Image

മുട്ടത്ത്‌ വര്‍ക്കിയും ഒ.വി. വിജയനും (ജോണ്‍മാത്യു)

Published on 24 March, 2013
മുട്ടത്ത്‌ വര്‍ക്കിയും ഒ.വി. വിജയനും (ജോണ്‍മാത്യു)
സുപ്രസിദ്ധ നോവലിസ്റ്റ്‌ മുട്ടത്ത്‌ വര്‍ക്കിയുടെ ജന്മശതാബ്‌ദിയോടനുബന്ധിച്ച്‌ സംഘടിപ്പിച്ച ഒരു ചര്‍ച്ചയില്‍ ഒ.വി. വിജയന്റെ പേരും കടന്നുവന്നു. വിജയന്റെ `ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലില്‍ `മുട്ടത്ത്‌ വര്‍ക്കി' പരാമര്‍ശനം ഉണ്ടായിരുന്നതിനെപ്പറ്റിയായിരുന്നു അത്‌. മലയാള സാഹിത്യത്തില്‍ ബൗദ്ധികതയുടെ തലപ്പത്തിരിക്കുന്നുവെന്ന്‌ കരുതപ്പെടുന്ന ഒ.വി. വിജയനെക്കൊണ്ട്‌ മുട്ടത്തുവര്‍ക്കിക്ക്‌ ഒരു അംഗീകാരം വാങ്ങിക്കൊടുക്കാന്‍ ആ ചര്‍ച്ചയില്‍ ചിലര്‍ തത്രപ്പെടുന്നതുപോലെ തോന്നി.
ഒരു കാലത്ത്‌ മദ്ധ്യതിരുവിതാംകൂറിലെ ``പൈങ്കിളി'' ``മ'' മുതലായ എഴുത്തുകള്‍ക്ക്‌ ഒരു തൊട്ടുകൂടായ്‌മ കല്‌പിച്ചിരുന്നു. ഈ എഴുത്തുകള്‍ അംഗീകരിക്കപ്പെട്ട സാഹിത്യപ്രസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നത്‌ മറ്റൊരു കഥ. അന്നത്തെ രാഷ്‌ട്രീയ സാമൂഹിക സാഹിത്യചിന്തകളില്‍നിന്നും പ്രസ്ഥാനങ്ങളില്‍നിന്നും പോലും ഇവ മാറിനിന്നു.

ഈ എഴുത്തുകള്‍ത്തന്നെ മൗനമായ ഒരു സാമൂഹിക വിപ്ലവത്തിന്‌ ആഹ്വാനം നല്‍കിയിരുന്നെങ്കിലും ആര്‍ഭാടങ്ങള്‍ നിറഞ്ഞ തേരോട്ടങ്ങളുടെയിടയില്‍ ഇത്‌ വഴിയിറമ്പുകളിലേക്ക്‌ സൗമ്യമായി പിന്‍വാങ്ങി, ഒരു ചര്‍ച്ചക്കും വഴിവെക്കാതെ.

അറുപതുകളിലെ ആധുനിക സാഹിത്യകാരന്മാര്‍ പ്രകൃതി വര്‍ണ്ണനയും പ്രേമവും നിറഞ്ഞ കനമില്ലെന്ന്‌ കരുതപ്പെടുന്ന കഥകളെഴുതുന്നവരെ അംഗീകരിച്ചിരുന്നില്ലെന്നത്‌ ഒളിച്ചുവെക്കേണ്ട കാര്യമൊന്നുമല്ല. അത്‌ ഇന്നും ഏറെക്കുറെ അങ്ങനെതന്നെ. സാഹിത്യചര്‍ച്ചകളിലൊന്നും ഊര്‍ജ്ജിതമായി ഇവര്‍ക്ക്‌ പങ്കെടുക്കാന്‍ കഴിയുന്നില്ലെന്നതും നേര്‌. അത്‌ വ്യക്തിപരമായ അപകര്‍ഷതയായി കണക്കാക്കപ്പെടേണ്ടതുമില്ല.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം പ്രിന്‍സ്‌ തിരുവാങ്കുളത്തിനും മുട്ടത്തു വര്‍ക്കിക്കും എല്ലാം വേദാന്തപരിവേഷം ഒ.വി. വിജയന്‍ നല്‌കിയതും ചര്‍ച്ചയില്‍ പറഞ്ഞുകേട്ടു. പക്ഷേ, `ഖസാക്കിന്റെ ഇതിഹാസം' എഴുതിയപ്പോള്‍ അത്രയധികം അര്‍ത്ഥം സന്ദര്‍ഭങ്ങള്‍ക്ക്‌ കൊടുത്തിരുന്നോ എന്ന്‌ സംശയം. നായകനായ `രവി'യും നോവലിസ്റ്റും പരസ്‌പര ബന്ധിതരാണ്‌. ബവേറിയന്‍ കവി റെയ്‌നര്‍ റില്‍ക്കയും അമേരിക്കന്‍ നോവലിസ്റ്റ്‌ ജെ.ഡി. സാലിന്‍ജറും വിജയന്റെ പ്രിയവായനകളായിരുന്നു. ഒരു ചെറുപ്പക്കാരന്റെ സങ്കീര്‍ണ്ണമായ മാനസികാവസ്ഥ എടുത്തു പറയാനായിരിക്കണം താന്‍ വായിച്ചുകൊണ്ടിരുന്ന ഈ ഗ്രന്ഥകാരന്മാരുടെ പേരൊക്കെ വിജയന്‍ തന്റെ കൃതിയില്‍ എഴുതിച്ചേര്‍ത്തത്‌. യാത്രക്കിറങ്ങുമ്പോള്‍ റില്‍ക്കെയുടെ പുസ്‌തകം പ്രത്യേകം അടുക്കിവെച്ച കഥാനായകന്‍ സ്വന്തം ചങ്ങമ്പുഴയെ എന്തുകൊണ്ട്‌ ഒഴിവാക്കിയെന്ന ചോദ്യത്തിന്‌, ഒന്ന്‌ തിരിഞ്ഞുനോക്കുമ്പോള്‍, പ്രസക്തിയില്ലേ? അതല്ലായിരുന്നോ ചര്‍ച്ചാവിഷയമാകേണ്ടിയിരുന്നത്‌? അപ്പോള്‍ കൈവശമുണ്ടായിരുന്ന ചില പേരുകള്‍ പകര്‍ത്തിയെഴുതുക മാത്രമാണ്‌ വിജയന്‍ അന്ന്‌ ചെയ്‌തതെന്ന്‌ ഊഹിക്കേണ്ടിയിരിക്കുന്നു.

സാഹിത്യം ഗൗരവമായി കൈകാര്യം ചെയ്‌തതു കാരണം `ആധുനികതയുടെ' എഴുത്തുകാര്‍ തങ്ങളുടെ വായനയുംകൂടി ബൗദ്ധികമായി പരിമിതപ്പെടുത്തിയെന്ന്‌ കരുതരുത്‌. ഡിക്‌ടക്‌ടീവ്‌ നോവലുകള്‍ വായിക്കുന്നത്‌ ഏതൊരു എഴുത്തുകാരനും ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണ്‌. നാടകീയ സന്ദര്‍ഭങ്ങള്‍ ഇത്ര കൃത്യമായി മറ്റെവിടെനിന്നാണ്‌ കിട്ടുക. അതുപോലെ ശുദ്ധമായ ഗ്രാമീണത മുട്ടത്തുവര്‍ക്കി കൃതികളില്ലാതെ വേറെ എവിടെയാണ്‌ കാണുക. അതുകൊണ്ട്‌ വിജയന്റെ വായനയില്‍ ഇങ്ങനെയുള്ള എഴുത്തുകള്‍ `പെട്ടിരുന്നതിനു' ഒരു ക്ഷമാപണത്തിന്റെയും ആവശ്യമൊന്നുമില്ല.
ഒ.വി. വിജയനോടൊപ്പം ധാരാളം സാഹിത്യചര്‍ച്ച നടത്തിയിട്ടുള്ള ഒരു വ്യക്തിയെന്ന നിലയില്‍ പറയട്ടെ ആരെയും കളിയാക്കുന്ന സ്വഭാവം വിജയിനില്ലായിരുന്നു. എന്നാല്‍ സംഭാഷണത്തില്‍ നര്‍മ്മം കൊണ്ടുവരികയും ചെയ്യും. എവിടെനിന്നോ പി.കെ. മറിയാമ്മ എന്ന പേരുകേട്ടു. ആ പേരിനെ ഒരു നര്‍മ്മ കഥാപാത്രമാക്കി, അത്രതന്നെ. അതില്‍ `കുഞ്ഞുകുഞ്ഞുകുഞ്ഞു' ഭാഗവതരും `ഐസ്‌ പാറയിലും' `ഒരെലി രണ്ടെലി'യും `കുറുക്കനും മുന്തിരിങ്ങ'യും ഒക്കെ കയറിവരും. ഇതെല്ലാം ചെറിയ കഥകളായി പിന്നീട്‌ രൂപപ്പെട്ടിട്ടുമുണ്ട്‌. ഒ.വി. വിജയന്‍ ഒരു നോവലിസ്റ്റ്‌ എന്നതിനുപരി കാര്‍ട്ടൂണിസ്റ്റ്‌ ആയിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വം മനസ്സിലാക്കണമെങ്കില്‍ ആ കാര്‍ട്ടൂണുകളും കണ്ടിരിക്കണം. നാടകീയത തേടിപ്പോകുകയും, അത്‌ തന്റെ സ്വതസിദ്ധമായ നര്‍മ്മപ്രയോഗങ്ങളില്‍ക്കൂടി തടിച്ച വരകളാക്കി, നേര്‍ത്തവരകളല്ലെന്നതും ശ്രദ്ധിക്കുക, രൂപപ്പെടുത്തുന്നതുമായിരുന്നു വിജയന്റെ രീതി.

അക്കാലത്ത്‌ ഡല്‍ഹി ചര്‍ച്ചകളില്‍നിന്ന്‌ പ്രകൃതിയും പ്രേമവും നിറഞ്ഞ കൃതികള്‍ മാത്രം തെരഞ്ഞുപിടിച്ച്‌ ഒഴിച്ച്‌ നിര്‍ത്തപ്പെട്ടുവെന്ന്‌ പറയുന്നത്‌ അത്ര സത്യമല്ല. ജീവല്‍ പുരോഗമന സാഹിത്യവും തോപ്പില്‍ ഭാസിയും പൊന്‍കുന്നം വര്‍ക്കിയും ഒന്നും കേരള ക്ലബ്ബില്‍ ചര്‍ച്ചചെയ്‌ത ഓര്‍മ്മയില്ല. ഇത്‌ കാക്കനാടന്മാരും എം.പി. നാരായണപിള്ളയും ഒക്കെ ഉള്‍പ്പെട്ട സദസ്സുകളിലെ കാര്യമാണെന്നും ഓര്‍ക്കണം. എന്നാല്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ടത്‌ എം. ഗോവിന്ദനും സി.ജെ. തോമസും അയ്യപ്പപ്പണിക്കരും എന്‍.എന്‍. കക്കാടും മറ്റുമാണുതാനും. സമൂഹമല്ല വ്യക്തിയാണ്‌ പ്രാധാന്യം എന്ന ചിന്തയുടെ മലയാള സാഹിത്യത്തിലെ തുടക്കമായിരുന്നു അന്ന്‌.

പ്രേമകഥകളുടെ ലോകത്തില്‍ തിരുവിതാംകൂറിനേക്കാള്‍ വള്ളുവനാടിന്‌ പ്രാമുഖ്യമുണ്ടായിരുന്നെന്ന്‌ പറഞ്ഞാല്‍ അതിശയോക്തിയൊന്നുമല്ല. കാരണം മുറപ്പെണ്ണിനെയും സ്വപ്‌നം കണ്ടുകൊണ്ട്‌ ജീവിക്കുന്ന, നാലുകെട്ടുകളില്‍നിന്ന്‌ വന്ന, ദുഃഖകഥാപാത്രമായിരുന്നു അവരുടെ `ഉണ്യേട്ടന്‍'. അത്‌ ആ വള്ളുവനാട്ടുകാര്‍ത്തന്നെയായിരുന്നു. എന്നാല്‍ മദ്ധ്യതിരുവിതാംകൂറുകാരന്റെ `ജോണ്യേട്ട'ന്മാര്‍ ഏതോ അപരിചിതരും, സന്ദര്‍ഭവശാല്‍ വായിച്ച വെറും കഥാപാത്രങ്ങളായ അയല്‍ക്കാരും! കെട്ടാന്‍പോകുന്ന പെണ്ണ്‌ അല്ല മദ്ധ്യതിരുവിതാംകൂറുകാരന്‌ പ്രാധാന്യം, പകരം സ്‌ത്രീധനംതന്നെ. ആ `സ്‌ത്രീധന'ത്തെയായിരുന്നു മുട്ടത്തു വര്‍ക്കി തന്റെ കൃതികളില്‍ നായകസ്ഥാനത്ത്‌ പ്രതിഷ്‌ഠിച്ചത്‌.

വള്ളുവനാടന്‍ കഥകള്‍ നെഞ്ചോടുചേര്‍ക്കുന്ന ദുഃഖമായിരുന്നെങ്കില്‍ കോട്ടയം കഥകള്‍ മറ്റുവലവരുടെയും ദുഃഖവും.

ഒ.വി. വിജയന്‍ ഖസാക്കിന്റെ ഇതിഹാസം എഴുതിയത്‌ ഒറ്റയാനായിട്ടായിരുന്നു. ജീവിച്ചതും ഏതാണ്ട്‌ ഒറ്റയാനായിട്ടുതന്നെ. ഇതേസമയം മുട്ടത്തുവര്‍ക്കി, കാനം ഇ.ജെ. മുതല്‍പ്പേര്‍ വായനയില്ലാതിരുന്ന ഒരു സമൂഹത്തെക്കൊണ്ട്‌ വായിപ്പിക്കുകയാണ്‌ ചെയ്‌തത്‌. `നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി', `മുടിയനായ പുത്രന്‍' മുതലായ നാടകങ്ങള്‍ കാണാനുള്ള വിലക്ക്‌ മാത്രമല്ല കഥാപുസ്‌തകങ്ങള്‍പ്പോലും ഒളിച്ചുവായിച്ചിരുന്ന ഒരു കൂട്ടരെയാണ്‌ അവരുടെ നാടിന്റെ കഥകള്‍ എഴുതി, അവരെക്കൊണ്ട്‌ അന്നത്തെ കോട്ടയം എഴുത്തുകാര്‍ വായിപ്പിച്ചത്‌. ഇവിടെ ഒരാളിന്റെ അംഗീകാരം മറ്റൊരാള്‍ക്ക്‌ ആവശ്യവുമില്ല. ആരും ആരെയുംകാള്‍ താഴെയുമല്ല, മുകളിലുമല്ല. രണ്ടും രണ്ട്‌ വ്യത്യസ്‌ത സമീപനങ്ങള്‍മാത്രം, അതുകൊണ്ട്‌ താരതമ്യപഠനം അപ്രസക്തവും.
മുട്ടത്ത്‌ വര്‍ക്കിയും ഒ.വി. വിജയനും (ജോണ്‍മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക