Image

സ്വപ്‌നങ്ങളുടെ മഹിമ ജീവിതത്തിന്റെ മഹിമ: ഉത്ഥാന സന്ദേശം (റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍)

Published on 29 March, 2013
സ്വപ്‌നങ്ങളുടെ മഹിമ ജീവിതത്തിന്റെ മഹിമ: ഉത്ഥാന സന്ദേശം (റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍)
`സംസ്‌കാരത്തിന്റെ ആത്മാവ്‌, ആത്മാവിന്റെ സംസ്‌കാരമാണെന്ന' തിരിച്ചറിവാണ്‌ ക്രിസ്‌തുവിന്റെ ഉയിര്‍പ്പ്‌ നല്‍കുന്ന ഒരു സുപ്രധാന ദൂത്‌. മരണത്തിന്റെ മറയ്‌ക്ക്‌ അപ്പുറം എന്ത്‌ എന്ന ചോദ്യം എക്കാലത്തും പ്രവാചകന്മാരുടെ അന്വേഷണ വിഷയമായിരുന്നു. മരണത്തിനു തോല്‍പിക്കാന്‍ കഴിയാത്ത ഒരു സര്‍ഗ്ഗശക്തി എല്ലാ മനുഷ്യരിലുമുണ്ട്‌. ഈ സര്‍ഗ്ഗശക്തിയാണ്‌ ആത്മാവ്‌. ഈ സര്‍ഗ്ഗശക്തിയെ കെടുത്തി കളയുവാന്‍ തിന്മയുടെ ശക്തികള്‍ എത്ര ശ്രമിച്ചാലും, ആ ശ്രമം ഫലമണിയുക താത്‌കാലികമായി മാത്രമായിരിക്കും. ആത്യന്തിക വിജയം സത്യത്തിനും, സര്‍ഗ്ഗശക്തിയുടെ കേന്ദ്രവും പ്രഭവസ്ഥാനവുമായ ആത്മാവിനും ആയിരിക്കും. ഉത്ഥാനം ചെയ്‌ത ക്രിസ്‌തു, ആത്മാവിന്റെ വിജയവും ആത്മീയ സംസ്‌കാരത്തിന്റെ ആവശ്യവും ഉയര്‍ത്തിക്കാട്ടുന്നു.

ക്രിസ്‌തുവിന്റെ ഉത്ഥാനം വിശ്വാസ സത്യവും പ്രത്യാശയുമാണ്‌; സംസ്‌കാരവും സാഫല്യവുമാണ്‌; അനിവാര്യതയും അനിഷേധ്യവുമാണ്‌; അനുഗ്രഹവും ആവശ്യകതയുമാണ്‌. ഉത്ഥാനാഘോഷം ക്രൈസ്‌തവര്‍ക്ക്‌ വിശ്വാസത്തിന്റെ സമുന്നത ആവിഷ്‌കാരമാണ്‌. ക്രിസ്‌തുവിന്റെ ഉയിര്‍പ്പ്‌ എടുത്തുമാറ്റിയാല്‍ ക്രിസ്‌തീയ വിശ്വാസത്തിന്റെ ഹൃദയവും കിരീടവും നഷ്‌ടമാകും. ക്രിസ്‌തു മരണത്തെ തോല്‍പിച്ചു എന്നും, ഇന്നും ജീവിക്കുന്നു എന്നതുമാണ്‌ ക്രിസ്‌തീയതയുടെ കാതല്‍. ഈ വിശ്വാസം ഉണര്‍ത്തുന്ന ജീവിതശൈലിയും വെല്ലുവിളികളും വളരെ വലുതാണ്‌. കനത്ത പ്രതിസന്ധികളും പ്രതീക്ഷാരഹിതമായ പ്രതികൂല സാഹചര്യങ്ങളും കണ്മുന്നില്‍ കാണുമ്പോഴും നഷ്‌ടധൈര്യരാകാതെ, കൂരിട്ടിനപ്പുറത്തും പ്രകാശമുണ്ട്‌ എന്നു വിശ്വസിച്ചു മുന്നോട്ടു നീങ്ങുക ദുര്‍ഘടമാണ്‌. അര്‍ദ്ധരാത്രിയാകുന്തോറും പ്രഭാതത്തിലേക്കുള്ള ദൂരം കുറയുന്ന എന്ന ദര്‍ശനം സ്വന്തമാക്കുമ്പോഴാണ്‌ ക്രിസ്‌തുവിന്റെ ഉത്ഥാനം വിശ്വാസമായി മാറുന്നതും, മനുഷ്യര്‍ ഒരിക്കലും തനിച്ചല്ല എന്നു ബോധ്യപ്പെടുന്നതും.

ഉയിര്‍പ്പ്‌ പ്രത്യാശയുടെ ആഘോഷമാണ്‌. നമ്മുടെ സമൂഹിക സാഹചര്യങ്ങള്‍, സാമ്പത്തിക പരിതോവസ്ഥകള്‍, കുടുംബപരിസ്ഥിതികള്‍ എല്ലാം ഇന്ന്‌ മറ്റ്‌ ഏതു കാലഘട്ടത്തിനേക്കാള്‍ നൈരാശ്യം ജനിപ്പിക്കുന്നതാണ്‌. കമ്യൂണിസം തകര്‍ന്നതോടൊപ്പം, ക്യാപ്പിറ്റലിസവും തകര്‍ന്നുകൊണ്ടിരിക്കുന്നു. ലോകം കനത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നു. ഫ്രാന്‍സീസ്‌ പാപ്പായുടെ വാക്കുകളില്‍, ലോകം ഇന്ന്‌ കനത്ത ആത്മീയദാരിദ്ര്യത്തിലാണ്‌. മൂല്യനിരാസങ്ങള്‍ക്കൊപ്പം മതങ്ങളും ശുഷ്‌കിച്ചുകൊണ്ടിരിക്കുന്നു. പ്രവാചകന്മാരില്ലാത്ത ഒരു വിരൂപലോകം! കരിന്തിരി കത്തുന്ന കുടുംബ ബന്ധങ്ങളും എണ്ണവറ്റിയ ജീവിതങ്ങളും ഭീതി ഉണര്‍ത്തുന്നു. ഈ വിപരീത സാഹചര്യങ്ങളിലും പ്രതീക്ഷയ്‌ക്ക്‌ വിപരീതമായി പ്രതീക്ഷ സൂക്ഷിക്കുമ്പോഴാണ്‌ ക്രിസ്‌തുവിന്റെ ഉയിര്‍പ്പ്‌ പ്രത്യാശയുടെ തിരുനാളാകുന്നത്‌.

വല്ലപ്പോഴും രോഗിയാകുന്നത്‌ ആരോഗ്യകരമാണെന്ന്‌ ഹെന്റി തൊറോവ്‌ എഴുതിയത്തിന്റെ പൊരുളും മറ്റൊന്നല്ല. പ്രത്യക്ഷത്തിലെ തിന്മയിലും നന്മയുടെ വേഷപ്പകര്‍ച്ചയുണ്ട്‌. അപ്പോള്‍ നൈരാശ്യങ്ങള്‍ക്കിടയിലും നാം മനസിലാക്കും സകല മനുഷ്യരുടേയും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ളവ എല്ലാം ഇവിടെ ദൈവം നല്‍കിയിട്ടുണ്ട്‌ എന്നും, എന്നാല്‍ നമ്മുടെ എല്ലാം ആര്‍ത്തിയെ തൃപ്‌തിപ്പെടുത്താനുള്ളവയാണ്‌ ലഭ്യമല്ലാത്തത്‌ എന്നും.

ഉയിര്‍പ്പ്‌ ഒരു സംസ്‌കാരമാണ്‌; ആത്മാവിന്റെ ഉദാത്ത സംസ്‌കാരം. തിന്മയും പരാജയങ്ങളും അധര്‍മ്മശക്തികളുടെ വിജയങ്ങളും ജീവിതത്തിന്റെ ഭാഗമാണ്‌. രോഗവും മരണവും ബന്ധങ്ങളുടെ നഷ്‌ടവും സാമ്പത്തിക-മാനസിക പ്രതിസന്ധികളും അനുദിന അനുഭവങ്ങളുടെ ഭാഗമാണ്‌. എങ്കിലും ഫീനിക്‌സ്‌ പക്ഷിയെപ്പോലെ മനുഷ്യന്‌ പുതിയ ഒരു ജന്മവും ജീവിതവും സാധ്യമാണ്‌. മൃത്യുവിന്റെ നിഷേധാത്മക ശക്തികള്‍ക്കു മുന്നിലും ജീവിതത്തിന്റെ നന്മയുടെ ഒരു സംസ്‌കാരം സ്ഥാപിക്കാന്‍ മനുഷ്യന്‌ കഴിയും.

പ്രാതികൂല്യങ്ങള്‍ക്കു മുന്നില്‍പ്പതാറാതെ നില്‍ക്കുന്ന പ്രകാശഗോപുരങ്ങളായ വ്യക്തികളെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നമുക്ക്‌ കാണുവാന്‍ കഴിയും. അവര്‍ ഉയിര്‍പ്പിന്റെ സംസ്‌കാരത്തില്‍ ജീവിക്കുന്നവരാണ്‌. ഒരു വാതില്‍ അടയുമ്പോള്‍ നൂറു വാതിലുകള്‍ ദൈവം നമുക്കായി തുറന്നുതരുന്നു. അടഞ്ഞ വാതിലിനു മുന്നില്‍ നില്‍ക്കാതെ തുറന്ന വാതിലിലൂടെ ഞാന്‍ ജീവിതത്തിലേക്കു പ്രവേശിച്ചു എന്ന്‌ ഹെലന്‍ കെല്ലര്‍ എഴുതിയത്‌ അവര്‍ ഉയിര്‍പ്പിന്റെ സംസ്‌കാരത്തില്‍ ജീവിച്ചതിനാലാണ്‌. ഇത്‌ ആന്തരിക മനുഷ്യന്റെ ഒരു ദിവ്യസംസ്‌കാരമാണ്‌. ഇന്നിന്റെ ആവശ്യവും ഈ സംസ്‌കാരമാണ്‌.

ക്രിസ്‌തുവിന്റെ ഉയിര്‍പ്പ്‌ ഒരു സാഫല്യമാണ്‌. സഫലമാകാത്ത ജീവിത സ്വപ്‌നങ്ങളുമായി നടക്കുന്നവര്‍ക്ക്‌ ക്രിസ്‌തു വിജയമന്ത്രം പകര്‍ന്നു നല്‍കുന്നു. അസ്‌തമിച്ചു എന്നു നാം കരുതുന്ന മുഹൂര്‍ത്തങ്ങള്‍ യഥാര്‍ത്ഥത്തില്‍ അസ്‌തമനമല്ല, ഉദയത്തിന്റെ നൊമ്പരങ്ങളും, പിറവിയുടെ ഈറ്റുനോവുമാണ്‌. തിന്മ താത്‌കാലികമായി വിജയിക്കും. തിന്മയ്‌ക്കു ഒപ്പം നിന്നാല്‍ ആ വിജയം നമ്മുടേതുമാകും.

എന്നാല്‍ ആത്യന്തികമായി നാം പരാജയപ്പെടുമെങ്കില്‍ താത്‌കാലിക വിജയംകൊണ്ട്‌ നമുക്ക്‌ എന്ത്‌ നേട്ടം. ആത്യന്തിക വിജയത്തിനുവേണ്ടി താത്‌കാലിക പരാജയങ്ങള്‍ സ്വീകരിക്കുവാന്‍ ഞാന്‍ തയാറാണെന്ന്‌ അബ്രഹാം ലിങ്കണ്‍ പറഞ്ഞു. നമ്മുടെ വിജയങ്ങള്‍ വൈകി എത്തുവാനിരിക്കുന്ന വന്‍ പരാജയങ്ങളുടെ മുന്നോടികളാണോ എന്നു നാം പരിശോധിക്കണം. ഒപ്പം പരാജയങ്ങള്‍ വൈകി എത്തുവാനിരിക്കുന്ന വന്‍ വിജയങ്ങളുടെ നാന്ദിയാണോ എന്നു നാം പരിശോധിക്കണം. സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ എല്ലാ മനുഷ്യര്‍ക്കും നല്‍കിയിരിക്കുന്നു. എന്നാല്‍ അതേ താക്കോല്‍ കൊണ്ടുതന്നെയാണ്‌ നരകവാതിലും തുറക്കുന്നത്‌. ഇതാണ്‌ ബുദ്ധമതം നല്‍കുന്ന ഒരു ജ്ഞാനവാക്യം. നമ്മുടെ സര്‍ഗ്ഗശക്തികൊണ്ട്‌ സ്വര്‍ഗ്ഗം തുറക്കുവാനും ജീവിതം സഫലമാക്കുവാനും നമുക്ക്‌ സാധിക്കും. ക്രിസ്‌തു മൂന്നു ദിവസം പാപികളുടെ കൈകളിലും മരണഗര്‍ത്തത്തിലുമായിരുന്നു.

എന്നാല്‍ അത്‌ അവന്റെ ജീവിതത്തിന്റെ അടഞ്ഞ അദ്ധ്യായമോ അവാസാന പാദമോ ആയിരുന്നില്ല. നഷ്‌ടങ്ങളും പരാജയങ്ങളും ആരുടേയും ജീവിതത്തിന്റെ അവസാന അദ്ധ്യായമല്ല. ജീവിതം സഫലമാക്കുവാനുള്ള സാദ്ധ്യതകള്‍ ഇനിയും ബാക്കി നില്‍ക്കുന്നു. നമ്മുടെ ജീവിതത്തിനു പുതിയ സ്വപ്‌നങ്ങള്‍ ഉണ്ടാകട്ടെ. അവ സഫലമാക്കുവാനുള്ള വഴികള്‍ ദൈവം തുറന്നുതരും. ഗാന്ധിജിക്ക്‌ ഒരു സ്വപ്‌നമുണ്ടായിരുന്നു; മാര്‍ട്ടിന്‍ലൂഥര്‍ കിംഗിന്‌ ഒരു സ്വപ്‌നമുണ്ടായിരുന്നു; ബൈബിളിലെ പൂര്‍വ്വയൗസേഫ്‌ വലിയ സ്വപ്‌നക്കാരനായിരുന്നു. സ്വപ്‌നങ്ങളുടെ മഹിമ ജീവിതത്തിന്റെ മഹിമയാണ്‌. ഇവ രണ്ടും മഹിമ നിറഞ്ഞതാകുമ്പോള്‍ ജീവിതം സഫലമാകും.

ക്രിസ്‌തുവിന്റെ ഉയിര്‍പ്പ്‌ ഒരു അനിവാര്യതയാണ്‌. നമ്മുടെ വിജയം, ജീവന്റെ വിജയമാണ്‌. തിന്മ വിജയിക്കുന്നിടത്ത്‌ ജീവിതം പരാജയമടയും. തിന്മയുടെ വിജയം നിരന്തരമായാല്‍ ജീവിതം പിന്നോട്ടുപോകും, മരണ സംസ്‌കാരം ഉയിര്‍ത്തെഴുന്നേല്‍ക്കും. അതിനാല്‍ നന്മയുടെ വിജയവും തിന്മയുടെ പരാജയവും ഒരു അനിവാര്യതയാണ്‌, ജീവന്റെ നിലനില്‍പ്പിന്‌. പരാജയങ്ങളുടെ കൂമ്പാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ എത്രയോ ജീവിതങ്ങള്‍ നമുക്കു ചുറ്റുമുണ്ട്‌. ഓരോ പ്രഭാതവും പുനരുദ്ധാനത്തിന്റെ അനുഗ്രഹ അനുഭവമാക്കി നമുക്ക്‌ മാറ്റാം. സൂര്യോദയം പോലെ നിത്യവും പ്രഭാതം പോലെ പുതുമയുള്ളതുമായ ദൈവസ്‌നേഹത്തിന്റെ സാന്ത്വനസ്‌പര്‍ശം `ഇ-മലയാളി'യുടെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും വായനക്കാര്‍ക്കും ആശംസിക്കുന്നു.

റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍

പാസ്റ്റര്‍, സെന്റ്‌ തോമസ്‌ ചര്‍ച്ച്‌, ഫിലാഡല്‍ഫിയ.
സ്വപ്‌നങ്ങളുടെ മഹിമ ജീവിതത്തിന്റെ മഹിമ: ഉത്ഥാന സന്ദേശം (റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക