Image

പ്രാര്‍ത്ഥനയോടെ ഞാന്‍--(കവിത)- മാര്‍ഗരറ്റ് ജോസഫ്

മാര്‍ഗരറ്റ് ജോസഫ് Published on 02 April, 2013
പ്രാര്‍ത്ഥനയോടെ ഞാന്‍--(കവിത)- മാര്‍ഗരറ്റ് ജോസഫ്
അമ്മിഞ്ഞയ്ക്കുറവിടമാകുന്നവള്‍ ,
മാതൃത്വം മഹത്തരമാക്കുന്നവള്‍,
ജന്മങ്ങള്‍ക്ക് ചൂടും ചൂരും പകരുന്നവള്‍!
ജന്മാന്തരങ്ങള്‍ക്ക് കണ്ണികൊളുത്തുന്നവള്‍!
സൃഷ്ടികര്‍മ്മത്തിന്റെ ശ്രീകോവില്‍,
ദൃഷ്ടിഗോചരമായ സത്യം,
സഹനത്തിന്റെ പൂജാരി, ക്ഷമയുടെ സങ്കീര്‍ത്തനം ഏറ്റുപാടുന്നവള്‍,
അമ്മ, അതെ അമ്മ മാത്രം.
ഇതാ ഇവിടെ, ജീവിതക്കടലിന്റെ തീരത്ത്,
ഇരുകരം നീട്ടി, വാവിട്ടു കരയുന്ന അമ്മ;
അഭയത്തിനാരുമില്ലാതെ ഒറ്റപ്പെട്ട അമ്മ;
ദുഃഖചുഴിയില്‍ ചുറ്റിത്താഴുന്ന അമ്മ,
അട്ടഹസിക്കുന്ന അറ്റ്‌ലാന്റിക്കിന്റെ ക്രൂരമുഖത്തേയ്ക്കുറ്റുനോക്കി,
അമ്പരന്ന് ദയനീയമായി യാചിക്കുന്ന അമ്മ,
ഭീകര താണ്ഡവമാടിയ സാന്‍ഡിയുടെ ബലിഷ്ഠ കരങ്ങള്‍ മക്കളെ തട്ടിപ്പറിച്ച്,
തീരാനഷ്ടത്തിനിരയായ ഒരമ്മ, 'ഗ്ലെന്‍ഡാമൂര്‍',
വിധിയുടെ ബലിക്കല്ലില്‍ അരുമകളെ അര്‍പ്പിച്ചവള്‍,
ഈ വഴിത്താരയില്‍ തട്ടിവീണ് തളര്‍ന്നു പോയവള്‍,
'ബ്രണ്ടന്‍', 'കോണര്‍'. എന്ന പേരുകള്‍ മനസ്സു മന്ത്രിക്കുമ്പോള്‍,
കാറ്റുകളേറ്റു ചൊല്ലുന്നത് കേള്‍ക്കുന്നുവോ?
തുള്ളിത്തുളുമ്പുന്ന വെള്ളത്തുള്ളികളില്‍ അവരുടെ മിഴിമുത്തുകള്‍ തിളങ്ങുന്നുവോ?
യാതന രൂപമെടുത്ത എത്ര അമ്മമാര്‍ ഈ ലോകത്തില്‍!
കാണാക്കരങ്ങളാല്‍ തഴുകാന്‍, മനസ്സിന്റെ മുറിവുകളുണക്കാന്‍,
മഹാ വൈദ്യനില്ലേ? കാലം….
സാന്ത്വനമോതാന്‍ കഴിയാതെ അകലെ… മറ്റൊരമ്മ, പ്രാര്‍ത്ഥനയോടെ….
അശ്രുപൂജയോടെ… ഞാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക