Image

നമ്മളെ ഭരിയ്‌ക്കാന്‍ നമ്മുടെ മലയാളം (അഷ്ടമൂര്‍ത്തി)

Published on 27 March, 2013
നമ്മളെ ഭരിയ്‌ക്കാന്‍ നമ്മുടെ മലയാളം (അഷ്ടമൂര്‍ത്തി)
കൊല്ലങ്ങള്‍ക്കു മുമ്പാണ്‌. എന്നു വെച്ചാല്‍ ആയിരത്തിത്തൊള്ളായിരത്തി അറുപത്തേഴില്‍. ചേര്‍പ്പ്‌ ഹൈസ്‌കൂളില്‍ ഹെഡ്‌ മാഷായിരുന്ന അച്ഛന്‌ വിദ്യാഭ്യാസവകുപ്പില്‍നിന്ന്‌ ഒരു കത്തു കിട്ടി. ഭരണഭാഷ മലയാളമാക്കുന്നതില്‍ നിങ്ങള്‍ എന്തൊക്കെ നടപടി എടുത്തു എന്നു ബോധിപ്പിയ്‌ക്കാനുള്ള ആജ്ഞയായിരുന്നു അത്‌. ഒരു നടപടിയും എടുത്തിട്ടില്ലെങ്കില്‍ ആ കുറ്റത്തിന്‌ വിശദീകരണവും ചോദിച്ചിരുന്നു കത്തില്‍. കത്ത്‌ പക്ഷേ ഇംഗ്ലീഷിലായിരുന്നു. എന്തുകൊണ്ടാണോ ഈ കത്ത്‌ നിങ്ങള്‍ക്ക്‌ ഇംഗ്ലീഷിലെഴുതേണ്ടിവന്നത്‌ അതു തന്നെയാണ്‌ അമാന്തത്തിനു കാരണം എന്ന്‌ അച്ഛന്‍ ഇംഗ്ലീഷില്‍ത്തന്നെ മറുപടിയെഴുതി.

ഭരണകാര്യങ്ങളില്‍ മലയാളം അത്രയൊന്നും പ്രചാരത്തിലില്ലാതിരുന്ന കാലമായിരുന്നു അത്‌. എന്നാല്‍ അക്കാലത്തു തന്നെ അതിനുള്ള ഉത്സാഹം തുടങ്ങിയിരുന്നു എന്ന്‌ ആ സംഭവം ഓര്‍മ്മിപ്പിയ്‌ക്കുന്നുണ്ട്‌. ടൈപ്‌ റൈറ്ററിനു വഴങ്ങാന്‍ തക്കവണ്ണം മലയാളലിപി പരിഷ്‌കരിയ്‌ക്കാന്‍ വേണ്ടി ശൂരനാട്‌ കുഞ്ഞന്‍പിള്ളയെ അദ്ധ്യക്ഷനാക്കി ഒരു കമ്മിറ്റിഉണ്ടാക്കിയ ഇ. എം. എസ്‌. സര്‍ക്കാര്‍ ഭരിയ്‌ക്കുന്ന കാലമായിരുന്നു.

സര്‍ക്കാര്‍ജോലി കിട്ടണമെങ്കില്‍ മലയാളം അറിഞ്ഞിരിയ്‌ക്കണം എന്ന സര്‍ക്കാരിന്റെ പുതിയ ഉത്തരവ്‌ വന്ന വാര്‍ത്ത വായിച്ചപ്പോഴാണ്‌ ഇതെല്ലാം ഓര്‍മ്മ വന്നത്‌. മലയാളം ഭരണഭാഷയാക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായാണ്‌ ഈ ഉത്തരവ്‌.

പക്ഷേ മനസ്സിലാവാത്തത്‌ മറ്റൊന്നാണ്‌. എന്നു മുതലാണ്‌ നമ്മുടെ ഭരണഭാഷ ഇംഗ്ലീഷായത്‌? ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ വരുന്നതിനു മുമ്പും ഇവിടെ ഭരണമുണ്ടായിരുന്നു. മലയാളമായിരുന്നു ഭാഷ. അവര്‍ വന്നതിനു ശേഷവും മലയാളം തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്‌ എന്ന്‌ പഴയ രേഖകളിലെ ഉരുട്ടിയുരുട്ടിയെഴുതിയ മലയാളം ലിപികണ്ടാല്‍ മനസ്സിലാവും. അന്നൊക്കെ നല്ല കയ്യക്ഷരമുള്ളവര്‍ക്ക്‌ ഉദ്യോഗത്തിന്‌ മുന്‍ഗണനയുമുണ്ടായിരുന്നു.

പിന്നെ എന്നാണ്‌ മലയാളം ഇറങ്ങിപ്പോയത്‌? എപ്പോഴാണ്‌ ഇംഗ്ലീഷ്‌ കയറിപ്പറ്റിയത്‌?അത്‌ സര്‍ക്കാരാപ്പീസുകളിലെ പൊതുജനം ശത്രു എന്ന സമീപനത്തിന്റെഭാഗമായിട്ടാണോ? സാധാരണക്കാര്‍ക്ക്‌ മനസ്സിലാവാത്ത ഭാഷ ഉപയോഗിയ്‌ക്കുകയാണല്ലോ അവരെ അകറ്റിനിര്‍ത്താനുള്ള ഏറ്റവും നല്ല വഴി.

ഏതായാലും മലയാളം തിരിച്ചുപിടിയ്‌ക്കേണ്ടത്‌ ആവശ്യമായി വന്നുവെന്നത്‌ യാഥാര്‍ത്ഥ്യം. അതിനിടെ കയ്യെഴുത്ത്‌ ഇറങ്ങിപ്പോയി ടൈപ്‌ റൈറ്റര്‍ സ്ഥലം പിടിച്ചിരുന്നു. മലയാളമാവട്ടെ ആ യന്ത്രത്തിനു വഴങ്ങിയില്ല. ബെഞ്ചമിന്‍ ബെയ്‌ലി രൂപകല്‍പന ചെയ്‌തഅറുന്നൂറോളം അച്ചുകളില്‍ പരന്നുകിടക്കുകയായിരുന്നു നമ്മുടെ ഭാഷ. ശൂരനാട്‌ കുഞ്ഞന്‍പിള്ളയുടെ കമ്മിറ്റി അത്‌ ഇരുന്നൂറിനു താഴെയാക്കിക്കുറച്ചു. പിന്നീട്‌ 1969-ല്‍ നിയമിയ്‌ക്കപ്പെട്ട മറ്റൊരു കമ്മിറ്റി അത്‌ 90 ആക്കി ടൈപ്‌ റൈറ്ററുമായി മെരുക്കി. പ്രതിഫലത്തിന്റെകാര്യത്തില്‍ താങ്കള്‍ക്കിഷ്‌ടമുങ്ങതെങ്ങിനെയോ അങ്ങനെ ചെയ്യുന്നത്‌എനിക്ക്‌ സമ്മതമാണെന്ന്‌ പറയേണ്‌ടതില്ലല്ലോ എന്ന മട്ടിലായിരുന്നു അന്നത്തെ ടൈപ്‌ റൈറ്ററിലെ എഴുത്ത്‌.

കംപ്യൂട്ടര്‍ എന്ന ഉപകരണം ഇത്രത്തോളം പ്രചാരത്തിലെത്തുമെന്നും നമ്മുടെ ഭാഷ അതിനു വഴങ്ങിക്കൊടുക്കും എന്നും സങ്കല്‍പ്പിയ്‌ക്കാന്‍ കഴിയാത്ത കാലത്തായിരുന്നു ആ പരിഷ്‌കാരങ്ങള്‍. ഇതിനിടെ വിളം രങ്ങള്‍ സൈക്ലോസ്റ്റൈല്‍ എന്ന ഉപകരണത്തിലടിച്ച സര്‍ക്കുലറുകള്‍ക്കു വഴിമാറിക്കൊടുത്തിരുന്നു. തൊണ്ണൂറുകളില്‍ കംപ്യൂട്ടര്‍ പ്രചാരത്തിലായതോടെ ടൈപ്‌ റൈറ്ററും സൈക്ലോസ്റ്റൈല്‍ യന്ത്രവും കാലഹരണപ്പെട്ടു. ഇന്റര്‍നെറ്റ്‌ വ്യാപകമായി. മലയാളം കംപ്യൂട്ടിങ്ങിനു വേണ്ടി കുറച്ച്‌ ചെറുപ്പക്കാര്‍ അരയും തലയും മുറുക്കി ഇറങ്ങി. കെ. എച്ച്‌. ഹുസൈന്‍, ആര്‍. ചിത്രജകുമാര്‍, എന്‍. ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടങ്ങിയ രചന അക്ഷരവേദി പഴയ മലയാള ലിപിയെ വീണ്ടെടുത്തു. ഹിരണ്‍ വേണുഗോപാല്‍, പി. സുരേഷ്‌, കെവിന്‍, സിജി, വിശ്വപ്രഭ തുടങ്ങി നിരവധി ആളുകള്‍ ഈ രംഗത്ത്‌ പ്രവര്‍ത്തിച്ചു. ഭാഷാകംപ്യൂട്ടിങ്ങില്‍ നമുക്കുണ്ടായ നേട്ടം ഒരു സര്‍ക്കാര്‍ ഏജന്‍സിയും ചെയ്‌തതല്ല. ജോലിത്തിരക്കിനിടെ ഒരു പ്രതിഫലവും പറ്റാതെ രാവു പകലാക്കി ഈ ഉത്സാഹികള്‍ ഉണ്ടാക്കിയെടുത്തതാണ്‌. അവരുടെ സേവ നത്തിന്‌ എത്ര വില കൊടുത്താലും മതിയാവില്ല. അതേസമയം അവര്‍ക്ക്‌ എന്തെങ്കിലും പുരസ്‌കാരമോ ആദരമോ കൊടുക്കാന്‍ പോലും ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രണ്ടാമത്തെ പ്രതി ന്ധം മലയാളവാക്കുകളുടെ ക്ഷാമമായിരുന്നു. ഭരണത്തിനു വേണ്ടിയല്ലെങ്കിലും ശാസ്‌ത്ര-സാങ്കേതികവിഷയങ്ങള്‍ക്കു വേണ്ടി ഭാഷയ്‌ക്ക്‌ ആവശ്യമായ വാക്കുകളുണ്ടാക്കുക എന്ന ദൗത്യമാണ്‌ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിനുണ്ടായിരുന്നത്‌. ഇന്‍സ്റ്റിറ്റിയൂട്ട്‌ എന്ന വാക്കിനുള്ള മലയാളം പോലും അതിനു കണ്ടെത്താനായില്ല എന്ന്‌ നമ്മള്‍ പറയാറുണ്ടല്ലോ. ഏതായാലും പുതിയ വാക്കുകള്‍ കാര്യമായി പ്രയോഗത്തില്‍ വന്നില്ല എന്നത്‌ സത്യമാണ്‌. അവിടത്തെ രണ്ടു പ്രബലവിഭാഗങ്ങളില്‍ ഒന്ന്‌ സംസ്‌കൃതത്തോടും മറ്റേത്‌
ഇംഗ്ലീഷിനോടും ആധമര്‍ണ്യം പുലര്‍ത്തിയതുകൊണ്ടാവണം അത്‌.

സംസ്‌കൃതവും ഇംഗ്ലീഷുമല്ലാതെ നല്ല മലയാളിത്തമുള്ള വാക്കുകളായിരുന്നു നമുക്ക്‌ ആവശ്യം. ഉദാഹരണം റാന്തല്‍ തന്നെ. ഘമിലേൃി എന്ന വാക്കില്‍നിന്ന്‌ ലാന്തറും അതില്‍നിന്ന്‌ റാന്തലും രൂപപ്പെട്ടതിന്റെ ഭംഗി നോക്കുക. അത്തരം നല്ല ഒരു വാക്കുപോലും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്‌ സംഭാവന ചെയ്യാനായില്ല. Chandelier എന്ന വാക്കിനുള്ള മലയാളമായ ബഹുശാഖാദീപം എന്ന വാക്കൊന്നും വായില്‍ക്കൊള്ളുന്നതായിരുന്നില്ല. ഇതിനൊക്കെപ്പുറമേ ഔദ്യോഗികഭാഷ ഒന്നു വേറെയാണ്‌. ഔദ്യോഗികമായ കാര്യങ്ങള്‍ക്കുള്ള ഇംഗ്ലീഷ്‌ ശൈലിയ്‌ക്ക്‌ ീളളശരശമഹലലെ എന്ന്‌ പേരുണ്ട്‌. അത്‌ നല്ല ഇംഗ്ലീഷാണ്‌
എന്നു പറയാന്‍ വയ്യ. ഇംഗ്ലീഷ്‌ ശൈലിയെ അനുകരിച്ച്‌ yours faithfully-ക്ക്‌ മലയാളം അന്വേഷിച്ചു നടക്കുകയല്ല നമ്മള്‍ ചെയ്യേണ്ടത്‌. സംവേദനക്ഷമമായ പുതിയൊരു ഭാഷാരീതി കണ്ടെത്തുകയാണ്‌. മലയാളം ഇപ്പോള്‍ ശ്രേഷ്‌ഠഭാഷയാവാന്‍ പോവുന്നതു കൊണ്ട്‌ ഇതും ശ്രേഷ്‌ഠമാക്കിക്കളയാം എന്നു വിചാരിയ്‌ക്കേണ്ട. അതിന്‌ സാഹിത്യഭംഗിയല്ല ആവശ്യം. കാര്യങ്ങളുടെ സംവേദനം നടക്കുകയാണ്‌. (അതിനിടെ classical language- ന്‌ ആരാണ്‌ ശ്രേഷ്‌ഠഭാഷ എന്ന വാക്കു കണ്ടെത്തിയത്‌? രഹമശൈരമഹ എങ്ങനെ ശ്രേഷ്‌ഠമാവും?)

ഔദ്യോഗികഭാഷയ്‌ക്ക്‌ അധികാരത്തിന്റെ സ്വരമാണ്‌. സര്‍ക്കാര്‍ ആപ്പീസുകളില്‍ന ിന്ന്‌ അറിയിപ്പുകള്‍ കിട്ടുമ്പോള്‍ നമ്മള്‍ അസ്വസ്ഥരാവുന്നത്‌ അതുകൊണ്ടാണ്‌. ഇംഗ്ലീഷിന്റെ മാത്രം കാര്യമല്ല. മലയാളത്തിനും അത്‌ ബാധകമാണ്‌. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ സഞ്‌ജയന്‍ അതിനേക്കുറിച്ച്‌ പറയുന്നുണ്ട്‌ `കണ്ണുനീര്‍സമേതം' എന്ന ലേഖനത്തില്‍. `താങ്കളുടെ മാസംതോറുമുള്ള വരവു ...... ഉറുപ്പികയാണെന്നു വിശ്വസിയ്‌ക്കയാല്‍ 193.... സെപ്‌തെമ്പര്‍ 30-ാന്തി അവസാനിയ്‌ക്കുന്ന അരക്കൊല്ലത്തെയ്‌ക്കു ഡിസ്റ്റ്രിക്ട്‌ മുനിസിപ്പാലിറ്റീസ്‌
ആക്ട്‌ 4-ാം പട്ടിക 16 ചട്ടപ്രകാരം താങ്കള്‍ക്ക്‌ ക. ണ. നികുതി കെട്ടിയ വിവരം അറിയി ക്കുന്നു. ആകയാല്‍ ഈ നോട്ടീസ്സ്‌ നടത്തിയ തീയതി മുതല്‍ 15 ദിവസത്തിനുള്ളില്‍ ക.ണ. അടക്കേണ്ടതാകുന്നു.' എന്നാണ്‌ നോട്ടീസിന്റെ തുടക്കം. അവിടെ നിന്നില്ല.

`ആയത്‌ ആ അവധിയ്‌ക്കുള്ളില്‍ അടയ്‌ക്കാതിരിയ്‌ക്കുകയും അത്‌ അടയ്‌ക്കാതിരിപ്പാന്‍ താങ്കള്‍ മതിയായ കാരണം കാണിയ്‌ക്കാതിരിയ്‌ക്കുകയും ചെയ്യുന്ന പക്ഷം താങ്കളുടെ മുതല്‍ ജപ്‌തി ചെയ്‌വാനായി ഒരു വാറണ്ട്‌ അയയ്‌ക്കുന്നതും ആ വക ഓരോ വാറണ്ടിനും രണ്ടണ ഫീസ്സു വസൂലാക്കുന്നതും ആകുന്നു. നികുതിയും ഫീസും പിന്നേയും അടയ്‌ക്കാ തിരുന്നാല്‍ താങ്കളുടെ മുതല്‍ ജപ്‌തി ചെയ്‌വാന്‍ ഇടവരികയും ചെയ്യും. പ്രസ്‌തുത ആക്ട്‌ 4-ാം പട്ടിക 30 മുതല്‍ 34 വരെയുള്ള ചട്ടങ്ങള്‍ നോക്കുക.' സഞ്‌ജയന്റെ ലേഖനത്തിലെഅതിശയോക്തി മാറ്റിവെച്ചാല്‍ത്തന്നെ ഇതാണ്‌ വ്യവഹാരഭാഷ എന്ന്‌ നമുക്കറിയാം. അടയ്‌ക്കില്ലെന്ന്‌ താന്‍ പറഞ്ഞില്ലല്ലോ എന്നും എന്നിട്ടും എന്തിന്‌ ഈ ക്രൂരമായ ഭാഷ ഉപയോഗിച്ചു എന്നുമാണ്‌ സഞ്‌ജയന്‍ മുനിസിപ്പാലിറ്റിയോട്‌ കണ്ണുനീരോടെ ചോദിയ്‌ക്കുന്നത്‌. ഈ അധികാരസ്വരം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌. വൈദ്യുതിയുടേയോ ഫോണിന്റേയോ ബില്ലുകളില്‍ ഇത്തരം മുന്നറിയിപ്പുകള്‍ നമുക്കു കിട്ടാറുണ്ട്‌. ഇംഗ്ലീഷിന്റെ ഗരിമയില്‍ ഇത്‌ അധികം ചോദ്യം ചെയ്യപ്പെടാതെ പോയേക്കാം. പക്ഷേ ഭരണഭാഷ മലയാളമാക്കുമ്പോള്‍ ഇത്തരം ഭാഷ തന്നെ ഉപയോഗിയ്‌ക്കേണ്ടതുണ്ടോ? കുറച്ചെങ്കിലും അടുപ്പത്തിന്റെ ഭാഷ ഉപയോഗിയ്‌ക്കാന്‍ നമുക്കു കഴിയില്ലേ? ഇല്ലെങ്കില്‍ കടുപ്പം കുറയ്‌ക്കുകയെങ്കിലും ചെയ്യാവുന്നതല്ലേ? സര്‍ക്കാര്‍ ആപ്പീസുകള്‍ കൂടുതല്‍ക്കൂടുതല്‍ ജനമൈത്രികളായിമാറ്റിക്കൊണ്ടിരിയ്‌ക്കുമ്പോള്‍ പ്രത്യേകിച്ചും.
പുതിയ ഉത്തരവു പ്രകാരം സര്‍ക്കാര്‍ജോലി ലഭിച്ച്‌ നാലു കൊല്ലത്തിനകം മലയാളപ്പരീക്ഷ എഴുതി യോഗ്യത നേടേണ്ടതുണ്ട്‌. അത്‌ ന്യായവുമാണ്‌. പക്ഷേ പരീക്ഷയുടെ രീതി എന്താണെന്ന്‌ ഒരു രൂപവും കിട്ടിയിട്ടില്ല. എസ്‌. കെ. പൊറ്റെക്കാടിന്റെ `കാപ്പിരികളുടെനാട്ടില്‍' എന്ന പുസ്‌തകത്തില്‍ ഒരു കഥ പറയുന്നുണ്ട്‌. കിഴക്കേ ആഫ്രിക്കയില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച്‌ ആറു മാസത്തിനകം സ്വഹിലി പരീക്ഷ ജയിയ്‌ക്കണമെന്ന്‌ നിയമമുണ്ടത്രേ. വെള്ളക്കാരനായ മി. തോംസന്റെ പരീക്ഷകന്‍ അയാളുടെ സുഹൃത്തായിരുന്നു.

ബുദ്ധിമുട്ടിയ്‌ക്കില്ലെന്നും രണ്ടു ചോദ്യം മാത്രമേ ചോദിയ്‌ക്കൂ എന്നും സുഹൃത്ത്‌ വാക്കു കൊടുത്തു. പുറത്തു നില്‍ക്കുന്ന വേലക്കാരന്‍കുട്ടിയെ അകത്തേയ്‌ക്കു വിളിയ്‌ക്കാനായിരുന്നു വാചാപരീക്ഷയിലെ ആദ്യത്തെ ചോദ്യം. തോംസണ്‍ `കൂജാ ഹാപ്പാ' എന്ന്‌ ആജ്ഞാപിച്ചു. പയ്യന്‍ അകത്തുവന്നു. 50% മാര്‍ക്കായി. ഇനി അവനെ പുറത്തേയ്‌ക്കയയ്‌ക്കണം. പക്ഷേ `കൂജാ ഹാപ്പ'യോടെ സായ്‌വിന്റെ വൊക്കാബുലറി തീര്‍ന്നുപോയിരുന്നു.സായ്‌വിന്‌ വേറെയൊന്നും തോന്നിയില്ല. മുറിയ്‌ക്കു പുറത്തേയ്‌ക്കു കടന്ന്‌വീണ്ടും `കൂജാഹാപ്പാ' എന്ന്‌ ആജ്ഞാപിച്ചു. വേലക്കാരന്‍ പുറത്തുപോയി! തോംസണ്‍ നൂറില്‍ നൂറുമാര്‍ക്ക്‌ വാങ്ങി പരീക്ഷ ജയിയ്‌ക്കുകയും ചെയ്‌തു.

ഇങ്ങനെ ഒരു പ്രഹസനമൊന്നുമാവില്ല നമ്മുടെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന യോഗ്യതാപ്പരീക്ഷ എന്ന്‌ ആശിയ്‌ക്കുക. സകലമാന സാക്ഷ്യപത്രങ്ങള്‍ക്കുമായി നൂറുനൂറുസര്‍ക്കാരാപ്പീസുകള്‍ കയറിയിറങ്ങുന്നവരോട്‌ അവര്‍ക്കു മനസ്സിലാവുന്ന ഭാഷ പറയണം. അതിന്‌ അവരെ പ്രാപ്‌തരാക്കുന്ന രീതിയിലാവണമല്ലോ ആ പഠനം. അതിന്‌ സാക്ഷരതാസംരംഭത്തിലേപ്പോലെ മലയാളത്തില്‍ ഒപ്പിടാന്‍ പഠിച്ചാല്‍ മതിയാവില്ല.ഭരണഭാഷ നടപ്പിലാക്കാനുള്ള ശ്രമം തുടങ്ങിയിട്ട്‌ കാലം കുറച്ചായി. അതിന്റെഅമ്പതാം വര്‍ഷം ആഘോഷിയ്‌ക്കുന്ന വേളയില്‍ എന്തുകൊണ്ട്‌ അതു നടപ്പാക്കാന്‍അമാന്തം നേരിട്ടു എന്ന്‌ അതാത്‌ വകുപ്പുകളിലേയ്‌ക്ക്‌ ചെല്ലുന്ന അന്വേഷണക്കത്തുകളെങ്കിലും മലയാളഭാഷയില്‍ എഴുതപ്പെടുമെന്ന്‌ ആശിയ്‌ക്കാം അല്ലേ?

(അഷ്ടമൂര്‍ത്തി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക