Image

ഗണേഷ്‌കുമാര്‍: നഷ്ടമായത് മികച്ച മന്ത്രിയെ- അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 04 April, 2013
ഗണേഷ്‌കുമാര്‍: നഷ്ടമായത് മികച്ച മന്ത്രിയെ- അനില്‍ പെണ്ണുക്കര
ആവണക്കെണ്ണയില്‍ കടവിറങ്ങിയതുപോലെയായി ഒടുവില്‍ ഗണേഷ്‌കുമാറിന്റെ അവസ്ഥ. പക്ഷേ, മാധ്യമങ്ങളും, കേരള ജനതയും കാണാതെ പോയ ഒരു കാര്യമുണ്ട്. ഗണേഷ് കുമാറിന്റെ രാജിയിലൂടെ ഒരു മികച്ച മന്ത്രിയെയാണ് കേരളത്തിന് നഷ്ടപ്പെട്ടത്.

ഉമ്മന്‍ചാണ്ടിക്ക് എന്നും അഭിമാനിക്കാവുന്ന മികച്ച മന്ത്രി ആയിരുന്നു ഗണേഷ്‌കുമാര്‍. എ.കെ. ആന്റണിയാണ് മനസ് തുറന്ന് ആദ്യം അത് തുറന്ന് പറഞ്ഞത്. തന്റെ മന്ത്രിസഭയിലെ മികച്ച മന്ത്രി ആയിരുന്നു ഗണേഷ് എന്ന്…അത് ഒന്നാവര്‍ത്തിക്കുവാന്‍ ഉമ്മന്‍ചാണ്ടി ഇതുവരെ തയ്യാറായില്ല.

ഒരു മനുഷ്യന്റെ കുടുംബം പിച്ചിചീന്തിക്കഴിഞ്ഞ് രണ്ടാം ദിവസമാകുന്നു. കോലാഹലങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലെല്ലാം ഗണേഷ്, യാമിനി, പിള്ള കമന്റുകള്‍ പ്രവഹിക്കുന്നതിനിടെ വരികള്‍ക്കിടയില്‍ കേരളത്തിലെ യുവജനതയ്ക്ക് മന്ത്രിയെന്ന ഗണേഷ്‌കുമാറിനോട് ഒരു താല്പര്യം. പക്ഷേ എന്തു ഫലം?

ചലച്ചിത്രരംഗത്തുനിന്ന് രാഷ്ട്രീയത്തില്‍ വന്ന ഒരാള്‍ എന്നനിലയില്‍ മലയാളികള്‍ ഗണേഷ്‌കുമാറില്‍ നിന്നൊരു നല്ലൊരു ഭരണാധികാരിയെ ആരും പ്രതീക്ഷിച്ചിരുന്നില്ല. എ.കെ. ആന്റണി സര്‍ക്കാരിന്റെ കാലത്ത് ആദ്യമായി മന്ത്രിയായപ്പോഴും ഗണേഷിനെ ഒരു സിനിമാക്കാരന്‍ ഇമേജാണ് ജനം നല്‍കിയത്. പക്ഷേ ഗതാഗതവകുപ്പ് കാര്യക്ഷമതയോടെ മുന്‍പോട്ടും കൊണ്ടുപോയപ്പോഴാണ് അദ്ദേഹത്തില്‍ മികച്ച ഒരു ഭരണാധികാരി ഉണ്ടെന്ന് ജനം തിരിച്ചറിഞ്ഞത്. എന്നാല്‍ അധികകാലം കഴിയുന്നതിനു മുമ്പ് പിതാവിനു വേണ്ടി കസേര വിട്ടു കൊടുക്കേണ്ടി വന്ന അവസ്ഥയും ഉണ്ടായി.

രണ്ടാമത് ജയിച്ചു കയറിയത് രാഷ്ട്രീയക്കാരനായി മാത്രമായിരുന്നു. മന്ത്രി ആയപ്പോള്‍ ജനം പലതും പ്രതീക്ഷിച്ചു. തുടക്കത്തിലെ കല്ലുകടികള്‍ അതിജീവിച്ച് വനം-കായിക ചലച്ചിത്ര വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ച കൈയ്യൊതുക്കത്തോടെ മുന്‍പോട്ടു കൊണ്ടുപോകുമ്പോഴാണ് അപ്രതീക്ഷിത രാജി.

വനംവകുപ്പ് കൈകാര്യം ചെയ്തവര്‍ക്കെല്ലാം തലവേദനയായിരുന്നു ആ വകുപ്പ്.
ഭൂമി കയ്യേറ്റക്കാരും, കള്ളത്തടിവെട്ടുകാരും ഈ വകുപ്പിനെ വരിഞ്ഞു മുറുക്കുന്നവരാണ്. എല്ലാവരേയും തൃപ്തിപ്പെടുത്തി ഈ വകുപ്പ് മുന്‍പോട്ടു കൊണ്ടു പോകാന്‍ സാധിക്കില്ല. തനിക്ക് തീരെ താല്പര്യമില്ലാത്ത വകുപ്പ് പിതാവ് പിള്ളയുടെ താല്പര്യപ്രകാരമാണ് വനംവകുപ്പ് ഗണേഷ്‌കുമാര്‍ സ്വീകരിച്ചത്. എന്നാല്‍ താന്‍ കൈകാര്യം ചെയ്യുന്ന വകുപ്പില്‍ പുറത്തു നിന്നുള്ള ഇടപെടീല്‍ ഗണേഷ് അനുവദിച്ചിരുന്നില്ല. അഴിമതി അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു. പാര്‍ട്ടിക്കുള്ളിലെ ഏറ്റവും വലിയ പരാതിയും അതുതന്നെ ആയിരുന്നു. പാര്‍ട്ടി പറയുന്നത് മന്ത്രി കേള്‍ക്കുന്നില്ല എന്നായിരുന്ന ആക്ഷേപം.

മന്ത്രിസ്ഥാനത്തുനിന്ന് ഗണേഷിനെ മാറ്റുന്നതിന് അദ്ദേഹത്തിന്റെ പാര്‍ട്ടിതന്നെയാണ് ശ്രമങ്ങള്‍ നടത്തിയിരുന്നത്. എന്നിട്ടും തന്റെ നിലപാടില്‍ അയവ് വരുത്താന്‍ ഗണേഷ്‌കുമാര്‍ തയ്യാറായില്ല. നെല്ലിയാമ്പതി വിഷയത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകര്‍ക്കൊപ്പം ഗണേഷ്‌കുമാര്‍ നിന്നു. പരിസ്ഥിതി സംരക്ഷണത്തിന് മുന്‍ തൂക്കം നില്‍ക്കുന്ന കോണ്‍ഗ്രസിലെ ഹരിത എം.എല്‍.എ.മാരോടൊപ്പം അദ്ദേഹം നിലകൊണ്ടു.

കര്‍ഷരെന്നപേരില്‍ ഉയര്‍ന്നുവന്ന വനം കയ്യേറ്റക്കാര്‍ക്കെതിരെയുള്ള ഗണേഷ്‌കുമാറിന്റെ നിലപാടുകളാണ് കേരളാകോണ്‍ഗ്രസിന്റെ കണ്ണിലെ കരടായി മന്ത്രി മാറിയത്. മന്ത്രിക്കെതിരെ ആരു നീങ്ങിയാലും അവരെ പിന്തുണയ്ക്കാന്‍ കേരളാ കോണ്‍ഗ്രസ് നേതൃത്വം പച്ചക്കൊടിക്കാണിക്കുകയും ചെയ്തു. ചില വിട്ടുവീഴ്ച്ചകള്‍ ചെയ്ത് വേണമെങ്കില്‍ അദ്ദേഹത്തിന് തുടരാമായിരുന്നു. തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ടവരാണ് ഗണേഷിനെ വഴിതെറ്റിക്കുന്നതെന്ന് പിള്ള ആവര്‍ത്തിച്ച് പറയുമായിരുന്നു. പേഴ്‌സണല്‍ സ്റ്റാഫിലെ ചിലരെ ഒഴിവാക്കണമെന്ന് സ്വന്തം പാര്‍ട്ടിയുടെ ആവശ്യം പോലും നിരാകരിച്ച് മന്ത്രിസ്ഥആനം രാജിവച്ച് എല്ലാവരും ഒരുമിച്ച് പുറത്തേക്ക് പോവുകയാണ് അദ്ദേഹം ചെയ്തത്.

കായികരംഗത്ത് വലിയ ഉണര്‍വ് ഉണ്ടാക്കുവാന്‍ ഗണേഷ്‌കുമാറിന് സാധിച്ചു. ദേശീയ കായികമേളയുടെ സംഘാടനം ഇതില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. കഴിഞ്ഞ ഒളിംപിക്‌സില്‍ പങ്കെടുത്ത അനുഭവം മുതലാക്കി മികച്ച രീതിയില്‍ സംഘാടനം സാധ്യമാക്കാനുള്ള നടപടികള്‍ പുരോഗമിച്ചുവരവെയാണ് ഗണേഷിന്റെ രാജി.

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ നടത്തിപ്പില്‍ കാര്യമായ പരാതികള്‍ ഇല്ലാതെ കഴിഞ്ഞ വര്‍ഷം നടത്താനായി എന്നത് മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന് വലിയ മതിപ്പ് ലഭിക്കുന്നതിന് ഇടയാക്കിയിരുന്നു. സംവിധായകന്‍ പ്രിയദര്‍ശനെ ചലച്ചിത്ര അക്കാഡമിയുടെ തലപ്പത്ത് കൊണ്ടുവന്നു. അതുപോലെ ചലച്ചിത്രപ്രേമികള്‍ക്ക് സന്തോഷം പകര്‍ന്ന് തലസ്ഥാനത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തീയേറ്ററുകളൊക്കെ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിച്ചു.
കൈരളി, ശ്രീ, തിയേറ്ററുകളെ മൂന്നാക്കി മാറ്റി. നിള എന്ന പേരില്‍ ഒരു ചെറു തിയേറ്റര്‍ കൂടി ഉണ്ടാക്കി. കലാഭവന്‍ തിയേറ്റര്‍ പുതുക്കി പ്പണിതു. സിനിമയെ ശരിക്കും ജനകീയമാക്കി  വരവെയായിരുന്നു ഈ സംഭവവികാസങ്ങളും രാജിയും.

ഗണേഷ്‌കുമാറിന്റെ ഭരണപരിഷ്‌കാരങ്ങള്‍ പല മന്ത്രിമാര്‍ക്കും ഒരു സ്വയം വിലയിരുത്തലാകാം. ചുരുങ്ങിയ സമയം കൊണ്ട് വലിയ നേട്ടങ്ങള്‍. പക്ഷേ കുടുംബം നന്നാക്കാന്‍ പറ്റിയില്ല. ബാലചന്ദ്രമേനോന്റെ നയം വ്യക്തമാക്കുന്നു എന്ന സിനിമയില്‍ മമ്മൂട്ടി പറയുന്ന ഒരു ഡയലോഗുണ്ട്. സമൂഹം നന്നാവണമെങ്കില്‍ വീട് നന്നാവണം.  എങ്കിലേ ഒരു മന്ത്രിക്ക് സമാധാനപരമായി ഭരണം നടത്താനാവൂ. ശുഭപര്യവസായി ആണ് സിനിമ. പക്ഷേ ഒരു സിനിമാക്കാരന്‍ മന്ത്രി ആയപ്പോള്‍ കഥമാറി. കുടുംബം പോയി. ജീവിതവും പോയി. ഭരണവും പോയി. എന്തായാലും യു.ഡി.എഫ്. മന്ത്രിമാരില്‍ വളരെ പ്രതീക്ഷ ഉണ്ടായിരുന്ന ഒരാള്‍ നമുക്ക് നഷ്ടപ്പെട്ടപ്പോള്‍ ഒരു കുടുംബത്തിന് നഷ്ടമായത് എന്താണ് എന്ന് കേരളം ചിന്തിക്കണം..


ഗണേഷ്‌കുമാര്‍: നഷ്ടമായത് മികച്ച മന്ത്രിയെ- അനില്‍ പെണ്ണുക്കര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക