Image

കുരിശിന്‍െറ വഴി: ഡി. ബാബുപോള്‍

Published on 28 March, 2013
കുരിശിന്‍െറ വഴി: ഡി. ബാബുപോള്‍
പൊന്തിയോസ് പീലാത്തോസിനെ നിത്യവും അനുസ്മരിക്കുന്നവരാണ് ക്രൈസ്തവര്‍. ‘പൊന്തിയോസ് പീലാത്തോസിന്‍െറ നാളുകളില്‍ കഷ്ടതയനുഭവിച്ച് മരിച്ച’ ക്രിസ്തുവിലാണല്ലോ അവരുടെ വിശ്വാസത്തിന്‍െറ അടിത്തറ. പീലാത്തോസ് ആരാണെന്നോ അനുഭവിച്ച കഷ്ടതയുടെ സാന്ദ്രത എത്രയാണെന്നോ ആരും അന്വേഷിക്കാറില്ലെന്ന് മാത്രം.
ആദ്യം പീലാത്തോസിന്‍െറ കഥകഴിക്കാം. പിന്നെ കഷ്ടതയുടെ കഥ പറയാം.
പൊന്തിയോസ് പീലാത്തോസ് ആയിരുന്നു യേശുക്രിസ്തുവിനെ വധശിക്ഷക്ക് വിധിച്ച റോമന്‍ ഭരണാധികാരി. ഉന്നതകുലജാതനായിരുന്ന പീലാത്തോസ് ക്രി.പി 26 മുതല്‍ യഹൂദ്യയിലെ പ്രൊക്യുറേറ്റര്‍ ആയിരുന്നു എന്നാണ് പറയാറുള്ളത്. അത് അത്ര കൃത്യമല്ല. പ്രീഫെക്ട് അഥവാ ഹെഗേമോന്‍ - Praefectus Or Hegemon ആണ് ശരി. 1961ല്‍ കൈസറിയയില്‍ കണ്ടെത്തിയ ഒരു ശിലാഫലകത്തില്‍ ഇങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ആദ്യം ഇതും പിന്നെ പ്രൊക്യുറേറ്റര്‍ എന്നതും ഉപയോഗിച്ചു എന്ന് പറയുന്നവരും ഉണ്ട്. 10 വര്‍ഷം പീലാത്തോസ് ഭരിച്ചു. വലിയ ഹേരോദിന്‍െറ മക്കളില്‍ ഏറ്റവും ക്രൂരനായിരുന്ന അര്‍ക്കെലിയോസിനെ പുറത്താക്കിയ ശേഷം കോപോണിയസ്, അംബീവിയസ്, റൂഫസ്, ഗ്രാത്തൂസ് എന്നിവരെ പിന്തുടര്‍ന്നാണ് പീലാത്തോസ് അധികാരം ഏറ്റത്. വളരെ പ്രധാനപ്പെട്ട ഈ സ്ഥാനത്ത് കഴിവ് തെളിയിച്ച പ്രഗല്ഭരെ മാത്രമേ നിയമിക്കയുള്ളൂ എന്നത് വ്യക്തമാണ്. മഹാപുരോഹിതന്‍െറ നിയമനം ഉള്‍പ്പെടെയുള്ള സംഗതികള്‍, ധനകാര്യ ഭരണം, നിയമസമാധാനപാലനം -ഇത്യാദി എല്ലാ അധികാരവും ഈ ഒരൊറ്റ ഉദ്യോഗസ്ഥനിലാണ് റോമാചക്രവര്‍ത്തി അര്‍പ്പിച്ചിരുന്നത്. എന്നാല്‍, പീലാത്തോസിന്‍െറ ധാര്‍ഷ്ട്യവും യഹൂദന്മാരുടെ വികാരങ്ങള്‍ മാനിക്കാനുള്ള മടിയും ഒരുഭാഗത്തും യഹൂദന്മാരുടെ വികൃതികള്‍ മറുഭാഗത്തും ആയപ്പോള്‍ സംഘര്‍ഷം അനിവാര്യമായി.
സീസറുടെ ചിത്രമുള്ള പതാക ജറൂസലമിലേക്ക് കടത്തുകയില്ല എന്നായിരുന്നു അലിഖിത ധാരണ. പീലാത്തോസ് വകവെച്ചില്ല. യഹൂദന്മാര്‍ എതിര്‍ത്തു. നേതാക്കന്മാരുടെ ധര്‍ണ ആറു ദിവസം ആയപ്പോള്‍ പീലാത്തോസ് കീഴടങ്ങി. പതാക തിരിച്ച് കൈസറിയയിലേക്ക് അയച്ചു. ജറൂസലമിലെ ശുദ്ധജല വിതരണത്തിന് ഒരു അക്വാഡക്ട് പണിയാന്‍ ദേവാലയത്തിലെ പണം ഉപയോഗപ്പെടുത്തി എന്ന് കണ്ട യഹൂദന്മാര്‍ പ്രതിഷേധിച്ചത് മറ്റൊരു സംഭവം. ഇത് ബൈബ്ളിലും ഉണ്ട്. അതോടൊപ്പം സൂചിതമായ ശീലോഹാം ഗോപുരം അക്വാഡക്ടിന്‍െറ ഭാഗമായിരുന്നു എന്ന് സംശയിക്കുന്നവരുണ്ട്. കഠാര കുപ്പായത്തിലൊളിപ്പിച്ച മഫ്തി പട്ടാളം ഒരു നിര്‍ദേശം കിട്ടിയപ്പോള്‍ കണ്ണില്‍കണ്ട യഹൂദരെയൊക്കെ കുത്തിക്കൊന്നു എന്നാണ് ജോസഫസ് പറയുന്നത്. ജോസഫസും ഫിലോയും പറയാത്ത മറ്റൊരു സംഭവം ഇപ്പോള്‍ അറിവായിട്ടുണ്ട്. പ്രൊക്യുറേറ്റര്‍മാര്‍ ഫലസ്തീനിലെ ആവശ്യത്തിന് ചെമ്പുനാണയങ്ങള്‍ അടിച്ചിറക്കിയിരുന്നു. യഹൂദന്മാരുടെ വികാരങ്ങള്‍ മാനിച്ച് വൃക്ഷം, ഗോതമ്പുകറ്റ എന്നിവയായിരുന്നു മുദ്രകള്‍. പീലാത്തോസ് 29-31 കാലത്ത് റോമാചക്രവര്‍ത്തിയുടെ മതപരമായ സ്ഥാനചിഹ്നവും - LITUUS-ക്ഷാളനപാത്രത്തിന്‍െറ libation bowl-രൂപവും മുദ്രവെച്ച നാണയങ്ങള്‍ അടിച്ചുവിട്ടു. 31ന് ശേഷം ആരും ഇത് ആവര്‍ത്തിച്ചില്ലെന്ന് മാത്രമല്ല, പിന്‍ഗാമിയായ ഫെലിക്സ്, അടിച്ച നാണയത്തില്‍ വീണ്ടും അടിച്ച് ലിത്തൂസ് - മെത്രാന്മാരുടെ അംശവടി പോലെ മറയ്ക്കുകയും ചെയ്തുപോല്‍. ഇത്തരം ഒരു നാണയം ബ്രിട്ടീഷ്മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
ക്രി.പി 35ല്‍ ഒരു ശമരിയന്‍കലാപം നിഷ്ഠുരമായി അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് പീലാത്തോസിനെ റോമിലേക്ക് തിരിച്ചുവിളിച്ചു. പിന്നെ പീലാത്തോസിന് എന്തുസംഭവിച്ചു എന്നതിനെക്കുറിച്ച് ഐതിഹ്യങ്ങള്‍ മാത്രമേ അവലംബമായിട്ടുള്ളു.
ജോസഫസും ഫിലോയും പീലാത്തോസിനെക്കുറിച്ച് വളരെ മോശമായ ചിത്രമാണ് വരയ്ക്കുന്നത്. സുവിശേഷങ്ങളില്‍ സമീപനത്തിന് നേരിയ വ്യത്യാസങ്ങള്‍ കാണാം. റോമാസാമ്രാജ്യത്തെക്കാള്‍ യഹൂദന്മാരെ പഴിചാരുന്ന പ്രവണത ക്രമേണ തെളിയുന്നു. സമര്‍ഥനും നിശ്ചയദാര്‍ഢ്യമുള്ളവനുമായ ഒരു ഭരണാധികാരി ഇത്ര ദയനീയമായി പെരുമാറിയത് എന്തിന് എന്നതിന് ഒരു കാരണവും ചോദ്യങ്ങള്‍ക്ക് അതീതമല്ല തന്നെ. പീലാത്തോസ് പില്‍ക്കാലത്ത് മാനസാന്തരപ്പെട്ട് ക്രിസ്ത്യാനിയായി എന്ന് പറയപ്പെടുന്നു. തെര്‍ത്തുല്യന്‍ ‘a Chirstian in his own convictions' എന്നും മറ്റൊരാള്‍ ഹൃദയത്തില്‍ പരിച്ഛേദനയേറ്റവന്‍ - uncircumcised in flesh but circumcised in heart' എന്നും എഴുതിയിരിക്കുന്നു. പീലാത്തോസിന്‍െറ ഭാര്യ ക്ളോദിയ പ്രൊക്ളാ തന്നെയാണ് പൗലോസ് പറയുന്ന ക്ളോദിയ എന്നുവരെ ചിലര്‍ ഊഹിച്ചിട്ടുണ്ട്.
ക്ളോദിയ ഗ്രീക്കുസഭയില്‍ വിശുദ്ധയാണ്. കോപ്റ്റിക് സഭയുടെ പാരമ്പര്യം പീലാത്തോസും പില്‍ക്കാലത്ത് ക്രിസ്ത്യാനിയായി എന്നതാണ്.
ഇനി കഷ്ടാനുഭവത്തിന്‍െറ കാര്യം പറയാം. പൂര്‍ണ ദൈവവും പൂര്‍ണ മനുഷ്യനും ആയിരുന്നു യേശു എന്നതാണ് ക്രൈസ്തവ വിശ്വാസം. യേശു ജഡത്തില്‍ കഷ്ടത അനുഭവിച്ചില്ല എന്നുപറയുന്നവര്‍ക്ക് അതാവാം; എന്നാല്‍, അതല്ല ക്രിസ്തീയ വിശ്വാസം. ശാരീരിക പീഡനങ്ങളെക്കുറിച്ച് ബൈബ്ള്‍ പറയുന്നുണ്ട്. എന്നാല്‍, കുരിശുമരണം എങ്ങനെ സംഭവിക്കുന്നു എന്നത് പണ്ഡിതന്മാര്‍ അന്വേഷിക്കേണ്ട വിഷയമാണ്. ഡാനിയല്‍ റോപ്സിനെ അതേ പടി ഉദ്ധരിക്കട്ടെ: The full torture then began. At first the victim, being still in possession of a good deal of strength, would struggle against the crushing cramp in his chest, with horrible convulsive struggles he would try to pull himself up on his feet in order to breathe. Little by little his strength would give out and his resistance fail, the outstretched arms would sag, and as the body weakened, the knees would bend outward making an obtuse angle with the hips and the feet, so that the human remnant hung in a grotesque zigzag, while the head, after tossing about in agony, would drop finally on the chest, the chin touching the sternum. ശിക്ഷ നടപ്പാക്കുന്നവര്‍ക്കുപോലും കണ്ടുനില്‍ക്കാന്‍ വിഷമം തോന്നിയിരുന്നു. ചിലപ്പോള്‍ കുരിശിന് ചുവട്ടില്‍ തീയിടും; പുകയില്‍ ശ്വാസം മുട്ടുമല്ലോ. ചിലര്‍ വാളോ കുന്തമോ വെച്ച് കുത്തുകയും ചെയ്തിരുന്നു പോല്‍
ഹോള്‍മന്‍ ഹണ്ടിന്‍െറ ഒരു ചിത്രമുണ്ട്. 1870-73 കാലത്ത് ഫലസ്തീനിലെവിടെയോവെച്ച് വരച്ചത്. ആശാരിപ്പുരയുടെ അന്തര്‍ഭാഗം. ബാലനായ യേശു കൈകള്‍ വിരിച്ച് സ്വര്‍ഗത്തിലേക്ക് കണ്ണുകളുയര്‍ത്തി നില്‍ക്കുന്നു. വാതിലിലൂടെ സൂര്യപ്രകാശം. ക്രൂശിതരൂപം നിഴല്‍ വിരിക്കുന്നു. ആണിയും ചുറ്റികയും ഒക്കെ വെക്കുന്ന ഒരു തട്ടുണ്ട് ഭിത്തിയില്‍. അതാണ് ചിത്രത്തില്‍ പാറ്റിബുലും. മൂലയില്‍ ഒരു സ്ത്രീരൂപം വിദ്വാന്മാരുടെ സമ്മാനങ്ങള്‍ മാറോടണച്ച് കുരിശാകൃതിയിലുള്ള നിഴലിലേക്ക് ഭീതിയോടെ നോക്കിനില്‍ക്കുന്നു. അതേ, കുരിശ് എത്രയോ മുമ്പ് ചക്രവാളത്തില്‍ ഉണ്ടായിരുന്നു.
കോണ്‍സ്റ്റന്‍റയില്‍ കുരിശിനെ രാഷ്ട്രീയായുധമാക്കി. അതുവരെ ക്രിസ്ത്യാനികള്‍ ചിഹ്നമായി ഉപയോഗിച്ചിരുന്നത് മത്സ്യത്തിന്‍െറ ചിത്രം ആയിരുന്നു. ശിഷ്യന്മാര്‍ തീരദേശവാസികളും ചിലരെങ്കിലും മുക്കുവരും ആയിരുന്നതല്ല കാരണം. യേശുക്രിസ്തു (Iesus Christos), ദൈവപുത്രന്‍ (Theou Huios),രക്ഷകന്‍ (Soter) എന്ന പദങ്ങള്‍ ചുരുക്കിയാല്‍ I-C-T-H-S. മത്സ്യത്തിന്‍െറ പദം ഇക്തിസ്. ചിത്രീകരിച്ചാല്‍ മത്സ്യം.
എന്നാല്‍, കോണ്‍സ്റ്റന്‍ൈറന് മുമ്പുതന്നെ ‘കുരിശ് വരക്കുക’ എന്ന സമ്പ്രദായം ക്രിസ്ത്യാനികള്‍ സ്വീകരിച്ചിരുന്നു. അത് രണ്ടാം നൂറ്റാണ്ടില്‍തന്നെ തുടങ്ങി. ഓരോ കാര്യം ചെയ്യുമ്പോഴും - എഴുന്നേല്‍ക്കുക, ഇരിക്കുക, കിടക്കുക, വിളക്ക് കൊളുത്തുക, ഭക്ഷണം കഴിക്കുക -കുരിശിന്‍െറ രൂപം നെറ്റിയില്‍ വരക്കുമായിരുന്നു എന്ന് തെര്‍ത്തുല്യന്‍ 200ല്‍ എഴുതി. 215ല്‍ ഹിപ്പോളിറ്റസ് ലബ്ധപ്രതിഷ്ഠങ്ങളായ അനുഷ്ഠാനങ്ങളുടെ കൂട്ടത്തില്‍ ‘കുരിശുവര’ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ക്രൂശിതരൂപം ആറാം നൂറ്റാണ്ടില്‍മാത്രം തുടങ്ങിയ സമ്പ്രദായമാണ്. ഇന്നും പൗരസ്ത്യ ക്രൈസ്തവര്‍ ആളൊഴിഞ്ഞ കുരിശാണ് ഉപയോഗിക്കുന്നത്. കഴുമരത്തിന്‍െറ നിന്ദ്യതയില്‍നിന്ന് കുരിശിനെ മോചിപ്പിച്ചത് യേശുവിന്‍െറ പുനരുത്ഥാനമാണ് എന്ന ചിന്ത ആവണം ഇതിന്‍െറ പശ്ചാത്തലം. ധനചിഹ്നം (+) പ്രപഞ്ചത്തെ - ഈശ്വരനെയും സൃഷ്ടികളെയും -സൂചിപ്പിക്കാന്‍ ചിലരെങ്കിലും -ഈശ്വരനെയും സൃഷ്ടികളെയും - സൂചിപ്പിക്കാന്‍ നേരത്തെ ഉപയോഗിച്ചിരുന്നു. യേശുവിന്‍െറ കുരിശുമരണം അവതാരമെടുത്ത ദൈവമാണ് യേശു എന്ന ആശയവുമായി ബന്ധപ്പെടുത്തിയ പൂര്‍വികര്‍ ആരെങ്കിലും ആവാം ക്രിസ്തുമതം നിരോധിതവും കുരിശ് കഴുമരവും ആയിരുന്ന കാലത്തുതന്നെ സഭാദൗത്യത്തിന്‍െറ കേന്ദ്രബിന്ദു ആയി കുരിശിനെ പ്രതിഷ്ഠിച്ചത്.
പൂഞ്ഞാറിലെ മിത്രന്‍ നമ്പൂതിരിപ്പാടാണ് അഹം എന്ന ചിന്തയെ ഉന്മൂലനം ചെയ്യുമ്പോള്‍ മാത്രമാണ് കുരിശ് സാക്ഷാത്കരിക്കപ്പെടുക എന്ന് എന്നോട് പറഞ്ഞത്. ലംബമാനഖണ്ഡം ഈശ്വരനുമായും തിരശ്ചീനബന്ധം മനുഷ്യനുമായും എന്നിങ്ങനെ സകലതിന്‍െറയും സാരാംശമായി ക്രിസ്തു പഠിപ്പിച്ച രണ്ട് കല്‍പനകളെ കുരിശിന്‍െറ രൂപത്തില്‍ വ്യാഖ്യാനിച്ചെടുക്കുകയായിരുന്നു ഞാന്‍ ഒരുമിച്ചുള്ള ഒരു യാത്രയില്‍. അപ്പോഴാണ് അദ്ദേഹം പറഞ്ഞുതന്നത്: ‘ലംബമാനഖണ്ഡം സമം I സമം ഞാന്‍. അഹം. അഹംഭാവത്തിന്‍െറ ഹൃദയഭാഗത്തുകൂടെ ഒരു വെട്ട്. തിരശ്ചീനഖണ്ഡം. ഞാന്‍ എന്ന ചിന്ത അവസാനിക്കുമ്പോഴാണ് ഈശ്വരനും മനുഷ്യനും തമ്മിലുള്ള ബന്ധവും മനുഷ്യര്‍ തമ്മിലുള്ള ബന്ധവും നേരെയാവുന്നത്’’.
ഇതാണ് യഥാര്‍ഥത്തില്‍ കുരിശിന്‍െറ വഴി.
http://www.madhyamam.com/news/219306/130328
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക