേരം 6.30ന്‌ ബര്‍ലിന്‍ ഒളിംമ്പിയ സ്റ്റേഡിയത്തില്‍ മാര്‍പ്പാപ്പാ ദിവ്യബലിയര്‍പ്പിയ്‌ക്കും. ദിവ്യബലിയില്‍ പങ്കെടുക്കാന്‍ രണ്‌ടുലക്ഷത്തിലധികം വിശ്വാസികള്‍ എത്തുമെന്നാണ്‌ പ്രതീക്ഷിയ്‌ക്കുന്നത്‌.

ബര്‍ലിന്‍, എര്‍ഫുര്‍ട്ട്‌, ഫ്രൈബുര്‍ഗ്‌ എന്നിവിടങ്ങളില്‍ നടക്കുന്ന ശുശ്രൂഷകളില്‍ വിശ്വാസിഗണങ്ങള്‍ പങ്കെടുക്കും. ജര്‍മനിയുടെ പ്രിയപുത്രനായ പാപ്പായുടെ സന്ദര്‍ശനത്തിന്‌ വന്‍ ഒരുക്കങ്ങളാണ്‌ ജര്‍മനിയില്‍ നടന്നു വന്നിരുന്നത്‌. ജര്‍മന്‍ ബിഷപ്പ്‌ കോണ്‍ഫ്രന്‍സ്‌ പ്രസിഡന്റ്‌ ആര്‍ച്ച്‌ ബിഷപ്പ്‌ റോബര്‍ട്ട്‌ സോളിട്‌ഷിന്റെ നേതൃത്വത്തിലാണ്‌ നടന്നത്‌. ജര്‍മന്‍ ലുഫ്‌ത്താന്‍സാ, ഡോയ്‌റ്റ്‌ഷെ ബാന്‍(ജര്‍മന്‍ റെയില്‍വേ) തുടങ്ങിയ ഗതാഗത ശൃംഖലകള്‍ മാര്‍പ്പാപ്പായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ പ്രത്യേക യാത്രാനിരക്കുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്‌ട്‌.

2005 ല്‍ കൊളോണില്‍ നടന്ന ലോക യുവജന സമ്മേളനത്തോട്‌ അനുബന്ധിച്ചായിരുന്ന ആദ്യ സന്ദര്‍ശനം.പിന്നീട്‌ 2006 ല്‍ മാര്‍പ്പാപ്പായുടെ സ്വന്തം ജന്മസ്ഥലമായ ബവേറിയയിലെ മെര്‍ക്‌ടല്‍ അം ഇന്നില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മാര്‍പ്പാപ്പായുടെ ഇരുപത്തിയൊന്നാമത്തെ വിദേശയാത്രയാണ്‌ ജര്‍മനിയിലേയ്‌ക്കുള്ളത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക