Image

തനിക്കെതിരായ കേസുകളില്‍ പുനര്‍വിചാരണ വേണമെന്ന് തഹാവൂര്‍ റാണ

Published on 21 September, 2011
തനിക്കെതിരായ കേസുകളില്‍ പുനര്‍വിചാരണ വേണമെന്ന് തഹാവൂര്‍ റാണ
ഷിക്കാഗോ: മുംബൈ സ്‌ഫോടനത്തില്‍ ലഷ്‌കര്‍-ഇ-ത്വയ്ബയെ സഹായിച്ചെന്ന കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പാക് വംശജനായ കനേഡിയന്‍ പൗരന്‍ തഹാവൂര്‍ ഹുസൈന്‍ റാണ തനിക്കെതിരായ കേസുകളില്‍ പുനര്‍വിചാരണ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടതായി ഷിക്കാഗോ സണ്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഡെന്മാര്‍ക്കിലെ പത്രമായ ജിലാന്റ്‌സ് പോസ്റ്റണിന്റെ ഓഫീസില്‍ സ്‌ഫോടനം ആസൂത്രണം ചെയ്തു എന്ന കേസിലും റാണ കുറ്റക്കാരനെന്ന് ഷിക്കാഗോ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. രണ്ട് കേസുകളിലും പ്രത്യേകം പ്രത്യേകം വിചാരണ വേണമെന്നാണ് റാണ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മുംബൈ ആക്രമണ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെടുത്തിയാണ് മറ്റ് രണ്ട് കേസുകളിലും റാണയ്ക്ക് ശിക്ഷ വിധിച്ചതെന്നും ഇത് ശരിയായ നടപടിയല്ലെന്നും റാണയുടെ അഭിഭാഷകര്‍ ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ ഒരു കേസിനെ മറ്റുള്ളതുമായി ബന്ധപ്പെടുത്തുന്നത് തെറ്റായ രീതിയാണെന്നും ഈ സാഹചര്യത്തില്‍ റാണ കുറ്റക്കാരനെന്ന് കണ്ടെത്തിയ കേസുകളില്‍ പുനര്‍ വിചാരണ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

മുംബൈ ഭീകരാക്രമണ കേസില്‍ റാണ കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. അതേസമയം മറ്റ് രണ്ട് കേസുകളില്‍ റാണയുടെ പങ്കാളിത്തം കണ്ടെത്തിയ കോടതി 30 വര്‍ഷത്തെ തടവ് വിധിച്ചിരുന്നു.2008 നവംബറില്‍ നടന്ന മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട്  2009 ഒക്ടോബറിലാണ് റാണ ഷിക്കാഗോയില്‍ അറസ്ററിലാവുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക