Image

ഒ.സി. ഐ. കാര്‍ഡ് മുതല്‍ മെഡിക്കല്‍ പരീക്ഷ വരെ

എ.സി.ജോര്‍ജ്ജ്‌ (ageorge5@aol.com) Published on 02 April, 2013
ഒ.സി. ഐ. കാര്‍ഡ് മുതല്‍ മെഡിക്കല്‍ പരീക്ഷ വരെ
ഹ്യൂസ്റ്റന്‍: ഇന്ത്യാഗവണ്മെന്റിലെ വിവിധ വകുപ്പുകള്‍, പ്രവാസി ക്ഷേമ വകുപ്പുള്‍പ്പടെ പ്രവാസികളുടെ ജീവിതം അത്യന്തം ദുരിതപൂര്‍ണ്ണമാക്കി കൊണ്ടിരിക്കുകയാണ്‌. അവരെ വറചട്ടിയില്‍ നിന്ന്‌ എരിതീയിലേക്കാണ്‌ ഇന്ത്യാഗവണ്മെന്റ്‌ അശാസ്‌ത്രീയവും അനീതികരവും, ചില കാര്യങ്ങളില്‍ തികച്ചും അപ്രായോഗികവുമായ പ്രാകൃത നിയമങ്ങളാല്‍ കൂച്ചുവിലങ്ങിട്ട്‌ അടിച്ചേല്‍പ്പിച്ച്‌ അവരെ സാമ്പത്തികമായും മാനസികമായും പീഡിപ്പിച്ച്‌ ചൂഷണം ചെയ്‌ത്‌ ദ്രോഹിച്ചുകൊണ്ടിരിക്കുന്നത്‌.

പ്രവാസിക്ഷേമത്തെ ഉന്നം വെച്ച്‌ സൃഷ്‌ടിച്ച പ്രവാസി വകുപ്പും മന്ത്രിയും ഇന്നു പ്രവാസികള്‍ക്ക്‌ ഒരു ബാധ്യതയായി തന്നെ മാറിയിരിക്കുകയാണ്‌. പ്രവാസികള്‍ക്ക്‌ ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ നിന്ന്‌ നേരിടേണ്ടി വരുന്ന ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയും നിഷ്‌ക്രിയത്വവും യാത്രാ ദുരിതങ്ങളും ക്ലേശങ്ങളും പീഡനങ്ങളും യഥേഷ്‌ടം തുടരുകയാണ്‌. സുന്ദര മോഹന വാഗ്‌ദാനങ്ങള്‍ നല്‍കി വന്‍തുക പ്രവാസിയില്‍ നിന്ന്‌ തട്ടിപ്പറിച്ച്‌ പ്രവാസിക്കു നല്‍കിയ ഓ.സി.ഐ. കാര്‍ഡും അതിന്റെ ഗുണഗണങ്ങളും വെറും മൗഢ്യവും ജലരേഖയും മാത്രമായിരുന്നു എന്ന്‌ പ്രവാസികള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്‌. അതിനിടയിലാണ്‌ ഗവണ്മെന്റ്‌ തന്നെ ഓ.സി.ഐ.യിലൂടെ തന്ന കോണ്‍ട്രാക്‌ടിനെ കാറ്റില്‍പറത്തിക്കൊണ്ടും ലംഘിച്ചുകൊണ്ടും അതിനെ ഓരോ വ്യക്തിയും 20 വയസ്സിനും 50 വയസ്സിനും, പിന്നെ പുതിയ പാസ്‌പോര്‍ട്ട്‌ എടുക്കുമ്പോള്‍ ഓ.സി.ഐ. പുതുക്കണമെന്നും വ്യവസ്ഥയുണ്ടാക്കിയത്‌. അതു പുതുക്കി കിട്ടുകയെന്നത്‌ മറ്റൊരു ഹിമാലയന്‍ പ്രയത്‌നം തന്നെ ആയിരിക്കും. അതിന്‌ അനേകം ഫോമുകളും വ്യവസ്ഥകളും കടമ്പകളുമുണ്ട്‌. അതൊന്നു പുതുക്കിക്കിട്ടാനുള്ള അതിഭീമമായ പേപ്പര്‍വര്‍ക്കും കാലതാമസവും ഫീസും അനാവശ്യമായി പ്രവാസിയുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു നരകം മാത്രമാണ്‌.

അതിനായി ഗവണ്മെന്റിന്റെ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന നിബന്ധനകള്‍ അവ്യക്തവും ദുരൂഹത നിറഞ്ഞതുമാണ്‌. അപേക്ഷാഫോറങ്ങള്‍ ഔട്ട്‌സോര്‍സു ചെയ്‌ത ഏജന്‍സികള്‍ക്കു പോകുന്നു. അവിടെനിന്ന്‌ അതാതു കൗണ്‍സിലേറ്റിലേക്ക,്‌ തുടര്‍ന്ന്‌ ഡല്‍ഹിയിലേക്ക്‌. ഇതിനിടയില്‍ ഈ ഫോമുകള്‍, ഡോക്യുമെന്റുകള്‍ എവിടെയൊക്കെ കെട്ടിക്കിടക്കും നഷ്‌ടമാകും എന്നാര്‍ക്കും അറിയില്ല. തിരിച്ച്‌ ദല്‍ഹിയില്‍ നിന്ന്‌ അതാതു കൗണ്‍സിലേറ്റുകളിലേക്ക,്‌ അവിടെനിന്ന്‌ ഔട്ട്‌സോര്‍സ്‌ ചെയ്‌ത പ്രൈവറ്റ്‌ ഏജന്‍സികളുടെ കൈയിലേക്ക്‌. ഈ നൂലാമാല പിടിച്ച ശ്രൃംഖല പേപ്പര്‍ മൂവ്‌മെന്റിനിടയില്‍ ആരോട്‌ എന്ത്‌ ചോദിക്കാനാണ്‌. ഓരോ ശ്രൃംഖലയും മേഖലയും വകുപ്പും കൈമലര്‍ത്തും. പരസ്‌പരം കൈകഴുകി ഉത്തരവാദിത്തം ഒഴിയും. പരസ്‌പരം കൈ ചൂണ്ടും. ഇതിനിടയില്‍ പണം മുടക്കിയാല്‍പോലും നിയമാനുസൃതം ലഭ്യമാകേണ്ട സേവനവും അവകാശവും ലഭ്യമാകാതെ പ്രവാസി എരിപിരികൊള്ളും. എന്തിനീ കണ്ണില്‍ ചോരയില്ലാത്ത പ്രവാസി പീഡന കടമ്പകള്‍. ഓരോ സേവനത്തിനും ഏകജാലകസേവനം എന്ന്‌ വീമ്പടിക്കുന്ന നമ്മുടെ മന്ത്രിമാര്‍ എന്തിനാണ്‌ ഈ നിസ്സാരകാര്യങ്ങള്‍ക്ക്‌ കടുത്ത ബ്യൂറോക്രസി വഴി എണ്ണിയാലൊടുങ്ങാത്ത വ്യവസ്ഥകളും ജാലകങ്ങളും സൃഷ്‌ടിക്കുന്നത്‌. ഇന്ത്യാ ഗവണ്മെന്റിന്റെ വിവിധ വകുപ്പുകള്‍ തന്നെ പരസ്‌പര ധാരണയൊ, കോ-ഓര്‍ഡിനേഷനോ ഇല്ലാത്തവയാണ്‌. ഒരു വകുപ്പിലെ വ്യവസ്ഥകളൊ, ഓര്‍ഡിനന്‍സൊ മറ്റു ചില വകുപ്പുകള്‍ അറിയാറില്ല.

അതിനാല്‍ അന്യോന്യം വിലകല്‍പ്പിക്കാറില്ല. ഏതെങ്കിലും ഒരു നിയമത്തിലേയൊ വകുപ്പിലേയൊ നിയമങ്ങള്‍ വളച്ചൊടിച്ച്‌ അവരെ എങ്ങനെ ദ്രോഹിക്കാമെന്നാണ്‌ ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വം ചിന്തിക്കുന്നത്‌. ദ്രോഹിക്കാന്‍ അവര്‍ പഴുതുകള്‍ തേടും. എന്നിട്ടും നാട്ടില്‍ പ്രവാസി മുതല്‍മുടക്കാനാണ്‌ നമ്മുടെ ഗവണ്മെന്റ്‌ ആവശ്യപ്പെടുന്നത്‌. കോടികള്‍ മുടക്കിയിട്ടും പോരാഞ്ഞിട്ട്‌ പ്രവാസിയെ കുനിച്ചുനിര്‍ത്തി അവരുടെ അടിവസ്‌ത്രം കൂടി ഉരിയാനൊ, പൊന്‍മുട്ടയിടുന്ന താറാവിനെ വയറുകീറി മുട്ടയെടുക്കാനൊ ഉള്ള ശ്രമമാണ്‌ നമ്മുടെ ഉദ്യോഗസ്ഥരും മന്ത്രിപുംഗവന്മാരും ചെയ്‌തുകൊണ്ടിരിക്കുന്നത്‌. എന്നിട്ടും നമ്മുടെ ചില സ്വയം പ്രഖ്യാപിത നേതാക്കള്‍ ഇവരെയൊക്കെ എയര്‍പോര്‍ട്ടില്‍ പോയി സ്വീകരിക്കാനും, കൂടെനിന്ന്‌ ഫോട്ടോയെടുക്കാനും, മാലയിടാനും, ചുമ്മിക്കൊണ്ട്‌ നടക്കാനും മല്‍സരിക്കുകയാണ്‌. മന്ദബുദ്ധികളായ ഇവരുടെയൊക്കെ മനസ്സിലിരുപ്പ്‌ അങ്ങ്‌ അനന്തപുരിയിലും വടക്ക്‌ ഇന്ദ്രപ്രസ്ഥത്തിലുമൊക്കെ വല്ല എം.പിയും, എം.എല്‍.എ.യും മന്ത്രിയുമൊക്കെയായി വിലസാമെന്നായിരിക്കും. പ്രിയ സുഹൃത്തുക്കളെ അതെല്ലാം വെറും മലര്‍പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണ്‌. ദയവായി ദിവാസ്വപ്‌നത്തില്‍ നിന്ന്‌ യാഥാര്‍ത്ഥ്യത്തിലേക്ക്‌ മടങ്ങി വരൂ. സംഘടനാ ഭേദമില്ലാതെ, ഭാഷാ-മത-വര്‍ക്ഷ ഭേദമില്ലാതെ നമ്മുടെ ന്യായമായ അവകാശങ്ങള്‍ക്കായി ഒരുമയോടെ നമുക്ക്‌ നില്‍ക്കാം.

കേട്ടില്ലെ ഈയിടെ ഇറക്കിയ മറ്റൊരു കരിനിയമത്തെ പറ്റി. ഇനി മുതല്‍ പ്രവാസി ക്വോട്ടായില്‍ നാട്ടില്‍ എം.ബി.ബി.എസ്‌, ബി.ഡി.എസ്‌ തുടങ്ങി മെഡിക്കല്‍ കോളേജില്‍ അഡ്‌മിഷന്‍ കിട്ടണമെങ്കില്‍ ഇന്ത്യയില്‍ പോയി എം.സി.ഐ. (മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ)യുടെ യോഗ്യത പരീക്ഷ എഴുതി പാസാകണം. മെയ്‌ മാസത്തിലാണ്‌ പരീക്ഷ. ആ സമയത്തു തന്നെയാണ്‌ യു.എസിലും ക്യാനഡയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും വിദ്യാര്‍ത്ഥികളുടെ സ്‌ക്കൂള്‍ ഫൈനല്‍ പരീക്ഷ. അതേസമയത്ത്‌ ഇവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ എങ്ങനെ അവിടെ പോയി പരീക്ഷ എഴുതി യോഗ്യത നേടൂം? അമേരിക്ക ഉള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ പരീക്ഷാസെന്ററുകള്‍ ഒന്നുമില്ലാതാനും. കൂടാതെ ആ എന്‍ട്രന്‍സ്‌ പരീക്ഷക്ക്‌ ആവശ്യമായ സിലബസൊ പഠനസഹായ പുസ്‌തകങ്ങളൊ ഗൈഡുകളൊ ഒന്നും പ്രഖ്യാപിച്ചിട്ടില്ലാ താനും. ഇത്തരത്തിലുള്ള അപ്രായോഗികമായ നിയമങ്ങളും വ്യവസ്ഥകളും വഴി പ്രവാസി എന്ന ഇടിവെട്ടിയവന്റെ തലയില്‍ പാമ്പുകടിച്ചപോലെ വേദനിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌.

സ്വയരക്ഷക്കും നാട്ടാരുടെ രക്ഷക്കുമായി കടലുകള്‍ക്കകലെ സ്വയം നാടുകടത്തപ്പെട്ട പ്രവാസിയെ പാരക്കുമേല്‍ പാര കുത്തിയിറക്കി എന്തിനിങ്ങനെ മാനസികമായും ശാരീരികമായും സാമ്പത്തികമായും പീഡിപ്പിക്കുന്നു. എവിടെ നമ്മുടെ പ്രവാസികാര്യ മന്ത്രി? ഉറക്കം തൂങ്ങികളും സ്വന്തം കാര്യം മാത്രം നോക്കുന്ന, ഉത്തരം മുട്ടുമ്പോള്‍ ചാടിക്കടിക്കാന്‍ വരുന്നവരും, ഞഞ്ഞാ മുഞ്ഞാ പറയുന്നവരുമായ ഈ ഉദ്യോഗസ്ഥ-മന്ത്രി പുംഗവന്മാരുടെ മന:സാക്ഷി ഉണരണം - ഉണര്‍ത്തണം.

നമ്മുടെ മഹാസംഘടനാ നേതാക്കള്‍ ചുമ്മാ നാട്ടിലെ മതസൗഹാര്‍ദ്ദറാലി നടത്താനും, ലുലുമാളുകളില്‍ പോയി ഫോട്ടോ പോസ്‌ ചെയ്യാനും `ബ്രിഡ്‌ജിംഗ്‌ ദ ഗ്യാപ്പ്‌' തുടങ്ങിയ ആര്‍ക്കും വേണ്ടാത്ത കടുകട്ടിയായ സിമ്പോസിയങ്ങള്‍ നടത്താനും, സിനിമാക്കാര്‍ക്ക്‌ വാരിക്കോരി കൊടുത്ത്‌ അവരോട്‌ തൊട്ടുരുമ്മി ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്യാനും, ബ്യൂട്ടികളെ അണിനിരത്ത്‌ ബ്യൂട്ടി പേജന്റ്‌ നടത്തി അവരെ തൊട്ടുതഴുകാനും മാത്രം മിനക്കെടാതെ വല്ലതും സാധാരണക്കാരായ പ്രവാസിക്കു വേണ്ടി ചെയ്യൂ. ഓരോ കാര്യങ്ങളും അതിന്റെ പ്രാധാന്യവും പ്രയോറിറ്റിയും അനുസരിച്ച്‌ നമുക്കു പ്രാവര്‍ത്തികമാക്കാം. പ്രവാസികളുടെ അനൈക്യത്തില്‍ നിന്ന്‌ മുതലെടുത്ത്‌ അവരെ പീഡിപ്പിക്കാനുള്ള മന:പൂര്‍വ്വമായ ഒരു ശ്രമം പോലെയാണ്‌ പ്രവാസി വകുപ്പിന്റെ ഓരോ ചലനവും വ്യക്തമാക്കുന്നത്‌. പ്രവാസി പീഡനത്തിനെതിരായി ന്യായത്തിനായി ഒറ്റയായും കൂട്ടായും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഓരോ വ്യക്തിക്കും കൂട്ടായ്‌മക്കും നമുക്ക്‌ സഹകരിക്കാം, ശക്തിപകരാം.

സമീപകാലത്ത്‌ നടമാടിക്കൊണ്ടിരിക്കുന്ന ഗള്‍ഫ്‌ നാടുകളിലെ പ്രവാസികളുടെ ഹൃദയഭേദകമായ പ്രശ്‌നങ്ങള്‍ക്ക്‌ നമ്മുടെ ഗവണ്മെന്റ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌ വെറും അധരവ്യായാമത്തിലൂടെയുള്ള പൊള്ളയായ വാഗ്‌ദാനങ്ങള്‍ മാത്രമാണ്‌. അവരെ ഫ്രീയായി നാട്ടിലെത്തിക്കുമെന്നാണ്‌ വാഗ്‌ദാനം. പക്ഷെ ഇത്‌ തന്നെ കൊയ്‌ത്തുകാലം എന്നു മനസ്സിലാക്കിയ എയര്‍ഇന്ത്യ ഉള്‍പ്പടെയുള്ള വിമാനകമ്പനികള്‍ യാത്രാനിരക്കുകള്‍ കുത്തനെ കൂട്ടിയത്‌ നമ്മുടെ ഗവണ്മെന്റ്‌ അറിഞ്ഞമട്ടില്ല. ജോലി നഷ്‌ടമായി നാട്ടിലെത്തുന്ന ഗള്‍ഫ്‌ പ്രവാസിയുടെ പോക്കറ്റ്‌ ഈ വിമാനകമ്പനിക്കാര്‍ ഒന്നുകൂടി കുത്തിക്കീറി അവസാന റിയാലും ദിനാറും ചോര്‍ത്തിയെടുക്കുന്നു. അമേരിക്കന്‍ പ്രവാസികളുടെയും ഗള്‍ഫ്‌ പ്രവാസികളുടെയും പ്രശ്‌നങ്ങള്‍ വിഭിന്നങ്ങളാണെങ്കിലും യോജിക്കാവുന്ന മേഖലകളില്‍ നമ്മള്‍ യോജിച്ചു പ്രവര്‍ത്തിക്കണം. നമ്മള്‍ പരസ്‌പരം പാരപണിയരുത്‌.

ലക്ഷങ്ങള്‍ മുടക്കി പി.ബി.ഡി.കള്‍ (പ്രവാസി ഭാരതീയ ദിവസ്സുകള്‍) സംഘടിപ്പിച്ചതുകൊണ്ട്‌ ആര്‍ക്കെന്തു പ്രയോജനം? സത്വരമായി ഇന്ത്യാഗവണ്മെന്റ്‌ പ്രവാസിയുടെ ന്യായമായ നീറുന്ന ഓരോ പ്രശ്‌നങ്ങളും പഠിക്കുക. പരിഹരിക്കുക. ഓ.സി.ഐ. കാര്‍ഡിലെ അപാകതകള്‍ തിരുത്തുക. അതിനെ പ്രവാസിയുടെ ഐ.ഡി. കാര്‍ഡാക്കുക. അതു വീണ്ടും വീണ്ടും പുതുക്കാനുള്ള കാടന്‍ നിയമം റദ്ദാക്കുക. പ്രവാസിയുടെ നാട്ടിലെ സ്വത്തും വസ്‌തുവകകളും നിയമാനുസൃതം സംരക്ഷിക്കുക. അതിന്റെ ക്രയവിക്രയത്തിന്‌ അനാവശ്യ നൂലാമാലകള്‍ സൃഷ്‌ടിയ്‌ക്കാതിരിക്കുക. ന്യായമായ എല്ലാ നിയമങ്ങളും ശിരസാവഹിക്കാന്‍ പ്രവാസികളും വലിപ്പച്ചെറുപ്പമില്ലാതെ തയ്യാറാകും - തയ്യാറായിരിക്കണം താനും.
ഒ.സി. ഐ. കാര്‍ഡ് മുതല്‍ മെഡിക്കല്‍ പരീക്ഷ വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക