Image

ദുബായില്‍ വാഹനാപകടം: ഇന്ത്യന്‍ ഡ്രൈവിംഗ്‌ ഇന്‍സ്‌ട്രക്‌ടര്‍ മരിച്ചു

Published on 18 September, 2011
ദുബായില്‍ വാഹനാപകടം: ഇന്ത്യന്‍ ഡ്രൈവിംഗ്‌ ഇന്‍സ്‌ട്രക്‌ടര്‍ മരിച്ചു
ദുബായ്‌: ദുബായിലെ ദിബ്ബയില്‍ കാറില്‍ ട്രെയിലറിടിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരനായ ഡ്രൈവിങ്‌ പരിശീലകന്‍ മരിച്ചു. ഇന്നലെ ഉച്ചക്ക്‌ 11.45 ഓടെയായിരുന്നു അപകടം. ഫുജൈറ നാഷനല്‍ ഡ്രൈവിങ്‌ സ്‌കൂളിലെ ഇന്‍സ്‌ട്രക്ടര്‍ ഹൈദരാബാദ്‌ സ്വദേശി മുജീബ്‌ ഖാന്‍ (44) ആണ്‌ മരിച്ചത്‌. പാകിസ്‌താന്‍ സ്വദേശിയെ ഡ്രൈവിങ്‌ പരിശീലിപ്പിക്കുകയായിരുന്നു മുജീബ്‌ ഖാന്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഒമാനിലേക്ക്‌ സിമന്‍റ്‌ കയറ്റി പോവുകയായിരുന്ന ട്രെയിലര്‍ ഇടിക്കുകയായിരുന്നു. അല്‍പദൂരം മുന്നോട്ടുപോയി റൗണ്ടെബൗട്ടിന്‍െറ അരികിലിടിച്ച്‌ മറിഞ്ഞ ട്രെയിലറിലെ സിമന്‍റ്‌ ചാക്കുകള്‍ കാറിനുമുകളില്‍ പതിക്കുകയായിരുന്നു. കാറിന്‍െറ വലതുവശം പൂര്‍ണമായും തകര്‍ന്നു. ഈ വശത്തിരുന്ന മുജീബ്‌ ഖാന്‍ സംഭവസ്ഥലത്ത്‌ തന്നെ മരിച്ചു. കാറോടിച്ചിരുന്ന പാകിസ്‌താനി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

ബ്രേക്ക്‌ തകരാറിലായ ട്രെയിലറിന്‍െറ നിയന്ത്രണം നഷ്ടമായതാണ്‌ അപകടത്തിന്‌ ഇടയാക്കിയതെന്ന്‌ കരുതുന്നു. ഇടിച്ച ശേഷം കാറിനെ അല്‍പ ദൂരം നിരക്കി നീക്കിയ ശേഷമാണ്‌ ട്രെയിലര്‍ മറിഞ്ഞത്‌. ഒമാനില്‍ ഒരു ലോഡ്‌ ഇറക്കിയ മടങ്ങിവന്ന ശേഷം അടുത്ത ലോഡ്‌ സിമന്‍റുമായി പോവുകയായിരുന്നു ട്രെയിലര്‍. നാല്‌ വര്‍ഷമായി ഇന്‍സ്റ്റിറ്റിയൂട്ടിലെ പരിശീലകനാണ്‌. ഇന്നലെ ഇശാ നമസ്‌കാരത്തിന്‌ ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ദിബ്ബ ശൈഖ്‌ സായിദ്‌ മസ്‌ജിദില്‍ മുജീബ്‌ ഖാന്‍െറ പേരില്‍ മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിച്ച ശേഷം ഖബറടക്കി. ഭാര്യയും രണ്ട്‌ മക്കളുമുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക