Image

അഭിമാനകരമായ ജനോപാകാര പ്രവര്‍ത്തനങ്ങളിലൂടെ ഫൊക്കാന എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി

മാത്യു മൂലേച്ചേരില്‍ Published on 18 April, 2013
അഭിമാനകരമായ ജനോപാകാര പ്രവര്‍ത്തനങ്ങളിലൂടെ ഫൊക്കാന എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി
ന്യൂയോര്‍ക്ക്‌: 201214 ഫൊക്കാന നാഷണല്‍ കമ്മിറ്റി ജനോപകാര പ്രദാനങ്ങളായ ധാരാളം കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിച്ചതിലുള്ള ആത്മസംതൃപ്‌തിയോടെ ഒരു വര്‍ഷം പൂര്‍ത്തീകരിക്കുന്നു. കഴിഞ്ഞവര്‍ഷത്തെ അജണ്ടയിലുണ്ടായിരുന്നതായ എല്ലാ കാര്യങ്ങളും വളരെ കാര്യക്ഷമമായിത്തന്നെ ഇതിനോടകം തന്നെ നിര്‍വ്വഹിക്കാന്‍ സാധിച്ചുവെന്ന്‌ പ്രസിഡന്റ്‌ മറിയാമ്മ പിള്ളയും ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്സും അറിയിച്ചു.

കഴിഞ്ഞവര്‍ഷത്തെ കാര്യപരിപാടികളിലെ പ്രധാന ഇനങ്ങളായിരുന്ന മതസൗഹാര്‍ദ്ദ റാലി, ജില്ലക്ക്‌ ഒരു കാല്‍, കേരള കണ്‍വന്‍ഷന്‍, പ്രവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം, അന്‍പതോളം നിര്‍ദ്ധനരായവര്‍ക്ക്‌ സഹായങ്ങള്‍ ചെയ്യുക മുതലായവയെല്ലാം വളരെ സമയക്ലിപ്‌തതയോടെ ചെയ്യുവാന്‍ സാധിച്ചതിലുള്ള ചാരിതാര്‍ത്ഥ്യത്തിലാണ്‌ നാഷണല്‍ കമ്മിറ്റി എന്ന്‌ മറിയാമ്മ പിള്ള പറഞ്ഞു.

കഴിഞ്ഞ ജനുവരി 4,5 തീയതികളില്‍ കൊച്ചിയില്‍ വച്ചു ഫൊക്കാന മുന്‍ പ്രസിഡന്റും മുന്‍ ബോര്‍ഡ്‌ ഒഫ്‌ ട്രസ്റ്റീസ്‌ ചെയര്‍മാനുമായ പോള്‍ കറുകപ്പള്ളിയുടെ നേതൃത്വത്തില്‍ നടത്തിയ കേരള കണ്‍വന്‍ഷന്‍ ഒരു വന്‍ വിജയം തന്നെയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അനേകം ഫൊക്കാന അംഗങ്ങളും അഭ്യുദയ കാംക്ഷികളും അതിന്റെ എല്ലാ ചടങ്ങുകളിലും സജീവമായി പങ്കെടുത്തു. ബഹു. കേരള ധനകാര്യമന്ത്രി കെ.എം മാണി, ബഹു. കേരള സിവില്‍ സപ്ലൈസ്‌ മന്ത്രി അനൂപ്‌ ജേക്കബ്‌, ബഹു. കേരള ആരോഗ്യവകുപ്പു മന്ത്രി വി.എസ്‌ ശിവകുമാര്‍, യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, പി. രാജീവ്‌ എം.പി, ആന്റോ ആന്റണി എം.പി, രാജു ഏബ്രഹാം എം.എല്‍. എ, മത നേതാക്കന്മാര്‍, മറ്റ്‌ സാമൂഹിക സാംസ്‌കാരിക നേതാക്കന്മാര്‍ എന്നിവരുടെ നിറ സാന്നിദ്ധ്യം ചടങ്ങുകള്‍ക്ക്‌ ഔദ്യോഗികതയും, വര്‍ണ്ണാഭയുമേകി. കൂടാതെ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും, മറ്റു മന്ത്രിമാരുടെയും പിന്തുണയും കേരള ഗവണ്മെന്റിന്റെ എല്ലാ തുറകളില്‍ നിന്നുള്ള സഹായങ്ങളും പ്രസ്‌തുത സമ്മേളനത്തിന്റെ വിജയത്തിനു കരുത്തായിരുന്നു. ആ സമ്മേളനത്തിന്റെ വിജയത്തിനായി ആത്മസമര്‍പ്പണത്തോടെ അശ്രാന്തമായി പരിശ്രമിച്ച അതിന്റെ സംഘാടകരായ ടി.എസ്‌ ചാക്കോയുടെയും, പോള്‍ കറുകപ്പള്ളിയുടെയും പ്രവര്‍ത്തനങ്ങള്‍ തികച്ചും ശ്ലാഘനീയമായിരുന്നുവെന്നും, ഇതിന്റെ പൂര്‍ണ്ണവിജയത്തിനായി പരിശ്രമിക്കുകയും ആദ്യാന്ത്യം കൂടെ നില്‍ക്കുകയും ചെയ്‌ത ഫൊക്കാന എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയുടെയും, നാഷണല്‍ കമ്മിറ്റിയുടെയും, ട്രസ്റ്റി ബോര്‍ഡ്‌ മെംബേഴ്‌സിന്റെയും, ഫൗണ്ടേഷന്‍ മെംബേഴ്‌സിന്റെയും, അഡ്വൈസറി ബോര്‍ഡിന്റെയും പ്രവര്‍ത്തനങ്ങളും സഹായങ്ങളും വിസ്‌മരിക്കാന്‍ പാടില്ലാത്തവയാണെന്നും ടെറന്‍സണ്‍ തോമസ്‌ അറിയിച്ചു.

ജനുവരി 4ന്‌ തിരുവനന്തപുരം മുതല്‍ സമ്മേളന നഗരമായ കൊച്ചിവരെ ബഹു. കേരള ഗവണ്മെന്റ്‌ ആരോഗ്യവകുപ്പു മന്ത്രി വി.എസ്‌ ശിവകുമാര്‍ രക്ഷാധികാരിയായി വിവിധ മത മേലദ്ധ്യക്ഷന്മാരെ സംഘടിപ്പിച്ചു നടത്തിയ മത സൗഹാര്‍ദ്ദ റാലി, വിഘടിച്ചു നില്‍ക്കുന്ന വിഭിന്ന മതസ്ഥര്‍ക്ക്‌ ജാതി, മത, വര്‍ഗ്ഗ വൈരങ്ങള്‍ വെടിഞ്ഞ്‌ ജനോപകാരപ്രദമായ കാര്യങ്ങള്‍ക്കുവേണ്ടി സംയോജിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള ഒരു പ്രേരണയായും, ഭാരതത്തിന്റെ ഐശ്വര്യത്തിനും, അഖണ്‌ഢതയ്‌ക്കും, സുഗമമായ പ്രവര്‍ത്തനത്തിനും വേണ്ടി മതങ്ങള്‍ എങ്ങനെ നിലകൊള്ളണം എന്നുള്ളതിനും, കൂടാതെ കേരളത്തില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന മത തീവ്രവാദത്തിനും തന്മൂലമുളവാകുന്ന രാഷ്ടീയ സാമൂഹിക അരാജകത്വങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണത്തിനും ഒരു മാര്‍ഗ്ഗദര്‍നം ആകുവാനും ഇടയായി.

മുന്‍പുള്ള എല്ലാ വര്‍ഷങ്ങളെക്കാളും വിഭിന്നമായി ആതുര സേവനത്തിനും, അശരണരും ആകുലരായവരെയും സഹായിക്കുന്നതിനുമായി ഫൊക്കാന നേതൃത്വം മുന്‍കൈയ്യെടുത്തു പ്രവര്‍ത്തിച്ചു. അതിന്റെ ഭാഗമായി ജീവിതപ്രയാണത്തില്‍ കാല്‍ നഷ്ടപ്പെട്ട്‌ അംഗവൈകല്യത്താല്‍ നരകയാതനകള്‍ സഹിച്ച്‌ ഒരോദിനവും ജീവിതം തള്ളിനീക്കിക്കൊണ്ടിരുന്ന കേരളത്തിലെ ആറു ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആറു പേര്‍ക്ക്‌ കൃത്രിമ കാലുകള്‍ നല്‍കി അവര്‍ക്ക്‌ ജീവിതത്തിലേക്ക്‌ വീണ്ടും നടന്നു നീങ്ങുവാനായി 'ജില്ലക്കൊരു കാല്‌' പദ്ധതി നടപ്പാക്കി. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട അന്‍പതോളം നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക്‌ സാമ്പത്തീക സഹായങ്ങളും നല്‍കി.

ലോകമെമ്പാടുമുള്ള പ്രവാസി സഹോദരങ്ങള്‍ അനുഭവിക്കുന്ന വിവിധമായ കഷ്ടതകളും പ്രയാസങ്ങളും മന്ത്രിതലാടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്‌തു. അതില്‍ പ്രധാനമായി, വിദേശങ്ങളില്‍ എല്ലുമുറിയെ പണിയെടുത്ത പണം കൊണ്ട്‌ നാട്ടില്‍ സ്വരുക്കൂട്ടുന്ന വസ്‌തുവകകളെയും ബാങ്ക്‌ അക്കൗണ്ടുകളേയും മാഫിയകളുടെയും കള്ളന്മാരുടെയും കൊള്ളക്കാരുടെയും ദുര്‍നീയമങ്ങളുടെയും പിടിയില്‍ നിന്നു മോചിപ്പിക്കുന്നതിനായും, ഭാവിയില്‍ അതിനെല്ലാം ആവശ്യകരമായ സംരക്ഷണവും ആവശ്യപ്പെട്ടുകൊണ്ട്‌ വിവിധ രാഷ്ട്രീയ നേതാക്കന്മാരെയും മന്ത്രിമാരെയും മറ്റ്‌ ഉയര്‍ന്ന ഗവണ്മെന്റ്‌ ഉദ്യോഗസ്ഥന്മാരെയും ഉള്‍പ്പെടുത്തി ഫൊക്കാന നടത്തിയ ചര്‍ച്ച വളരെ ഫലവത്തായി പരിണമിച്ചു. പ്രവാസികളുടെ സ്വത്തുവകകള്‍ക്ക്‌ വേണ്ടുന്ന പൂര്‍ണ്ണ സംരക്ഷണം നല്‍കുമെന്നും, അതിനാവശ്യമായ നീയമനിര്‍മ്മാണം ഉടനടി നടപ്പിലാക്കുമെന്നും പ്രസ്‌തുത യോഗത്തിലവര്‍ ഫൊക്കാനക്ക്‌ ഉറപ്പു നല്‍കുകയുമുണ്ടായി.

ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിനും മുന്നോട്ടുള്ള വര്‍ഷം കൂടുതല്‍ കാര്യക്ഷമതയോടെ എങ്ങനെ പ്രവര്‍ത്തിക്കാം എന്നുള്ള വിഷയവും ചര്‍ച്ച ചെയ്യുന്നതിനായി മെയ്‌ 4 ന്‌ ചിക്കാഗോ ഒഹയര്‍ ഇന്റര്‍ നാഷണല്‍ എയര്‍പ്പോര്‍ട്ടിന്റെ സമീപമുള്ളതും 2014ലെ കണ്‍ വന്‍ഷന്‍ സെന്റര്‍ ആയി തിരഞ്ഞെടുത്തിട്ടുള്ളതുമായ ഹയറ്റ്‌ റീജെന്‍സി ഒഹയര്‍ ഹോട്ടലില്‍ വച്ച്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി മീറ്റിംഗ്‌ കൂടുന്നതായിരിക്കുമെന്നും, പ്രസ്‌തുത യോഗത്തില്‍ എല്ലാ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയംഗങ്ങളും പങ്കെടുക്കണമെന്നും പ്രസിഡന്റ്‌ മറിയാമ്മ പിള്ള, ജനറല്‍ സെക്രട്ടറി ടെറെന്‍സണ്‍ തോമസ്‌, ട്രഷറര്‍ വര്‍ഗീസ്‌ പാലമലയില്‍ എന്നിവര്‍ അറിയിച്ചു.
അഭിമാനകരമായ ജനോപാകാര പ്രവര്‍ത്തനങ്ങളിലൂടെ ഫൊക്കാന എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിഅഭിമാനകരമായ ജനോപാകാര പ്രവര്‍ത്തനങ്ങളിലൂടെ ഫൊക്കാന എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിഅഭിമാനകരമായ ജനോപാകാര പ്രവര്‍ത്തനങ്ങളിലൂടെ ഫൊക്കാന എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിഅഭിമാനകരമായ ജനോപാകാര പ്രവര്‍ത്തനങ്ങളിലൂടെ ഫൊക്കാന എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക