Image

വായനയുടെ വാതായനങ്ങള്‍ തുറന്നു കൊടുത്ത വര്‍ക്കിസാര്‍ (കാരൂര്‍ സോമന്‍ ചാരുംമൂട്‌)

Published on 14 April, 2013
വായനയുടെ വാതായനങ്ങള്‍ തുറന്നു കൊടുത്ത വര്‍ക്കിസാര്‍ (കാരൂര്‍ സോമന്‍ ചാരുംമൂട്‌)
മുട്ടത്തു വര്‍ക്കിയുടെ നൂറാം ജന്മദിനം 2013 ഏപ്രിലില്‍ ആഘോഷിക്കുമ്പോള്‍ എന്റെ ഓര്‍മകള്‍ പറന്നുപോകുന്നത്‌ 1973ലേക്കാണ്‌.

മലയാള മനോരമയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേരളയുവസാഹിത്യ സഖ്യം കോട്ടയത്ത്‌ വച്ച്‌ നടത്തിയ ഒരു സാഹിത്യ സെമിനാറിലാണ്‌ ഞാന്‍ വര്‍ക്കിസാറിനെ പരിചയപ്പെടുന്നത്‌.

സെമിനാറില്‍ കെ.പി. കേശവമേനോന്‍, തകഴി, കാക്കനാടന്‍,ഡോ. കെ.എം ജോര്‍ജ്‌ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ഈ മഹാരഥന്‍മാര്‍ മണ്‍മറയുന്നതുവരെ അവരുമായി നല്ലൊരു ഗുരുശിഷ്യബന്ധം നിലനിറുത്താന്‍ എനിക്ക്‌ കഴിഞ്ഞിരുന്നു.

വര്‍ക്കിസാറുമായി രണ്ടോ മൂന്നോ പ്രാവശ്യം ഫോണില്‍ ബന്ധപ്പെട്ടതല്ലാതെ അത്തരത്തലൊരു ബന്ധം തുടരാന്‍ കഴിഞ്ഞില്ല.

എന്നെ ഏറെ ആകര്‍ഷിച്ചത്‌ അദ്ദേഹത്തിന്റെ സരസമായ സംസാരം, സ്‌നേഹമസൃണമായ പെരുമാറ്റം, വിനയം, വാത്സല്യം, ഉപദേശങ്ങള്‍ മുതലായവയായിരുന്നു. ഒരു ഗാന്ധിയനായും യേശുക്രിസ്‌തുവില്‍ അടിയുറച്ച്‌ വിശ്വസിക്കുന്ന ഒരു വിശ്വാസിയായും ഞാനദ്ദേഹത്തെ സ്‌നേഹിച്ചിരുന്നു.

അദ്ദേഹത്തിന്റെ നോവലുകളിലും കഥകളിലും പ്രണയവും, സ്‌നേഹവും, കണ്ണുനീരും സന്തോഷവും ഇഴ ചേര്‍ന്നു നിന്നിരുന്നു. വിമര്‍ശകര്‍ അദ്ദേഹത്തിന്റെ സൃഷ്‌ടികള്‍ക്ക്‌ നേരെ പുറംതിരിഞ്ഞു നിന്നപ്പോള്‍ സാധാരണക്കാര്‍ക്ക്‌ ആ സൃഷ്‌ടികള്‍ പുതിയൊരു വായനാലോകം തുറന്നു കൊടുത്തു. വര്‍ക്കിസാറിന്റെ രചനകള്‍ക്ക്‌ മനുഷ്യജീവിതവുമായി ബന്ധങ്ങള്‍ ഉണ്ടെന്ന്‌ അവര്‍ മനസിലാക്കി. വായനക്കാരുടെ അഭിനന്ദനങ്ങളാണ്‌ അദ്ദേഹത്തിനു ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരങ്ങള്‍.

പാടാത്ത പൈങ്കിളി, കരകാണാക്കടന്ന, സ്വര്‍ഗസുന്ദരി, ഞാന്‍ നിന്നെ പ്രേമിക്കുന്നു ഇങ്ങനെ ധാരാളം രചനകള്‍ വായനക്കാരെ പ്രണയത്തിന്റെയും സ്‌നേഹബന്ധങ്ങളുടെയും ഉള്ളറകളിലേക്ക്‌ കൈപിടിച്ചു നടത്തിയിട്ടുണ്ട്‌്‌.

സ്‌നേഹത്തിന്റെ യഥാര്‍ഥ മുഖം, അനുരാഗം, വിരഹദുഖം, ദുഖത്തിന്റെ തീച്ചൂള, ഏകാന്തത, നിരാശ, ആദ്ധ്യാത്മികത ഇവയെല്ലാം വികാരനിര്‍ഭരമായ വിധത്തില്‍ പ്രതിപാദിക്കാന്‍ വര്‍ക്കി സാറിനു കഴിഞ്ഞു.

ഒരു എഴുത്തുകാരന്റെ മുപ്പത്തിയൊന്ന്‌്‌ നോവലുകള്‍ സിനിമയാക്കുകയെന്നാല്‍ ആഗോള ചരിത്രത്തില്‍ തന്നെ അപൂര്‍വ സംഭവമാണ്‌.

സിനിമകളേക്കാള്‍ ജനഹൃദയങ്ങളില്‍ നിറഞ്ഞു നില്‌ക്കുന്നത്‌ വര്‍ക്കിസാറിന്റെ കൃതികള്‍ തന്നെയാണ്‌. ഒരു ജനപ്രിയ സാഹിത്യകാരനാകാനും വിശാലമായ വായനാലോകം സൃഷ്‌ടിക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ചതും ആ കൃതികളാണ്‌. അയ്യായിരം കോപ്പി വിറ്റിട്ടും ഇരുപത്തയ്യായിരം വിറ്റു എന്ന്‌്‌ പറയുന്ന പ്രസാധകന്റെ കണക്കല്ലായിരുന്നു അത്‌.

ഒരിക്കല്‍ ഫോണില്‍ സംസാരിച്ചപ്പോള്‍, തന്നെ ഒരു പൈങ്കിളി എഴുത്തുകാരനായി മുദ്ര കു ത്താനാണ്‌ ചിലരുടെ താല്‌പര്യമെന്ന്‌ വര്‍ക്കിസാര്‍ പറയുകയുണ്ടായി. ഒരു സാഹിത്യസൃഷ്‌ടി നിലനില്‌ക്കുന്നത്‌ വായനക്കാരുടെ ആസ്വാദനത്തെ അനുസരിച്ചല്ലേ എന്ന എന്റെ അഭിപ്രായത്തോട്‌ അദ്ദേഹം യോജിച്ചു.

സാഹിത്യസൃഷ്‌ടിയുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത്‌ വായനക്കാരന്‍ തന്നെയാണ്‌. അല്ലാതെ സൃഷ്‌ടികര്‍ത്താവോ വിമര്‍ശകനോ അല്ല.

വര്‍ക്കിസാറിന്റെ കഥകള്‍ എല്ലാം തന്നെ ജീവിതഗന്ധികളാണ്‌. കരുത്തനായ ഒരു സാഹിത്യകാരനെ നിലനിറുത്തുന്നത്‌ ആ വ്യക്തിയുടെ പ്രതിഭയും, ജ്ഞാനവും, അനുഭവവുമാണ്‌. അങ്ങനെയുള്ളവര്‍ക്ക്‌ സമര്‍പ്പിത മനസോടെ സൗന്ദര്യപൂര്‍ണമായ സാഹിത്യസൃഷ്‌ടികള്‍ നടത്തുവാന്‍ കഴിയും.

മാതൃഭാഷയില്‍ നിരന്തരം സാഹിത്യസൃഷ്‌ടികള്‍ നടത്തി മലയാളഭാഷയെ അര്‍ഥപൂര്‍ണമാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക്‌ തള്ളിക്കളയാനാകില്ല. ഇത്രമാത്രം ആസ്വാദനക്ഷമതയോടെ സാധാരണ ജനങ്ങളിലേക്ക്‌ ഇറങ്ങിചെല്ലാന്‍ എത്ര എഴുത്തുകാര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌?

സമൂഹത്തില്‍ മനുഷ്യത്വം ചവുട്ടിയരക്കപ്പെടുമ്പോള്‍, തിന്മകള്‍, ചൂഷണം, മര്‍ദനം, അനീതി, ദാരിദ്ര്യം, കൊള്ള, കൊല, അഴിമതി, അനാചാരങ്ങള്‍ എല്ലാം കൊടികുത്തി വാഴുമ്പോള്‍ കരുത്തരായ സാഹിത്യകാരന്മാര്‍ക്ക്‌ ഇതൊക്കെ കണ്ടുനില്‌ക്കാനാവുമോ?

ഉത്തമങ്ങളായ കഥകളും നോവലുകളും സാമൂഹ്യ പുരോഗതിയുടെ ചാലക ശക്തികളായി വര്‍ത്തിക്കുന്നു എന്നതാണ്‌ സത്യം.

മനുഷ്യരില്‍ മൂല്യബോധമുണര്‍ത്താന്‍ ധാര്‍മികതയുള്ള നോവലിസ്റ്റുകള്‍ക്ക്‌ മാത്രമേ കഴിയൂ. ഇന്നത്തെ കാലത്ത്‌ മത-രാഷ്‌ട്രീയ ശക്തികളുടെ പിന്‍ബലമില്ലാത്ത സര്‍ഗധനന്മാരുടെ സാഹിത്യകാരന്മാരുടെ രചനകള്‍ പിന്തള്ളപ്പെടുന്നു എന്നതു സത്യമാണ്‌. ഈ പ്രവണത ഒരു ജീര്‍ണസംസ്‌കാരമാണ്‌ സമൂഹത്തിന്‌ നല്‌കുന്നത്‌. സാഹിത്യസൃഷ്‌ടി സമൂഹത്തിന്‌ വേണ്ടിയുള്ളതാണ്‌. ഇത്തരത്തിലുള്ള നിഗൂഢതകള്‍, വൈരുദ്ധ്യങ്ങള്‍ ഏതൊരു സാഹിത്യകാരനും തിരിച്ചറിയേണ്ടതാണ്‌. ഇന്ന്‌ എത്ര കുത്സിതനായ മാര്‍ഗങ്ങളിലൂടെയാണ്‌ സാഹിത്യത്തിന്‌ ഒരു സംഭാവനയും നല്‌കാത്തവര്‍ അവാര്‍ഡ്‌ നേടി പണവും പ്രശസ്‌തിയും കൈവരിക്കുന്നത്‌.

ഇവര്‍ ചെയ്യുന്നത്‌ നിരന്തരമായി, നീണ്ട ദശകങ്ങളായി മലയാള ഭാഷയെ സമ്പന്നമാക്കുന്നവരോടുള്ള അവഗണനയാണ്‌, അനീതിയാണ്‌. ഇത്‌ വര്‍ക്കിസാറിനും അനുഭവിക്കേണ്ടിവന്നു. ഭരണകൂടം അദ്ദേഹത്തിന്‌ എന്ത്‌ നല്‌കി ആദരിച്ചു?

മത രാഷ്‌ട്രീയക്കാരുടെ ഭൗതിക അടിത്തറയ്‌ക്ക്‌ പോറലേല്‌പിക്കാതിരുന്നതാണോ അദ്ദേഹം ചെയ്‌തതെറ്റ്‌. അതോ ആ ജീര്‍ണതയുടെ പടുകുഴിയില്‍ അംഗത്വമെടുക്കാതിരുന്നതോ? എന്തായാലും ഭാഷാസ്‌നേഹികളുടെ ചിന്താധാരയില്‍ വര്‍ക്കിസാര്‍ എക്കാലവും അനശ്വരനായി ജീവിക്കും.
വായനയുടെ വാതായനങ്ങള്‍ തുറന്നു കൊടുത്ത വര്‍ക്കിസാര്‍ (കാരൂര്‍ സോമന്‍ ചാരുംമൂട്‌)വായനയുടെ വാതായനങ്ങള്‍ തുറന്നു കൊടുത്ത വര്‍ക്കിസാര്‍ (കാരൂര്‍ സോമന്‍ ചാരുംമൂട്‌)
Join WhatsApp News
George Kuttickal 2013-04-20 11:55:28
Muttathu Varkey was a very good novelist but he was branded by some  jealous idiots as the writer of 'pynkili '( cheap romantic)' novels.
Chemmeen written by Thakazhi   is  also a novel about a love triangle . A poor girl from a fishermen community was loved by a wealthy man from Muslim community. Varkey also wrote novels of the same kind of themes. But Thakazi's Chemmeeen became a classic novel and Varkey's novels are being subdued as cheap romantic novels. Why ? Hypocrisy . What else. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക