Image

അമേരിക്കയിലേക്കുള്ള കൂട്ടായ കുടിയേറ്റത്തിന്റെ അമ്പതു വര്‍ഷം തികയുമ്പോള്‍

ജോണ്‍മാത്യു Published on 31 March, 2013
അമേരിക്കയിലേക്കുള്ള കൂട്ടായ കുടിയേറ്റത്തിന്റെ അമ്പതു വര്‍ഷം തികയുമ്പോള്‍
ഇനിയും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മലയാളികളുടെ അമേരിക്കയിലേക്കുള്ള കൂട്ടായ കുടിയേറ്റത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുകയായി. അല്‍പം സാവകാശമുണ്ടെന്ന്‌ ഇന്ന്‌ പറഞ്ഞേക്കാം. എന്നാല്‍ കാലം ഓടുന്നത്‌ അതിവേഗമാണ്‌. അതുകൊണ്ട്‌ അതിനുള്ള തയ്യാറെടുപ്പുകളെപ്പറ്റിയും ഇപ്പോള്‍ത്തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു.

ആദ്യകാല കുടിയേറ്റക്കാര്‍ ചരിത്രത്തിലെ അഭൂതപൂര്‍വമായ മാറ്റത്തിന്‌ സാക്ഷിനില്‍ക്കുക മാത്രമല്ല ആ മാറ്റങ്ങള്‍ക്ക്‌ കാരണക്കാരാവുകയും രണ്ടുമൂന്ന്‌ തലമുറകള്‍ വളര്‍ന്നുവരുന്നതു കാണുകയും ചെയ്‌തവരാണ്‌. എന്നിട്ട്‌ അവര്‍ ഇന്ന്‌ കാലം തികച്ചുകൊണ്ടുമിരിക്കുന്നു.

മനുഷ്യന്റെ അന്വേഷണയാത്ര എന്നും തുടര്‍ന്നുകൊണ്ടേയിരിക്കുകയായിരുന്നു. ഇടത്താവളങ്ങള്‍, ആയിരക്കണക്കിന്‌, വര്‍ഷങ്ങള്‍ ജീവിച്ചപ്പോള്‍ അത്‌ ഏതാണ്ട്‌ സ്ഥിരം താവളംപോലെയായി. ചരിത്ര പുസ്‌തകങ്ങളിലെ കഥ അങ്ങനെയാണ്‌. എന്നാല്‍ ഒരു ജീവിതകാലത്തുതന്നെ ഈ പ്രയാണം കാണാനും, മാത്രമല്ല, അതിനൊപ്പം നീന്താനുമുള്ള ഭാഗ്യം നമ്മുടെ ആദ്യ കുടിയേറ്റക്കാര്‍ക്കുണ്ടായി.

പലരും ഓര്‍ക്കുന്നുണ്ടായിരിക്കാം, അന്ന്‌ അറുപതുകളില്‍ മദ്ധ്യകേരളത്തിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ തകരപ്പെട്ടിയും തൂക്കി, ദാവണിയുംചുറ്റിനിന്ന ആ പതിനേഴുകാരിയെ. ആരോ പറഞ്ഞുകേട്ടതായ അറിവുംകൊണ്ട്‌ ഏതോ നാട്ടിലേക്ക്‌ അവള്‍ യാത്ര പോകുകയാണ്‌. പിതാവോ സഹോദരനോ യാത്ര അയയ്‌ക്കാനുണ്ടായിരുന്നിരിക്കാം. അവളുടെ മുഖത്ത്‌ ആശങ്കയോ അതോ പ്രതീക്ഷയോ? വരാനുള്ള നല്ല നാളെയെപ്പറ്റി പ്രതീക്ഷയാണെന്ന്‌ ഇന്ന്‌ ഭംഗിവാക്ക്‌ പറയാം. ഇനിയും ആശങ്കയോ? അതുമില്ല, ഇല്ല തീര്‍ച്ച, മദ്ധ്യതിരുവിതാംകൂറിന്റെ അഗാധമായ വിശ്വാസവും കഠിനാദ്ധ്വാനത്തിനുള്ള തയ്യാറെടുപ്പുമായിട്ടായിരുന്നു അവളുടെ അന്നത്തെ യാത്രയുടെ തുടക്കംതന്നെ. സാമ്പത്തിക പരാതീനതകളെ മറികടക്കാനുള്ള വന്‍ശ്രമങ്ങളായിരുന്നു കേരളത്തിന്‌ പുറത്തേയ്‌ക്ക്‌ ഉദ്യോഗാര്‍ത്ഥമുള്ള ആ യാത്രകള്‍.

ഓരോ ദേശത്തെയും അസ്വസ്ഥതയുടെ വിളിച്ചറിയിക്കല്‍ക്കൂടിയാണ്‌ മനുഷ്യരുടെ ഇറങ്ങിപ്പുറപ്പാടുകള്‍. അല്ലെങ്കില്‍ വെള്ളവും തീറ്റയും തേടിയുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും നിലക്കാത്ത അന്വേഷണം.

കേരളം എന്നൊരു ദേശത്തെപ്പറ്റി അക്കാലത്ത്‌ ആരും അറിഞ്ഞിരുന്നില്ല, കേട്ടിരുന്നുമില്ല. അതൊരു പുതിയ പേരായിരുന്നു. വിന്ധ്യന്‍മലനിരകള്‍ ഭൂമിയുടെ അതിരും അവസാനവുമാണെന്നായിരുന്നു ഒരുകൂട്ടരുടെ ധാരണ. ഇനിയും തെക്ക്‌ ആരെങ്കിലുമുണ്ടെങ്കില്‍ ഉത്തരേന്ത്യക്കാര്‍ക്ക്‌ അവരെല്ലാം മദ്രാസികളും `മദ്രാസി' ഒരു പരിഹാസപ്പേരുതന്നെയായിരുന്നു. ഗോതമ്പ്‌ നിറത്തിനുപകരം കടുത്ത ചെമ്പുനിറക്കാരെന്നും ഉണങ്ങിയവരെന്നും മെറ്റല്‍വാരിയെറിയുന്നതുപോലെ സംസാരിക്കുന്നവരെന്നും കൈകൊണ്ട്‌ വാരിത്തിന്നുന്നവരെന്നുമൊക്കെയള്ള ധ്വനി ഈ `മദ്രാസി' പ്രയോഗത്തിലുണ്ടായിരുന്നു. ഈ അവസരത്തില്‍, തങ്ങളുടെ പുതിയ സംസ്ഥാനത്തിന്‌ ഒരു വ്യക്തിത്വവും അംഗീകാരവും നല്‍കിക്കിട്ടിയിരുന്നെങ്കിലോ എന്ന്‌ സര്‍വ മലയാളികളും ആഗ്രഹിച്ചു, ആശിച്ചു. പക്ഷേ, അതെങ്ങനെയെന്നുമാത്രം അറിയില്ലായിരുന്നു.

ഇനിയും ഇന്നത്തെ കേരളം എന്ന ദേശത്തെപ്പറ്റി ഒന്ന്‌ ചിന്തിക്കാം. കഴിഞ്ഞ ദിവസം ഈ ലേഖകന്‍ ഹൂസ്റ്റന്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഗ്രോസറിക്കടയില്‍നിന്ന്‌ പച്ചക്കറികള്‍ വാങ്ങുകയായിരുന്നു. ഒരു സ്‌ത്രീ അടുത്തുവന്ന്‌ ചോദിച്ചു:

`നിങ്ങള്‍ കേരളത്തില്‍നിന്നല്ലേ?'

`അതേ, എങ്ങനെ അറിഞ്ഞു?' ആകാംക്ഷ അറിയിച്ചുകൊണ്ട്‌ എന്റെ മറുചോദ്യം.

`നിങ്ങള്‍ വാങ്ങുന്ന പച്ചക്കറികള്‍ കണ്ടാലറിയാം നിങ്ങള്‍ കേരളത്തില്‍നിന്നാണെന്ന്‌'.

തെക്കെ അമേരിക്കയിലെ കൊളമ്പിയയില്‍നിന്ന്‌ വന്ന ആ സാധാരണ സ്‌ത്രീ കേരളത്തെപ്പറ്റി എങ്ങനെ ഇത്ര കാര്യമായി അറിഞ്ഞു?

അവരുടെ ഡോക്‌ടറും നേഴ്‌സും ഫാര്‍മസിസ്റ്റും മാത്രമല്ല കടയില്‍നിന്ന്‌ തെരഞ്ഞുപിടിച്ച്‌, വ്യത്യസ്‌തമായി, സാധനങ്ങള്‍ വാങ്ങുന്നവരും മലയാളികള്‍തന്നെ.

തക്കം കിട്ടുമ്പോഴെല്ലാം നമ്മള്‍ മലയാളികള്‍ നമ്മുടെ സ്വന്തം കേരളത്തെപ്പറ്റി മറ്റുള്ളവരോട്‌ സംസാരിക്കുന്നു.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.

അമ്പതോ അറുപതോ വര്‍ഷം മുന്‍പ്‌ ഒന്നുമല്ലാതിരുന്ന കേരളം ഇന്നൊരു `രാജ്യ'മായിരിക്കുന്നുവെന്ന്‌ കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു, അല്ലേ? ആ കൊളമ്പീയക്കാരി കരുതിയിരിക്കുന്നത്‌ കേരളം ഒരു രാഷ്‌ട്രമാണെന്നുതന്നെയാണ്‌.

ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനുമില്ലാത്ത ഈ ബഹുമതി നേടിത്തന്നത്‌ ആരാണ്‌? ഈയൊരു വ്യക്തിത്വം മറ്റു പല രാജ്യങ്ങള്‍പ്പോലും പുലര്‍ത്തുന്നുമില്ല. നമ്മുടെ പ്രബുദ്ധരായ കുടിയേറ്റക്കാര്‍ത്തന്നെയാണ്‌ ഈ അംഗീകാരങ്ങള്‍ക്ക്‌ കാരണം. ഇതിനുപിന്നിലുള്ള ഭാരതത്തിന്റെ പാരമ്പര്യങ്ങളും കേരളത്തിന്റെ വിവിധമേഖലകളിലെ നേട്ടങ്ങളും മറന്നുകൊണ്ടല്ല ഇതെഴുതുന്നത്‌. ലോകമെമ്പാടും കേരളം എന്ന പ്രദേശത്തിന്‌ ഇന്ന്‌ ഒരു സ്വതന്ത്ര നിലനില്‍പുണ്ട്‌. ലോകത്തെവിടെയുമുള്ള സാധാരണക്കാര്‍ക്ക്‌ ആ തിരിച്ചറിവുണ്ട്‌.

പത്തറുപത്‌ വര്‍ഷം മുന്‍പ്‌ മറുനാടുകളിലേക്ക്‌ യാത്രപോയ യുവതികളെ മറന്നോ? ഇല്ലെന്ന്‌ പറയുമായിരിക്കും. അവര്‍ അമ്മച്ചിമാരായി നമ്മുടെ വീടുകളില്‍ത്തന്നെയുണ്ടല്ലോ. പക്ഷേ, അന്നത്തെ സാമൂഹിക പ്രശ്‌നങ്ങള്‍ നാം മറക്കാന്‍ ശ്രമിക്കുന്നു.

ഇനിയും അമേരിക്കയിലേക്കുള്ള കുടിയേറ്റപ്രവാഹത്തിന്‌ അമ്പത്‌ വര്‍ഷം തികയുന്നതിന്റെ ആഘോഷക്കാലമാണ്‌. ഇതിനോടനുബന്ധിച്ച്‌ വിവിധ എഴുത്തുകളുടെ ഒരു പ്രവാഹമായിരിക്കും, കേരളത്തിലും ഇവിടെയും. നമ്മുടെ പത്രമാസികള്‍ വിശേഷാല്‍ പതിപ്പുകള്‍ പുറപ്പെടുവിക്കും. ഈ കുടിയേറ്റത്തിനു നമ്മുടെ വശത്തുനിന്നും അടിസ്ഥാനകാരണക്കാരായ ആതുരശുശ്രൂഷകരെ അംഗീകരിക്കും, ആദരിക്കും. നേഴ്‌സ്‌ അസോസിയേസനുകളും മറ്റ്‌ മലയാളി സംഘടനകളും ആഘോഷങ്ങള്‍ക്കുള്ള പദ്ധതികള്‍ നേരത്തെതന്നെ തയ്യാറാക്കും. മന്ത്രിമാരും സാംസ്‌ക്കാരിക നായകന്മാരും പറന്നെത്തും. നല്ല കാര്യം തന്നെ.

തുടര്‍പഠനത്തെപ്പറ്റി ചിന്തിച്ച്‌, തൊഴില്‍ത്തേടിയിറങ്ങിപ്പുറപ്പെടുന്ന, വിദൂരതയിലേക്കുനോക്കിനില്‍ക്കുന്ന ആ പെണ്‍കുട്ടി വീണ്ടും ഓര്‍മ്മയിലെത്തുന്നു അവളുടെ ഒരു പ്രതിമയെങ്കിലും ഇന്ന്‌ നമ്മള്‍ യാത്ര പുറപ്പെടുന്ന വിമാനത്താവളങ്ങളിലോ റെയില്‍വേ സ്റ്റേഷനുകളിലോ ഉണ്ടാകുമോ?, ചരിത്രത്തിന്റെ ഭാഗമായി വരുംതലമുറകള്‍ക്ക്‌ പ്രചോദനമായി, പ്രതീക്ഷയായി, സാമ്പത്തികവും മാനസികവുമായ അടിമത്വത്തിന്റെ മോചനപ്രതീകമായി, കേരളം എന്ന ദേശത്തിന്റെ അംഗീകാരത്തിന്റെ മുദ്രയായി.
അമേരിക്കയിലേക്കുള്ള കൂട്ടായ കുടിയേറ്റത്തിന്റെ അമ്പതു വര്‍ഷം തികയുമ്പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക