Image

വിവേകാനന്ദസ്വാമികള്‍ :ഭാരതസ്വാതന്ത്ര്യത്തിന്റെ ഉഷഃകാല നക്ഷത്രം: പി.റ്റി. പൗലോസ്

പി.റ്റി. പൗലോസ് Published on 19 April, 2013
വിവേകാനന്ദസ്വാമികള്‍ :ഭാരതസ്വാതന്ത്ര്യത്തിന്റെ ഉഷഃകാല നക്ഷത്രം: പി.റ്റി. പൗലോസ്
നരേന്ദ്രനാഥദത്ത് എന്ന വിവേകാനന്ദസ്വാമികള്‍ ഈ ഭൂമിയില്‍ മുപ്പത്തി ഒന്‍പതരക്കൊല്ലം  ജീവിച്ചു. കൃത്യമായി പറഞ്ഞാല്‍ 1863 ജനുവരി 12-#ാ#ം തീയ്യതി മുതല്‍ 1902 ജൂലായ് 4വരെ. അതില്‍ പത്തുകൊല്ലം മാത്രമാണ് അദ്ദേഹം സമൂഹത്തിന്റെ മുഖ്യധാരയില്‍ നിറഞ്ഞുനിന്നത്. ചിക്കാഗോയിലെ മതമഹാസമ്മേളനത്തില്‍ ഒരു കൊടുംകാററായി അദ്ദേഹം ലോകത്തെ അമ്പരിപ്പിച്ചു. ക്ഷണികമായ ഒരഗ്നിജ്വാലയായി എരിഞ്ഞടങ്ങിയ ആ ഉജ്ജ്വലമായ ജീവിതം ഭാരതത്തിനും ലോകത്തിനും നല്‍കിയ സ്ഥായി ആയ പൈതൃകം രാജ്യ-രാഷ്ട്ര- മതഭേദമന്യേ പ്രധാനമായും രണ്ടുമണ്ഡലങ്ങളില്‍ ആയിരുന്നു: മാനവസേവനവും ആത്മാവിന്റെ മുക്തിയും. അടിമത്ത നിദ്രയില്‍ മയങ്ങിക്കിടന്ന ഭാരതീയ ജനതയെ ഉണര്‍ത്തി ആധുനിക ഭാരതത്തിന്റെ നവോത്ഥാന പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മനുഷ്യസ്‌നേഹിയായ വിവേകാനന്ദ സ്വാമികളുടെ മാനവസേവന മണ്ഡലങ്ങളിലൂടെ മാത്രം സഞ്ചരിച്ചുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം.

പാശ്ചാത്യ മേധാവിത്വത്തെ ഭാരതീയ പണ്ഡിതന്മാര്‍ ഏതാണ്ട് അംഗീകരിച്ച ഒരു കാലഘട്ടത്തിലാണ് വിവേകാനന്ദസ്വാമികള്‍ പ്രത്യക്ഷപ്പെട്ടത്. നമ്മുടെ തെറ്റുകള്‍ തിരുത്തുന്നതിന് പകരം, ഇവിടുത്തെ സാമൂഹ്യ വ്യവസ്ഥിതിയുടെയും മതത്തിന്റെയും നേരെ അവര്‍ അത്യൂഗ്രമായ ആക്രമണം നടത്തിയപ്പോള്‍, ഭാരതീയ സംസ്‌കാര പാരമ്പര്യത്തെ അപ്പാടെ അധിക്ഷേപിക്കുവാനും പാശ്ചാത്യസംസ്‌കാരത്തെ അനുകരിക്കുവാനുമുള്ള ഒരു പ്രവണത ഭാരതീയരില്‍ രൂപം കൊണ്ടു. നമ്മുടെ ദേശീയ ബോധത്തിന്റെയും ആത്മവിശ്വാസത്തിന്റേയും കടയ്ക്കല്‍ കത്തിവയ്ക്കുകയാണെന്നും യഥാര്‍ത്ഥ വികാസത്തിന് അത് സഹായകമാകുന്നതല്ലന്നത് ഭാരതീയര്‍ വിസ്മരിച്ചു. ഭാരതത്തിലെ പല സാമുദായികാചാരങ്ങളിലും ചിന്താരീതികളിലും സമൂല പരിഷ്‌ക്കരണം ആവശ്യമാണെന്നത് ഒരു സത്യവുമാണ്. അടിസ്ഥാന കുറവുകളെ പരിഹരിക്കുന്നതിന് പകരം ഭാരതത്തിന്റെ പൗരാണിക സംസ്‌ക്കാരത്തെയും സാമൂഹ്യവ്യവസ്ഥിതികളെയും അധിക്ഷേപിക്കുന്നത് വിപരീത ഫലങ്ങളെ ഉളവാക്കുകയുള്ളൂ എന്ന് വിവേകാനന്ദന്‍ ഉത്‌ബോധിപ്പിച്ചു. സ്വാമി വിവേകാനന്ദന്റെ ആവിര്‍ഭാവമാണ് ദേശീയമായ സ്വയനിന്ദയുടെയും സ്വയം കളങ്കപ്പെടുത്തലിന്റെയും ഈ പ്രവണത തടഞ്ഞുനിര്‍ത്തിയ പ്രധാനശക്തി. കൂടാതെ അമേരിക്കയിലും ഇംഗ്ലണ്ടിലും അദ്ദേഹം നടത്തിയ പ്രബോധനങ്ങളുടെ തുടര്‍ച്ച ആയ വിജയവും ആ രാജ്യങ്ങളില്‍ നിരവധി ആരാധകരെയും ശിഷ്യരെയും സമ്പാദിക്കുന്നതില്‍ അദ്ദേഹത്തിനുണ്ടായ നേട്ടവും പാശ്ചാത്യപരിഷ്‌കാരത്തിന്റെ അതിപ്രഭയില്‍ മനം മയങ്ങിയ ഹിന്ദുക്കളുടെ കണ്ണുതുറപ്പിച്ചു. തങ്ങള്‍ വിചാരിക്കുന്നതുപോലെ സാംസ്‌കാരികമായി പാപ്പരായ ഒരു രാജ്യമല്ല ഭാരതമെന്നും ലോകത്തിനാവശ്യമായ ചിലതെല്ലാം ഇവിടെ ഉണ്ടെന്നും അനുകരണത്തില്‍ മനസ്സുമുഴകിയ ഹിന്ദുക്കള്‍ക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞു. ഇന്‍ഡ്യയുടെ ആത്മീയതയും പാശ്ചാത്യരുടെ സാങ്കേതിക പുരോഗതിയും ചേര്‍ന്ന ഒരു സമൂഹത്തെയാണ് സ്വദേശീയരുടെ മുമ്പില്‍ അദ്ദേഹം ആദര്‍ശമായി ഉയര്‍ത്തിക്കാണിച്ചത്.

വിദേശമേധാവിത്വത്തിന്റെ കീഴില്‍ ഭാരതത്തിന് നഷ്ടപ്പെട്ടതുപോലെ കാണപ്പെട്ടിരുന്ന ദേശീയമായ ആത്മവിശ്വാസം വീണ്ടെടുക്കുക എന്നതായിരുന്നു തുടര്‍ച്ച ആയൂള്ള പ്രസംഗങ്ങളിലൂടെ അദ്ദേഹം നേടുവാന്‍ ശ്രമിച്ചത്. ഭാരതം മൃതിയടഞ്ഞുകൊണ്ടിരിക്കുന്ന രാഷ്ട്രമല്ല നേരെമറിച്ച് ലോകത്തിലെ ഇതര രാഷ്ട്രങ്ങള്‍ക്കായുള്ള ഒരു മഹത് സന്ദേശത്തോടുകൂടി ജീവിക്കുന്ന അസ്തിത്വമാണെന്ന് അദ്ദേഹം പഠിപ്പിച്ചു. കാലം മാറ്റങ്ങള്‍ വരുത്താമെങ്കിലും, ഭാരതീയ സാമുദായിക വ്യവസ്ഥിതിയും സംസ്‌ക്കാരവും ചരിത്രത്തില്‍ ഒരു അതുല്യ പ്രതിഭാസമായി തുടരണം. പഴമയില്‍ അഭിമാനം കൊള്ളുവാനും അതൊടൊപ്പം നിരര്‍ത്ഥകമായ ആത്മപ്രശംസയുടെ ചളിക്കുണ്ടില്‍ ആണ്ടുകിടക്കാതിരിക്കുവാനും സദാചാരത്തിന്റെയും മാനവസേവയുടെ വഴിത്താരയിലൂടെ പുരോഗമിക്കുവാനും വിവേകാനന്ദന്‍ ഭാരതീയരെ ഉത്‌ബോധിപ്പിച്ചു. അതല്ല, മറിച്ചാണെങ്കില്‍ ഭാരതത്തിന് അതിന്റെ ദേശീയസ്വഭാവവും വ്യക്തിത്വവും നഷ്ടപ്പെടുകയും മറ്റു പൗരാണിക രാഷ്ട്രങ്ങളെപ്പോലെ ഭാരതവും വിസ്മൃതിയുടെ അഗാധഗര്‍ത്തത്തിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യുമെന്നതുകൂടി അദ്ദേഹം താക്കീതുചെയ്തു.

ലോകചരിത്രത്തിലും ലോകത്തിന്റെ ഭാവിക്ഷേമത്തിലും ഭാരതീയര്‍ വഹിക്കേണ്ട മഹത്തായ പങ്കിനെക്കുറിച്ച് അവരെ അനുസ്മരിപ്പിക്കുന്നതോടൊപ്പം തന്നെ ഭാരതത്തിന് അതിന്റെ പൂര്‍ണ്ണമായ ഉയര്‍ച്ചയിലേക്ക് ചെന്നെത്താന്‍ പരിഹരിക്കേണ്ടതായ ചില ന്യൂനതകളും ചൂണ്ടിക്കാണിക്കുന്നതില്‍ സ്വാമിജി ഒട്ടും വിമുഖനായിരുന്നില്ല. ഇവയില്‍ പ്രധാനമായത് ഭാഷയിലും മതത്തിലും പ്രാദേശിക സംസ്‌കാരത്തിലും ഭിന്നതയുണ്ടെങ്കിലും എല്ലാ ഭാരതീയരും ഒരേ രാഷ്ട്രമാണെന്നുള്ള ബോധത്തില്‍ അധിഷ്ഠിതമായ സ്വരാജ്യസ്‌നേഹം വളര്‍ത്തലാണ്. ഉത്കൃഷ്ടമായൊരു പ്രസംഗത്തില്‍ അദ്ദേഹം പറയുന്നു:

"അല്ലയോ ഭാരതാംബേ! അറ്റുള്ളവര്‍ പറയുന്നതേറ്റുപറഞ്ഞ് മറ്റുള്ളവര്‍ കാണിക്കുന്നതിനെ ആഭാസമായി അനുകരിച്ച് മറ്റുള്ളവരെ ആശ്രയിച്ച്, അടിമത്വത്തിന്റെ ദുര്‍ബ്ബലതപുലര്‍ത്തി, വെറുക്കപ്പെട്ട നികൃഷ്ട മൃഗസ്വഭാവം കൈവരിച്ച്, ഇവമാത്രം കൈമുതലാക്കി അവിടുന്ന് ശ്രൃംഗങ്ങളിലേക്ക് ആരോഹണം ചെയ്യുമോ?നാണം കെട്ട ഈ ഭീരുത്വത്താല്‍ വീരന്മാരും ശൂരന്മാരും മാത്രം അര്‍ഹിക്കുന്ന ആ സ്വാതന്ത്ര്യം അവിടുന്ന് നേടുമൊ? അല്ലയൊ ഭാരതമെ, നിന്റെ സ്ത്രീത്വത്തിന്റെ ആദര്‍ശം സീതയും സാവിത്രിയും ദമയന്തിയും ആണന്നുള്ളത് മറക്കാതിരിക്കുക! നീ ആരാധിക്കുന്ന ഈശ്വരന്‍ നിന്നില്‍ തന്നെയുണ്ടെന്ന് മറക്കാതിരിക്കുക! നീ ജനിച്ചതുതന്നെ ജനനിയുടെ ത്യാഗത്തിന്റെ  ബലിയായിട്ടാണെന്ന് മറക്കരുതെ! അനന്തവും സര്‍വ്വവ്യാപ്തവുമായ മാതൃത്വത്തിന്റെ പ്രതിഫലനം മാത്രമാണ് ഭാരതത്തിന്റെ സാമുദായികക്രമമെന്നത് മറക്കല്ലെ! അധഃകൃതര്‍, നിര്‍ദ്ധനര്‍, നിരക്ഷരര്‍ എന്നു വേണ്ട ചെരുപ്പുകുത്തി, തൂപ്പുകാരന്‍ എന്നിവരെല്ലാം നിങ്ങളുടെ മാംസവും മജ്ജയുമാണ്. താങ്ങളൊരു ഭാരതീയനാണെന്നതില്‍ അഭിമാനിക്കൂ! സ്വാഭിമാനം പ്രഖ്യാപിക്കൂ! ഞാനൊരു ഭാരതീയന്‍, ഓരോ ഭാരതീയനും എന്റെ സഹോദരന്‍, അജ്ഞനായ ഭാരതീയനും പറയനായ ഭാരതീയനും എന്റെ സഹോദരന്‍. ഭാരതത്തിലെ സാമുദായ വ്യവസ്ഥയാണ് എന്റെ ശൈശവത്തിലെ കളിത്തൊട്ടില്‍, യൗവ്വനത്തിലെ നന്ദനോദ്യാനം, വാര്‍ദ്ധക്യത്തിലെ വാരണാസി, പറയൂ സഹോദരാ, ഭാരതത്തിന്റെ നന്മയാണ് എന്റെ നന്മ, ഭാരതത്തിലെ മണ്ണാണ് എന്റെ സ്വര്‍ഗ്ഗം. മണ്ണിലെ മനുഷ്യരാണ് എന്റെ ദൈവം.”


(തുടരും)


വിവേകാനന്ദസ്വാമികള്‍ :ഭാരതസ്വാതന്ത്ര്യത്തിന്റെ ഉഷഃകാല നക്ഷത്രം: പി.റ്റി. പൗലോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക