Image

സൗദിയില്‍ ഉള്ളു പിടയുന്ന മലയാളി

അഷ്‌റഫ് കാളത്തോട് Published on 31 March, 2013
സൗദിയില്‍ ഉള്ളു പിടയുന്ന മലയാളി
ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് പ്രവാസകാര്യ മന്ത്രി വയലാര്‍ രവിയും, കേരളത്തില്‍ നിന്നും വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയും, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആണയിട്ടു നമ്മുടെ മനസ്സില്‍ ഐസ് ഇട്ടു തണുപ്പിക്കുന്നുണ്ടെങ്കിലും സൗദിയില്‍ നിതാഖാത്ത് സമ്പ്രദായം ശക്തമായി തുടരുകയാണ്. ഉത്തരവ് നിലവില്‍വന്നതോടെ മലയാളികളടക്കമുള്ള പ്രവാസികളുടെ മടക്കയാത്ര സജീവമായിരിക്കുകയാണ്. വളരെയൊന്നും താമസമില്ലാതെ അത് കുവൈറ്റിലേക്കും, യു എ ഇയിലേക്കും അതുപോലെ മറ്റു ജി സി സിയിലേക്കും ബാധിക്കും, ഒമാനില്‍ നിന്നുമായിരുന്നു ഇതിന്റെ തുടക്കം.
അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പ്രവാസികള്‍ എത്താന്‍ സാധ്യതയുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു, എത്രപേര്‍ തിരിച്ചു വരുമെന്നതിനുള്ള കണക്കുകള്‍ തൊഴില്‍ മന്ത്രാലയത്തിന് ലഭ്യമായിട്ടില്ല. ഗള്‍ഫ് നാടുകളിലെ പ്രവാസികള്‍ക്കിടയില്‍ കടുത്ത ആശങ്ക നില നില്‍ക്കുകയാണ്. നിതാഖാത്ത് സമ്പ്രദായമനുസരിച്ച് സ്ഥാപനങ്ങള്‍ ഒരു സ്വദേശിക്കെങ്കിലും ജോലി നല്‍കണമെന്നാണ് വ്യവസ്ഥ സൗദിയില്‍ ജോലിചെയ്യുന്ന വിദേശികളെ ഇത് പ്രതികൂലമായി ബാധിക്കും അതിനും പുറമെ സ്വദേശി വല്‍ക്കരണം ഇന്ത്യ ശ്രീലങ്ക ബംഗ്ലാദേശ്, ഈജിപ്ത്, പാകിസ്ഥാന്‍, ഫിലിപൈന്‍സ് തുടങ്ങി ഒട്ടനവദി രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെയും ജീവിത ചുറ്റുപാടുകളെയും വലിയതോതില്‍ ഉലയ്ക്കും.
സൗദി അറേബ്യയിലും ഇതര ജിസിസി രാജ്യങ്ങളിലുമായി തൊഴിലെടുക്കുന്ന ലക്ഷക്കണക്കിന് മലയാളികളുടെയും ബന്ധുക്കളുടെയും ആശങ്കയകറ്റാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ കൈക്കൊള്ളേണ്ട സമയം ഇതിനകം അതിക്രമിച്ചിരിക്കുകയാണ്.
ഒരു കാര്യം ശരിയാണ് ഏതു രാജ്യവും അവരുടെ പൌരന്മാരുടെ തൊഴില്‍ പരിരക്ഷയും ആരോഗ്യവും ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിനെ ചോദ്യം ചെയ്യുക സാധ്യമല്ല, ഇന്ത്യക്കാരെയൊ പ്രത്യേകിച്ച് മലയാളികളെയൊ ഉദ്ദേശിച്ചല്ല സൗദി പുതിയ നിയമം കൊണ്ടുവന്നതെന്നതും ശരിതന്നെയാണ്, എന്നാല്‍ അങ്ങനെ ഒരു സാഹചര്യം ഉണ്ടാകുന്നു എന്ന് അറിയുമ്പോള്‍ തന്നെ അതിനെ ടാക്കിള്‍ ചെയ്യാനുള്ള നടപടികള്‍ നമ്മുടെ രാജ്യം കൈക്കൊള്ളുന്നില്ല എന്ന നിലപാടിനെതിരെയാണ് പ്രതിഷേധം.
ജോലിക്കും മറ്റും പുറത്തിറങ്ങാതെ, എന്തുചെയ്യണമെന്നറിയാതെ ആശങ്കാകുലരായി കഴിയുകയാണ് പലരും സൗദിയില്‍, കൃത്യമായി ഒരു നിര്‍ദേശവും ഇന്ത്യന്‍ അധികൃതര്‍ നല്‍കിയിട്ടില്ല, ഇന്ത്യന്‍ സര്‍ക്കാരും എംബസിയും ഇടപെട്ട് മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കയാണ്. സാമൂഹ്യപ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും കാര്യമായി ഒന്നുംചെയ്യാനാകാത്ത അവസ്ഥയാണ്.
രണ്ടു നാവികരോട് ഇറ്റലികാണിക്കുന്ന മനുഷ്യത്വപരമായ നിലപാടുകള്‍ പലപ്പൊഴു ഇന്ത്യന്‍ ഭരണകൂടം തങ്ങളുടെ പൌരന്മാര്‍ക്ക് നിഷേധിക്കുന്നു. ഫിലിപൈന്‍സ് ഗവെര്‍മെണ്ട് അവരുടെ വിദേശങ്ങളില്‍ ജോലിചെയ്യുന്ന പൌരന്മാരോട് കാണിക്കുന്ന ജീവസുറ്റ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ അധികൃതര്‍ കണ്ടു നിരീക്ഷിച്ചു പഠിക്കേണ്ടതാണ്.
ദീര്‍ഘകാലമായി പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരും, സംഘടനകളും നാട്ടില്‍നിന്നുള്ള ബഹുമാന്യരെ ആധരിക്കുന്നതിനും നാട്ടിലെ പാവങ്ങളുടെ ഉന്നമനത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപൊക്കാനും സര്‍വോപരി കോട്ടും, സൂട്ടും ഇട്ട് വേദിയില്‍ മുഖ്യാധിതിയോടൊപ്പം മുന്‍നിരയില്‍ സ്ഥാനം നേടാനും മാത്രമാണ് മത്സരിച്ചുകൊണ്ടിരുന്നത്, അതിനപ്പുറം ചിലസംഘടനകള്‍ അംഗം, മരണപ്പെട്ടാല്‍ കുടുംബത്തിനു സാമ്പത്തിക സഹായം ചെയ്യുന്നതുമല്ലാതെ പ്രവാസം മതിയാക്കി പോകുന്നവര്‍ക്ക് പിന്നീടുള്ള ജീവിതകാലം വിഷമം കൂടാതെ കഴിഞ്ഞുകൂടുവാനുള്ള ഒരു പദ്ധതിയും ആവിഷകരിച്ചതായി ചൂണ്ടി കാണിക്കുവാനായിട്ടില്ല.
പലപ്പോഴും പലരും നല്ല പ്രോജക്ടുകള്‍ പല സംഘടനകള്‍ക്ക് മുന്‍പിലും വെച്ചിട്ടുണ്ട്, അതൊന്നും പ്രാവര്‍ത്തികമാക്കുവാന്‍ സംഘടനകളൊ, സര്‍ക്കാരൊ ഉത്സാഹിച്ചു കാണുന്നില്ല. പ്രവാസികള്‍ നല്ല കാലത്ത് വല്ലതും ഉണ്ടാക്കിയിട്ടുണ്ടങ്കില്‍ ശിഷ്ടകാലം കഴിയാം. ആല്ലാത്തവര്‍ തെണ്ടുവാന്‍ പോലും അഭിമാനം അനുവദിക്കാതെ ജീവിതം വഴിമുട്ടിയവരായി തീരുന്നു. മുടിഞ്ഞു പോകുന്നു.
ജീവിച്ചിരിക്കുമ്പോള്‍ ലഭിക്കാത്ത സഹായങ്ങള്‍ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ മരണാനന്തര ബഹുമതിയായി മാത്രം സ്വീകരിക്കപ്പെടുവാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. തിരസ്‌ക്കാരങ്ങളുടെ മഹാമുടിയായി വീണ്ടും പ്രവാസി മാറ്റപ്പെടുന്നതിലെ രാഷ്ട്രീയം അങ്ങനെ മറനീക്കുന്നു.തനിക്കുവേണ്ടി ഒന്നും നേടാതെ ആര്‍ക്കൊക്കെയോ വേണ്ടി ജീവിച്ചുമരിക്കാന്‍ വിധിക്കപെട്ടവനായ പ്രവാസിയെ ചതിക്കുന്നതും പ്രവാസി തന്നെ.
പ്രവാസ ജീവിതത്തില്‍ പ്രവര്‍ത്തിച്ച സംഘടനയും സമൂഹവും കുടിയേറ്റം മതിയാക്കി തിരിച്ച് ജന്മനാട്ടിലേക്ക് പ്രവേശിക്കുന്നതോടെ ആ അംഗത്തെ മറക്കുന്നു എന്നതാണ് വസ്തുത. ജന്മനാട്ടിലെത്തിയാല്‍ സ്വന്തകാരടക്കമുള്ളവരുടെ ചൂഷണവും അപരിചിതരെപ്പോലെയുള്ള പെരുമാറ്റവും ആണ് പലപ്പോഴും എന്നല്ല എല്ലായിപ്പോഴും അവര്‍ക്ക് നേരിടേണ്ടി വരുന്നതും.
നിതാഖാത്ത് സമ്പ്രദായത്തില്‍ ഒരു സ്വദേശിക്കെങ്കിലും ജോലി നല്‍കാത്തതിന് സ്ഥാപനം നടപടിക്ക് വിധേയമാകുമ്പോള്‍ നിരപരാധിയായ തൊഴിലാളിയും ശിക്ഷിക്കപ്പെടും. കമ്പനികള്‍ റെഡ് കാറ്റഗറിയില്‍പെടുന്നതോടെ വര്‍ക്ക് പെര്‍മിറ്റും ഇക്കാമയും നഷ്ടപ്പെടുന്ന തൊഴിലാളി അനധികൃത കുടിയേറ്റക്കാരനായിമുദ്രകുത്തപ്പെടും, നിയമവിധേയമായി സൗദിയിലെത്തിയ ഒരാള്‍ ഇങ്ങനെ ജയിലിലടയ്ക്കപ്പെടുന്നത് ഒഴിവാക്കാന്‍ അടിയന്തരനടപടിയൊന്നുംഇത് വരെ സ്വീകരിച്ചുകണ്ടിട്ടില്ല. താമസസ്ഥലത്തുനിന്ന് പുറത്തിറങ്ങാതെയും കടയിലും ജോലിക്കും പോകാതെയും ആശങ്കയോടെ കഴിയുകയാണ് മിക്കവാറും പേര്‍. പിടിക്കപ്പെടുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ത്തന്നെ സൗദിയിലെ എല്ലാ തര്‍ഹീലു (നാടുകടത്തല്‍കേന്ദ്രം)കളും ഇന്ത്യക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണത്രെ.
സ്ഥാപനത്തിന്റെ ആവശ്യാര്‍ഥം വിവിധ സ്ഥലങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ വിവിധ പ്രവിശ്യകളില്‍ ജോലിചെയ്യുന്നവരും പിടിക്കപ്പെടാന്‍ ഇടയുണ്ട് എന്ന ആശങ്കയിലാണ് പലരും.
അമ്പതാണ്ട് പിന്നിടുന്ന മലയാളിയുടെ പേര്‍ഷ്യന്‍ പ്രവാസത്തിന്റെ ദിശാഗതികള്‍ ഇനിയങ്ങോട്ട് ഇരുളടഞ്ഞ ആശങ്കകളിലേക്ക് മുഴുകിപ്പോകുമെന്ന് അവരെ ആടുകളെപ്പോലെ നയിക്കാന്‍ മുന്നിട്ടിറങ്ങിയ സംഘടനകളും ചൂഷണം ചെയ്ത മീഡിയകളും കുടുംബക്കാരടക്കമുള്ള മാന്യമാഹാജനങ്ങളും തിരിച്ചറിയപ്പെടെണ്ടാതായിരുന്നു.
ഇതിനിടയില്‍ 91ല്‍ ഇറാക്ക് നല്‍കിയ പാഠം ഒരു െ്രെപമറി അധ്യായമായി മുഖവിലയ്‌ക്കെടുത്തിരുന്നുവെങ്കില്‍ അന്ന് അനുഭവിച്ച തിക്തമായ ജീവിത സാഹചര്യങ്ങള്‍ ഇനി ഒരിക്കലും തങ്ങളുടെ പൌരന്മാര്‍ക്കുണ്ടാകരുതെന്നും കരുതി ഗവര്‌മെണ്ട് നിലപാടുകള്‍ സ്‌കെഡ്യൂള്‍ ചെയ്തിരുന്നു വെങ്കില്‍, തിരിച്ചെത്തുന്നവര്‍ക്ക് വേണ്ടി പുനരധിവാസപദ്ധതികള്‍ ആവിഷ്‌കരിചിരുന്നുവെങ്കില്‍ ഇത്തരം സാഹചര്യങ്ങളെ പുല്ലുപോലെ നേരിടാന്‍ നിഷ്പ്രയാസം നമുക്കാകുമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക